Wednesday 03 May 2023 12:01 PM IST

‘ഒരു മഹാരോഗത്തിന്റെ ലക്ഷണമായിരുന്നു, അതോടെ ജീവിതം മാറി’: അതിജീവനത്തിന്റെ ആകാശത്തേക്ക് ചിറകു വിരിച്ചു പറന്ന ഷംല...

V.G. Nakul

Sub- Editor

shamla-cvr

‘പ്യൂപ്പയിൽ നിന്നും ചിത്രശലഭത്തിലേക്കുള്ള ദൂരം’ ഒരു പുസ്തകം മാത്രമല്ല, ഷംല.പി.തങ്ങൾ എന്ന പെൺകുട്ടിയുടെ അതിജീവനത്തിന്റെ അടയാളം കൂടിയാണ്. വായിക്കുന്നവരിൽ നൊമ്പരത്തിന്റെ നേർത്ത വിങ്ങലും അതിലുപരി ബഹുമാനത്തിന്റെ നിലാവുവമശേഷിപ്പിക്കുന്ന ഈ കൃതി ഷംല എഴുതിയ സ്വന്തം ജീവിതാനുഭവങ്ങളുടെ സമാഹാരമാണ്.

‘‘ജീവിതാനുഭവങ്ങളെ അത്രമേല്‍ കുടഞ്ഞിട്ടിരിക്കുകയാണ്. അവതാരിക എഴുതാന്‍ വേണ്ടി വായിച്ചപ്പോള്‍ നെഞ്ചുരുകി പലവട്ടം കണ്ണു നിറഞ്ഞിരുന്നു’’. – പുസ്തകത്തിന് അവതാരികയെഴുതിയതിന്റെ അനുഭവം നോവലിസ്റ്റ് റിഹാൻ റാഷിദ് കുറിച്ചതിങ്ങനെ.

‘ഷംല പി തങ്ങൾ എഴുതിയ ഈ പുസ്തകം ഒരായുസാണെന്ന് പറയാൻ കഴിയും. ജീവിതാനുഭവങ്ങളെ മറ്റുള്ളവരിലേക്ക് പകരുമ്പോഴും തന്റെ ചുറ്റിലുമുള്ള മനുഷ്യരിലേക്കാണ് അക്ഷരങ്ങൾ പെയ്തിറങ്ങുന്നത്. മുന്നിൽ വന്നു നിൽക്കുന്ന ഓരോ പ്രതിസന്ധികൾക്കും നേർക്ക് സധൈര്യം ഇറങ്ങി നിൽക്കേണ്ടത് എങ്ങിനെയെന്ന് പറയാതെ പറയുന്നു. ഒപ്പം ഇത്തരം മനുഷ്യരെ ചേർത്തു നിർത്തേണ്ടത് എത്തരത്തിലാകണണെന്നും പറയുന്നുണ്ട്. വായനയിൽ പലപ്പോഴും നിറഞ്ഞു തൂവിയ എന്റെ കണ്ണുകളെയല്ലാതെ മറ്റൊന്നിനേയും ഈ ജീവിതാനുഭവങ്ങൾക്ക് മുൻപാകെ സാക്ഷ്യപ്പെടുത്താനുമില്ല’. – റിഹാൻ കുറിക്കുന്നു.

ദുരിതക്കയത്തിൽ നിന്നു പ്രതീക്ഷയുടെ തുരുത്തിലേക്ക്

മലപ്പുറം നിലമ്പൂർ രാമൻകുത്ത് പാലപ്പുറത്ത് മുഹമ്മദ്കോയയുടെയും സുബൈദയുടെയും മകളാണ് ഷംല. ഷംലയുടെ ഉപ്പയും ഉമ്മയും ഇപ്പോൾ ജീവിച്ചിരിപ്പില്ല. സെറിബ്രൽ പാൾസി ബാധിച്ച്, കൈകാലുകൾ അനക്കാനാകാതെ വിധിയുടെ കെണിയിൽപെട്ടു ജീവിതം ചിന്നിച്ചിതറിപ്പോകുമായിരുന്ന മകള്‍ക്കു വേണ്ടിയാണ് രണ്ടാളും ജീവിച്ചു മരിച്ചത്.

