Friday 12 November 2021 04:02 PM IST

‘മകനു വേണ്ടി കരിയർ സ്വപ്നങ്ങളോട് പോയി പണി നോക്കാൻ പറഞ്ഞു’: പ്രതീക്ഷയും ചിരിയും നിറഞ്ഞ കോട്ടയം ഡയറി

V.G. Nakul

Sub- Editor

s1

തൊടുപുഴക്കാരിയാണ് അഡ്വ. സ്മിത ഗിരീഷ്. എന്നാൽ സ്മിത എഴുതിയത് കോട്ടയത്തെക്കുറിച്ചാണ്. കോട്ടയത്തെ മനുഷ്യരെക്കുറിച്ചും കോട്ടയത്തെ സന്തോഷങ്ങളെക്കുറിച്ചുമാണ്. മലയാളത്തിൽ വേറിട്ട ഒരു പുസ്തകമെന്ന നിലയിൽ ഇതിനോടകം സ്മിതയുടെ ‘കോട്ടയം ഡയറി’ വായനക്കാർക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു. മകന്റെ സ്പീച്ച്, ഹൈപ്പർ ആക്ടിവിറ്റി പ്രശ്നങ്ങൾക്കുള്ള പരിശീലനവുമായി ബന്ധപ്പെട്ട് കോട്ടയത്ത് താമസിച്ച ഒരു വർഷത്തെ അനുഭവങ്ങളാണ് സ്മിതയുടെ ‘കോട്ടയം ഡയറി’. എഴുത്തിലൂടെ ഒരാൾ തന്നെ തിരികെപ്പിടിക്കും പോലെയായിരുന്നു അത്...

‘‘കുഞ്ഞിനെ പരിശീലനം കൊടുക്കാൻ പോയപ്പോൾ കോട്ടയം കഥയെഴുതി എന്ന ആക്ഷേപം ഉറ്റവരിൽ നിന്നു കേട്ടു നെഞ്ചുനീറിയ ഒരാളാണ് ഞാൻ. കുഞ്ഞിൽ വഴിയടച്ചിട്ട ഒരു സ്ത്രീ ജീവിത ത്വരയെ ഉല്ലാസകരമായി അക്ഷരങ്ങൾ കൊണ്ട് തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നത് കണ്ടത് ചില സുഹൃത്തുക്കൾ മാത്രം. ഈ പുസ്തകം ജീവിതം മുട്ടിപ്പോയ അമ്മമാരായ സ്ത്രീകളെ അവർക്കിഷ്ടമുള്ള വഴികളിലൂടെ സ്വയം ജീവിത പ്രേമമുള്ളവരാകുവാൻ ആഹ്വാനം ചെയ്യുന്നുണ്ട്’’. – സ്മിത വനിത ഓൺലൈനോട് പറയുന്നു.

മകനു വേണ്ടി അവന്റെ ജീവിതത്തിനു വേണ്ടി തന്റെ കരിയർ ലക്ഷ്യങ്ങൾ മാറ്റി വച്ച അമ്മയാണ് സ്മിത.

