Wednesday 12 April 2023 11:57 AM IST

‘എന്റുമ്മ എന്നെ കൊല്ലാൻ വന്നാലും ഞാനവരെ സ്വീകരിക്കും’: തെരുവിന്റെ കവി ജീവിതം പറയുന്നു...

V.G. Nakul

Sub- Editor

rasi_cvr

‘ഏഴു മുറികളില്‍ കവിത’യോ, ‘എൻറോ’യോ, ‘മാജിക്കൽ സ്ട്രീറ്റിസ’മോ വായിച്ച്, കവിയെ തിരക്കിയിറങ്ങിയാൽ എത്തുക തെരുവിലാണ്. അപ്പോൾ കവിതയല്ല, തിരുവനന്തപുരം നഗരത്തിന്റെ വഴിയോരത്ത്, കടൽ വറ്റിക്കുന്ന വെയിലിനെ തൊൽപ്പിക്കാനെന്നോണം ‘തക്കാളി കിലോ മുപ്പതേ...സവാള രണ്ടു കിലോ അമ്പതേ’ എന്ന നീട്ടിവിളിയാണ് കേൾക്കുക.

ഇത് റാസി എന്ന കവിയുടെ കഥയാണ്. ജീവിതം കെട്ടിയേൽപ്പിച്ച പ്രതിസന്ധികളെ പൊട്ടിച്ചിരിയോടെ നേരിടുന്ന ഒരു ചെറുപ്പക്കാരന്റെ, അയാളുടെ കവിതകളുടെയും വായനാഭ്രാന്തിന്റെയും അതിജീവനത്തിന്റെയും കഥ.

മലയാളത്തിലെ ശ്രദ്ധേയനായ യുവകവിയാണ് റാസി. പ്രമുഖ ആനുകാലികങ്ങളിലുൾപ്പടെ കവിതകൾ എഴുതുന്നു. ‘ഏഴു മുറികളില്‍ കവിത’, ‘എൻറോ’, ‘മാജിക്കൽ സ്ട്രീറ്റിസം’ എന്നീ കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

തെരുവാണ് റാസിയുടെ ലോകം. വാടക വീട്ടിലാണ് താമസം. ഇപ്പോൾ പച്ചക്കറിക്കച്ചവടമാണ് തൊഴിൽ. ലഭിക്കുന്ന ദിവസവേതനത്തിന്റെ കൂടുതൽ പങ്കും ചെലവഴിക്കുക പുസ്തകങ്ങള്‍ വാങ്ങാൻ. തരംതിരിവുകളില്ലാതെ, മലയാളത്തിലിറങ്ങുന്ന, ലഭ്യമാകുന്നിടത്തോളം എല്ലാ ആനുകാലികപ്രസിദ്ധീകരണങ്ങളും വായിക്കും. സ്വന്തമായി ഒരു വലിയ പുസ്തക ശേഖരം റാസിക്കുണ്ട്. പലതും ജീവിത യാത്രയ്ക്കിടെ, വാടക വീടുകൾ മാറുമ്പോൾ നഷ്ടമായി. കുറേയധികം പലർക്കായി സമ്മാനിച്ചു. ഉമ്മ നൂര്‍ജഹാനും അനിയനും അനിയന്റെ ഭാര്യയും മകള്‍ നൂറയുമടങ്ങുന്നതാണ് റാസിയുടെ കുടുംബം.

റാസി തന്റെ ജീവിതം പറയുന്നു, ‘വനിത ഓൺലൈൻ – ആർ‌ട്ട് ടോക്കിൽ’...

ആറാം ക്ലാസിൽ പഠനം നിർത്തി തൊഴില്‍ തേടി തെരുവിലേക്കിറങ്ങിയതാണ് താങ്കൾ. ആ സാഹചര്യത്തിലേക്കു നയിച്ച കാരണങ്ങൾ വിശദമാക്കാമോ ?

