ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്കാരങ്ങളിലൊന്നായ ജെ.സി.ബി പ്രൈസിനുള്ള അന്തിമ പട്ടികയിൽ ഇക്കുറി ‘മലയാളി പെൺപെരുമ’യും...ഖത്തറില്‍ താമസിക്കുന്ന മലയാളി എഴുത്തുകാരി ഷീലാ ടോമിയുടെ ‘വല്ലി’യുടെ ഇംഗ്ലീഷ് വിവർത്തനമാണ് അഞ്ചാമതു ജെ.സി.ബി പുരസ്‌കാരത്തിനായുള്ള ഷോർട് ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുന്നത്. ജയശ്രീ കളത്തില്‍ ആണ് ‘വല്ലി’ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തിട്ടുള്ളത്.
ഇന്ത്യന്‍ സമകാലിക സാഹിത്യത്തിന് നല്‍കുന്ന പ്രധാനപ്പെട്ട ബഹുമതികളിലൊന്നായ ജെ.സി.ബി പുരസ്‌കാരം മുൻപ് മലയാളത്തിന്റെ പ്രിയസാഹിത്യകാരൻമാരായ ബെന്യാമിൻ, എസ്.ഹരീഷ്, എം.മുകുന്ദൻ എന്നിവർക്കു ലഭിച്ചിട്ടുണ്ട്.

‘‘ജെസിബി സാഹിത്യ പുരസ്കാരത്തിന്റെ ഷോര്‍ട്ട്ലിസ്റ്റില്‍ വല്ലിയുടെ ഇംഗ്ലീഷ് പരിഭാഷ ഇടം നേടിയതിൽ ഒരുപാട് സന്തോഷമുണ്ട്. അതിപ്രഗത്ഭരായ എഴുത്തുകാരും അക്കാദമീഷ്യന്‍സും ഒക്കെയടങ്ങുന്ന ജൂറി തെരഞ്ഞെടുത്ത ഏറ്റവും മികച്ച രചനകളുടെ കൂടെ എന്റെ ആദ്യ നോവലും ഉള്‍പ്പെട്ടതിന്റെ ആഹ്ലാദം പറയാനില്ല. ഇന്റർനാഷനൽ ബുക്കര്‍ പ്രൈസ് നേടിയ കൃതിയടക്കം ഹിന്ദിയില്‍ നിന്നും ഉറുദുവില്‍ നിന്നും ബംഗാളിയില്‍ നിന്നും നേപ്പാളിയില്‍ നിന്നുമുള്ള പ്രശസ്തമായ വിവര്‍ത്തനങ്ങളാണ് വല്ലിക്കൊപ്പമുള്ള മറ്റു നാലു കൃതികള്‍. എന്റെ ഗ്രാമവും ദേശവും വയനാടും ഇവിടത്തെ സാധാരണക്കാരും ഇന്ത്യയിലൊട്ടാകെ വായിക്കപ്പെടും എന്നതാണ് ഏറെ ചാരിതാര്‍ത്ഥ്യം നല്‍കുന്നത്. ഫൈനൻ പ്രൈസ് നേടുക എന്നതിനേക്കാള്‍ എനിക്ക് പ്രധാനം അതാണ്. വല്ലിയോടൊപ്പം നിന്ന എല്ലാവരോടും നിറയെ സ്നേഹം. പ്രത്യേകിച്ച് ഇംഗ്ലീഷ് പരിഭാഷ നിര്‍വഹിച്ച ജയശ്രീ കളത്തിലിനോട് വലിയ കടപ്പാടുണ്ട്. ജെസിബി പുരസ്കാര പട്ടികയില്‍ ഈ വര്‍ഷം മലയാളത്തിന്റെ പ്രതിനിധിയായി നില്‍ക്കാന്‍ കഴിഞ്ഞതും ഭാഗ്യമായി കരുതുന്നു’’. – ഷീല ടോമി ‘വനിത ഓൺലൈനോട്’ പറയുന്നു.

ഏറെക്കാലം മനസ്സില്‍ കൊണ്ടു നടന്ന കഥ
കാടിന്റെയും പുഴയുടെയും മടിത്തട്ടില്‍ വളര്‍ന്ന ബാല്യമാണ്, കുടിയേറ്റ കഥകളും മിത്തുകളും ഒത്തിരി കേട്ട ചെറുപ്പകാലമാണ്, വല്ലിയിലേക്കെന്നെ എത്തിച്ചത്.
ഒരു ക്രിസ്ത്യന്‍ കുടിയേറ്റഗ്രാമത്തിലാണ് ഞാന്‍ ജനിച്ചത്. എന്റെ ചാച്ചന്‍ അധ്യാപകനായിരുന്നെങ്കിലും വല്യപ്പച്ചനും സഹോദരങ്ങളുമെല്ലാം കര്‍ഷകരായിരുന്നു. കാട്ടുമുക്കിലെ കര്‍ഷകജീവിതത്തിന്റെ ദുരിതപര്‍വ്വങ്ങളിലൂടെയെല്ലാം കടന്നുവന്നു എന്റെ കുട്ടിക്കാലം. വല്ലിയിലെ മനുഷ്യരുടെ ആകുലതകളും ആശങ്കകളും അതിജീവനസമരങ്ങളും എന്റെ ജീവിതപരസിരത്തു നിന്നു തന്നെ വന്നതാണ്. പ്രകൃതിയേയും കഥാപാത്രങ്ങളേയും തേടി എനിക്ക് മറ്റെങ്ങും പോകേണ്ടിവന്നിട്ടില്ല. ഏറെക്കാലം മനസ്സില്‍ കൊണ്ടു നടന്നതിനുശേഷമാണ് വല്ലി എഴുതാൻ തുടങ്ങിയത്. എഴുതിവന്നപ്പോള്‍ അത് പ്രകൃതിക്കും വയനാടന്‍ ജനതക്കും വേണ്ടിയുള്ള എഴുത്തായി. എസ്.കെ പൊറ്റക്കാടും പി. വല്‍സല ടീച്ചറും കെ.ജെ ബേബിയും പറഞ്ഞു നിര്‍ത്തിയിടത്ത് തുടങ്ങി അഞ്ചു ദശകങ്ങളില്‍ വയനാടന്‍ ജീവിതത്തിനും പ്രകൃതിക്കും വന്ന പരിവര്‍ത്തനം പകര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു. ഒപ്പം സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും അനീതികളുടെയും ചെറുത്തുനില്‍പ്പുകളുടെയും കഥയും പറഞ്ഞു. വല്ലി എന്നാൽ പച്ചപ്പാണ്. ഭൂമിയാണ്. കാടും മനുഷ്യനും ഒന്നാകുന്ന ഇടങ്ങളിലേക്കാണ് നോവലിന്റെ യാത്ര.