തപാൽ വകുപ്പിലെ ജീവനക്കാരനായിരുന്നു മുഹമ്മദ്കോയ. മകളുടെ ചികിൽയ്ക്കായി ജോലി ഉപേക്ഷിക്കേണ്ടി വന്ന അദ്ദേഹം ഷംല സ്കൂളിൽ പോയിത്തുടങ്ങിയതോടെ പുതിയ വരുമാന മാർഗം തേടി ഗൾഫിലേക്കു പോയി.

പഠനത്തിൽ മിടുക്കിയായിരുന്നു ഷംല. ധാരാളം പഠിക്കണം,നല്ല ജോലി വാങ്ങി സ്വന്തം കാലിൽ നിൽക്കണം, കുടുംബത്തിനു താങ്ങാകണം എന്നിങ്ങനെ ഒരുപാട് മോഹങ്ങൾ കുട്ടിക്കാലം മുതലേ അവളുടെ മനസ്സിൽ നിറഞ്ഞിരുന്നു. അതിനായി എത്ര കഷ്ടപ്പെടാനും അവൾ തയാറായിരുന്നു.

മുതുകാട് സ്കൂളിലേക്ക് ചേട്ടൻ ശിഹാബും ബന്ധു ഷുഹൈബും ഷംലയെ എടുത്തുകൊണ്ടാണ് പോയിരുന്നത്. മറ്റുള്ളവർ പറയുന്നത് അവൾക്കു മനസ്സിലാകുമെങ്കിലും ഏറെ ശ്രദ്ധിച്ചാൽ മാത്രമേ ഷംല പറയുന്നതു മറ്റുള്ളവർക്കു മനസ്സിലാകൂ. ആവശ്യങ്ങളെല്ലാം ഏറെ പ്രയാസപ്പെട്ട് എഴുതിക്കാണിക്കുന്നതായിരുന്നു പതിവ്.

പക്ഷേ, വിധി അടുത്ത കെണി ആ കുടുംബത്തിനു വേണ്ടി ഒരുക്കി വച്ചിരുന്നു അപ്പോഴേക്കും. ഷംല പത്താംക്ലാസ് പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്ന സമയത്ത്, ഉമ്മ അവളെ വിട്ടുപോയി... ഇരുട്ടിൽ ഒറ്റപ്പെട്ടവളെപ്പോലെ, ഉമ്മയുടെ മരണം സൃഷ്ടിച്ച ഞെട്ടലിൽ ഷംല പകച്ചു നിന്നു...

ചക്കാലക്കുത്ത് എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു ഷംല പ്ലസ് ടുവിനു ചേർന്നത്. ഉമ്മയുടെ തുണയില്ലാതെ മകൾ പ്രയാസമനുഭവിക്കുന്നുവെന്നു മനസ്സിലാക്കിയതോടെ, മുഹമ്മദ്കോയ വീണ്ടുമൊരു വിവാഹത്തിനു തയാറായി. അങ്ങനെയാണ് മഞ്ചേരി സ്വദേശിയായ അങ്കണവാടി അധ്യാപിക ജുവൈരിയ ഷംലയുടെ ജീവിതത്തിലേക്ക് സ്നേഹത്തിന്റെയും കരുതലിന്റെയും കടലുമായി എത്തിയത്. ഷംല ജുവൈരിയയുടെ വളർത്തുമകളല്ല, ജീവന്റെ ജീവനാണ്.

ഇതിനിടെ റംലയുടെ മനസ്സിലേക്കു കവിതയുടെ അക്ഷരപ്പുഴയുമൊയൊഴുകിയെത്തിത്തുടങ്ങിയിരുന്നു. ഷംല പറഞ്ഞുകൊടുക്കുന്ന കവിതകൾ ഉമ്മ എഴുതിയെടുക്കുകയായിരുന്നു. 2012ൽ പ്രസിദ്ധീകരിച്ച, ‘നിറമുള്ള സ്വപ്നം’ എന്ന കവിതാ സമാഹാരമാണ് ഷംലയുടെ ആദ്യ പുസ്തകം.

shamla new 2

വഴിത്തിരിവ്

വളാഞ്ചേരി വി.കെ.എം.സ്പെഷൽ സ്കൂളിൽ ചികിത്സയ്ക്കെത്തിയതാണ് ഷംലയുടെ ജീവിതത്തിലെ പ്രധാന വഴിത്തിരിവുകളിൽ ഒന്ന്. എട്ടുമാസത്തെ ചികിത്സയുടെ ഫലമായി സ്വന്തം കാര്യങ്ങളെല്ലാം ഏറെക്കുറെ അവൾ സ്വയം ചെയ്യാൻ പഠിച്ചു. അപ്പോഴേക്കും ഗൾഫിലെ ജോലി വിട്ട് മുഹമ്മദ്കോയ നാട്ടിലെത്തിയിരുന്നു.

