Tuesday 29 September 2020 12:01 PM IST

ഓഹരി വിപണി മടുത്തപ്പോൾ എഴുത്തുകാരിയായി! വീട്ടമ്മയിൽ നിന്ന് ‘സൂപ്പർ’ വിവർത്തകയായി വളർന്ന സ്മിത മീനാക്ഷിയുടെ കഥ

V.G. Nakul

Sub- Editor

sm1

പ്രശസ്ത ഇന്ത്യൻ–ഇംഗ്ലീഷ് എഴുത്തുകാരി അനിത നായരുടെ ‘ഇദ്രിസ്’ എന്ന നോവൽ മലയാളത്തിലേക്ക് മാറ്റാൻ പ്രസാധകർ പല വിവർത്തകരെയും പരീക്ഷിച്ചു. പക്ഷേ അതിൽ ഒരാളുടെയും വിവർത്തനം അനിത നായരെ തൃപ്തിപ്പെടുത്തിയില്ല. അങ്ങനെയാണ് പ്രസാധകർ അത് സ്മിത മീനാക്ഷിയെ ഏൽപ്പിക്കുന്നത്. സ്മിത പരീക്ഷണാർത്ഥം ആദ്യ രണ്ട് അധ്യായം വിവർത്തനം ചെയ്ത് നൽകി. അത് വായിച്ച അനിത നായർ പറഞ്ഞതിങ്ങനെ: ‘‘ഇനി എന്റെ പുസ്തകങ്ങളുടെ മലയാള വിവർത്തനം സ്മിത ചെയ്താൽ മതി. ’’

ഇന്ന് മലയാളത്തിലെ പുതുതലമുറ വിവർത്തകരിൽ ശ്രദ്ധേയ സാന്നിധ്യമാണ് കവയത്രിയായ സ്മിത മീനാക്ഷി. അനിത നായരുടെ ഇദ്രിസ്: കീപ്പർ ഓഫ് ദ ലൈറ്റ്, ആൽഫബറ്റ് സൂപ്പ് ഫോർ ലവേഴ്സ്, എ കട്ട് ലൈക്ക് വൂണ്ട് എന്നിവയ്ക്കു പുറമേ ചാർലി ചാപ്ലിന്റെ മൈ ഓട്ടോബയോഗ്രഫി, അരുന്ധതി റോയിയുടെ അഭിമുഖങ്ങളുടെ സമാഹാരമായ ദ ഷെയ്പ്പ് ഓഫ് ദ ബീസ്റ്റ്, ജോസ് ഷുസെ സരമാഗുവിന്റെ സ്മാൾ മെമ്മറീസ്, പല്ലവി അയ്യരുടെ ചൈന സ്മോക്ക് ആൻഡ് മിറേഴ്സ്, രവീന്ദ്രനാഥ ടാഗോറിന്റെ ദ ക്രസൻഡ് മൂൺ തുടങ്ങി പ്രശസ്തങ്ങളായ ഇരുപതോളം പുസ്തകങ്ങൾ സ്മിത മലയാളത്തിലാക്കി. വിവർത്തന– എഴുത്ത് ജീവിതത്തെക്കുറിച്ച് സ്മിത മീനാക്ഷി ‘വനിത ഓൺലൈനു’മായി സംസാരിക്കുന്നു.

വിവർത്തന മേഖലയിലേക്കുള്ള വരവ് എങ്ങനെയായിരുന്നു ?

