Wednesday 06 November 2024 04:11 PM IST : By സ്വന്തം ലേഖകൻ

അത്രമേൽ ആത്മാർത്ഥമായി വായിക്കുന്ന ഒരാളുടെ എഴുത്തുകൾ... ഉണ്ണി ആറിന്റെ ലേഖനങ്ങളുമായി ‘ബുക് ബം’

book-bum

മനോഹരവും ശാന്തവുമായ ചെറിയ ഉദ്യാനത്തിൽ ലളിതമായി ക്രമീകരിച്ച ഒരു ലൈബ്രറി. വിവിധങ്ങളായ പുസ്തകങ്ങൾ അടുക്കി വച്ച ഉയരം കുറഞ്ഞ ഷെൽഫുകൾ. നേരിയ മഞ്ഞിന്റെ ആവരണമുള്ള വൈകുന്നേരങ്ങളിൽ, സ്വാദേറും കാപ്പി മൊത്തി അതിലെ ഓരോ കൃതികളെക്കുറിച്ചും നിങ്ങളുടെ സുഹൃത്ത് സംസാരിക്കുകയാണെന്നു സങ്കൽപ്പിക്കുക... ഈ സുന്ദരമായ തോന്നൽ സൃഷ്ടിക്കുന്ന നവ്യാനുഭവമാണ് ഉണ്ണി ആറിന്റെ പുതിയ ലേഖനസമാഹാരം ‘ബുക്ക് ബം’ വായനക്കാർക്ക് പകരുന്നത്.

ആധുനികാനന്തര കാലത്ത് മലയാളത്തിലെ ചെറുകഥാ ശാഖയെ ഏറെ മുന്നോട്ടു നയിച്ച യുവത്വത്തിന്റെ നിരയിലാണ് ഉണ്ണി ആറിന്റെ സ്ഥാനം. വാചകക്കസർത്തുകളല്ല കഥയെന്നും അതു മനുഷ്യജീവിതങ്ങളുടെ പകർത്തലാണെന്നും ഉണ്ണി തെളിയിച്ചു. അപ്പോഴും തന്റെ വായനാ ലോകത്തിന്റെ വ്യാപ്തി അനുനിമിഷം വർദ്ധിപ്പിക്കുന്നതിലും അവയെക്കുറിച്ചു ഗഹനമായി എഴുതുന്നതിലും അദ്ദേഹം നിത്യശ്രദ്ധ നൽകിയിട്ടുണ്ട്. അതിന്റെ പ്രതിഫലനമാണ് ‘ബുക് ബം’.

‘മനോരമ ഓൺലൈനിൽ’ ഉണ്ണി എഴുതിയ ‘ബുക്ക് ബം’ എന്ന കോളത്തിൽ നിന്നു തിരഞ്ഞെടുത്ത രചനകളും ഒപ്പം മറ്റു ചില ലേഖനങ്ങളും ചേർത്താണ് ‘മലയാള മനോരമ ഹോർത്തൂസ് സ്പെഷ്യൽ എഡിഷൻ’ ആയി ‘ബുക്ക് ബം’ പ്രസിദ്ധീകരിച്ചിരിക്കുന്നത്. മരിയോ വർഗാസ് യോസ, രാഘവൻ തിരുമുൽപ്പാട്, ഫ്രാൻസിസ് ബേക്കണ്‍, ലാക് ദാസെ വിക്രമസിംഗെ, പ്രഭാകരസിദ്ധയോഗികൾ, ലിഡിയ ഡേവിസ്, സാലിം അലി, ശ്രീനാരായണഗുരു, കെ.ജി.എസ്, എം.ടി.വാസുദേവൻ നായർ, കുമാരനാശാൻ, ഡോക്ടർ പൽപ്പു, അരുന്ധതി റോയ്, രമണ മഹർഷി, വള്ളത്തോൾ തുടങ്ങി പ്രഗത്ഭരായ ഒരുകൂട്ടം മനുഷ്യരും അവരുടേതോ അവരുമായി ബന്ധപ്പെട്ടതോ ആയ പുസ്തകങ്ങളുടെ വായനാനുഭവങ്ങളുമാണ് ഉള്ളടക്കം. ‘പുസ്തകങ്ങളുടെ പുസ്തകം’ എന്ന ടാഗ് ലൈൻ പൂർണമായും ശരിവയ്ക്കുന്ന കൃതി എന്നു നിസ്സംശയം പറയാം.

book-bum-2

പരാമർശിക്കപ്പെടുന്ന കൃതികളുടെയും മനുഷ്യരുടെയും വൈവിധ്യമാണ് ‘ബുക് ബം’ ന്റെ സവിശേഷത. തന്റെ വായനക്കാരെ ഹൃദയബന്ധുക്കളായി പരിഗണിച്ച്, ഒരു കത്തോ സൗഹൃദസംഭാഷണമോ തുടങ്ങുന്നത്ര ആർദ്രതയോടെ, ‘പ്രിയ സുഹൃത്തേ’ എന്ന അഭിസംബോധനയോടെ ആരംഭിക്കുന്ന ഈ കുറിപ്പുകളോരോന്നും അവയുടെ ഉൾക്കനത്താലും ലാളിത്യത്താലും വേറിട്ടു നിൽക്കുന്നു. അപ്പോഴും ഒട്ടും ഉപേക്ഷയില്ലാതെ, ദാർശനികവും സമഗ്രവുമായ ഒരു നിലയിലാണ് ഓരോ കൃതിയെയിലൂടെയും ലേഖകൻ കടന്നു പോകുന്നത്. കോളമിസ്റ്റുകളുടെ ദുർശാഠ്യങ്ങളോ, പാണ്ഡിത്യ പ്രകടനത്തിനായുള്ള പൊള്ളത്തരങ്ങളോ ഈ പുസ്തകരത്തിൽ കാണാനാകില്ല. അത്രമേൽ ആത്മാർത്ഥമായി വായിക്കുന്ന ഒരാൾ ഇങ്ങനെയല്ലാതെ മറ്റെങ്ങനെ എഴുതാൻ എന്നു വായനക്കാരെ ചിന്തിപ്പിക്കുന്നു എന്നതാണ് ‘ബുക് ബം’ മ്മിന്റെ ഏറ്റവും വലിയ സവിശേഷത.