‘‘ജുഡീഷ്യൽ സർവ്വീസിൽ കയറണമെന്നായിരുന്നു ആഗ്രഹം. അവസാന ചാൻസിന്റെ പ്രിലിമിനറി പരീക്ഷ പാസായ റിസൽട്ട് വന്നപ്പോൾ ഞാൻ ദുബായിൽ ആയിരുന്നു. ഗർഭിണിയായിരുന്നു. പത്തു വർഷത്തിനിടയിൽ, ആദ്യ കുഞ്ഞ് നഷ്ടപ്പെട്ട ശേഷം, രണ്ടാമത് ആശിച്ചു മോഹിച്ചു കിട്ടിയതാണ് ഇത്. ഗർഭകാല വിമാനയാത്ര റിസ്ക്കാണ്. നാട്ടിലേക്ക് പോവണ്ട, പരീക്ഷ തുടർന്നെഴുതണ്ട, എന്നു നിനച്ചു. മജിസ്ട്രേറ്റാവണ്ട, അമ്മയായാൽ മതി എന്നുറച്ചു. എന്റെ മിടുക്കൻ കുഞ്ഞ് വന്നു. കുഞ്ഞുമായുള്ള വീട്ടിലിരുപ്പ് ഇടവേളകളിൽ സോഷ്യൽ മീഡിയയിലൊക്കെ ശ്രദ്ധിച്ചു തുടങ്ങി. പല സ്ത്രീകളും ആയിടം ക്രിയേറ്റീവായി ഉപയോഗിക്കുന്നത് ആകർഷിച്ചു. തന്നെയുമല്ല, പോസ്റ്റ് ഡെലിവറി ഡിപ്രഷനടക്കം കുറച്ചേറെ മെന്റൽ ട്രോമകളിലായിരുന്നു ഞാൻ. ബുദ്ധിയ്ക്ക് യാതൊരു തകരാറുമില്ലാത്ത എന്റെ കുഞ്ഞിന് ചില്ലറ കമ്മ്യൂണിക്കേഷൻ, ഹൈപ്പർ ആക്ടിവിറ്റി പ്രശ്നങ്ങളുണ്ടെന്ന് തിരിച്ചറിഞ്ഞത് അവന്റെ രണ്ടര വയസ്സിലാണ്. മജിസ്ട്രേറ്റ് ആവണ്ട, ജില്ലാ ജഡ്ജ് പരീക്ഷ എഴുതണം എന്നതായിരുന്നു പിന്നത്തെ ആഗ്രഹം. അത് നടക്കാൻ പ്രയാസമായിരുന്നു. ഇത്തരം പ്രശ്നങ്ങളുള്ള കുഞ്ഞുങ്ങൾക്ക് അമ്മമാർ നൽകുന്ന പിന്തുണ മറ്റാർക്കും നൽകാൻ സാധ്യമല്ല.

മകനു വേണ്ടി കരിയർ സ്വപ്നങ്ങളോട് പോയി പണി നോക്കാൻ പറഞ്ഞു. കുഞ്ഞുമായി തെറാപ്പികൾ, പരിശീലന കേന്ദ്രങ്ങൾ, ഡോക്ടർമാർ, അലയാത്ത സ്ഥലങ്ങളില്ല. ഏറ്റവും കഠിനം ഇത്തരം ഏതു കാര്യവും ഏറെ ചിന്തിക്കുന്ന, വേഗം വിഷാദ ഗ്രസ്തയാവുന്ന സെൻസിറ്റീവ്, മൈൻഡ് സെറ്റുള്ള അമ്മയായ എന്നെത്തന്നെ നിയന്ത്രിക്കുന്നതിലായിരുന്നു. ഒരു വഴിയും കണ്ടില്ല. ഒന്നിലും ആശ്രയവും വിശ്വാസവും തോന്നിയതുമില്ല. എന്നെപ്പോലുള്ള അമ്മമാർ നേരിടുന്ന ചലഞ്ച് മാരകമാണ്. വിഷാദത്തിലേക്ക് വഴുതിപോവാതെ മകനെ വളർത്തിയെടുക്കണം. എന്തു ചെയ്യും? എന്തു കാര്യം ജീവിത പ്രണയം തിരിച്ചു തരും?

ഞാൻ മാറ്റി നിർത്തിയ എഴുത്ത് വന്ന് അവിചാരിതമായി വന്ന് കൈ പിടിച്ചു. കണ്ണുനീർ തുടച്ചു’’.– സ്മിത പറയുന്നു.

s4

കോട്ടയം ഡയറിയുടെ തുടക്കം എങ്ങനെയായിരുന്നു ?