കൂടുതൽ വിശദീകരണമൊന്നും ആവശ്യമില്ല. ഒരൊറ്റ കാരണം മാത്രം - വിശപ്പ്! വാടക വീട്ടിൽ താമസിക്കുന്ന ഉമ്മയുടെയും അനുജന്റെയും എന്റെയും വിശപ്പ്.

തിരുവനന്തപുരത്തെ കരിമഠം കോളനിയിലാണ് ‍ഞാൻ ജനിച്ചത്. ദുരിതത്തിലായിരുന്നു കുട്ടിക്കാലം. അതിനിടയിലെപ്പോഴോ എഴുത്തും വായനയും ഒപ്പം ചേരുകയായിരുന്നു. ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍, ദാരിദ്രത്തെ തോൽപ്പിക്കാൻ തൊഴി‍ൽ തേടിയിറങ്ങി. ഉമ്മയെയും അനിയനെയും പോറ്റണമായിരുന്നു. വാപ്പയുടെ രണ്ടാം ഭാര്യയായിരുന്നു ഉമ്മ. അതിന്റെ പ്രശ്നങ്ങൾ എക്കാലവും വേട്ടയാടിയിരുന്നു. വിഴിഞ്ഞം കെഎസ്ആര്‍ടിസി ഡിപ്പോയിലെ കാന്റീനില്‍ എച്ചില്‍ പാത്രമെടുത്തും മേശതുടച്ചുമായിരുന്നു തുടക്കം. അതു കണ്ട നാരായണൻ നായർ എന്ന അധ്യാപകൻ എന്നെ വീണ്ടും തിരുവനന്തപുരം വെങ്ങാന്നൂർ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലേക്ക് കൂട്ടിക്കൊണ്ടു പോയി. സ്കൂളിലെ ചില ടീച്ചർമാരുടെയും സാറൻമാരുടെയും കാരുണ്യത്താലായിരുന്നു ആ തുടർ പഠനം. പക്ഷേ, പത്താം ക്ലാസിൽ തോറ്റു. തുടർന്ന് പഠിക്കാനുള്ള സാഹചര്യമുണ്ടായിരുന്നില്ല.

പിന്നീട് ബസിൽ ക്ളീനർ, സ്കൂളിലെ പ്യൂൺ, ചാലക്കമ്പോളത്തിൽ സെയിൽസ്മാൻ, ഫുട്പാത്തിൽ ചെരുപ്പ് കച്ചവടം തുടങ്ങി പല തൊഴിലുകളും ചെയ്തു. ഇപ്പോഴും അതൊക്കെ തുടരുന്നു. അതിനിടെ ജീവിക്കാനും പൊരുതാനുമുള്ള ഔഷധം പോലെ കവിതയും വായനയും ഒപ്പം കൊണ്ടു നടക്കുന്നു.

rasi-new-1

ഇതിനിടെ പുസ്തകങ്ങളിലേക്ക് അല്ലെങ്കിൽ വായനയിലേക്ക് എത്തപ്പെട്ടതെങ്ങനെ ?

ആരും എത്തിച്ചതല്ല. മദ്രസ്സയിൽ വച്ച് ഇങ്ങനെ കേട്ടു ‘ഇഖ്റഅ്’

വേദഗ്രന്ഥം ഖുർആനിലെ തൊണ്ണൂറ്റിയാറാം സൂറത്ത് ‘അൽ അലഖി’ൽ ഇങ്ങനെ കേട്ടു ‘ഇഖ്റഅ്’. വായിക്കുക എന്നാണ് അർഥം. മുഹമ്മദ്‌ നബിക്ക് ആദ്യമായി കിട്ടിയ പടച്ചോൻ മെസ്സേജ് അതാണ്. ഞാൻ ‘ഇഖ്റഅ്’ മുറുകെ പിടിച്ചു. വായിക്കുകയെന്നതിന് അന്വേഷിക്കുകയെന്നു കൂടി അർത്ഥമുണ്ട് കേട്ടോ. വായിക്കുക എന്ന് പടച്ചോൻ ആഞ്ജാ സ്വരത്തിൽ പറയുമ്പോൾ പുസ്തകങ്ങളെ തേടി പോകാതിരിക്കാൻ പറ്റോ...