1994 ന് മുൻപ് മലയാളത്തിലെ ഒരു വനിത പ്രസിദ്ധീകരണത്തിന് വേണ്ടി വിവർത്തനങ്ങൾ ചെയ്തിട്ടുണ്ട്. അതാണ് തുടക്കം എന്ന് വേണമെങ്കിൽ പറയാം. അത് കഴിഞ്ഞ് ബാങ്കിൽ ജോലിയായി. കല്യാണത്തിന് ശേഷം ഡൽഹിയിൽ വന്നു. രണ്ടാമത്തെ കുഞ്ഞ് ജനിച്ചപ്പോൾ ബാങ്കിലെ ജോലി ഉപേക്ഷിച്ചു, 2005 ൽ. അവൻ മുതിർന്നു തുടങ്ങിയപ്പോൾ വീണ്ടും എന്തെങ്കിലും ചെയ്യണമെന്നു തോന്നി. ആയിടെയാണ് കുറച്ച് പാഠ പുസ്തകങ്ങൾ വിവർത്തനം ചെയ്യാമോ എന്ന് അധ്യാപകനായ ഡോ.മഹേഷ് മംഗലാട്ട് പറഞ്ഞിട്ട് അധ്യാപകനായ ഡോ.പ്രേംകുമാർ ചോദിക്കുന്നത്. അങ്ങനെ ചില പുസ്തങ്ങൾ വിവർത്തനം ചെയ്തു. ആ സമയത്താണ് ഒലീവ് ബുക്സിന് വിവർത്തകരെ ആവശ്യമുണ്ടെന്ന് ഒരു പരസ്യം കണ്ടത്. അങ്ങനെ അപേക്ഷയും സാംപിൾ മെറ്റീരിയലായി മൊപ്പസാങ്ങിന്റെ ഒരു കഥയും വിവർത്തനം ചെയ്ത് അയച്ചു കൊടുത്തു. അവർക്ക് അത് ഇഷ്ടമായി. വിവർത്തനത്തിനായി ഒരു പുസ്തകം അയച്ചു തന്നു. അത് വിവർത്തനം ചെയ്ത് കൊടുത്തെങ്കിലും ചില പ്രത്യേക കാരണങ്ങളാൽ പ്രസിദ്ധീകരിച്ചില്ല. അപ്പോഴാണ് ഡോ. പ്രേംകുമാർ ഒരു മാസത്തിനകം ഒരു പുസ്തകം വിവർത്തനം ചെയ്ത് കൊടുക്കാമോ എന്ന് ചോദിക്കുന്നത്. ഞാൻ ഏതാ പുസ്തകം എന്ന് പോലും ചോദിക്കാതെ ഉടൻ സമ്മതിച്ചു. അങ്ങനെയാണ് പല്ലവി അയ്യരുടെ ‘ചൈന, സ്മോക്ക് ആൻഡ് മിറേഴ്സ്’ എന്ന പുസ്തകം ‘ചൈന മറ നീങ്ങുമ്പോൾ’ എന്ന പേരിൽ മലയാളത്തിലാക്കിയത്. പ്രസാധകർ പറഞ്ഞതിലും വേഗത്തിൽ അത് ചെയ്തു. തുടർന്ന് ജോസ് ഷുസെ സരമാഗുവിന്റെ ‘സ്മോൾ മെമ്മറീസ്’ ‘കുരുന്നോർമ്മകൾ’ എന്ന പേരിൽ മലയാളത്തിലാക്കി. ശേഷം വിവിധ പ്രസാധകർക്കായി ഇരുപതോളം പുസ്തകങ്ങൾ ഞാൻ ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്തു.

sm9

എങ്ങനെയാണ് വിവർത്തനത്തിന്റെ സമയക്രമം. പ്രസാധകൻ ആവശ്യപ്പെടുന്ന പരിധിക്കുള്ളിൽ പൂർത്തിയാക്കുകയാണോ പതിവ് ?

ചില പുസ്തകങ്ങൾക്ക് മാത്രം അവർ സമയം പറയും. ഇപ്പോൾ കുറച്ച് കാലമായി ആരും അത് പറയാറില്ല. എന്നത്തേക്ക് തരാൻ പറ്റും എന്ന് ചോദിക്കും. ഞാൻ ഒരു ഊഹം പറയും. ഇതു തന്നെയാണല്ലോ ഇപ്പോൾ ജോലി. ചാർലി ചാപ്ലിന്റെ ആത്മകഥ 550 പേജാണ്. പക്ഷേ അത് മൂന്നു മാസത്തിനുള്ളിൽ ഞാൻ മലയാളത്തിലാക്കി.

വിവർത്തനത്തിന്റെ രീതി എങ്ങനെയാണ്. വാക്കോട് വാക്ക് വിവർത്തനമാണോ അതോ പുസ്തകം മൊത്തമായി വായിച്ച ശേഷം സ്വന്തം ശൈലിയിൽ മാറ്റിയെഴുതുകയാണോ ?

പുനർനിർമ്മാണം എനിക്ക് ഇഷ്ടമല്ല. എഴുത്തുകാരന് പരമാവധി ബഹുമാനം നൽകിയാണ് വിവർത്തനം. അവർ എഴുതിയത് എന്താണോ അതിൽ നിന്ന് ഒന്നും പോകരുത്, അതിൽ ഒന്നും ചേർക്കരുത് എന്നാണ് ആഗ്രഹം. പലരുടെയും വിവർത്തനങ്ങള്‍ യഥാർത്ഥ രചനയുമായുള്ള താരതമ്യപ്പെടുത്തുമ്പോൾ പുനഃരെഴുത്ത് പോലെ തോന്നും. ആദ്യമൊക്കെ ഒരു പുസ്തകം പൂർണ്ണമായി വായിച്ച ശേഷമായിരുന്നു വിവർത്തനം തുടങ്ങുക. ഇപ്പോൾ സമയപരിമിതി കാരണം ആദ്യം മുതൽ അവസാനം വരെ ഒാരോ പേജ് വീതം വായിച്ച് വിവർത്തനം ചെയ്ത് തീർക്കുകയാണ് പതിവ്. ഇടയ്ക്ക് എന്തെങ്കിലും സംശയം തോന്നിയാൽ ആദ്യം മുതൽ ഒരു തവണ വീണ്ടും വായിക്കും. എങ്കിലും ഏത് പുസ്തകത്തിന്റെയും സംഗ്രഹം മനസ്സിലാക്കി, ആദ്യത്തെ അധ്യായം വായിച്ച ശേഷമാകും വിവർത്തനം തുടങ്ങുക.

