Tuesday 09 February 2021 03:05 PM IST

എമർജൻസി സാഹചര്യങ്ങളിൽ ഏറെ ഉപകാരപ്രദമാണ് ക്രെഡിറ്റ് കാർഡ്; കടക്കെണിയിലാകാതെ ഉപയോഗിക്കേണ്ടത് ഇങ്ങനെ

Unni Balachandran

Sub Editor

shutterstock_105091142

മാസാവസാനത്തിലെ സാമ്പത്തിക ഞെരുക്കത്തിന് പലപ്പോഴും ക്രെഡിറ്റ് കാർഡുകൾ ആശ്വാസമേകും. ക്രെഡിറ്റ് കാർഡ് വഴി താൽക്കാലിക ആ വശ്യത്തിനുള്ള പണം ഒപ്പിക്കാൻ നമുക്ക് കഴിയും. പക്ഷേ, ഇതേ ക്രെഡിറ്റ് കാർഡുകൾ ജീവിതത്തിലെ വില്ലൻമാരാകാനും അധികം സമയം വേണ്ടി വരില്ല. തെറ്റായ ക്രെഡിറ്റ് കാർഡ് ഉപയോഗം വലിയ കടക്കെണികളിലേക്ക് എത്തിക്കാനുമിടയുണ്ട്. ജീവിതം, സമ്പത്ത് ഇവയെ േദാഷകരമായി ബാധിക്കാതെ ക്രെഡിറ്റ് കാർഡ് എങ്ങനെ ഫലപ്രദമായി ഉപയോഗിക്കണം എന്ന് മനസ്സിലാക്കാൻ ഈ കാര്യങ്ങൾ വായിച്ചോളൂ.

ഡെബിറ്റ് കാർഡും ക്രെഡിറ്റ് കാർഡും തമ്മിലുള്ള വ്യത്യാസം എന്താണ് ?

ഓേരാരുത്തരുടെയും ബാങ്ക് അക്കൗണ്ടിൽ ഉള്ള പണമാണ് ഡെബിറ്റ് കാർഡിൽ വരുന്നത്. ബാങ്കിൽ പോയി ഓരോ തവണയും ട്രാൻസാക്‌ഷൻ നടത്തുന്ന ബുദ്ധുമുട്ടുകൾ ഒഴിവാക്കാൻ ഡെബിറ്റ് കാർഡ് സഹായിക്കും. എടിഎം വഴിയോ ഓൺലൈൻ ട്രാൻസാക‌്ഷൻ വഴിയോ ഡെബിറ്റ് കാർഡിലെ പ ണം ചെലവാക്കാനും സാധിക്കും.

കടമായി കാശ് ലഭിക്കുന്നതിന് ഒരുക്കിയിട്ടുള്ള സൗകര്യമാണ് ക്രെഡിറ്റ് കാർഡ്. ഓേരാരുത്തരുടെയും  അക്കൗണ്ട് ക്രെഡിബിലിറ്റി അനുസരിച്ച് നിശ്ചിത ക്രെഡിറ്റ് ലിമിറ്റ് ഉണ്ടാകും. ആ ലിമിറ്റ് വരെ മാത്രമേ ക്രെഡിറ്റ് കാർഡ് ഒരു മാസം ഉപയോഗിക്കാനാകൂ. കൃത്യം 30 ദിവസ കണക്കിൽ ക്രെഡിറ്റ് കാർഡിൽ നമ്മള്‍ പർച്ചേസ് ചെയ്തതിന്റെ ബില്ല് ലഭിക്കും. ബില്ല്  ലഭിച്ച് കഴിഞ്ഞ് 20 ദിവസം കൂടെ സമയം ഉണ്ടാകും  ക്രെഡിറ്റ് കാർഡ് വഴിയുണ്ടായ ചെലവ് സെറ്റിൽ ചെയ്യാൻ. ഈ  അൻപത്  ദിവസത്തിനുള്ളിൽ ക്രെഡിറ്റ് കാർഡിലൂടെ ലഭിച്ച പണം അടച്ചു തീർത്താൽ മതിയാകും.