ഈ എഴുത്തിന്റെ ആകസ്മികത രസകരമാണ്. മകന്റെ സ്പീച്ച്, ഹൈപ്പർ ആക്ടിവിറ്റി പ്രശ്നങ്ങൾക്ക് പരിശീലനം തരുന്ന ഒരു സ്ഥാപനമാണ് ഞങ്ങളെ കോട്ടയത്തേയ്ക്ക് കൊണ്ടുവന്നത്. വീട്ടിൽ നിന്നും ഒരു വർഷത്തേക്കെങ്കിലും ഒരു പറിച്ചുനടൽ ഖേദിപ്പിച്ചു. ഞാൻ തൊടുപുഴക്കാരിയാണ്. വിവാഹം കൊണ്ട് കുന്നംകുളംകാരിയായ ഒരാളുമാണ്. കോട്ടയത്ത് എനിക്ക് വേരുകളുണ്ട്. കുട്ടിക്കാല ഓർമ്മകളുള്ള സ്ഥലം. എങ്കിലും ഉച്ചമയങ്ങിയ പ്രായത്തിൽ, ഗൗരവമുഖപടമിട്ട പോലത്തെ ആ സ്ഥലം എന്നെ പേടിപ്പിച്ചു. ആ പ്രതിസന്ധിയെ മറയ്ക്കാൻ ലാഘവത്വത്തോടെ, ഫലിത ഭാഷയിൽ കോട്ടയം ഡയറി എന്ന ദൈനംദിന കോട്ടയം കാഴ്ചകൾ ഞാറ്റുവേല വാട്സപ്പ് ഗ്രൂപ്പിലും, ഫേസ് ബുക്കിലും എഴുതിയിട്ടു തുടങ്ങി. വലിയ എഴുത്തുകാരടക്കം ഇത് നിർത്താതെ വായിച്ചു. തുടരാൻ പ്രോത്സാഹിപ്പിച്ചു.

അങ്ങനെയിരിക്കെ ഒരു സുഹൃത്ത്, ഇത് ഇനി സോഷ്യൽ മീഡിയയിൽ ഇടരുത്, തന്റെ വെബ് മാസികയിൽ തുടർച്ചയായിക്കൊടുക്കാം എന്നു പറഞ്ഞു. സ്വതേ ഉഴപ്പിയായ ഞാനാവട്ടെ, റെഗുലറായി ചെയ്ത ഡയറി സോഷ്യൽ മീഡിയയിൽ എഴുത്തു നിർത്തി. സുഹൃത്തിനോട് വാക്കുപാലിച്ചതുമില്ല. എന്നാൽ ഇടയ്ക്കു മാത്രം എഴുതുകയും ചെയ്തു. ഈ കുറിപ്പുകളിലെ പലതും പിന്നീട് മുഴുമിപ്പിച്ചതാണ്. ആദ്യം എഴുതിയ പോലെ തുടരനായി എഴുതിയിരുന്നെങ്കിൽ, ഡയറി സൂപ്പറായേനേ. കാരണം, കോട്ടയം ഡയറി എഴുത്തിൽ കൈയ്യിൽ നിന്ന് ഒന്നും ഇടേണ്ടി വന്നിട്ടില്ല. ഇതിലെ കഥാപാത്രങ്ങളുടെ ഭാഷണങ്ങൾ ഓർമ്മയിൽ നിന്ന് അതേപടി പകർത്തുകയാണ് ചെയ്തിട്ടുള്ളത്. കോട്ടയം ഭാഷ പകർത്തുന്നതിൽ നന്നായി വിജയിച്ചിട്ടില്ല. ഭായ്ക്ക് പകരം ഫ ഉപയോഗിച്ചതിന് വിമർശനം കേട്ടു. ഞാൻ ഇടുക്കിക്കാരിയാണ്. ഫാര്യ എന്നു പറയുന്ന ആളാണ്. ആ നിലയ്ക്ക് അതെടുത്താലും മതിയല്ലോ.

ഡയറിയ്ക്ക് കുറച്ച് പ്രത്യേകതകളുണ്ട്.ഇതിൽ നൂറിലേറെ (കൃത്യമായി എണ്ണിയിട്ടില്ല) ജീവിച്ചിരിക്കുന്ന മനുഷ്യർ കഥാപാത്രങ്ങളായുണ്ട്.