sm2

ഇതു വരെയുള്ള വിവർത്തനങ്ങളിൽ തൃപ്തി തോന്നിയ രചന ഏതാണ് ?

ചാർലി ചാപ്ലിന്റെ ആത്മകഥ. അതിലെ ചില ഭാഗങ്ങൾ വായിച്ച ശേഷം ഞാൻ കരഞ്ഞു. പല ഘട്ടങ്ങളിലും വിവർത്തനം മുന്നോട്ട് നീങ്ങിയില്ല. അത്രത്തോളം ആ രചന മാനസികമായി എന്നെ ബാധിച്ചു.

മലയാളത്തിൽ വിവർത്തകർക്ക് വേണ്ടത്ര ബഹുമാനം കിട്ടുന്നുണ്ടോ ?

വായനക്കാരിൽ പലരും ആരാണ് വിവർത്തകരെന്നോ, എങ്ങനെയാണ് യഥാർത്ഥ രചനയെന്നോ പലപ്പോഴും ശ്രദ്ധിക്കാറില്ല. വിവർത്തന മേഖലയിലേക്ക് കടന്ന ശേഷമാണ് ഞാനും ഇതൊക്കെ ശ്രദ്ധിച്ച് തുടങ്ങിയത്.

sm8

ഈ മേഖലയിൽ ആത്മവിശ്വാസം ലഭിക്കുന്നത് അനിത നായരുടെ പുസ്തകങ്ങൾ വിവർത്തനം ചെയ്ത് തുടങ്ങിയതോടെയാണെന്ന് പറഞ്ഞല്ലോ, എന്താണ് കാരണം ?

പ്രസിദ്ധീകരിക്കുന്നതിന് മുൻപ് വിവർത്തനം കൃത്യമായി വായിച്ച് വിലയിരുത്തുന്നത് അവരുടെ ശീലമാണ്. ‘ഇദ്രിസ്’ എന്ന നോവൽ മറ്റ് പലരും വിവർത്തനം ചെയ്തത് അനിത നായർക്ക് ഇഷ്ടപ്പെട്ടില്ല. അങ്ങനെയാണ് പ്രസാധകർ അത് എന്നെ ഏൽപ്പിച്ചത്. ഞാൻ രണ്ട് അധ്യായം വിവർത്തനം ചെയ്ത് നൽകി. അത് അനിത നായർക്ക് ഇഷ്ടമായി. ഇനി ‘എന്റെ പുസ്തകങ്ങൾ സ്മിത മലയാളത്തിലേക്ക് മാറ്റിയാൽ മതി’ എന്നും പറഞ്ഞു. ‘ഭുവന’യുടെ വിവർത്തനം അനിതാ നായർ നേരിട്ട് ഏൽപ്പിക്കുകയായിരുന്നു. ഞങ്ങൾ ഇടയ്ക്ക് ഫോണിൽ സംസാരിക്കും. ഇംഗ്ലീഷിലും മലയാളത്തിലും അവരുമായുള്ള എന്റെ അഭിമുഖങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എഴുത്തുകാര്‍ വായിച്ച് നല്ല അഭിപ്രായം പറയുമ്പോൾ വിവർത്തകരുടെ ആത്മവിശ്വാസം ഇരട്ടിയാകുമല്ലോ.

അരുന്ധതി റോയിയുടെ വിവർത്തനം ?