പട്ടിണി മാറ്റാന്‍ മാത്രമല്ല, ഇഷ്ടപ്പെട്ട പുസ്‌കതങ്ങള്‍ വാങ്ങാനുള്ള പണം കണ്ടെത്താൻ കൂടിയാണ് ഞാൻ പണിയെടുക്കുന്നത്. ഞാന്‍ ലോകത്തെ അറിഞ്ഞത് വായനയിലൂടെയാണ്. എനിക്ക് കിറുക്കാണെന്ന് പറയുന്നവരുണ്ട്. അവർക്കറിയില്ലല്ലോ, ഈ കിറുക്കുകളാണ് എന്റെ ജീവിതത്തെ മുന്നോട്ടു കൊണ്ടു പോകുന്നതെന്ന്.

ഇപ്പോൾ സോഷ്യൽ മീഡിയയിലും സജീവമാണ്. ഫെയ്സ്ബുക്കിൽ കവിതകളും കുറിപ്പുകളും പങ്കുവയ്ക്കാറുണ്ട്. കൂടുതലും വായിച്ച പുസ്തകങ്ങളെക്കുറിച്ചും പരിചയപ്പെട്ട മനുഷ്യരെക്കുറിച്ചുമാണ്.

എഴുത്തിന്റെ തുടക്കം എപ്പോഴായിരുന്നു ?

സ്കൂൾ റൂമുകളിലാണ് എന്റെ ‘വിശ്വസാഹിത്യ പരീക്ഷണങ്ങൾ’ ആരംഭിക്കുന്നത്. ക്ലാസ് ഫസ്റ്റ്, ക്ലാസ് സെക്കന്‍ഡ്, ക്ലാസ് തേർഡ് ഇങ്ങനെ അഭിമാനിക്കുന്ന പുള്ളാരെ സ്വൽപ്പം വഴി തെറ്റിക്കാൻ നോട്ട് ബുക്കിൽ പടച്ച എഴുത്തു തുടക്കമാണെന്റേത്. നോട്ട് ബുക്കിൽ പടച്ച ‘വിശ്വസാഹിത്യം’ മുഴുവനും ചില തമാശക്കഥകളുടെ സ്വാധീനത്താൽ പ്രകമ്പനമുണ്ടാക്കിയവയാണ്.

പത്താം ക്ലാസിൽ പഠിക്കുമ്പോൾ സ്കൂൾ വാർഷിക മത്സരങ്ങളിൽ കഥയ്ക്കും കവിതയ്ക്കും സമ്മാനം കിട്ടി. പിന്നീട് തൂലികാ നാമങ്ങളിലും സ്വന്തം പേരിലും പല ആനുകാലികങ്ങളിലും കവിതകൾ വന്നു. ചന്ദ്രിക ആഴ്ചപ്പതിപ്പിൽ വന്ന ‘എങ്ങനെയും വായിക്കാവുന്നത്’ എന്റെ പ്രിയരചനയാണ്. ഭിക്ഷക്കാരിയായ ഒരു സ്ത്രീയുടെ ജീവിതം അതുപോലെ പകർത്തി വച്ചതാണത്. ആ സ്ത്രീയിൽ എന്റെ ഉമ്മയും, കുഞ്ഞുമ്മയും നിറഞ്ഞു നിൽക്കുന്നു. ഫലസ്‌തീൻ ഇസ്രായേൽ പശ്ചാത്തലത്തിലെഴുതിയ ‘ഫലാസ്’ എന്ന കവിത എൻ.രവിശങ്കർ (റാഷ്) ഇംഗ്ലീഷിൽ വിവർത്തനം ചെയ്തിട്ടുണ്ട്.