സാലറി അക്കൗണ്ടോ ബിസിനസ് അക്കൗണ്ടോ ഉള്ളവർക്കും ലോൺ ഹിസ്റ്ററിയിൽ മികച്ച സിബിൽ സ്കോർ ഉള്ളവർക്കും ക്രെഡിറ്റ് കാർഡ് ലഭിക്കും. ക്രെഡിറ്റ് കാർഡിലെ പണത്തിന്റെ ലിമിറ്റ് തീരുമാനിക്കുന്നത് പണം തിരിച്ചടയ്ക്കാനുള്ള വഴികൾ കണക്കാക്കിയാണ്.

ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ സംഭവിക്കാവുന്ന അപകടങ്ങൾ എന്തെല്ലാം?

അൻപത് ദിവസത്തിനുള്ളിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങിയ ഉൽപന്നങ്ങളുടെ തുക തിരിച്ചടക്കണം. ഈ തുക നമുക്ക് അടയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ 3.5 ശതമാനത്തോളം പലിശയും ഒപ്പം ജിഎസ്ടി നിരക്കുകളും ചേർത്ത പണം അടയ്ക്കേണ്ടതായി വരും. ഒരു വർഷത്തെ കണക്കെടുത്താൽ, 62 ശതമാനത്തോളം വരും. ക്രെഡിറ്റ് കാർഡ് വഴി പിൻവലിച്ച പ ണത്തിന്റെ പലിശ നിരക്ക്.  വലിയ കടക്കെണിയിലേക്ക് ഒറ്റയടിക്ക് നമ്മളെ കൊണ്ടെത്തിക്കാൻ ഈ പലിശയ്ക്കാകും.

ക്രെഡിറ്റ് കാർഡ് വഴി എടിഎമ്മിൽ നിന്നും പണം പിൻവലിക്കുന്നത് വലിയ മണ്ടത്തരമാണ്. ക്രെഡിറ്റ് കാർഡ് വഴി പണമടയ്ക്കുമ്പോൾ, ആ പണത്തിന് 2.5 ശതമാനം പലിശയും ഒപ്പം ജിഎസ്ടിയും കാർഡ് ഉടമകളുടെ കയ്യിൽ നിന്നും ഈടാക്കും. സാധാരണ പർച്ചേസിൽ ലഭിക്കുന്ന 50 ദിവസത്തിന്റെ ആനുകൂല്യമൊന്നും എടിഎമ്മിൽ നിന്നും പിൻവലിക്കുന്ന പണത്തിന് ലഭിക്കില്ല. പണം പിൻവലിച്ച അടുത്ത ദിവസം മുതൽ പലിശ ഈടാക്കി തുടങ്ങുകയും ചെയ്യും.

ക്രെഡിറ്റ് കാർഡ് കമ്പനികൾ മെഡിക്കൽ ക്ലെയിം ഇൻഷുറൻസ് എന്നിങ്ങനെ മൊബൈൽ ഫോണിലൂടെ ഓഫർ പറയാനായി വിളിക്കും. ഓഫർ ഉടനെ തീരുമെന്നും  വളരെയധികം ആനുകൂല്യങ്ങളുള്ളവയാണ്  ഈ ക്ലെയിമുകളെന്നുമുള്ള മട്ടിലായിരിക്കും അവതരണം. പക്ഷേ, സമ്മതം മൂളിയാൽ നമ്മുടെ ക്രെഡിറ്റ് കാർഡിലെ തുകയിൽ നിന്നവർ ഇൻഷുറൻസിനുള്ള പണം ഈടാക്കുകയും അതിന്റെ പലിശ നമ്മള്‍ മാസാവസാനം കൊടുക്കേണ്ടി വരികയും ചെയ്യും.

ക്രെഡിറ്റ് കാർഡുകളുടെ ഗുണങ്ങൾ എന്തെല്ലാമാണ് ?

എമർജൻസി സാഹചര്യങ്ങളിൽ ഏറെ ഉപകാരപ്രദമായ സൗകര്യമാണ് ക്രെഡിറ്റ് കാർഡുകൾ. ആശുപത്രി ചെലവുകൾ, മാസാവസാനമുള്ള ആവശ്യങ്ങൾ, അത്യാവശ്യ ഘട്ടത്തിലെ  റോളിങ്ങുകൾ എന്നിവയ്ക്ക് ഉപയോഗിക്കാവുന്ന സൗകര്യമാണ് ക്രെഡിറ്റ് കാർഡുകൾ.