അരുന്ധതി റോയിയുടെ ‘ദ ഷെയ്പ്പ് ഓഫ് ദ ബീസ്റ്റ്’ എന്ന പുസ്തകമാണ് ‘മൃഗരൂപം’ എന്ന പേരിൽ ഞാൻ മലയാളത്തിലാക്കിയത്. അഭിമുഖങ്ങളുടെ സമാഹാരമാണത്. എനിക്ക് വളരെയേറെ അറിവുകൾ നൽകിയ ഒരു പുസ്തകമാണ് ‘ദ ഷെയ്പ്പ് ഓഫ് ദ ബീസ്റ്റ്’. വിവർത്തനത്തിനു വേണ്ടിയായതിനാൽ അത്ര ശ്രദ്ധയോടെയുള്ള വായനയായിരുന്നു. സാധാരണ ഇന്ത്യൻ വംശജർ ഇംഗ്ലീഷിൽ ധാരാളം കഠിന പദങ്ങളും വാചകങ്ങളും ഉപയോഗിക്കാറുണ്ട്. എന്നാൽ അരുന്ധതി റോയ് എത്ര വലിയ ആശയത്തെയും വളരെ ലളിതമായ ശൈലിയിലാണ് പറയുക. വിവർത്തനത്തിൽ അതും വലിയ സഹായമായി.

sm4

ഭാഷയിലെ തടസങ്ങൾ എങ്ങനെ പരിഹരിക്കും അഥവാ എപ്പോഴെങ്കിലും അതിൽ ബുദ്ധിമുട്ട് തോന്നിയിട്ടുണ്ടോ ?

പൊതുവെ അത്തരം ബുദ്ധിമുട്ടുകളൊന്നും തോന്നിയിട്ടില്ല. പലപ്പോഴും ചില പ്രത്യേക കാലങ്ങള്‍ അവതരിപ്പിക്കേണ്ടി വരുമ്പോൾ പ്രയാസം തോന്നും. ഉദാഹരണത്തിന് ചാപ്ലിന്റെ പുസ്തകത്തിൽ ലോകമഹായുദ്ധങ്ങളുടെ കാലം, ബോളിവുഡ് തുടങ്ങിയ കാലം ഒക്കെ വരുന്ന ഭാഗങ്ങളിൽ. അപ്പോൾ അതിനെക്കുറിച്ച് പഠിച്ച് മനസ്സിലാക്കും. സരമാഗുവിന്റെ പുസ്തകത്തിൽ ഒരു വാചകത്തിന് ഒരു പേജ് വലുപ്പമുണ്ട്. അതൊക്കെ വിവർത്തനം ചെയ്യുക കുറച്ച് കഠിനമാണ്.

കവിതയെഴുതാറുണ്ടല്ലോ. മൗലികമായ എഴുത്തും വിവർത്തനവും തമ്മിലുള്ള വ്യത്യാസം എങ്ങനെ അനുഭവപ്പെടും ?

വിവർത്തനം അതീവ ശ്രദ്ധയോടെയുള്ള ഒരു വായന മാത്രമാണ്. യഥാർത്ഥ കൃതിയെ കഴിയുന്നത്ര നീതി പുലർത്തി മറ്റൊരു ഭാഷയിൽ പുനഃസൃഷ്ടിക്കുക. വിവർത്തകന്റെ ഭാവന അതിൽ ആവശ്യമില്ല. ചെറുപ്പം മുതൽ നന്നായി വായിക്കും. എഴുത്തുകാരി എന്നതിനെക്കാൾ നല്ല വായനക്കാരി എന്നതാണ് എന്നെ വിവർത്തനത്തിൽ സഹായിക്കുന്നത്. കവിതയെഴുതുന്നു എന്ന് പറയാൻ എനിക്ക് മടിയാണ്. ജോലി ഉപേക്ഷിച്ച് ഡൽഹിയിൽ ജീവിക്കുന്നത് അത്ര സുഖകരമായിരുന്നില്ല. പെട്ടെന്ന് ഒറ്റപ്പെട്ട് പോയി. ജോലി ഉപേക്ഷിച്ച ശേഷം ഞാൻ ആദ്യം ഷെയർ ബിസിനസ്സ് തുടങ്ങി. മടുത്തപ്പോൾ അത് നിർത്തി. അങ്ങനെയാണ് വീണ്ടും എഴുത്ത് തുടങ്ങുന്നത്. അപ്പോൾ എനിക്ക് 36 വയസ്സ് കഴിഞ്ഞു. ആ സമയത്ത് ഓർക്കുട്ട് ഉണ്ടായിരുന്നു. അതിൽ ചിലതൊക്കെ എഴുതി. പിന്നെ ചില ഓൺലൈൻ പോർട്ടലുകളിലും. അത് ബ്ലോഗിന്റെ കാലമാണ്. അപ്പോൾ പലരും ബ്ലോഗ് തുടങ്ങുന്നില്ലേ എന്ന് ചോദിച്ചു. കുറച്ച് കാലം ഒരു എൻ.ജി.ഒയിലും പ്രവർത്തിച്ചിരുന്നു.

sm3

ആദ്യത്തെ കവിതാ പുസ്തകത്തെക്കുറിച്ച് ?