ഓട്ടോക്കാരായ അജിത്തേട്ടനും, ജോഷിയുമൊക്കെയാണ് കോട്ടയം ചരിത്രം എനിക്ക് പറഞ്ഞു തരുന്നത്. നാട്ടുകാരായ അവരുടെ വാക്കുകളിലൂടെ, അവർ കൊണ്ടുപോയ വഴികളിലൂടെ കണ്ടും കേട്ടുമറിഞ്ഞ കോട്ടയമാണ് എന്റെ ഡയറിയിലെ കോട്ടയം. നാലുവശവും ജലാശയങ്ങളിൽ ചുറ്റപ്പെട്ട നഗരത്തിന്റെ പ്രളയകാലത്ത് ഞാനവിടെ ഉണ്ടായിരുന്നു. കോട്ടയത്തിന്റെ രാഷ്ട്രീയ സാംസ്ക്കാരിക, ഭൂപടം, ആരാധനാലയങ്ങൾ, ടൗൺ, മാർക്കറ്റ്, പത്രസ്ഥാപനങ്ങൾ, കടകൾ, വഴികൾ, പുഴകൾ, ചില വീടുകൾ, തുടങ്ങി പരിമിത സമയത്തിനുള്ളിൽ ഞാൻ കണ്ട കുറച്ചേറെ കാര്യങ്ങൾ മിതവാക്കുകളിൽ പുസ്തകത്തിൽ അടയാളപ്പെട്ടിട്ടുണ്ട്. കണ്ട മനുഷ്യരേയും, കാണാത്തവരേയും ഓർമ്മിക്കുന്നുണ്ട്. കോട്ടയത്ത് ഞാൻ കണ്ട എന്നെപ്പോലെയുള്ള ചില അമ്മമാരെ ഓർത്തെടുക്കുന്നുണ്ട്..

ജീവിച്ചിരിക്കുന്ന മനുഷ്യരെ എഴുതുമ്പോൾ നിരവധി പ്രശ്നങ്ങളുണ്ട്. അവരുടെ പ്രൈവസി സൂക്ഷിക്കണം. പരസ്പരബഹുമാനം അവരർഹിക്കുന്ന രീതിയിൽ കൊടുക്കണം. ഇതിലെ എല്ലാ മുഖ്യ കഥാപാത്രങ്ങളും അവരെപ്പറ്റി എഴുതിയത് ഡ്രാഫ്റ്റിൽ വായിച്ചിട്ടുണ്ട്. ലേശം ആരോപണം പറഞ്ഞവരെ, ബഹുമാനപൂർവം ഒഴിവാക്കിയിട്ടുമുണ്ട്.

പ്രതീക്ഷയും ചിരിയുമാണല്ലോ കോട്ടയം ഡയറി ?

ഡയറിയിൽ ചിരിയല്ലാതെ, പ്രതീക്ഷയല്ലാതെ മറ്റൊന്നും വരരുത് എന്ന് ശപഥം ചെയ്തിരുന്നു. മകൻ പഠിക്കുന്ന സ്ഥാപനം വലിയ ആശ്വാസമാണ്, എന്നതൊഴികെ, കുഞ്ഞിന്റെ കൈ പിടിച്ച്, അമ്മയുടെ തണലിൽ, മാനസികമായി ഞാനേറെ വേദനിച്ചു നടന്ന വഴികളാണ് കോട്ടയത്തിന്റെത്.. എന്റെ പിതൃസഹോദരിയുടെ മകൻ, മരണപ്പെട്ടത് കോട്ടയത്ത് നിന്നും വരുന്ന ദിനമാണ്. ഡയറിയിൽ ആ സങ്കടങ്ങളൊന്നുമില്ല.

s2

കോട്ടയം എങ്ങനെയൊക്കെയാണ് സ്വാധീനിച്ചത് ?

കോട്ടയം എന്നെ വാരിപ്പിടിച്ചു. നല്ല മനുഷ്യരെക്കാണിച്ചു തന്നു. ഇവിടുന്ന് പോയാലും നിങ്ങളെ വിടാനിഷ്ടമില്ല എന്ന മട്ടിൽ ഈ ഡയറി എഴുതിപ്പിച്ചു.

രണ്ടായിരത്തി ഇരുപതിൽ ഡയറി ജോലികൾ കഴിഞ്ഞു.

