Wednesday 02 December 2020 02:35 PM IST

ഭാര്യയുടെ വള പണയം വച്ച കാശിന് സിൽക്ക് സ്മിതയ്ക്ക് ഒരു ‘കാവ്യസ്മാരകം’! ‘വിശുദ്ധ സ്മിതയ്ക്ക്’ പിറന്ന കഥ

V.G. Nakul

Sub- Editor

silk-smitha-1

ആരായിരുന്നു സിൽക്ക് സ്മിത ? ഒരു ഗ്ലാമർതാരത്തിന്റെ സാധ്യതകൾ കൃത്യമായി അഭിനയിച്ചു ഫലിപ്പിച്ച്, സ്വയം ജീവനൊടുക്കി മാഞ്ഞു പോയ നടി മാത്രമായിരുന്നോ അവർ ? അല്ല എന്നു കാലം തെളിയിച്ചു. മരിച്ച് 24 വർഷങ്ങൾക്കിപ്പുറവും അവർ പ്രേക്ഷകമനസ്സുകളിൽ ജീവിക്കുന്നു. സ്മിതയുടെ ജീവിതം പറയുന്ന സിനിമകളും സ്മിതയെന്ന നടിയെ അടയാളപ്പെടുത്തുന്ന പഠനങ്ങളും ലേഖനങ്ങളുമൊക്കെയായി അവരുടെ പ്രതിഭയും അതിന്റെ വൈവിധ്യ തലങ്ങളുമൊക്കെ ഇപ്പോഴും ചർച്ചയാകുന്നു...

സില്‍ക്ക് സ്മിത ജീവിച്ചിരുന്നെങ്കില്‍ ഇന്ന് അവർക്ക് അറുപതാം പിറന്നാള്‍. മരിച്ച് കാല്‍ നൂറ്റാണ്ടിനടുത്താകുമ്പോഴും സിൽക്ക് സ്മിത എന്ന പേര് ഇന്ത്യന്‍ സിനിമയിലെ സജീവ സാന്നിധ്യമാണ്. എന്നാൽ ഇന്ത്യയിലിന്നോളം മറ്റൊരു അഭിനേതാവിനും ലഭിക്കാത്ത ഒരു അമൂല്യമായ ആദരം മലയാളം സ്മിതയ്ക്ക് നൽകിയിട്ടുണ്ട് – ഒരു കവിതാ പുസ്തകം. ആ കാവ്യാഞ്ജലിയെക്കുറിച്ചാണ് ‘ബുക്ക് സ്റ്റോറി’യുടെ ഈ ലക്കം.

1998 ജനുവരിയിലാണ് മലയാളത്തിലെ ശ്രദ്ധേയരായ 9 കവികൾ സിൽക്ക് സ്മിതയെക്കുറിച്ച് എഴുതിയ മനോഹരമായ ഒൻപത് കവിതകൾ ചേർത്തു വച്ച് പയ്യന്നൂരിലെ ബ്രെയ്ക്ക് ബുക്സ് ‘വിശുദ്ധ സ്മിതയ്ക്ക്’ എന്ന കവിതാ പുസ്തകം പ്രസിദ്ധീകരിച്ചത്. കൃത്യമായി പറഞ്ഞാൽ സ്മിത ആത്മഹത്യ ചെയ്ത് 2 വർഷത്തിനും 4 മാസത്തിനും ശേഷം. കവി ശിവകുമാർ കാങ്കോൽ ആയിരുന്നു ബ്ലാക്ക് ആൻഡ് വൈറ്റിൽ അച്ചടിച്ച, 36 പേജുകൾ മാത്രമുള്ള ഈ പുസ്തകത്തിന്റെ എഡിറ്റർ. മലയാളത്തിൽ അതിനു മുമ്പോ പിമ്പോ ഇത്തരം ഒരു പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല എന്നതാണ് വലിയ കൗതുകം.

silk-smitha-5

തന്റെ 28 വയസ്സില്‍ ഭാര്യയുടെ രണ്ടു സ്വർണ വളകൾ പണയം വച്ച കാശിനാണ് ശിവകുമാർ കാങ്കോൽ ‘വിശുദ്ധ സ്മിതയ്ക്ക്’ പ്രസിദ്ധീകരിച്ചത്. ഇപ്പോൾ പ്രിയനന്ദന്‍ ഉൾപ്പടെയുള്ളവരുടെ സഹസംവിധായകനായും തിരക്കഥാകൃത്തായും സിനിമാരംഗത്ത് പ്രവർത്തിക്കുകയാണ് അദ്ദേഹം.

‘‘സ്മിത മരണപ്പെട്ടപ്പോൾ യുവാക്കളിൽ അതൊരു വൈകാരികമായ ചലനം സൃഷ്ടിച്ചിരുന്നു. സുഹൃത്തും കവിയുമായ യു. രാജീവ് ആ കാലത്താണ് ‘വിശുദ്ധ സ്മിതയ്ക്ക്’ എന്ന പേരിൽ ഒരു കവിതയെഴുതിയത്. അന്ന് പയ്യന്നൂരിൽ സാഹിത്യവും സിനിമയുമൊക്കെ ചർച്ച ചെയ്യുന്ന ഞങ്ങളുടെ ഒരു ഗ്രൂപ്പ് സജീവമായിരുന്നു. രാജീവിന്റെ കവിത വായിച്ചപ്പോൾ ഞാൻ അതിനൊരു മറുകവിതയെഴുതി. തൊട്ടു പിന്നാലെ തമ്പിമാഷിന്റെയും ഡോ.പ്രസാദിന്റെയുമൊക്കെ കവിതകൾ പലയിടത്തായി വന്നു. അങ്ങനയാണ് ഈ കവിതകളൊക്കെ ചേർത്തു വച്ച് ഒരു പുസ്തകമാക്കിയാലോ എന്ന ചിന്ത വന്നത്’’. – ശിവകുമാർ ആ കാലം ഓർത്തെടുത്തതിങ്ങനെ.