ക്രെഡിറ്റ് കാർഡുകളിൽ മിക്ക ഉടമകളും ഒട്ടും ശ്രദ്ധിക്കാതെ പോകുന്ന ധാരാളം ഓഫറുകൾ ഉണ്ട്. ഉദാഹരണത്തിന് എയർപോർട്ട് ലോഞ്ച് ഫെസിലിറ്റി. ക്രെഡിറ്റ് കാർഡ് നൽകുന്ന ആകർഷകമായ ഓഫറുകളിലൊന്നായ ഈ  സൗകര്യം പ ലപ്പോഴും നമ്മളാരും ശ്രദ്ധിക്കാറേ ഇല്ല. എയർപോർട്ട്  യാത്രകൾക്കിടയിലെ ക്ഷീണവും  മടുപ്പും  വിശപ്പും മാറ്റാൻ സഹായിക്കുന്ന ലോഞ്ച് ഫെസിലിറ്റി പലപ്പോഴും ക്രെഡിറ്റ് കാർഡിൽ ഉള്ളതുപോലും ആളുകൾ അറിയാറില്ല. അതുകൊണ്ട് എന്തെല്ലാം ഓഫറുകൾ ക്രെഡിറ്റ് കാർഡിൽ ഉണ്ടെന്ന് എപ്പോഴും ശ്രദ്ധിക്കുകയും അത് പരമാവധി പ്രയോജനപ്പെടുത്തുകയും വേണം.

ക്രെഡിറ്റ് കാർഡുകളിലെ റിസ്കുകൾ എന്തെല്ലാമാണ്?

ഓൺലൈൻ ട്രാൻസാക്‌ഷനുകളിൽ ക്രെഡിറ്റ് കാർഡ് നമ്പർ കൊടുക്കുമ്പോൾ അത് തെറ്റായ രീതിയിൽ ഉപയോഗിക്കാനുള്ള സാധ്യത കൂടുതലാണ്. സാധാരണ ട്രാൻസാക്‌ഷനുകളിൽ കാർഡ് സേവ് ചെയ്യുന്നതുപോലെ ക്രെഡിറ്റ് കാർഡിലെ നമ്പർ സേവ് ചെയ്യാതിരിക്കുന്നതാകും നല്ലത്. ആരെങ്കിലും നമ്മൾ ട്രാൻസാക്‌ഷൻ നടത്തിയ സൈറ്റ്  ഹാക്ക് ചെയ്താൽ, ക്രെഡിറ്റ് കാർഡിലെ പണം കൂടെ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. അതുകൊണ്ട് കാർഡ് നമ്പർ സേവ് ചെയ്യാതെ സൂക്ഷിക്കുന്നതാണ് നല്ലത്.

അതുപോലെ വിദേശ അക്കൗണ്ടുകളിൽ നിന്നും നമ്മുടെ ക്രെഡിറ്റ് കാർഡിലെ പണം ഹാക്ക് ചെയ്യപ്പെടാം. ഇത് ഒഴിവാക്കാനായി നമ്മുടെ കാർഡിലെ ഇന്റർനാഷനൽ ട്രാൻസാക്‌ഷൻ ഡിസേബിൾ ചെയ്തിടണം. അതുപോലെ ഹാക്കിങ്ങുകളിൽ നിന്ന് രക്ഷ നേടാനായി നമുക്ക് ക്രെഡിറ്റ് കാർഡിൽ ഡെയ്‌ലി ലിമിറ്റ് സെറ്റ് ചെയ്യാവുന്നതാണ്. ഇവ രണ്ടും ബാങ്കിന്റെ സൈറ്റോ ആപ്ലിക്കേഷനോ ഉപയോഗിച്ച്,  ക്രെഡിറ്റ് കാർഡ് സെക്‌ഷനില്‍ ചെന്ന് കറക്ട് ചെയ്യാൻ സാധിക്കുന്നവയാണ്.

stock-photo--payingjpg

ക്രെഡിറ്റ് കാർഡിൽ നിന്നും പണം പിൻവലിക്കാനായി എസ്എംഎസ് ഫോണിലേക്ക് വരാനിടയുണ്ട്. അവ വിശ്വസിച്ച് ഒരിക്കലും കാർഡിന്റെ വിവരങ്ങൾ, പ്രത്യേകിച്ച് ‘സിവിവി’യോ നൽകാതിരിക്കുക. കാർഡിലെ ഒടിപി സൗകര്യം ഉപയോഗപ്പെടുത്തുക, ക്രെഡിറ്റ് കാർഡ് പിൻ നമ്പർ കൃത്യമായ ഇടവേളകളിൽ മാറ്റുക, പാസ്‌വേർഡ് ഉപയോഗിക്കുക എന്നീ മാർഗങ്ങൾ ക്രെഡിറ്റ് കാർഡ് മൂലമുണ്ടാകുന്ന റിസ്കിൽ നിന്നും നമ്മളെ രക്ഷിക്കും.

