Friday 05 March 2021 12:55 PM IST

‘സാരിയിൽ എന്തെങ്കിലും വരയ്ക്കുന്നതല്ല മ്യൂറൽ പെയിന്റിങ്’! ‘ഇന്ദുലേഖ’യെ ചിത്രങ്ങളിലേക്കു പകർത്തി സുനിജ കെ.സി

V.G. Nakul

Sub- Editor

s1

മലയാളം നോവൽ സാഹിത്യത്തിന്റെ ആരംഭ ദിശകളില്‍ ഒന്ന് ഒ.ചന്തുമേനോന്റെ ‘ഇന്ദുലേഖ’യാണ്. ലക്ഷണമൊത്ത ആദ്യ മലയാളനോവൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കൃതി. 1889-ലാണ് ഇന്ദുലേഖ ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. ഇതിനോടകം എത്രയെത്ര പതിപ്പുകൾ. ലക്ഷക്കണക്കിന് കോപ്പികൾ... ഇപ്പോഴിതാ, ഇതാദ്യമായി, ‘ഇന്ദുലേഖ’യിലെ കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളും മ്യൂറൽ പെയിന്റിങ്ങിന്റെ രൂപത്തില്‍ ആസ്വാദകരിലേക്കെത്തുകയാണ്. പ്രശസ്ത മ്യൂറൽ പെയിന്ററും അധ്യാപികയുമായ സുനിജ കെ.സിയാണ് ഈ മഹത്തായ ശ്രമത്തിനു പിന്നിൽ.

എറണാകുളത്തെ, കെ.പി. വള്ളോൻ റോഡിലെ, ‘വർണം ആർട്ടിസ്ട്രി’ എന്ന ചിത്രരചനാ സ്കൂളിന്റെ നടത്തിപ്പുകാരി കൂടിയായ സുനിജ, മ്യൂറൽ പെയിന്റിങ് പഠിക്കുന്നവർക്കായി ‘പഞ്ചവർണം’ എന്ന ശ്രദ്ധേയ പുസ്തകവും തയാറാക്കിയിട്ടുണ്ട്.

‘‘ഇന്ദുലേഖ പശ്ചാത്തലമാക്കി 18 ചിത്രങ്ങളാണ് വരച്ചിരിക്കുന്നത്. ഒരു ചിത്രത്തിൽ നിന്ന് കഥാനുസൃതമായി അടുത്ത ചിത്രത്തിലേക്ക് തുടർച്ചയുണ്ട്. എല്ലാ കഥാപാത്രങ്ങളെയും വരച്ച്, നോവലിൽ വിശദീകരിക്കുന്ന അവരുടെ സ്വഭാവ സവിശേഷതകളുൾപ്പടെ ചിത്രത്തില്‍ കൊണ്ടുവരാനാണ് ശ്രമിച്ചിരിക്കുന്നത്. കഥയില്‍ വിശദീകരിക്കുന്ന ഒരു കാര്യം പോലും തെറ്റിക്കാതെ, കഥാപാത്രങ്ങള്‍ അണിഞ്ഞിട്ടുള്ള ആഭരണത്തിന്റെ രൂപവും അതിലുള്ള കല്ലുകളുടെ എണ്ണവും വരെ സൂക്ഷ്മമായി രേഖപ്പെടുത്തിയിട്ടുണ്ട്’’.– സുനിജ ‘വനിത ഓൺലൈനോട്’ പറയുന്നു.

s2

‘‘മ്യൂറൽ ശൈലിയിൽ, ക്യാൻവാസിലാണ് ചിത്രങ്ങൾ വരച്ചിട്ടുള്ളത്. രണ്ടര വർഷത്തെ അധ്വാനമാണ്. മലയാളത്തിൽ ഇങ്ങനെ ഒരു ശ്രമം ആദ്യമാണെന്നാണ് വിശ്വാസം. സാധാരണ മ്യൂറൽ പെയിന്റിങ്ങിനായി സ്വീകരിക്കുന്ന ആശയങ്ങളുടെ പരമ്പരാഗത തുടർച്ചകൾക്കപ്പുറത്തേക്ക് ഒരു ശ്രമം എന്ന ആലോചനയിൽ നിന്നാണ് ഇന്ദുലേഖയുടെ ചിത്രഭാഷ്യത്തിലേക്ക് എത്തിയത്. എല്ലാവർക്കും ആസ്വദിക്കാവുന്ന കല എന്ന തരത്തിലേക്ക് മ്യൂറല്‍ പെയിന്റിങ്ങിനെ മാറ്റിയെടുക്കണം എന്ന ആഗ്രഹവും ഇതിനു പിന്നിലുണ്ട്. ജൂൺ 7 മുതൽ 14 വരെ എറണാകുളം ദർബാർ ഹാളില്‍ ഈ ചിത്രങ്ങളുടെ എക്സിബിഷൻ നടക്കും.

