Saturday 11 February 2023 09:16 AM IST : By സ്വന്തം ലേഖകൻ

ഒടുവിൽ ജീവിതം സ്വയം അവസാനിപ്പിച്ച് സുധീർ പോയി: പ്രിയപ്പെട്ടവരിൽ നോവിന്റെ കവിത വിങ്ങുന്നു...

sudheer-12

കവിതയുടെ ഭ്രാന്ത് തിന്നും ഉൻമാദത്തിന്റെ വിഷം കുടിച്ചും മടുത്താകണം ജീവനൊടുക്കാം എന്ന തീരുമാനത്തിലേക്ക് എ.എസ്.സുധീർ എത്തിയത്. കഴിഞ്ഞ ദിവസം കടയ്ക്കാവൂരിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ സുധീറിനെ കണ്ടെത്തുമ്പോൾ ആ മൃതദേഹത്തിനു രണ്ടു ദിവസത്തെ പഴക്കമുണ്ടായിരുന്നു. പ്രിയപ്പെട്ടവരെയൊക്കെ വേദനയിലാഴ്ത്തിയുള്ള മടക്കം...

1994 ൽ മാതൃഭൂമിയുടെ വിഷുപ്പതിപ്പ് കലാലയ കവിതാ മത്സരത്തിൽ ‘മറവികളിൽ മഴ പെയ്യുമ്പോൾ’ എന്ന കവിതയിലൂടെ ഒന്നാം സ്ഥാനം നേടിക്കൊണ്ടാണ് എ.എസ് സുധീർ സാഹിത്യരംഗത്ത് ശ്രദ്ധേയനായത്. ആ വർഷം കഥയ്ക്കുള്ള സമ്മാനം സുഭാഷ് ചന്ദ്രനായിരുന്നു. എന്നാൽ‌ തുടർന്നങ്ങോട്ട് തന്റെ പ്രതിഭയ്ക്കൊത്ത അംഗീകാരങ്ങളൊന്നും സുധീറിനു ലഭിച്ചില്ല. പത്രപ്രവർത്തനം തൊഴിൽമേഖലയാക്കിയും കവിതയെഴുതിയും ജീവിതം മുന്നോട്ടു നീങ്ങുമ്പോഴും അദ്ദേഹത്തിനുള്ളിലെ കലാകാരൻ അസംതൃപ്തനായി തുടർന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു. ഒടുവിൽ ആ മടുപ്പുകളെല്ലാം തുടച്ചുനീക്കാനെന്നോണം ആത്മഹത്യയിൽ അഭയവും...

മറവികളിൽ മഴ പെയ്യുമ്പോൾ, മഴയും നീയും എന്നീ രണ്ടു കവിതാ സമാഹാരങ്ങളാണ് എ.എസ് സുധീറിന്റെതായി പ്രസിദ്ധീകരിക്കപ്പെട്ടത്.

sudheer-2

‘‘എന്റെ ചങ്കായിരുന്നു. ഒരുപാട് പറയാനുണ്ട്. സാധിക്കുന്നില്ല. അത്രയേറെയാണ് സങ്കടം...’’.– സുധീറിന്റെ സുഹൃത്തും ‘മഴയും നീയും’ എന്ന പുസ്തകത്തിന്റെ പ്രസാധകനുമായ സന്ദീപ് രാജ് പറയുന്നു.

‘‘അമ്മയോടൊപ്പമായിരുന്നു താമസം. അമ്മ വീട്ടിൽ ഇല്ലാത്തപ്പോഴാണ് സംഭവം. മടങ്ങിയെത്തിയപ്പോഴാണ് അറിഞ്ഞത്. മെഡിക്കൽ കോളജിൽ പോസ്റ്റുമാർട്ടത്തിനു ശേഷം അടുത്തുള്ള പള്ളിയിൽ അടക്കി’’.– സന്ദീപ് പറഞ്ഞു.

‘ചങ്കായികളേ എന്നോടൊപ്പം നിൽക്കുന്ന

എ.എസ്. സുധീറെന്ന കവി കുറേ വർഷമായി ഒറ്റമുറിക്കുള്ളിൽ തന്നെയായിരുന്നു. ഒരു ദിവസം ഞാൻ അദ്ദേഹത്തിന്റെ മുറിയിൽ പോയി. അടുത്തയാഴ്ച്ച ഒരിക്കൽ കൂടി പോകാനിരുന്നതാണ്. ഇനിയിപ്പൊ പോയാലും ആ മുറിക്കുള്ളിൽ എ. എസ്. സുധീറെന്ന മലയാള കവി ഉണ്ടാകില്ല. ആ മുറിയും കവിതകളും ഉപേക്ഷിച്ച് എന്റെ സുധീറണ്ണൻ പോയി...’.– സുധീറിന്റെ വിയോഗത്തെ തുടർന്ന് കവി അഷ്റഫ് ഡി റാസി ഫെയ്സ് ബുക്കിൽ പങ്കുവച്ച കുറിപ്പ് ഇങ്ങനെ.

sudheer-3 സുധീറിന്റെ ഒരു കവിത പ്രസിദ്ധീകരിച്ച മാസികയുടെ പേജ്