തൊഴിൽ തേടി ഒരു ബാലൻ തെരുവിൽ അലയുമ്പോൾ സ്വാഭാവികമായും നേരിടുന്ന ചില പ്രതിസന്ധികളുണ്ട്. ഏറെ വേദനിപ്പിച്ച, ഭയപ്പെടുത്തിയ, അത്തരം അനുഭവങ്ങളുണ്ടോ ?

ഇല്ല. ഞാൻ അന്നും ഇന്നും ജീവിതത്തിലെ എന്തും നേരിടാൻ തയാറായി നടക്കുന്നവനാണ്. ബാലാവസ്ഥയിലും ഈ 2023 ലും. പ്രതിസന്ധിയൊക്കെ ഉണ്ടായിട്ടുണ്ട്. അതിനെയൊക്കെ ബുദ്ധി ഉപയോഗിച്ച് നേരിട്ടു. എന്നും എന്നെ വേദനിപ്പിക്കുന്ന, ഭയപ്പെടുത്തുന്ന അനുഭവങ്ങൾ രോഗാവസ്ഥകൾ മാത്രമാണ്. രോഗാവസ്ഥയിൽ സഹജീവികളും സർക്കാർ ആശുപത്രിയിലെ ഡോക്ടർമാരും മറ്റ് ജീവനക്കാരും നമ്മളോട് കാണിക്കുന്ന ഓരോന്നോർത്ത് പലപ്പോഴും ചിരിച്ചു മറിയും. എനിക്ക് ചെറുപ്പത്തിലേ ‘ഇറ്‌റ്റബിൾ ബവൽ സിൻഡ്രോം’ എന്നൊരു രോഗമുണ്ട്. രോഗത്തിന്റെ പേര് കേട്ട് ഞെട്ടണ്ട. ഒരു പാവം രോഗമാണ്. ചില സ്വകാര്യ വിഷമങ്ങൾ അതിന്റെ ഉച്ചസ്ഥായിയിലെത്തുമ്പോൾ വിസർജിക്കാൻ തോന്നുന്നു അവസ്ഥ.

ആദ്യമായി ജോലി ചെയ്ത കാന്റീൻ മുതലാളിയുടെ വീട്ടിലെ കക്കൂസിൽ ഇടയ്ക്കിടെ പോകും. മുതലാളിയുടെ പത്നി ഞാൻ കക്കൂസീന്ന് ഇറങ്ങിക്കഴിയുമ്പോൾ കീടനാശിനിയൊക്കെ തളിച്ച് കക്കൂസ് വൃത്തിയാക്കിക്കൊണ്ടിരിക്കും. എന്നിട്ട് പിറു പിറുക്കും. ഇതൊക്കെ ഇപ്പോൾ ചിരിയോടെ ഓർക്കുന്നു...

rasi-new-2

തുടക്കത്തിൽ ‘ധംറു’ എന്ന തൂലികാനാമത്തിലായിരുന്നു കവിതകൾ പ്രസിദ്ധീകരിച്ചിരുന്നത്. എന്താണ് കാരണം ?

ഇതുവരെ പറയാത്ത സത്യം ഇതാണ്. ‘ധംറു’ എന്ന തൂലികാ നാമത്തിനോട് തോന്നിയ ബഹുമാനം കൊണ്ട് മാത്രമാണ് ആ പേരിൽ കവിതകൾ പ്രസിദ്ധീകരിച്ചിരുന്നത്. ഞാൻ തന്നെ കണ്ടെത്തിയ ‘ധംറു’ അല്ലാതെ മറ്റ് തൂലികാ നാമക്കാരുടെ കാരണങ്ങളിൽ ഒരെണ്ണം പോലും ധംറുവിനില്ല.

