Wednesday 07 June 2023 02:23 PM IST

‘ജയേഷേ, അറിഞ്ഞോ...നിന്റെ പുസ്തകം ഇറങ്ങി’: ‘ചൊറ’ കാണാൻ കാത്തു നിൽക്കാതെ അയാൾ മടങ്ങി

V.G. Nakul

Sub- Editor

s-jayesh-new-2

ഓർമകള്‍ നശിച്ച തളർന്നു കിടപ്പിന്റെ നിസ്സഹായതകളെ കുടഞ്ഞെറിഞ്ഞ്, ഒടുവിൽ എസ്. ജയേഷ് പോയി, 2023 മാർച്ച് 22 ന്... എഴുത്തിലും ജീവിതത്തിലും ധാരാളം പ്രതീക്ഷകൾ ബാക്കിയാക്കിയുള്ള വിയോഗം...മാസങ്ങൾക്കു ശേഷം, കോട്ടയം ജില്ല ലൈബ്രറി കൗൺസിൽ പുസ്തകമേളയിൽ, പാപ്പാത്തി പുസ്തകങ്ങളുടെ എഡിറ്റർ സന്ദീപ് കെ രാജ് ജയേഷിന്റെ അവസാന കഥാസമാഹാരമായ ‘ചൊറ’യുടെ കോപ്പി നൽകുമ്പോൾ, സങ്കടത്തിന്റെ ഒരു തിര എന്റെ നെഞ്ചിൽ കൊത്തി. കൊതിയോടെ കാത്തിരുന്ന ഈ പുസ്തകം കാണാതെ, പേജുകള്‍ വിടർത്തി വാസനിക്കാതെയാണല്ലോ അവൻ പോയത്. ‘ചൊറ’ പ്രസിദ്ധീകരണത്തിന്റെ അവസാന ഘട്ടങ്ങളിലൂടെ കടന്നു പോകവേ, അപ്രതീക്ഷിതമായെത്തിയ മരണം പ്രതിഭാധനനായ ആ ചെറുപ്പക്കാരനെ കവർന്നെടുക്കുകയായിരുന്നു. ഒരു പനിയിൽ തുടങ്ങി, വിചിത്രമായ ഏതോ ഒരു കഥയിലെന്നപോലെ ദിവസങ്ങൾക്കകം ആ ജീവൻ പൊലിഞ്ഞു പോയി...

മലയാളത്തിലെ യുവകഥാകൃത്തുക്കളിൽ ശ്രദ്ധേയനും മികച്ച വിവർത്തകനുമാണ് എസ്. ജയേഷ്. 1979 ഡിസംബർ 9 ന് പാലക്കാട് ജില്ലയിലെ തേങ്കുറിശിയിലാണ് ജയേഷ് ജനിച്ചത്. ശങ്കരനും വിശാലാക്ഷിയുമാണ് മാതാപിതാക്കൾ. ജയേഷിന്റെ 10 പുതിയ കഥകൾ ചേർത്ത് തയാറാക്കിയ പുസ്തകമാണ് ‘ചൊറ’. ‘മായക്കടൽ’, ‘ഒരിടത്തൊരു ലൈൻമാൻ’, ‘ക്ല’, ‘പരാജിതരുടെ രാത്രി’ എന്നിവയാണ് മറ്റ് കഥാസമാഹാരങ്ങള്‍. ഒപ്പം തമിഴിലെ പ്രധാന എഴുത്തുകാരിലൊരാളായ ചാരുനിവേദിതയുടെ എക്സൈൽ, എക്സിസ്റ്റൻഷ്യലിസവും ഫാൻസി ബനിയനും എന്നീ നോവലുകളും പെരുമാൾ മുരുകന്റെ എരിവെയിൽ, ശക്തിവേൽ, ജെഫ്രി ആർച്ചറുടെ കെയ്നും ആബേലും (ഒന്നും രണ്ടും ഭാഗങ്ങൾ) തുടങ്ങിയ നിരവധി കൃതികളും മലയാളത്തിലേക്കെത്തിച്ചു.

‘മായക്കടൽ’ എന്ന സമാഹാരം വായിച്ചാണ് ഞാൻ ജയേഷിനെ പരിചയപ്പെട്ടത്. ഫോണിൽ ദീർഘനേരം സംസാരിച്ചു തുടങ്ങിയ അടുപ്പം പതിയെപ്പതിയെ സൗഹൃദമായി. മരിക്കുന്നതിനു മാസങ്ങൾക്കു മുമ്പാണ് ഒടുവിൽ സംസാരിച്ചത്. അപ്പോഴും പുതിയ പുസ്തകങ്ങൾ തയാറാക്കുന്നതിനെക്കുറിച്ചും വ്യക്തി ജീവിതത്തിലെ ചില പ്രതിസന്ധികളെക്കുറിച്ചും പുതുതായി തുടങ്ങുന്ന സംരംഭത്തെക്കുറിച്ചുമൊക്കെ അവൻ വളരെയേറെ സംസാരിച്ചു.

