Tuesday 14 May 2024 03:07 PM IST : By സ്വന്തം ലേഖകൻ

ഉറ്റചങ്ങാതിയുടെ സ്വപ്നം, തിരക്കുകൾ മാറ്റിവച്ച് ടൊവീനോയെത്തി: കെട്ടുപിണഞ്ഞു കിടക്കുന്ന രഹസ്യങ്ങളുമായി അറ്റ് ദി എൻഡ്

at-the-end

ഒന്നിനോടൊന്നു കെട്ടുപിണഞ്ഞു കിടക്കുന്ന എട്ടു കഥകൾ. ഓരോ കഥകളുടെയും അവസാന വരികളിലൊന്നിലൊന്നിലുണ്ടാകും രഹസ്യങ്ങളുടെയും ആകാംക്ഷയുടെയും താക്കോൽ. ഫാന്റസിയുടെ ചിറകിലേറി വായനയുടെ ലോകത്തെത്താൻ ആഗ്രഹിക്കുന്ന ആസ്വാദകർക്ക് മുന്നിലേക്ക് വേറിട്ട കഥകളുടെ ജാലകം തുറക്കുകയാണ് അർഷദ്. പരസ്യമേഖലയിൽ കോപ്പിറൈറ്ററായി ജോലി ചെയ്യുന്ന അർഷദിന്റെ ഹൃദ്യമായ ചിന്തകളുടെ സാക്ഷാത്കാരമാകുകയാണ് അറ്റ് ദി എൻഡ് എന്ന ചെറുകഥകളുടെ സമാഹാരം. ആലുവയിൽ നടന്ന സൗഹൃദ സദസിൽ നടൻ ടൊവീനോ തോമസ് പുസ്തകം വായന പ്രേമികൾക്കു മുന്നിൽ അവതരിപ്പിച്ചു. മേയ് 10ന് കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വച്ചായിരുന്നു പുസ്തക പ്രകാശന ചടങ്ങ്.

ഫാന്റസിയും നാടകീയതകളും തുടങ്ങി വായനക്കാരെ പിടിച്ചിരുത്തുന്ന വേറിട്ട ആശയങ്ങളിലൂടെ കടന്നു ചെല്ലുന്ന പുസ്തകം ഹൃദ്യമായ വായന സമ്മാനിക്കുമെന്ന് എഴുത്തുകാരന്റെ ഉറപ്പ്. വെറുമൊരു വായനയായി ഒതുക്കാനുള്ളതല്ല ഈകഥകൾ. ഒരു ദിനം കൊണ്ടോ രണ്ടു ദിനം കൊണ്ടോ വായിച്ചു തീരാവുന്ന ഈകഥകൾ... അവ പങ്കുവയ്ക്കുന്ന ചിന്തകൾ വായനക്കാരുടെ ചിന്തകളെ സ്വാധീനിക്കുമെന്നും അർഷദ് പറയുന്നു.

‘ഓരോ കഥകളുടെയും ചുവടുപിടിച്ച് എത്തുമ്പോൾ പുതിയ ചിന്തകളുടെയും കഥകളുടെയും ജാലകങ്ങള്‍ തുറക്കും. അവസാന ഭാഗങ്ങളിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങള്‍, അപ്രതീക്ഷിതമായ കൂടിച്ചേരലുകൾ, തുറന്നു പറച്ചിലുകൾ എല്ലാം തന്നെ നിങ്ങളുടെ ഭാവനയെ സമ്പന്നമാക്കും.’– അർഷദിന്റെ വാക്കുകൾ.

at-the-end-2

ടൊവീനോയുമൊത്തുള്ള ദീർകകാല സൗഹൃദത്തിന്റെ നേർചിത്രമാണ് പുസ്തക പ്രകാശനവേളയിലെ അദ്ദേഹത്തിന്റെ സാന്നിദ്ധ്യമെന്ന് അർഷദ് പറയുന്നു. സഹപ്രവർത്തകൻ എന്ന നിലയിലും ഒരുമുറിയിൽ ഒന്നിച്ച് താമസിച്ചിരുന്ന സുഹൃത്ത് എന്ന നിലയിലും തന്റെ സൗഹൃദത്തിന് വിലകൽപിച്ച് ടൊവീനോ എത്തുകയായിരുന്നുവെന്ന് അർഷദിന്റെ വാക്കുകൾ. ഫൊട്ടോഗ്രാഫർ കെആർ സുനിലും ചടങ്ങിൽ സന്നിഹിതനായിരുന്നു