Friday 17 March 2023 03:31 PM IST : By സ്വന്തം ലേഖകൻ

നാളെയൊരു കാലത്ത് ഈ ജോലികൾ ചെയ്യാന്‍ മനുഷ്യരെ വേണ്ടി വരില്ല: എന്താണ് ചാറ്റ് ജിപിടി, ചാറ്റ്ബോട്ട്?

chat-gpt

ലോകപ്രശസ്ത ബിസിനസ് സ്‌കൂളായ അമേരിക്കയിലെ വാര്‍ട്ടണ്‍ സ്‌കൂള്‍ അടുത്തിടെ ഒരു പരീക്ഷ നടത്തി. വിദ്യാര്‍ഥികള്‍ക്കു വേണ്ടിയല്ല, ചാറ്റ്ജിപിടി (ChatGPT) എന്ന നിര്‍മിത ബുദ്ധിയുടെ (ആർട്ടിഫിഷൽ ഇന്റലിജൻസ്, എഐ) ക ഴിവു പരിശോധിക്കുന്നതിനു വേണ്ടിയായിരുന്നു ഈ സ്‌പെഷല്‍ ഫൈനല്‍ എക്‌സാം. സാധാരണ പരീക്ഷയുടെ മാതൃകയിൽ പ്രത്യേകം തയാറാക്കിയ ചോദ്യങ്ങൾക്ക് അരമണിക്കൂര്‍ കൊണ്ടുതന്നെ ചാറ്റ്ജിപിടി ഉത്തരമെഴുതി. ഫലം പരിശോധിച്ച വാര്‍ട്ടണ്‍ പ്രഫസര്‍ ക്രിസ്റ്റ്യന്‍ ടെര്‍വിഷിന്റെ കണ്ണുതള്ളി. ഉത്തരങ്ങളെല്ലാം ശരിയാണെന്നു മാത്രമല്ല, വിശദീകരണങ്ങളും ഉദാഹരണങ്ങളും അതിമനോഹരം.

പരിശോധനയ്ക്കു ശേഷം പ്രഫസര്‍ ടെര്‍വിഷ് പറഞ്ഞത് ഇങ്ങനെ, ‘ഞാന്‍ ചാറ്റ്ജിപിടിയുമായി പ്രണയത്തിലായിരിക്കുന്നു.’ ചാറ്റ്ജിപിടിയുടെ സ്കോർ A+ ഗ്രേഡ് നല്‍കാവുന്നത് എന്നു കൂടി കേൾക്കുമ്പോഴാണ് മനുഷ്യനും നിർമിതബു ദ്ധിയും തമ്മിലുള്ള വ്യത്യാസം ബോധ്യപ്പെടുന്നത്. എന്താണ് ചാറ്റ്ജിപിടി എന്നല്ലേ. ഇതാ കേട്ടോളൂ.

എന്താണ് ചാറ്റ് ബോട്ട് ?

ഓണ്‍ലൈനില്‍ ഉപയോക്താക്കളുമായി ചാറ്റ് ചെയ്യാനും അ ന്വേഷണങ്ങളില്‍ സഹായിക്കാനും രൂപപ്പെടുത്തുന്ന പ്രോഗ്രാമുകളാണു ചാറ്റ് ബോട്ടുകള്‍. കംപ്യൂട്ടറിലെയും ഫോണിലെയും ഡിസ്‌പ്ലേയുടെ മൂലയിൽ രസമുള്ള ഇമോജിയോടെ ‘സഹായം ആവശ്യമുണ്ടോ’എന്നു ചോദിക്കുന്ന പോപ് അപ് കാണാറില്ലേ, അതൊക്കെ ചാറ്റ് ബോട്ടാണ്.

ഈ ഓട്ടോമേറ്റഡ് പ്രോഗ്രാമുകള്‍ മനുഷ്യരെപ്പോലെ ഉപയോക്താക്കളുമായി ഇടപഴകുകയും ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുകയും ചെയ്യും. ആമസോണ്‍ അലക്സ, ആപ്പിള്‍ സിരി തുടങ്ങിയവ വ്യാപകമായി ഉപയോഗിക്കുന്ന ചാറ്റ് ബോട്ടുകളാണ്. ഇതുപോലൊരു ചാറ്റ് ബോട്ടാണു ചാറ്റ്ജിപിടി (ചാറ്റ് ജനറേറ്റീവ് പ്രീട്രെയിൻഡ് ട്രാൻസ്ഫോർമർ).

