Saturday 23 January 2021 01:00 PM IST

സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ആദ്യ വൈദികൻ ഇതാണ്! ഫാദർ‌. സുനിൽ സി.ഇയുടെ ‘ഒരു നിരൂപകന്റെ കൊറോണ ദിനങ്ങൾ’ വായിക്കുമ്പോൾ

V.G. Nakul

Sub- Editor

s1

കോവിഡ് 19 ലോകത്തിന്റെ ജീവിതരീതിയെ മറ്റൊന്നാക്കി. മഹാവിപത്തിന്റെ വ്യാപനം ഭയന്ന് മനുഷ്യൻ വീടുകളിലേക്കു ചുരുങ്ങി. നിത്യ ജീവിതത്തിന്റെ സാധാരണ ഘടന മാറി. പുതിയ ശൈലിയെ ശീലിക്കാൻ ഓരോരുത്തരും നിർബന്ധിതരായി.

കേരളത്തിലും ലോക്ക്ഡൗൺ കാലം സാമൂഹിക ജീവിതത്തിൽ വരുത്തിയ മാറ്റം വളരെ വലുതാണ്.

2020 എന്ന വർഷം സമ്മാനിച്ച അസാധാരണ മാറ്റങ്ങളെ പതിയെപ്പതിയെ നമ്മൾ‌ മറികടക്കാൻ‌ തുടങ്ങുമ്പോൾ, മലയാളിയുടെ വായനാലോകത്തേക്കു വന്ന, ‘ലോക്ക് ഡൗൺ–കൊറോണ കാല’ എഴുത്തുകൾ നിറഞ്ഞ ഒരു പുസ്തകത്തെക്കുറിച്ചാണ് ഈ ലക്കം ‘ബുക്ക് സ്റ്റോറി’.

പുസ്തകത്തിന്റെ പേര് – ‘ഒരു നിരൂപകന്റെ കൊറോണ ദിനങ്ങൾ’. രചന – ഫാദർ‌.സുനിൽ സി.ഇ.

s5

പുസ്തകത്തിന്റെ പേരും എഴുത്തുകാരന്റെ പേരിനൊപ്പമുള്ള ഫാദർ എന്ന വിശേഷണവും കേൾക്കുമ്പോൾ ഒരു സംശയം തോന്നാം – ‘നിരൂപകന്റെ’ എന്നല്ല, ‘പുരോഹിതന്റെ’ എന്നല്ലേ ശരി. ആ സംശയം സ്വാഭാവികമാണെങ്കിലും ഒരു ചെറിയ തിരുത്തു വേണ്ടി വരും. കാരണം സുനിൽ എഴുതിയിരിക്കുന്നത് ആത്മീയതയെക്കുറിച്ചല്ല, സാഹിത്യത്തെയും സിനിമയെയും കുറിച്ചാണ്...

ഫാദർ സുനിൽ സി.ഇ കപ്പൂച്ചിൻ സന്യാസി സഭയിലെ അംഗമാണ്. തിരുവനന്തപുരം നെയ്യാറ്റിൻകര രൂപതയുടെ, നെടുമങ്ങാട് സോണിലെ 4പള്ളികളുടെ വികാരി. എന്നാൽ, സുനില്‍ സി.ഇ മലയാളി വായനക്കാർക്ക് പരിചിതനാകുന്നത് സാഹിത്യ നിരൂപകൻ, കവി, ചലച്ചിത്ര ഗവേഷകൻ എന്നീ നിലകളിലാണ്. ഇതിനോടകം വ്യത്യസ്ത വിഭാഗങ്ങളിലായി മുപ്പതോളം പുസ്തകങ്ങൾ അദ്ദേഹത്തിന്റെതായി പ്രസിദ്ധീകരിച്ചു. കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമി പുരസ്ക്കാരമുൾപ്പടെ നിരവധി അംഗീകാരങ്ങളും നേടി. കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമി പുരസ്ക്കാരം നേടുന്ന ആദ്യ വൈദികനാണ് സുനിൽ എന്നതാണ് മറ്റൊരു കൗതുകം. മികച്ച ചലച്ചിത്ര ലേഖനത്തിനുള്ള പ്രത്യേക ജൂറി പരാമർശമാണ്, ‘മലയാള സിനിമയും നോവലും’ എന്ന ലേഖനത്തിലൂടെ 2018 ൽ അദ്ദേഹത്തെ തേടിയെത്തിയത്.