മമ്പാട് എംഇഎസ് കോളജിലാണ് ഷംല ബിരുദത്തിനു ചേർന്നത്. സാമ്പത്തികശാസ്ത്രമായിരുന്നു മെയിൻ. മകളെ കോളജിൽ കൊണ്ടുപോകാൻ മുഹമ്മദ്കോയ ഓട്ടോറിക്ഷ വാങ്ങി. ഇതിനിടെ ആയിഷ ഫിൽസ എന്ന ഒരു സഹോദരി കൂടി ഷംലയുടെ ജീവിതത്തിലേക്കെത്തി. പക്ഷേ, അപ്പോഴേക്കും വിധി അടുത്ത കെണിയൊരുക്കിയിരുന്നു. ഷംല ബിരുദാനന്തര ബിരുദത്തിനു ചേരാൻ തീരുമാനിച്ച സമയത്ത് പനിയുടെ രൂപത്തിലെത്തി മരണം അവളുടെ ഉപ്പയെയും കൊണ്ടു പോയി...

തിരിച്ചു വരവ്

ജീവിതത്തിന്റെ പ്രതീക്ഷകളറ്റ്, സ്വപ്നങ്ങൾക്ക് നിറം മങ്ങിയ ഷംലയെ വീണ്ടും ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വന്നത് വളാഞ്ചേരി വി.കെ.എം. സ്പെഷൽ സ്കൂൾ ചെയർമാൻ വി.കെ.മുഹമ്മദ് അഷ്റഫും സ്കൂൾ ഡയറക്ടർ സിനിൽദാസ് പൂക്കോട്ടും ചേർന്നാണ്. അങ്ങനെ ഷംല വീണ്ടും സ്പെഷൽ സ്കൂളിലെത്തി. അവിടെ അവളെ കാത്തിരുന്നത്, ഓഫിസ് അസിസ്റ്റന്റിന്റെ ജോലി കൂടിയായിരുന്നു. അതോടെ അവൾ ജീവിതത്തെ വീണ്ടും പ്രതീക്ഷയോടെ നോക്കാൻ തുടങ്ങി. വീണ്ടും എഴുതാന്‍ തുടങ്ങി. ജിദ്ദ കെഎംസിസി നൽകിയ ഇലക്ട്രിക് ചക്രക്കസേര ലഭിച്ചതോടെ, ഓഫിസിലേക്കു വരുന്നതും ഹോസ്റ്റലിലെത്തുന്നതുമെല്ലാം തനിച്ചായി.

പ്രാഥമികകാര്യങ്ങൾക്കും ഭക്ഷണം കഴിക്കാനുമൊക്കെ പരസഹായം വേണ്ടിയിരുന്ന ഷംല ഇപ്പോൾ എല്ലാം തനിച്ചുചെയ്യും. സംസാരശേഷി കൂടി. അതിനിടെ തന്റെ ജീവിതാനുഭവങ്ങൾ കുറിച്ച് വച്ച് അവൾ ‘പ്യൂപ്പയിൽ നിന്നും ചിത്രശലഭത്തിലേക്കുള്ള ദൂരം’ എഴുതിത്തീർക്കുകയും ചെയ്തു.

ഷംല ഒരു പ്രതീകമാണ്. സ്വന്തം പരിമിതികളെ അടങ്ങാത്ത ആത്മവിശ്വാസവും ലക്ഷ്യങ്ങളും കൊണ്ടു പൊരുതിത്തോൽപ്പിച്ച പെൺകുട്ടി. അവളിപ്പോൾ സമാനമായ പ്രതിസന്ധികളിൽ നിന്നു കരകയറാൻ കൊതിക്കുന്ന എത്രയോ മനുഷ്യരുടെ ദിശാബോധമാണ്....