എന്താണ് ചാറ്റ്ജിപിടി ?

ചോദ്യം ചോദിച്ചാല്‍ മറുപടി തരുന്ന ടെക്സ്റ്റ് മെസേജുകളിലൂടെ സംവദിക്കാനാകുന്ന പ്രോട്ടോടൈപ് മാത്രമാണ് അമേരിക്കന്‍ കമ്പനിയായ ഓപ്പണ്‍ എഐയുടെ ചാറ്റ് ബോട്ടായ ചാറ്റ്ജിപിടി. കൃത്യത വര്‍ധിപ്പിക്കുന്നതിനും പുതിയ ഡിസൈന്‍ വിലയിരുത്തുന്നതിനുമൊക്കെയാണ് സാധാരണയായി പ്രോട്ടോടൈപ് ഉപയോഗിക്കുന്നത്. പ്രോട്ടോടൈപ് ആയിട്ടു കൂടി എഐ വഴി ചാറ്റ്ജിപിടി ലോകത്തിന്റെ ഗതിവിഗതികള്‍ മാറ്റിമറിക്കും എന്നാണു വിലയിരുത്തപ്പെടുന്നത്.

എല്ലാം തിരയാന്‍ ഗൂഗിളിനെ ആശ്രയിക്കുന്നതു പോലെ എല്ലാം നിര്‍വഹിച്ചു തരുന്ന ചാറ്റ് ബോട്ടായാണ് ചാറ്റ്ജിപിടി വരുന്നത്. ഇക്കഴിഞ്ഞ നവംബറിലാണ് ഇത് അവതരിപ്പിക്കപ്പെട്ടത്. ഇപ്പോഴും പരീക്ഷണാര്‍ഥമുള്ള ബീറ്റാ വെര്‍ഷനാണെങ്കിലും കോടിക്കണക്കിന് ആള്‍ക്കാര്‍ ഉപയോഗിച്ചു തുടങ്ങിയതോടെയാണ് പ്രചാരം വർധിച്ചത്. മൈക്രോസോഫ്റ്റ് അടക്കം ഇതിൽ നിക്ഷേപിച്ചതോടെ ടെക് ലോകത്തു ചാറ്റ്ജിപിടി ചർച്ചാവിഷയമായി.

എന്താണു ചാറ്റ്ജിപിടിയുടെ ജനശ്രദ്ധയ്ക്കു കാരണം ?

ടെലഗ്രാം ബോട്ടുകളെ പോലെയോ ആമസോണ്‍ അലക്‌സ പോലെയോ വെറുമൊരു ബോട്ടല്ല ചാറ്റ്ജിപിടി. ചോദ്യങ്ങള്‍ ശരിക്കും മനസ്സിലാക്കിയാണ് ഉത്തരം നല്‍കുന്നത്. വേണമെങ്കില്‍ ഒന്നൊന്നര ലേഖനം തന്നെ സെക്കന്‍ഡുകള്‍ക്കുള്ളില്‍ മുന്നിലെത്തിക്കും. ഗൂഗിളില്‍ തിരയുമ്പോള്‍ റിസൽറ്റ് ലിങ്കുകളാണു വരുന്നതെങ്കില്‍, ചാറ്റ്ജിപിടിയില്‍ ചോദ്യം ചോദിച്ചാല്‍ ഡേറ്റാബേസില്‍ തിരഞ്ഞ്, വേണ്ട കാര്യങ്ങള്‍ മാത്രം പെറുക്കിയെടുത്ത് അടുക്കി സമഗ്രമായ മറുപടിയായി നല്ല ഭാഷയില്‍ മുന്നിലെത്തിക്കുകയാണു ചെയ്യുക.