എന്നെ വ്യക്തിപരമായി അറിയാത്ത സക്കറിയ സാർ കോട്ടയം ഡയറി വായിച്ച് വലിയ അഭിപ്രായം പറഞ്ഞ്, ഇതിന് സാഹിത്യ മൂല്യമുണ്ടെന്നു കൂടി അഭിപ്രായപ്പെട്ട്, ബ്ളർബ് കുറിച്ചതാണ് ഈ പുസ്തകത്തിന് കിട്ടിയ / കിട്ടേണ്ട ഏറ്റം വലിയ അവാർഡ്. പുസ്തകത്തിൽ വി.കെ ശ്രീരാമനും, കവിത ബാലകൃഷ്ണനും പിപി രാമചന്ദ്രനുമടക്കം പന്ത്രണ്ട് പേരുടെ ചിത്ര സ്നേഹ പിന്തുണയുണ്ട്. ഒലിവാണ് പ്രസാധകർ. ഞാൻ ജുഡീഷ്യൽ ഓഫീസറോ, എഴുത്തുകാരിയോ ആവണമെന്ന് മരണപ്പെട്ട അച്ഛൻ ആഗ്രഹിച്ചിരുന്നു. എഴുത്തിനെ പടിയടച്ച് നിർത്തിയ ഞാൻ അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് കാര്യമായി ഒന്നും എഴുതിയില്ല, എന്റെ രണ്ടു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചതും, എഴുത്തിൽക്കിട്ടിയ ചില അംഗീകാരങ്ങൾ കാണാനും അദ്ദേഹമുണ്ടായില്ല എന്നതാണ് ഏറ്റവും വലിയ നഷ്ടബോധം.സങ്കടം. പെൺകുട്ടിയെ അടുക്കളപ്പണിയ്ക്ക് വിടാതെ, ഉമ്മറത്തിരുത്തി പുസ്തകങ്ങൾ തന്ന്, ചിന്താശക്തി വളർത്താൻ സഹായിച്ച, കല്യാണ ചരക്കാക്കി വളർത്താതെ, പുറം നാട്ടിലയച്ച് പഠിപ്പിച്ച് ഉന്നത വിദ്യാഭ്യാസവും, ആത്മവിശ്വാസവും തന്ന ഒരച്ഛനായിരുന്നു അദ്ദേഹം എന്നത് തന്നെ കാരണം.

സന്തോഷത്തിലാണ് ഇപ്പോൾ ഞാൻ. കാരണം വേറിട്ട ഒരെഴുത്താണ് കോട്ടയം ഡയറിയിൽ പരീക്ഷിച്ചിട്ടുള്ളത്. ഇനിയൊരു സ്ഥലത്തെപ്പറ്റിയും ഇങ്ങനെ എഴുതാൻ പറ്റുമെന്ന് തോന്നുന്നില്ല.

എഴുത്തിൽ നിറയെ ചിരിയായിരുന്നു. എഴുതുമ്പോൾ മനസിൽ പ്രകാശവും. വായിക്കുന്നവരുടെ മനസിലും അതുണ്ടാവണം എന്നാണ് ആഗ്രഹവും.

എഴുത്തിലേക്കുള്ള വരവ് എക്കാലത്തായിരുന്നു ?

എങ്ങനെയാണ് ഞാൻ എഴുത്തിലേക്കു വന്നതെന്നോർക്കുമ്പോൾ സത്യത്തിൽ അത്ഭുതം തോന്നും. കാരണം ഒരിക്കലും എഴുതുകയേയില്ല എന്നു കരുതി എഴുത്തിൽ നിന്നും ബോധപൂർവം ഏറെക്കാലം മാറി നിന്ന ഒരാളാണ് ഞാൻ. എഴുതാതിരിക്കാനാണ് ശ്രമമെടുക്കേണ്ടി വന്നിരുന്നത്... സാഹിത്യകാരി എന്നു വിളിച്ചതിന് കൂട്ടുകാരിയോട് കൊച്ചു ക്ലാസ്സിൽ വച്ച് പിണങ്ങിയ ഒരാളാണ്.