മകൾ ഉർസുലയായിരുന്നു ജയേഷിന്റെ ലോകം. അവന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് ശ്രദ്ധിക്കുന്നവർക്കറിയാം, മകളുടെ വിശേഷങ്ങളും മകൾ വരച്ച ചിത്രങ്ങളും മകളോടൊപ്പമുള്ള ചിത്രങ്ങളുമൊക്കെ ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.

s-jayesh-new-3

ചെറുതും, മുറുക്കമുള്ള അവതരണത്താല്‍ ത്രസിച്ചു നിൽക്കുന്നതുമായ ജയേഷിന്റെ കഥകൾ മലയാളത്തിൽ ബ്ലോഗ് എഴുത്ത് സജീവമാകുന്ന കാലത്താണ് ആസ്വാദകരെ ആകർഷിച്ച് തുടങ്ങിയത്. പിന്നീട് മുഖ്യധാര ആനുകാലികങ്ങളിൽ ഉൾപ്പടെ ജയേഷിന്റെ കഥകൾ പ്രസിദ്ധീകരിക്കപ്പെട്ടു. അവസാനത്തെ കഥ ‘ശുക്രനാട്‌’ ജയേഷിന്റെ മരണശേഷമാണ് ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്. ആഴമുള്ള വായനയും സാഹിത്യത്തിലെ പുത്തൻ പ്രവണതകളെക്കുറിച്ച് വ്യക്തമായ ധാരണയുമുണ്ടായിരുന്നു ജയേഷിന്. എന്നാൽ, എഴുതിപ്പൂർത്തിയാക്കാത്ത ഒത്തിരിയൊത്തിരി സ്വപ്നങ്ങൾ ബാക്കിയാക്കി, 44 വയസ്സിൽ ജയേഷ് മടങ്ങി.

പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ജയേഷ്, അവിടെവച്ചുണ്ടായ ഒരു വീഴ്ചയെത്തുടർന്ന് കോമ സ്റ്റേജിലായി. തീവ്രപരിചരണ വിഭാഗത്തിൽ കഴിയവേ ന്യുമോണിയയും പിടിപെട്ടു. സുഹൃത്തുക്കളുടെയും പ്രിയപ്പെട്ടവരുടെയും സഹായത്താൽ, ധനം സമാഹരിച്ച്, ചികിത്സ തുടരവേയായിരുന്നു മരണം.

s-jayesh-new-1

‘മലയാളത്തിൽ ബ്ലോഗെഴുത്ത് സജീവമായിരുന്ന കാലം മുതൽക്കുള്ള സൗഹൃദമായിരുന്നു ജയേഷുമായുള്ളത്. എതാണ്ട് ഒരേക്കാലത്താണ് ഇരുവരും മുഖ്യധാരയിൽ എഴുതിത്തുടങ്ങുന്നതെന്നും ഓർമ്മ... ഇടക്കാലത്ത് കുറച്ചു നാൾ ചെന്നൈയിലും ഒരുമിച്ചുണ്ടായിരുന്നു. എഴുതിയ ഡ്രാഫ്റ്റുകളൊക്കെ ‘സൗകര്യം പോലെ ഒന്നു നോക്കുമോ...’ എന്നൊരു വരിയാലെ പരസ്പരം പങ്കിടുകയും, അത് ആസ്വദിക്കുകയും വിമർശിക്കുകയുമൊക്കെ ചെയ്യുമായിരുന്നു. ഇരുവരും അവിവാഹിതരായിരുന്ന കാലത്ത് ഞങ്ങൾ ഏറെ നേരം സംസാരിക്കാറുണ്ടായിരുന്നത് താന്താങ്ങളുടെ മുത്തച്ഛന്മാരെപ്പറ്റിയായിരുന്നു. വിവാഹശേഷം അവരവരുടെ കുഞ്ഞുങ്ങളെക്കുറിച്ചും... അതുകൊണ്ടുതന്നെ ഊർസുവിന്റെ മുഖമിപ്പോൾ എങ്ങനെയായിരിക്കുമെന്നൊരു സങ്കടം വന്നു പൊതിയുന്നു. വിഷമനേരങ്ങളിൽ പരസ്പരം ഉരലും മദ്ദളവും കളിച്ചുകൊണ്ട് കുറച്ചുനേരമെങ്കിലും കേൾവിക്കാരായിരുന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ ‘കിടന്ന് അധികം നരകിക്കേണ്ടി വന്നില്ലല്ലോ...’ എന്നൊരു പതിവ് സമാധാനത്തിലേക്ക് പതിയെ ചെന്നു ചേരാൻ ശ്രമിക്കുന്നു. ജയേഷ് പോയാലും അവന്റെ എഴുത്തുകളും പരിഭാഷകളുമൊക്കെ ഇവിടെത്തന്നെയുണ്ടാകും എന്ന് സ്വയം ആശ്വസിക്കുന്നു’. – ജയേഷിന്റെ മരണ ശേഷം സുഹൃത്തും സാഹിത്യകാരനുമായ വി.എം ദേവദാസ് ഫെയ്സ്ബുക്കിൽ കുറിച്ചതിങ്ങനെ. ദേവൻ പറഞ്ഞത് ശരിയാണ്, ജയേഷ്...നീ പോയാലും നീ സൃഷ്ടിച്ച കഥകൾ ഇവിടെ ജീവിക്കും...അതിലൂടെ നീയും...വിട പ്രിയ കഥാകാരാ...