പ്യൂപ്പയിൽ നിന്നും ചിത്രശലഭത്തിലേക്കുള്ള ദൂരം’ എന്ന പുസ്തകത്തിൽ നിന്ന് ഒരു ഭാഗം –

എപ്പോഴും ഒരാഘോഷത്തിനുള്ള ആളുകൾ ഉണ്ടായിരുന്ന, കഥകളും കഥനങ്ങളും പങ്കുവെക്കുന്ന ഉപ്പയുടെ തറവാട്ടു വീട്ടിൽ ഏറെ പ്രത്യേകതകളോട് കൂടിയാണ് ഞാൻ ജനിച്ചത്. എന്നാൽ കാഴ്ചയിൽ വൈകല്യത്തിന്റെ ലക്ഷങ്ങളൊന്നുമുണ്ടായിരുന്നില്ല. നടക്കേണ്ട പ്രായം എത്തിയിട്ടും ഞാൻ മുട്ടിലിഴയുകയിയിരുന്നു. അതുകൊണ്ടാണ് ഉപ്പൂപ്പാന്റെ പരിചയത്തിലുള്ള ആയുർവേദ ഉഴിച്ചിൽ നടത്തുന്ന വൈദ്യന്റെ അടുത്തേക്ക് പോവുന്നത്... പലതരം ഔഷധ സസ്യങ്ങളും ചെടികളും കൊണ്ട് പടർന്നു പന്തലിച്ചു നിൽക്കുന്ന മുറ്റത്തിന്റെ സൈഡിൽ രണ്ടു മുറികളും ചെറിയ വരാന്തയും ഉള്ള ഒരു കൊച്ചു വീടായിരുന്നത്. ഒരു മുറിയിൽ നിറയെ മരുന്നുകളും. മുൻപേ വന്ന രണ്ടു മൂന്ന് കുട്ടികൾ വരാന്തയിൽ ഉണ്ടായിരുന്നെങ്കിലും പരിചയം കൂടുതൽ ഉള്ളതുകൊണ്ടായിരിക്കണം ഞങ്ങളെയായിരുന്നു ആദ്യം വിളിച്ചത്. എന്നെ കണ്ട് അദ്ദേഹം വാത്സല്യത്തോടെ എടുത്തു. കുറെ നേരം മടിയിലിരുത്തി. പിന്നെ പതുക്കെ മേശമേൽ പിടിപ്പിച്ചു നിർത്താൻ നോക്കി. പാദങ്ങൾ നിലത്തുറക്കാതെ കുഴഞ്ഞു പോവുന്നുണ്ടായിരുന്നു. കിടത്തി ചികിത്സ ഇല്ലാത്തത് കൊണ്ട് കുഴമ്പും കഷായവും അരിഷ്ടവും തന്നിട്ട് അദ്ദേഹം വീട്ടിൽ നിന്നും ഉഴിച്ചിൽ നടത്താൻ പറഞ്ഞു വിട്ടു...

അതിരാവിലെ കുഴമ്പ് തേക്കാനുള്ള തയ്യാറെടുപ്പോടെ ഉമ്മ വരുന്നത് കാണുമ്പോഴെ ഞാൻ കരച്ചിൽ തുടങ്ങും. കുഴമ്പിനൊപ്പം ഒരുതരം അരി അരച്ചതും കൂടി മിക്സ്‌ ആക്കി ദേഹം മുഴുവൻ തേച് ഉഴിയും. ഒരുമണിക്കൂറോളം പായയിൽ കിടത്തിയ ശേഷമാണ് കുളിപ്പിക്കുക. ഇങ്ങനെ മനം മടുപ്പിക്കുന്ന ചികിത്സ രീതികളിൽ, കണ്ണീരിൽ കുതിർന്ന എത്രയോ ദിനങ്ങൾ..... മാസങ്ങൾ നീണ്ട ചികിത്സ… അതിനിടയിൽ ചുമരിൽ പിടിച്ചു ഒരു വശം ചേർന്ന് മെല്ലെ നടക്കാൻ തുടങ്ങി.. ആ കാഴ്ച കുടുബാഗംങ്ങൾക്ക് ഏറെ സന്തോഷം നൽകി.. ഉഴിച്ചിൽ നടത്തിയതിന്റെ ഫലം എന്ന് എല്ലാവരും പറഞ്ഞു. പക്ഷെ... ആ സന്തോഷ നിമിഷങ്ങൾക്ക് അധികം ആയുസ്സുണ്ടായിരുന്നില്ല. അല്ലെങ്കിലും സന്തോഷങ്ങൾ എപ്പോഴും അങ്ങനെയാണ് ആസ്വദിച്ചു തുടങ്ങുമ്പോഴേക്കും അതിലും വലിയ സങ്കടങ്ങൾ തന്ന് അത് കെടുത്തക്കളയും...