എഴുതാനുള്ള കഴിവു കൊണ്ടും ഏതു സങ്കീര്‍ണ ചോദ്യത്തിനും മറുപടി പറയാനുമുള്ള കഴിവു കൊണ്ടുമാണ് ഇതു പെട്ടെന്നു ജനശ്രദ്ധ നേടിയത്. വളരെ സ്വാഭാവികമായി ഭാഷ മനസ്സിലാക്കാനും മനുഷ്യനെ പോലെ ചിന്തിച്ചു വിശദമായ ആശയങ്ങള്‍ ഉള്‍ക്കൊള്ളിച്ച് എഴുതാനും ഉചിതമായ ഭാഷയില്‍ മറുപടി നല്‍കാനും ഇതിനു കഴിയും. കഥയോ കവിതയോ എഴുതാനും എഴുതിയവ തിരുത്താനും ഭംഗി കൂട്ടാനുമൊക്കെ റെഡിയാണ്. ശാസ്ത്രവും സാങ്കേതികവിദ്യയും സാഹിത്യവും ഒരുപോലെ വഴങ്ങും. സങ്കീര്‍ണമായ കംപ്യൂട്ടര്‍ കോഡിങ് തയാറാക്കുന്നതിനും കവിതയെഴുതുന്നതു പോലുള്ള ലാഘവത്വം മാത്രം.

സ്വാഭാവിക ഭാഷാനൈപുണ്യമാണ് ഇതിന്റെ പ്രധാന സ വിശേഷത. എന്‍ജിഎല്‍ അഥവാ നാച്ചുറല്‍ ലാംഗ്വേജ് ജനറേറ്റര്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ ചാറ്റ്ജിപിടി നല്‍കുന്ന ഉത്തരങ്ങള്‍ നമ്മുടെ സംസാരഭാഷ പോലെയാണ്. വലിയൊരു ലേഖനം എഡിറ്റു ചെയ്യാനും അക്ഷര, വ്യാകരണ തെറ്റുകള്‍ തിരുത്താനുമൊക്കെ ഇതില്‍ സംവിധാനമുണ്ട്.

എന്താണു കുഴപ്പം ?

അസൈന്‍മെന്റും പ്രോജക്ടും എഴുതാനായി വിദ്യാര്‍ഥികള്‍ ചാറ്റ്ജിപിടിയെ ആശ്രയിക്കുന്നതാണ് വലിയ കുഴപ്പമായി ചൂണ്ടിക്കാണിക്കുന്നത്. ഗൂഗിളില്‍ വിവരം തിരയുന്നതു പോലെയല്ലേ ഇതും എന്നു തോന്നിയേക്കാം. എന്നാല്‍ അസൈന്‍മെന്റ് മുഴുവന്‍ കംപ്യൂട്ടര്‍ തന്നെ (നിര്‍മിത ബുദ്ധി) തയാറാക്കുന്നതു പോലെയാണു ചാറ്റ്ജിപിടി. അപ്പോൾ കുട്ടികളുടെ പഠനമികവ് എങ്ങനെ വിലയിരുത്തും? ന്യൂയോര്‍ക്ക്, സിയാറ്റില്‍ എന്നിവയുള്‍പ്പെടെ ചില പബ്ലിക് സ്‌കൂളുകള്‍ അവരുടെ ഉപകരണങ്ങളിലും നെറ്റ്‌വര്‍ക്കുകളിലും ചാറ്റ്ജിപിടി നിരോധിച്ചിട്ടുണ്ട്.