എല്ലാവരും കവിത പുസ്തകം പ്രസിദ്ധീകരിക്കുന്ന കാലത്താണത്. സുഹൃത്തുക്കൾ പറഞ്ഞതനുസരിച്ചാണ് സൈകതം ബുക്സ് ‘ഇരുപത്തിയഞ്ചാമത്തെ മണിക്കൂർ’ എന്ന പേരിൽ എന്റെ കവിതകൾ സമാഹരിച്ച് പുസ്തകമാക്കിയത്. അതിന് 2015 ലെ അവനീബാല പുരസ്ക്കാരം ലഭിച്ചു.

sm5

മലയാളത്തിൽ ബ്ലോഗെഴുത്തിന്റെ തുടക്കക്കാരികളിൽ ഒരാളാണല്ലോ ?

സെറീന,ദേവസേന,ഡോണ മയൂര, ഞാൻ ഒക്കെ ഒരുമിച്ച് ബ്ലോഗിൽ എഴുതിത്തുടങ്ങിയവരാണ്. എല്ലാവരുടെയും കവിത എല്ലാവരും വായിക്കുന്നു, അഭിപ്രായം പറയുന്നു, എഴുതാൻ പ്രോത്സാഹിപ്പിക്കുന്നു... അങ്ങനെയൊരു കാലമായിരുന്നു. ഫെയ്സ് ബുക്ക് സജീവമായതോടെ മിക്കവരും അതിൽ ശ്രദ്ധിച്ചു തുടങ്ങി. അതോടെ ബ്ലോഗ് നിർജീവമായി.

എഴുത്തിലേക്ക് എത്തിയതെങ്ങിെന. പരുവപ്പെടുത്തിയ സാഹചര്യം ?

സ്കൂളിൽ പഠിക്കുമ്പോൾ എഴുതിയിരുന്നു. സമ്മാനങ്ങളൊക്കെ കിട്ടിയിട്ടുണ്ട്. കോളേജിൽ പഠിക്കുമ്പോളും എഴുത്ത് തുടർന്നു. സത്യത്തിൽ എൻജിനിയറിംഗ് എനിക്ക് ഇഷ്ടമായിരുന്നില്ല. നിയമമോ ചരിത്രമോ രസതന്ത്രമോ പഠിക്കാനായിരുന്നു താത്പര്യം.

എല്ലാ മക്കളെയും ഡോക്ടറാക്കണം എന്നായിരുന്നു അമ്മയുടെ ആഗ്രഹം. പക്ഷേ എൻട്രൻസ് എഴുതി ജയിച്ചപ്പോൾ മെഡിസിനിൽ നിന്ന് രക്ഷപെടാൻ ഞാൻ കെമിക്കൽ എൻജിനീയറിംഗ് പഠിക്കാൻ നിർബന്ധിതയായി. സഹോദരങ്ങള്‍ ഡോക്ടർമാരാണ്.

sm7

അമ്മ നന്നായി വായിക്കുമായിരുന്നു. എങ്കിലും വീട്ടിൽ വായനയ്ക്കോ എഴുത്തിനോ വലിയ പ്രോത്സാഹനം ലഭിച്ചിരുന്നില്ല. അച്ഛൻ അധ്യാപകനായിരുന്നു. എൻജിനീയറിംഗ് പഠനത്തിന് ടി.കെ.എം കോളേജിൽ ചേർന്നതോടെ വായന ലഹരിയായി.

ആഗ്രഹം ?

എഴുത്തിൽ സജീവമാകാനാണ് ആഗ്രഹം. ഒരു നോവൽ എഴുതണം.

sm6

കുടുംബം?

കോട്ടയം പാമ്പാടിയാണ് എന്റെ സ്വദേശം. എൻജീനീയറിംഗ് പഠിച്ച് രണ്ട് വർഷം ആ മേഖലയിൽ ജോലി ചെയ്ത ശേഷം 1994 ൽ കോയമ്പത്തൂരിൽ ബാങ്ക് ഉദ്യോഗസ്ഥയായി. കല്യാണം കഴിഞ്ഞ് സ്ഥലം മാറ്റം വാങ്ങി, കാബിനറ്റ് സെക്രട്ടറിയേറ്റിൽ ഡെപ്യൂട്ടി സെക്രട്ടറിയായ ഭർത്താവ് പി.സോമരാജിനൊപ്പം ഡൽഹിയിലേക്ക് പോയി. അപർണ്ണയും സിദ്ധാർഥും മക്കൾ.