ആദ്യ പുസ്തകത്തിന്റെ പിറവി ?

പലപ്പോഴായി എഴുതി, പലയിടങ്ങളിൽ പ്രസിദ്ധീകരിച്ച ഇരുപത്തിരണ്ട് കവിതകൾ ചേർത്ത് 2013 ൽ ആദ്യപുസ്തകമിറക്കി. കഥാകൃത്ത് എം. രാജീവ് കുമാർ സാറിന്റെ ‘പരിധി’യാണ് പ്രസാധകർ. അക്കാലത്ത് ഞാൻ ജോലി ചെയ്ത ചാലയിലെ അലി ട്രേഡേഴ്സിനു മുന്നില്‍ വച്ച്, കവി പഴവിള രമേശൻ ജി.ആർ. ഇന്ദുഗോപനു കൊടുത്തുക്കൊണ്ടായിരുന്നു പ്രകാശനം.

ഇടതു കാലിൽ സാരമായ ഒരു പരിക്ക് പറ്റിയതിൽ പിന്നെ ആറു വർഷം എഴുത്തൊന്നുമില്ലാതായി. കോവിഡ് തുടങ്ങി ഫെയ്സ്ബുക്കിൽ സജീവമായപ്പോഴാണ് രണ്ടാമത്തെ പുസ്തകം ‘എൻറൊ’ വരുന്നത്. ബാക്ക് ലാഷ് പബ്ലിക്കയാണ് പ്രസാധകർ.

മൂന്നാമത്തെ പുസ്തകം ‘മാജിക്കൽ സ്ട്രീറ്റിസം’ സാപ്പിയൻസ് ലിറ്ററേച്ചറാണ് പ്രസിദ്ധീകരിച്ചത്. ഒരു നോവൽ എഴുതി പൂർത്തിയാക്കി. വീണ്ടും പുതുക്കിയെഴുതുന്നു. ‘കെല്ലി’ എന്നാണ് പേര്. തെരുവ് മനുഷ്യരുടെ ജീവിതം പ്രമേയമാകുന്ന ‘കെല്ലി’ എന്റെ പ്രിയ രചനയാണ്.

rasi-new-5

തെരുവും അവിടുത്തെ മനുഷ്യരും റാസിയെ എത്രത്തോളം എഴുത്തിലേക്ക് ചേർത്തു നിർത്തുന്നു?

‘വരൂ ഈ തെരുവുകളിലെ രക്തം കാണൂ’ എന്ന് മഹാനായ കവി പാബ്ലോ നെരൂദ. ‘ബരൂ യീ തെരുവുകളിലെ മൻസ്യരെ ബായിക്കൂ’ എന്ന് ഞാൻ പറയും. ഇത്രേയുള്ളൂ...

പുലർച്ചെ മുതൽ രാവേറെ വൈകുവോളം തെരുവിലാണല്ലോ ജോലിയും ജീവിതവും. ഇതിനിടെ എഴുത്തിനും വായനയ്ക്കും എങ്ങനെ സമയം കിട്ടും ?

രാത്രിയാണ് വായന. എഴുത്തിന് പ്രത്യേക സമയം, സന്ദർഭം ഒന്നും ഉണ്ടാക്കിയെടുക്കില്ല. തോന്നണ സമയത്ത് തോന്നണ സ്ഥലത്ത് വച്ച് എഴുതും. മൊബൈലിലോ, കയ്യിൽ കിട്ടുന്ന പ്രതലങ്ങളിലോ...

വാപ്പയെ കുറിച്ചുള്ള ഓർമകൾ ? അതത്ര നല്ല അനുഭവങ്ങളാണോ ?