വീണ്ടും പനി തുടങ്ങി.. മരുന്നുകൾ കൊണ്ടൊന്നും പനിയുടെ ചൂട് കുറയാതെ വന്നപ്പോൾ പിന്നെയും വൈദ്യരുടെ അടുത്ത് പോയി... കുറെ നേരം എന്തോ ആലോചിച്ച ശേഷം പനിവരാൻ പാടില്ലാത്തതാണെന്ന് പറഞ്ഞു, അദ്ദേഹം മരുന്ന് തന്നു വിട്ടു ... കണ്ണീരും വേദനയും പട്ടിണിയും നിറഞ്ഞ ദിവസങ്ങൾ ആഴ്ചകളായി, ആഴ്ചകൾ മാസങ്ങളായ്... പനിച്ചൂടിൽ എന്റെ കുഞ്ഞു ശരീരം തളരാൻ തുടങ്ങിയിരുന്നു… അങ്ങനെയിരിക്കെ, വണ്ടൂരിൽ ക്ലിനിക്കിൽ പുതിയൊരു ഡോക്ടർ വന്നിട്ടുണ്ടെന്ന് ആരോ പറഞ്ഞു കേട്ട് അവിടെ പോയി. എന്നെ കണ്ടതും ഡോക്ടർ ടേബിളിൽ കിടത്താൻ ആവശ്യപെട്ടു. പരിശോധനക്കിടയിൽ കാണിക്കാൻ വൈകി പോയതിന്റെ കാരണങ്ങളും തിരക്കുന്നുണ്ടായിരുന്നു. ഒടുക്കം ഒരു മഹാരോഗത്തിന്റെ ലക്ഷണമാണ് വിട്ടുമാറാത്ത ഈ പനി എന്നും, ഉടനെ ചികിത്സ കിട്ടിയില്ലങ്കിൽ അപകടമാണെന്നും പറഞ് തിരുവന്തപുരത്തുള്ള വേറൊരു ഹോസ്പിറ്റലിലേക്ക് റഫർ ചെയ്തു. വേവലാതി നിറഞ്ഞ നിമിഷങ്ങളിൽ കൂടെ കടന്നു പോയ ദിവസങ്ങളാണത്...

അന്ന് ഇന്നത്തെ പോലെ മണിക്കൂറുകൾ ഇടവിട്ട് ട്രെയിനുകൾ ഒന്നും ഇല്ലാത്തത് കൊണ്ട് രണ്ടു ദിവസങ്ങൾ കഴിഞാണ് ടിക്കറ്റ് കിട്ടിയത്...പിറ്റേന്ന് വൈകുന്നേരം എല്ലാവരോടും യാത്ര പറഞ്ഞിറങ്ങി കാതടപ്പിക്കുന്ന ശബ്ദത്തോടെ പോവാൻ തയ്യാറായി നിൽക്കുന്ന ട്രെയിനിലേക്ക് ഉപ്പ എന്നെ എടുത്ത് ഓടി കയറി , അന്നാദ്യമായാണ് ഞാനും തീവണ്ടികയറിയത്, കൂരിരുട്ടിൽ പുറത്തേക് നോക്കുമ്പോൾ മിന്നായം പോലെ മാഞ്ഞു പോവുന്ന വഴിവിളക്കുകൾ കൗതുകത്തോടെ നോക്കിയിരുന്നു... കാറ്റിന്റെ തലോടലേറ്റ്, ഇടക്കെപ്പോഴോ മയക്കത്തിലേക്ക് വീണു പോയി, എന്തൊക്കെയോ ബഹളം കേട്ട് കണ്ണുതുറന്നു ചുറ്റിലും നോക്കി... തമ്പാനൂർ സ്റ്റേഷനിൽ എത്തിയിരുന്നു. അധിക സമയം ട്രെയിൻ നിർത്താത്ത സ്ഥലമായത് കൊണ്ട് ഉപ്പ ധൃതിയിൽ എന്നെയും എടുത്തു പുറത്തേക് നടന്നു...അവിടെ ഞങ്ങളെ കാത്തു നാട്ടുകാരനും ഉപ്പാന്റെ സുഹൃത്തുമായ തങ്കച്ചൻ ചേട്ടൻ നിൽക്കുന്നുണ്ടായിരുന്നു. അവരുടെ സഹോദരിയുടെ വീട്ടിലായിരുന്നു അന്നത്തെ അത്താഴവും അന്തിയുറക്കവും..