‘‘2018 ലെ പ്രളയകാലത്താണ് വല്ലി എഴുതി അവസാനിപ്പിച്ചത്. ഇവിടെ പ്രകൃതിയുടെ ദുരന്തം മനുഷ്യന്റെ ദുരന്തമായി മാറുന്നത് കണ്ടു. അതിനൊക്കെയപ്പുറം വല്ലി കൂലിയാണ്. ഒരുകാലത്ത് വയനാടിന്റെ രാഷ്ട്രീയഭൂമികയിൽ കോളിളക്കങ്ങൾ സൃഷ്ടിച്ച വല്ലിസമരമുണ്ട്. വല്ലി എന്ന വാക്ക് ആ മൊഴിയറ്റ മനുഷ്യരുടെ ഇന്നും തുടരുന്ന ഭൂമിക്ക് വേണ്ടിയുള്ള സമരത്തിന്റെ പര്യായവുമാണ്. ഒന്നുകൂടി ചേര്‍ക്കട്ടെ. വല്ലി സ്ത്രീയാണ്. കരുത്തരായ എന്നാല്‍ സങ്കടപ്പുഴ താണ്ടുന്ന കുറേ സ്ത്രീകളുടെ കഥയും പറയുന്നുണ്ട് വല്ലി. അമ്മ മകള്‍ക്കായ് കരുതിവെച്ച ഡയറിക്കുറിപ്പുകളിലൂടെയാണ് കഥ വികസിക്കുന്നത്. ഈ കല്ലുവയല്‍ ഏതെന്ന അന്വേഷണവുമായി ആളുകള്‍ വന്നു തുടങ്ങി. കൂടുതൽ വായനകളിലേക്ക് ഈ അംഗീകാരം നയിക്കും എന്ന്‍ ഉറപ്പാണ്’’. – ഷീല പറഞ്ഞവസാനിപ്പിക്കുന്നു.
ബുക്കര്‍ പ്രൈസ് ജേതാവ് ഗീതാഞ്ചലി ശ്രീയുടെ ‘ടോമ്പ് ഓഫ് സാന്‍ഡ്’(ഹിന്ദി), ഖാലിദ് ജാവേദിന്റെ ‘പാരഡൈസ് ഓഫ് ഫുഡ്’ (ഉര്‍ദു), ചൗദന്‍ കാബിമോയുടെ ‘സോങ് ഓഫ് ദ സോയില്‍’ (നേപ്പാളി), മനോരഞ്ജന്‍ ബ്യാപാരിയുടെ ‘ഇമാന്‍’ (ബെംഗാളി) എന്നിവയാണ് ഫെനൽ ഫൈവിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മറ്റു രചനകള്‍. നവംബര്‍ 19 നാണ് വിജയിയെ പ്രഖ്യാപിക്കുക. 25 ലക്ഷം രൂപയാണ് സമ്മാനതുക. 10 നോവലുകള്‍ ഉള്‍പ്പെട്ട ആദ്യഘട്ട പട്ടികയിൽ നിന്നാണ് ഈ 5 കൃതികൾ തിരഞ്ഞെടുത്തത്.

സാഹിത്യത്തിനുള്ള ജെ.സി.ബി പുരസ്‌കാരം ഇതുവരെ നാലു പേര്‍ക്കാണ് ലഭിച്ചത്. 2018ല്‍ ഷഹനാസ് ഹബീബ് മലയാളത്തില്‍ നിന്ന് വിവര്‍ത്തനം ചെയ്ത ബെന്യാമിന്റെ ‘ജാസ്മിന്‍ ഡേയ്‌സി’നും 2019ല്‍ ദി ഫാര്‍ ‘ഫീല്‍ഡ്’ എന്ന കൃതിയ്ക്ക് മാധുരി വിജയ്ക്കും 2020ല്‍ മലയാളത്തില്‍ നിന്ന് ജയശ്രീ കളത്തില്‍ വിവര്‍ത്തനം ചെയ്ത എസ്. ഹരീഷിന്റെ ‘മൊസ്റ്റാഷി’നും 2021ല്‍ ഫാത്തിമ ഇ.വി, നന്ദകുമാര്‍ കെ എന്നിവര്‍ ചേര്‍ന്ന് മലയാളത്തില്‍ നിന്നു വിവര്‍ത്തനം ചെയ്ത എം മുകുന്ദന്റെ ‘ഡല്‍ഹി: എ സോളിലോക്വി’ എന്ന കൃതിക്കുമാണ് പുരസ്കാരം ലഭിച്ചത്.