ക്രെഡിറ്റ് കാർഡുകൾ അനാവശ്യമാണോ?

ഒരിക്കലുമല്ല. അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കാവുന്ന വളരെ നല്ല മാർഗം തന്നെയാണ് ക്രെഡിറ്റ് കാർഡുകൾ. ഒപ്പം തന്നെ ഹോട്ടലുകളിലും പെട്രോൾ പമ്പിലും കയറുമ്പോഴും ഷോപ്പിങ് നടത്തുമ്പോഴുമൊക്കെ ലാഭവും ഡിസ്കൗണ്ടും ക്രെഡിറ്റ് കാർഡുകൾ നൽകാറുണ്ട്. പക്ഷേ, അച്ചടക്കത്തോടെയും നിയന്ത്രണത്തോടെയും പണം ചെലവാക്കുകയും നമുക്ക് അടയ്ക്കാൻ കഴിയുന്ന തുക മാത്രം  ചെലവാക്കുകയും ചെയ്യുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

ക്രെഡിറ്റ് കാർഡിലെ വലിയ തുകകൾ അത്യാവശ്യമാകുന്ന സാഹചര്യങ്ങളില്‍ ഇഎംഐ സാഹചര്യങ്ങൾ ഉപയോഗപ്പെടുത്താനും ശ്രദ്ധിക്കണം. ഇതൊന്നും നോക്കാതെ ക്രെഡിറ്റ് കാർഡ് അനാവശ്യമായി ഉപയോഗിച്ചാൽ വലിയ കടബാധ്യതയിലേക്കും സാമ്പത്തിക പിരിമുറുക്കത്തിലേക്കുമാകും എത്തിപ്പെടുക എന്ന് ഓർമിക്കുക.

കൂടുതൽ ആനുകൂല്യങ്ങൾ

ഡെബിറ്റ് കാർഡുകളേക്കാൾ കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കും ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ. ക്യാഷ്ബാക്ക് ഓഫർ, ലോയൽറ്റി പോയന്റ്സ് എന്നിവ ക്രെഡിറ്റിൽ  കൂടുതലായതുകൊണ്ട്, ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പർച്ചേസ് ചെയ്യുമ്പോൾ ഡിസ്കൗണ്ട്  ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.

വിവിധ തരം കാർഡുകൾ ഉണ്ടെങ്കിലും വിസ, മാസ്റ്റർകാർഡ്, റൂപേ എന്നീ കാർഡുകളാണ് നമ്മുടെ നാട്ടിൽ കൂടുതലായി ഉപയോഗിക്കുന്നത്. ഈ കാർഡുകളിൽ ഓഫറുകൾ നോക്കി തിരഞ്ഞെടുക്കുകയും ചെയ്യാം. പ്രെടോൾ അടിക്കുമ്പോൾ ഓഫർ കൂടുതലുള്ളവ, ഷോപ്പിങ്ങിന് കൂടുതൽ ഓഫറുള്ളവ എന്നിങ്ങനെ തരംതിരിച്ചു ലഭിക്കും.

എല്ലാ ക്രെഡിറ്റ് കാർഡുകളും ഉടമകളിൽ നിന്ന്  വാർഷിക ഫീസായി നിശ്ചിത തുക അക്കൗണ്ടിൽ നിന്ന് ഈടാക്കാറുണ്ട്.

വിവരങ്ങൾക്കു കടപ്പാട്: ജി. സഞ്ജീവ് കുമാർ, സർട്ടിഫൈഡ് ഫിനാൻഷൽ പ്ലാനർ, മാനേജിങ് ഡയറക്ടർ, പ്രൊഗ്നോ അഡ്വൈസർ.കോം