പക്ഷേ കുട്ടിക്കാലമൊക്കെ കൂട്ടുകാരൊപ്പം എന്നതിനേക്കാളുപരി പുസ്തകങ്ങളോടൊപ്പമായിരുന്നു. .കൂട്ടുകാർ ഓടിക്കളിക്കുമ്പോഴൊക്കെ, ഞാൻ ഒറ്റയ്ക്ക് മരത്തണലുകളിൽ മാറിയിരുന്ന് കഥാ പുസ്തകങ്ങൾ വായിച്ചു രസിച്ചു. ഉള്ളിൽ ആരുമറിയാതെ നിർമിച്ച അപരലോകത്തിൽ കൂട്ടുകാരായി കഥയിലെ മനുഷ്യരും മൃഗങ്ങളും, പൂക്കളുമുണ്ടായിരുന്നു. കഥകൾ കൊളുത്തിയ അത്ഭുതവിളക്കിന്റെ ചോട്ടിലിരുന്ന് കൺ തുറന്ന് സ്വപ്നങ്ങൾ കണ്ടു. പച്ച നിറമുള്ള ഒരു പൂവ് തേടി, സ്വയം സംസാരിച്ച്, തൊടികളിലൂടെ ഒറ്റയ്ക്കലഞ്ഞു. ഉള്ളിലെ കവിതയുടെ, കഥകളുടെ തുടക്കം അതാവും.എട്ടു വയസിന് താഴെ ആദ്യ കഥ എഴുതിയ ഓർമ്മ. മുന്തിരിപ്പഴവും, പൊങ്ങൻ മുയലുമൊക്കെയുള്ള ഒരു വെട്ടിത്തിരുത്തലുള്ള ഒരു അപൂർണ്ണ കഥ.

‌ഇടയ്ക്കൊക്കെ, വീടിന്റെ ഒഴിഞ്ഞയിടങ്ങളിൽ പോയിരുന്ന് ഉള്ളിലെന്തോ തിക്കു മുട്ടുമ്പോൾ കഥകൾ എഴുതിയിരുന്നു. ആരേയും കാണിച്ചില്ല. ഞാൻ എഴുതുന്നത് മറ്റൊരാൾ അറിയുന്നത് മാനക്കേടായിരുന്നു. കാരണം,തൊടുപുഴയിലൊക്കെയുള്ള എന്റെ കൂട്ടുകാരികൾ സുമുഖികളും, കലാകാരികളുമായിരുന്നു. തുടുത്ത മുഖവും, ഉല്ലാസം ചിതറുന്ന ശബ്ദവുമുള്ള അവരൊക്കെ നൃത്തം ചെയ്തു, പാട്ടു പാടി, സ്പോർട്സിൽ സമ്മാനങ്ങൾ വാങ്ങി. ഞാനാവട്ടെ, പരുങ്ങിപ്പതുങ്ങി എല്ലാത്തിനേയും ഭയന്ന് നടന്നു. എന്റെയുള്ളിലൊളിപ്പിച്ച അപരലോകം അജ്ഞാതമായ ഏതോ വിഷാദത്തിന്റെ സ്വപ്ന ലോകമാണെന്നും, എന്നെ അവരിൽ നിന്നൊക്കെ മാറ്റി നിർത്തുന്ന ആ രണ്ടാം ലോകം എനിക്ക് സംഘർഷങ്ങളും, സങ്കടങ്ങളുമാണെന്നും ഞാനറിഞ്ഞു. എന്റെ എഴുത്ത് അവിടെ നിന്നാണ് വരിക. എനിക്കത് വേണ്ട. സുഹൃത്തുക്കളുടെ നൃത്ത സംഗീത നൈപുണ്യങ്ങളെ എന്റേതാക്കാൻ കൊതിച്ചു. കഴിഞ്ഞില്ല.

പക്ഷേ സംസ്ഥാന സ്ക്കൂൾ യുവജനോത്സവത്തിൽ കഥാ മത്സരത്തിൽ എന്റെ സ്ക്കൂളിലേക്ക് അതിന്റെ ചരിത്രത്തിലാദ്യമായി ഞാൻ സമ്മാനം കൊണ്ടു വന്നപ്പോൾ, കോളേജ് തലത്തിൽ രചനാ മത്സരങ്ങളുടെ മികവിൽ തുടർച്ചയായി കലാതിലകമായപ്പോൾ, എന്റെ എഴുത്തിനെ മറ്റുള്ളവർ മാനിക്കുമെന്നും, മാറ്റി നിർത്തേണ്ട ഒന്നല്ല അതെന്നും തോന്നിത്തുടങ്ങി..