കണ്ടന്റ് പ്രൊഡക്‌ഷന്‍ വേണ്ടിവരുന്ന ജോലികളില്‍, പ ത്രപ്രവര്‍ത്തനം അടക്കമുള്ളവയില്‍ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് കടന്നുകയറുന്ന ഭാവിയിലേക്കാണു ചാറ്റ്ജിപിടി വിരല്‍ ചൂണ്ടുന്നത്. പ്രോഗ്രാമിങ് പോലുള്ള അതിവിദഗ്ധ മേഖലയിലേക്കും ഇവ ആധിപത്യം ഉറപ്പിക്കുമെന്ന് ഉറപ്പ്. നാളെയൊരു കാലത്ത് ഇത്തരം തൊഴിലുകള്‍ ചെയ്യാന്‍ മനുഷ്യരെ വേണ്ടി വരില്ല എന്ന മട്ടിലും ചര്‍ച്ചകളുണ്ട്. കോഡിങ് സഹായി കൂടിയായതിനാല്‍ ഹാക്കര്‍മാര്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

ഉത്തരങ്ങളിലെ കൃത്യതതയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. തെറ്റായ കീവേര്‍ഡുകളുള്ള ചോദ്യത്തിന്റെ ഉത്തരം മനോഹരമായ ഭാഷയില്‍ ആണെങ്കിൽ കൂടി മുഴുവൻ മണ്ടത്തരമാകാം. 2021 വരെയുള്ള വിവരങ്ങളാണ് ചാറ്റ്ജിപിടിയുടെ ഡേറ്റാബേസിലുള്ളത്. ചുരുക്കി പറഞ്ഞാൽ അതുവരെയുള്ള ലോകവിവരമേ ഇതിനുള്ളൂ. പുതിയ അപ്ഡേറ്റിൽ ഇതു പരിഹരിക്കുമെന്നാണു കമ്പനിയുടെ വാദം.

ഗൂഗിളും ചാറ്റ്ജിപിടിയും തമ്മിലെന്ത് ?

ചാറ്റ്ജിപിടിയുടെ വമ്പിച്ച ജനപ്രീതി ഞെട്ടിച്ചത് ടെക് ലോകത്തെയാണ്. ഗൂഗിൾ സെർച്ചിനു ചാറ്റ്ജിപിടി അന്തകനാകുമെന്ന തരത്തിൽ വരെ സംസാരമുണ്ട്. പക്ഷേ, അതുക്കും മേലേയുള്ള എഐ പ്ലാറ്റ്ഫോമാണു ഗൂഗിളിന്റെ തുറുപ്പുചീട്ട്.

ഗൂഗിൾ ഒരു വർഷം മുൻപ് അവതരിപ്പിച്ച ലാംഗ്വേജ് മോഡൽ ഫോർ ഡയലോഗ് ആപ്ലിക്കേഷൻസ് എന്ന ലാംഡ എഐയുടെ (LaMDA AI) പിന്തുണയോടെ പ്രവർത്തിക്കുന്ന സേവനമാണു ബാർഡ്. ഗൂഗിൾ പേ ജിൽ ബാർഡും എത്തുമ്പോൾ ലിങ്കുകൾ ഇല്ലാതെ തന്നെ നമുക്കു വിവരങ്ങൾ ലഭിക്കും, ചാറ്റ് പോലെ. ഓരോ ഉത്തരത്തിനു താഴെയും വീണ്ടും സംശയങ്ങ ൾ എഴുതി ചോദിക്കാം.

ലാംഡയുമായി സംവദിച്ച ഗൂഗിൾ എൻജിനീയർ നടത്തിയ അവകാശവാദം ലാംഡയ്ക്കു ‘ബോധം’ ഉണ്ടെന്നാണ്. രണ്ടു വർഷത്തോളമായി കമ്പനിക്കുള്ളിൽ പരീക്ഷിച്ചു വന്നിരുന്ന ലാംഡ വരും ആഴ്ചകളിൽ കൂടുതൽ ആളുകൾക്കു തുറന്നുനൽകിയേക്കാം. മനുഷ്യനെപ്പോലെ ആശയവിനിമയം നടത്താൻ സാധിക്കുന്ന എഐ എന്ന നിലയിൽ നേരത്തെ തന്നെ ശ്രദ്ധ പിടിച്ചുപറ്റിയ ലാംഡയെ കൂടാതെ പല ലാംഗ്വേജ് മോഡലുകളും ഗൂഗിളിനുണ്ട്.

വിവരങ്ങൾക്ക് കടപ്പാട്:

രതീഷ് ആർ. മേനോൻ
ടെക്, സോഷ്യൽ മീഡിയ വിദഗ്ധൻ