വാപ്പ വാപ്പയുടേത് മാത്രമായ ലോകത്താണ് അധിക സമയവും ചെലവഴിച്ചിരുന്നത്. രണ്ട് ഭാര്യമാരിലായി ആറ് മക്കളാണ് വാപ്പയ്ക്ക് . വാപ്പ മരിച്ചിട്ട് മൂന്ന് വർഷമായി. വാപ്പയുടെ ചില നിലപാടുകളിൽ വിയോജിച്ചു കൊണ്ട് ഞാനെന്റെ വാപ്പയെ സ്നേഹിക്കുന്നു.

rasi-new-3

ഉമ്മ താങ്കളുടെ ഒരു വൈകാരികത്തണലിടമാണെന്നു തോന്നുന്നു ?

തമിഴ് കവി താമര എഴുതിയത് ‘കാലാപ കാതൽ’ എന്നാണ്. ഉമ്മയ്ക്ക് എന്നോടുള്ള അൻപ് നേരിട്ട് കാണുമ്പോൾ നിങ്ങൾ വിചാരിക്കും ‘കലാപ വാത്സല്യം’ എന്ന്. എന്റുമ്മ എന്നെ കൊല്ലാൻ വന്നാലും ഞാനവരെ സ്വീകരിക്കും.

താങ്കളുടെ കവിതകൾ ശ്രദ്ധിച്ചാൽ പുതിയ സമാഹാരം ‘എൻറൊ’യിലേക്കും മറ്റും എത്തുമ്പോൾ അവതരണത്തിലും ആഖ്യാനത്തിലും ഒരു മാറിനടപ്പ് കണ്ടെത്താം. ആ മാറ്റം എങ്ങനെയായിരുന്നു ?

എന്റെ കവിതകളെക്കുറിച്ച് എനിക്ക് ഒരു അവകാശ വാദവുമില്ല. യുണീക്നെസ്സാ, ഇന്ത്യനാ, കേരളമാ... ഇതൊന്നും എന്നെ ബാധിക്കൂല. ഞാൻ എന്റെ കവിത എഴുതുന്നു, മലയാളത്തിലെ ഏറ്റവും പുതിയ കവിയേയും പ്രാചീന കവികളേയും സസൂക്ഷ്മം വായിച്ച്...

റാസിയെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഒരു പുസ്തകമുണ്ടോ. അല്ലെങ്കിൽ ഒരു വരി ?

അങ്ങനെ ഒരു പുസ്തകം ഇല്ല. എന്നാൽ എന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന വരികളുണ്ട്. അത് ലോക സാഹിത്യത്തിലോ മഹാൻമാർ എഴുതിയ പുസ്തകങ്ങളിലോ ഇല്ല, ഒരു തമിഴ് ചലച്ചിത്രഗാനത്തിലെ വരികളാണ് –

‘പോനാൽ പോകട്ടും പോടാ...

ഇന്ത ഭൂമിയിൽ നിലയായ് വാഴ്ന്തവൻ യാരെടാ ?’

കണ്ണദാസൻ എഴുതിയതാ.

rasi-new-4

ജീവിതത്തെ തീർത്തും നിസ്സാരമായ, നിസ്സംഗമായ ഒരു പരിപാടിയായി താങ്കൾ പരിഗണിക്കുന്നു. എന്തുകൊണ്ടാണത് ?

‘നീ ഈ ഭൂമിയിൽ ഒരപരിചിതനെ പോലെ അല്ലെങ്കിൽ വഴിയാത്രക്കാരനെ പോലെയാകുക’ എന്ന പ്രവാചക വചനമാണ് എന്റെ മാനിഫെസ്റ്റോ.

അവസാനം ഒരു ക്ലീഷേ ചോദ്യം ചോദിക്കട്ടേ, എന്താണ് റാസിക്ക് കവിത ?

എഴുതുന്നതിനേക്കാൾ വായിക്കാനിഷ്ടപ്പെടുന്ന, ഇതു വരെ ബോറടിപ്പിക്കാത്ത ‘ഒരന്ത്രാ കുന്ത്രാ സാധനം’!