shamla new 3

മഞ്ഞു വീഴുന്ന വെളുപ്പാൻ കാലത്തു തലയിൽ തൊപ്പിയും തോർത്തും കൊണ്ട് പൊതിഞ് ഉപ്പ എന്നെ തോളിലിട്ടു ഓട്ടോയിലേക്ക് നടന്നു...അവിടെ നിന്നും കുറച്ചു ദൂരമുണ്ട് ആശുപത്രിയിലേക്ക് അതുകൊണ്ടാണ് അത്രയും രാവിലെ പോവുന്നത്.. കൃത്യ സമയത്ത് തന്നെ ഞങ്ങൾ ശ്രീ ചിത്തിര ഹോസ്പിറ്റലിന്റെ മുന്നിലെത്തി ഒ.പി യിൽ പോയപ്പോൾ ഡോക്ടർ വരാൻ കുറച്ചു താമസിക്കുമെന്ന് പറഞ്ഞു...രാവിലെ ഒന്നും കഴിക്കാതെ തളർന്നിരിക്കുന്ന എന്നെ എടുത്ത് ഉപ്പ അടുത്തുള്ള ഹോട്ടലിൽ പോയി ചായയും പലഹാരവും വാങ്ങിച്ചു തന്നു. കുറച്ചു സമയത്തിനു ശേഷം ഡോക്ടർ വന്നു. പരിശോധിച്ചു. വണ്ടൂരിലെ പ്രഭാകരൻ ഡോക്ടർ തന്നു വിട്ട എഴുത്ത് നോക്കി അഡ്മിറ്റ്ന് എഴുതി...വാർഡിലേക്ക് വിട്ടു എന്നേ പോലെ ഉള്ള കുട്ടികൾളും അവരെ പരിചരിക്കുന്ന നഴ്‌സുമാരും മാത്രം ഉള്ള ചെറിയ ഒരു വാർഡായിരുന്നു കുട്ടികളുടെ. കൂടെ ആർക്കും നിൽക്കാൻ അനുവാദം ഇല്ലായിരുന്നു. അതൊന്നും ഉൾകൊള്ളാൻ കഴിയാത്ത പ്രായമായിരുന്നില്ല എനിക്കന്ന്. അത് കൊണ്ട് തന്നെ ഉപ്പയും ഉമ്മയും കൂടെയില്ലാതെ എത്രയോ രാവുകളിൽ വാശി പിടിച്ചു കരഞ്ഞുതളർന്നുറങ്ങിയിരുന്നു.

പിറ്റേന്ന് ഡോക്ടർ അടുത്തേക്ക് വന്നു ഉമ്മാനെ വിളിപ്പിച്ചു കുറെ കാര്യങ്ങൾ ചോദിച്ചു.. പിന്നെ ഓരോ ടെസ്റ്റുകൾക്കായി ഉപ്പ എന്നെ എടുത്തു ആശുപത്രിയുടെ സ്റ്റെപ്പുകൾ കയറിയിറങ്ങി മണിക്കൂറുകൾ നീണ്ട പരീക്ഷണങ്ങൾക്കൊടുവിൽ അവർ എന്റെ പ്രശ്നം കണ്ടെത്തി. സെറിബ്രൽ പാൾസി എന്ന അവസ്ഥ ആണെന്നായിരുന്നത് ...