എന്നിട്ടും പുറം ലോകം കാണേ വർഷങ്ങളോളം ഒന്നും തന്നെ ഞാനെഴുതിയില്ല. എനിക്കു വേണ്ടി മാത്രം ഞാൻ ഡയറികൾ നിറയെ കഥകളെഴുതി. പേപ്പറുകളിലേക്ക് പകർത്തി. കഥ എഴുതിയ ശേഷം വലിയ ആശ്വാസമനുഭവിച്ചു. പക്ഷേ എഴുതിയ കഥകളെ ഞാൻ അവഗണിച്ചു. വീട്ടിൽ അലസമായി എവിടെയെങ്കിലും ഇട്ടു പോയ ആ കഥകളൊക്കെ അക്കാലത്ത് എന്റെ അമ്മ ഫയൽ ചെയ്തു സൂക്ഷിച്ചിരുന്നു.

എഴുത്ത് എനിക്ക് വിഷാദ ലോകമായതിനാൽ, ആഴമുള്ള ചുഴിയായതിനാൽ, ഒരിക്കലും എഴുതില്ല എന്നു തന്നെ ഉറപ്പിച്ചു. എന്തൊക്കെയോ വായിച്ചു. സീരിയസായി അതും എടുത്തില്ല. എങ്കിലും വായനയാണ് അന്നും ഇന്നും ലഹരി.

വിവാഹം കഴിഞ്ഞകാലത്ത് മാസികയിൽ വന്ന എന്റെ ഒരു കഥയോട് ഭർതൃ ബന്ധുക്കൾ കാണിച്ച സമീപനം എന്നെ നിരാശപ്പെടുത്തി. ഭർത്താവ് എന്റെ എഴുത്തോ വായനയോ നിരുത്സാഹപ്പെടുത്തിയിട്ടില്ല. അക്കാലത്ത് ഞാൻ എഴുതുന്നില്ല എന്ന് അദ്ദേഹം പരാതിപ്പെട്ടിരുന്നു. വീണ്ടും വർഷങ്ങളോളം ഒന്നുമെഴുതിയില്ല.

s3

ആ മടുപ്പിന്റെ കാലം മറികടന്നത് ?

രണ്ടായിരത്തി പതിന്നാലിൽ ആദ്യ കവിതയെഴുതി. ഒരു സുഹൃത്ത് അത് വാരികയിൽ കൊടുത്തു. ‌പിന്നെ തിരിഞ്ഞു നോക്കിയിട്ടില്ല. ഇത്രയേറെ വർഷവും എഴുതാതെ വച്ചതൊക്കെ വാശിയോടെ മനസ് ചൊരിഞ്ഞു. നൂറിനടുത്ത് കവിതകൾ, ധാരാളം ലേഖനങ്ങൾ, ഗാനങ്ങളെപ്പറ്റി കോളം, അനുഭവ പരിസരങ്ങളിലേക്ക് കഥ വന്നു വരുന്ന വ്യത്യസ്തമായ കുറച്ചേറെ എഴുത്തുകൾ, ചെറുകഥ, ചെറു നോവൽ.. തുടങ്ങി ധാരാളം എഴുത്തുകൾ സംഭവിച്ചു. മിക്ക പ്രമുഖ ആനുകാലികങ്ങളിലും രചനകൾ വന്നു. ചില അംഗീകാരങ്ങൾ കിട്ടി. അക്ഷരങ്ങൾ അപൂർവ ബന്ധങ്ങളും, വേദികളും, സൗഹൃദങ്ങളും ആത്മവിശ്വാസവും തന്നു. ബൊഹീമിയൻ റിപ്പബ്ളിക്ക് എന്ന കവിതാസമാഹാരം വന്നു.. എഴുത്ത് കൂടെയുള്ളപ്പോൾ എനിക്ക് പിന്നെ ഒരിക്കലും ഡിപ്രഷൻ വന്നില്ല. ലാപ്പോ, ടാബോ, ബുക്കോ, പേപ്പറോ എഴുത്തു മേശയോ ഇല്ലാതെ, ഉപയോഗിക്കുന്ന ഫോണിൽ കുഞ്ഞിന്റെ കൈ പിടിച്ച്, ഒരു കൈ കൊണ്ട് ,നൂറു തിരക്കിനിടയിൽ ഞാൻ ലഹരിപിടിച്ച്, എഴുതിക്കൊണ്ടിരുന്നു. കോട്ടയം ഡയറി അങ്ങനെ വന്നതും, ഇതു വരെ പരീക്ഷിക്കാത്തതുമായ ഒരു വ്യത്യസ്ത എഴുത്താണ്.