പേര് സൂചിപ്പിക്കും പോലെ ‘ഒരു നിരൂപകന്റെ കൊറോണ ദിനങ്ങൾ’ ഒരു ‘കൊറോണ ചരിത്രം’ അല്ല. ലോകം ലോക്ക്ഡൗണിലായ കാലത്ത് സാഹിത്യം, സംഗീതം, ചിത്രകല, സിനിമ എന്നീ മേഖലകളെക്കുറിച്ച് സുനിൽ ഫെയ്സ്ബുക്കിൽ എഴുതിയ പഠനങ്ങളുടെയും കവിതകളുടെയും കുറിപ്പുകളുടെയും സമാഹാരമാണ്.

s3

‘‘ലോക്ക് ഡൗൺ ആയതോടെ ജീവിത രീതി മാറി. പള്ളികൾ അടച്ചു. ലോകം ഒരു മുറിയിലേക്കു ചുരുങ്ങി. വായനയും സിനിമ കാണലുമായിരുന്നു പ്രധാനം. അതിനിടെയാണ് വിവിധ മേഖലകളിലെ ഇതു വരെ ആരും ശ്രദ്ധിക്കാത്ത ചില കോണുകളെക്കുറിച്ച് എഴുതാം എന്നു തീരുമാനിച്ചത്. ഫെയ്സ്ബുക്കിൽ പല ഭാഗങ്ങളായി ഓരോ ദിവസവും ഓരോ കുറിപ്പുകൾ എന്ന തരത്തിലാണ് അവ വന്നത്. വായനക്കാരിൽ നിന്നു നല്ല പ്രതികരണങ്ങൾ ലഭിച്ചതോടെയാണ് പുസ്തകമായി പ്രസിദ്ധീകരിക്കാൻ പ്രസാധകരായ ഒലീവ് താൽപര്യം പ്രകടിപ്പിച്ചത്. പുസ്തകം വായിച്ച് ധാരാളം ആളുകൾ വിളിക്കുന്നു. സന്തോഷം...’’.– സുനിൽ സി.ഇ ‘വനിത ഓൺലൈനോട്’ പറഞ്ഞു.

എഴുത്തില്‍ മാത്രമല്ല, ജീവിത രീതികളിലും പുരോഹിതർക്കിടയിലെ വേറിട്ട സാന്നിധ്യമാണ് സുനിൽ. പുരോഹിത വസ്ത്രത്തിൽ സുനിലിനെ പൊതു ഇടങ്ങളിൽ കാണാറില്ല. ജീൻസും ഷർട്ടും നീട്ടി വളർത്തി സ്ട്രെയിറ്റൻ‌ ചെയ്ത മുടിയും താടിയുമൊക്കെയായി, സാംസ്ക്കാരിക–സാഹിത്യ ചടങ്ങുകളിലെ നിത്യസാന്നിധ്യമായ സുനിൽ സോഷ്യൽ മീഡിയയിലും സജീവവും വിവിധ മേഖലകളിലായി വലിയ സൗഹൃദ സംഘത്തിന്റെ ഉടമയുമാണ്.

s6

‘‘പുരോഹിതൻ എന്നത് എന്റെ ആത്മീയതയാണ്. അത് ഹൃദയത്തിന്റെ ഭാഗമാണ്. പൊതുവിടങ്ങളിൽ, പ്രകടനപരതയിലൂടെ അതിന്റെ ആദരവ് പിടിച്ചു വാങ്ങാൻ താൽപര്യമില്ല. നമ്മുടെ പെരുമാറ്റത്തിലൂടെ, പ്രവർത്തിയിലൂടെ മറ്റുള്ളവർ ബഹുമാനിക്കണം. അതാണ് പ്രധാനം.

പള്ളിയിൽ സംസാരിക്കുമ്പോൾ ഞാൻ വിശ്വാസികളോട് അപ്പോൾ വായിക്കുന്നവയെക്കുറിച്ച് പറയാറുണ്ട്. ധാരാളം വായിക്കുക, പുസ്തകങ്ങളെ സ്നേഹിക്കുക, എഴുതുക, സഹജീവികളെ കരുണയോടെ സമീപിക്കുക എന്നതൊക്കെയാണ് എന്റെ ഇഷ്ടങ്ങൾ’’. – സുനിൽ പറയുന്നു.

സിനിമ ചെയ്യണം

ഞാൻ സിനിമാ ഗവേഷണത്തെയും സാഹിത്യ നിരൂപണത്തെയുമൊക്കെ സമീപിക്കുന്നത് സാംസ്ക്കാരിക പഠനമായിട്ടാണ്. ഇവയൊക്കെ തമ്മിലും മനുഷ്യനുമായും എങ്ങനെയൊക്കെ ബന്ധപ്പെടുന്നു എന്നാണ് ഞാൻ എന്റെ എഴുത്തുകളിലൂടെ അന്വേഷിക്കുന്നത്.

ഇതിനോടകം 4 സിനിമാ നിരൂപണ പുസ്തകങ്ങൾ വന്നു. ഇനി ഇന്ദ്രൻസിനെക്കുറിച്ചുള്ള പഠനമുൾപ്പടെ മൂന്നോളം പുസ്തകങ്ങൾ വരാനുണ്ട്.

s2

സിനിമ ചെയ്യുകയാണ് ഏറ്റവും വലിയ ലക്ഷ്യം. അതിനുള്ള അവസരങ്ങൾ തെളിഞ്ഞു വരുന്നു’’.– അദ്ദേഹം പറഞ്ഞു നിർത്തി.