ഉടന്‍ തന്നെ ഡോൺ ബുക്സ് ഈ ചിത്രങ്ങൾ ഉൾപ്പെടുത്തി ഇന്ദുലേഖയുടെ സ്പെഷ്യൽ എഡിഷനും പ്രസിദ്ധീകരിക്കുന്നുണ്ട്. പുസ്തകത്തിന്റെ കവർ പേജിലും ഇതില്‍ ഒരു ചിത്രമാകും ഉപയോഗിക്കുക’’. – സുനിജ പറയുന്നു.

s4

ഇന്ദുലേഖ ഉന്നയിക്കുന്ന വിഷയങ്ങള്‍

ജാതിവ്യവസ്ഥയിലെ അയുക്തികളെയും സ്ത്രീവിരുദ്ധ നിലപാടുകളെയും ചോദ്യം ചെയ്യുകയാണ് ഇന്ദുലേഖയിലൂടെ ചന്തുമേനോന്‍ ചെയ്തത്. ആത്മാഭിമാനവും വ്യക്തിത്വവുമുള്ള സ്ത്രീകളുടെ പ്രതിനിധിയാണ് ഇന്ദുലേഖ. ഭൗതീകമായ ആവശ്യങ്ങള്‍ നിറവേറ്റപ്പെടുന്നത് മാനസീകമായ ആവശ്യങ്ങള്‍ നിറവേറ്റപ്പെടുന്നതു പോലെ തന്നെ വ്യക്തിസത്തയുടെ പൂര്‍ത്തീകരണത്തിന് അനിവാര്യമാണെന്ന് ഇന്ദുലേഖ വ്യക്തമാക്കുന്നു. സ്ത്രീവിമോചന ആശയങ്ങള്‍ക്ക് എന്നും ഒരു ഊര്‍ജസ്രോതസ്സായി ഇന്ദുലേഖ നിലനില്‍ക്കുന്നു. ഈ കാലഘട്ടത്തിലും ഇന്ദുലേഖ ഉന്നയിക്കുന്ന വിഷയങ്ങള്‍ പ്രാധാന്യമര്‍ഹിക്കുന്നു. ഇന്ദുലേഖയിലെ കഥാസന്ദര്‍ഭങ്ങള്‍ മ്യൂറല്‍ചിത്രങ്ങളിലാക്കുക എന്നത് അത്യന്തം ശ്രമകരമെങ്കിലും പുതിയ തലമുറയ്ക്ക് ഉപകാരപ്രദമാകുമെന്ന വിശ്വാസത്തിലാണ് ഞാൻ ഈ ഉദ്യമം ഏറ്റെടുത്തിട്ടുള്ളത്.

s3

സാരിയിൽ എന്തെങ്കിലും വരയ്ക്കുന്നതല്ല...

മ്യൂറല്‍ പെയിന്റിങ്ങിനെക്കുറിച്ച് പുതിയ തലമുറയിൽ കുറേ തെറ്റിദ്ധാരണകളുണ്ട്. പലരും കരുതിയിരിക്കുന്നതു പോലെ സാരിയിൽ എന്തെങ്കിലും വരയ്ക്കുന്നതല്ല മ്യൂറൽ പെയിന്റിങ്. അതിനെക്കുറിച്ച് വ്യക്തമാക്കാനും പഠിക്കാന്‍ ആഗ്രഹിക്കുന്നവർക്ക് ഒരു പഠന സഹായി പോലെ ഉപകാരപ്പെടാനുമാണ് ഞാന്‍ ‘പഞ്ചവർണം’ എഴുതിയത്.

പാലക്കാടാണ് നാട്. ചെറുപ്പം മുതൽ വരയ്ക്കുമെങ്കിലും ചിത്രകലയിൽ കൂടുതൽ ശ്രദ്ധിച്ചു തുടങ്ങിയതും ശാസ്ത്രീയമായി പഠിച്ചതും വിവാഹ ശേഷം എറണാകുളത്തു വന്നതോടെയാണ്. എപ്പോഴും ആക്ടീവ് ആയിരിക്കണം എന്ന് അച്ഛൻ പറയും. അതാണ് എന്റെയും പ്രചോദനം. ഭർത്താവും മകളുമാണ് വലിയ പിന്തുണ. ഭർത്താവ് രാജേന്ദ്രന് ബിസിനസ്സാണ്. മകൾ നക്ഷത്ര ആറാം ക്ലാസിൽ പഠിക്കുന്നു. മകൾ നന്നായി വരയ്ക്കും.