വി.ജി തമ്പി, മധു ആലപ്പടമ്പ്, എ.സി ശ്രീഹരി, യു.രാജീവ്, ശിവകുമാർ കാങ്കോൽ, ഡോ.പ്രസാദ്, പി. മനോജ്, ഗിരീഷ് കുമാർ കെ, ഹരിദാസൻ കെ.സി എന്നിവരെഴുതിയ, ഇതിലെ ഓരോ ‘സ്മിതക്കവിത’യും സ്മിത എന്ന അഭിനേത്രിയെ, സ്ത്രീയെ, ജീവിതത്തെ ആഴത്തിൽ തൊടുന്ന കാവ്യ ഭാവനകളാണ്. ഗ്ലാമർതാരം എന്ന വൃത്തത്തില്‍ നിന്നു മാറി, അംഗീകരിക്കപ്പെടേണ്ട മറ്റൊരു ബഹുമാന്യ തലത്തിലാണ് സ്മിതയെ ഈ പുസ്തകത്തിലെ ഓരോ കവിതയും പരിഗണിച്ചത്. സ്മിതയുടെ മരണം ഓർമിപ്പിക്കുന്നതായിരുന്നു മനോജ്. പി തയാറാക്കിയ പുസ്തകത്തിന്റെ കവർ ചിത്രം. കെ.സി മുരളീധരന്റെ പഠനവും ഉൾപ്പെടുത്തിയിരുന്നു.

silksmitha-6

സ്മിതാ, അഭാഗ്യവതിയായ നിഴൽ നക്ഷത്രമേ.

ദൈവത്തോടൊപ്പം പിറന്നവൾ.

അവസാനം നിന്നെയും ദൈവം മരണത്താല്‍ പൊള്ളിച്ചു....’

പുസ്തകത്തിൽ ‘സ്മിത ഒരു നദിയുടെ പേര്’ എന്ന കവിതയിൽ വി.ജി തമ്പി എഴുതിയതാണ് ഈ വരികൾ.

‘‘ആ പുസ്തകം ഇറങ്ങിയ കാലത്ത് പ്രതീക്ഷിച്ചതിനെക്കാൾ ചർച്ചയായി. 16 രൂപയായിരുന്നു വില. ഞങ്ങൾ‌ കൊണ്ടു നടന്നു വിൽക്കുകയായിരുന്നു. ‘‘സിൽക്ക് സ്മിതയെക്കുറിച്ച് ഒരു പുസ്തകമോ...?’’ എന്ന് പലരും അക്കാലത്ത് നെറ്റിചുളിച്ചു. പക്ഷേ, കൽപ്പറ്റ നാരായണൻ, സക്കറിയ, സതീഷ് ബാബു പയ്യന്നൂർ തുടങ്ങിയവരൊക്കെ പ്രമുഖ ആനുകാലികങ്ങളില്‍ പുസ്തകത്തെക്കുറിച്ച് നല്ല വാക്കുകൾ എഴുതി. അടുത്തിടെ തിരക്കഥാകൃത്ത് ബിബിൻ ചന്ദ്രനും എഴുതിയിരുന്നു. എന്തു കൊണ്ടോ പിന്നീടിത്ര കാലമായിട്ടും അതിനൊരു രണ്ടാം പതിപ്പുണ്ടായില്ല. ഭാര്യയുടെ വളയും എടുത്തില്ല...എങ്കിലും ഇപ്പോൾ ആ പുസ്തകത്തെക്കുറിച്ച് എനിക്ക് അഭിമാനമുണ്ട്. അതൊരു ചരിത്രമാണ്. സിൽക്ക് സ്മിത എന്ന നടിക്ക് നൽകാവുന്ന ഏറ്റവും നല്ല ഒരു സ്മരണാഞ്ജലിയാണ് ‘വിശുദ്ധ സ്മിതയ്ക്ക്’ എന്നെനിക്കുറപ്പുണ്ട് ’’.– ശിവകുമാർ പറയുന്നു.

silk-smitha-4

ഉടുപുടവയ്ക്ക് ‌

നിലാവിന്റെ നഗ്നത

തുന്നിച്ചേർത്തവളേ,

നിന്നെ

സ്മിതയെന്നാരു വിളിച്ചൂ...?

വെള്ളിത്തിരയിൽ

പടർന്നിറങ്ങിയ ദുഖിതയായ

മാലാഖയാണു നീ....

(ദൈവമാകാഞ്ഞവൾ– മധു ആലപ്പടമ്പ്)

sivakumar ശിവകുമാർ കാങ്കോൽ

സ്മിതയ്ക്ക് അറുപതു തികഞ്ഞെന്നത് ഒരു കണക്ക് മാത്രമാണ്. പറഞ്ഞാല്‍ പലരും വിശ്വസിക്കില്ല. ഓർമകളുടെ സ്ക്രീനിൽ അവരുടെ കഥാപാത്രങ്ങൾക്ക് എന്നും ഇരുപതിന്റെ നിറയൗവനമാണല്ലോ....