Tuesday 08 March 2022 04:34 PM IST

‘ആ രണ്ടു വയസുകാരി ഛർദ്ദിച്ച് അവശയായി, പിന്നാലെ കയ്യിലേക്ക് കുഴഞ്ഞുവീണു’: മരണമുഖത്തെ മാലാഖ ഹൃദയംതൊട്ട് സിസ്റ്റർ ശ്രീജ

Binsha Muhammed

sreeja-sister-story

‘ആഹാ... ഇങ്ങെത്തിയോ... മോള് വരാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു.’

ശ്രീജയെ കാണുമ്പോൾ എത്രയെത്ര മനുഷ്യരാണെന്നോ ഇങ്ങനെ സന്തോഷത്തിന്റെയും ആശ്വാസത്തിന്റെയും തുടിപ്പുകൾ ഉണർത്തുന്നത്. കണ്ണുനിറയ്ക്കാനോ കാത്തിരിക്കാനോ കരംപിടിക്കാനോ ഒരു മനുഷ്യക്കുഞ്ഞുങ്ങൾ അവർക്ക് ഈ ഭൂമുഖത്തില്ല. വേണ്ടപ്പെട്ടവർ അനാഥത്വത്തിന്റെ മേൽവിലാസം പതിച്ചു നൽകി, തെരുവിലോ ബസ് സ്റ്റാന്റിലോ മാർക്കറ്റിലോ ഉപേക്ഷിച്ചവർ വരെ അക്കൂട്ടത്തിലുണ്ട്. ഈ ലോകത്തു നിന്നു യാത്ര പറഞ്ഞാൽ ഒന്നു കരയാൻ പോലും ആരുമില്ലാത്ത ഹതഭാഗ്യർ... അങ്ങനെയുള്ള കണ്ണീർ ജന്മങ്ങൾ കണ്ണിമവെട്ടാതെ കാത്തിരിക്കുന്നത് ശ്രീജയെ പോലുള്ള മാലാഖമാർക്കു വേണ്ടിയായിരിക്കും. സഹാനുഭൂതിയുടെയോ കരുണയുടെയോ എത്തിനോട്ടങ്ങൾ പോലും കിട്ടാത്ത അവർ ആ മാലാഖമാരുടെ ഒരൊറ്റ കരലാളനങ്ങളിൽ മാത്രമായിരിക്കും ഈ ലോകത്ത് സന്തോഷം കാണുന്നത്. അവരുടെ സ്നേഹാന്വേഷണം മാത്രമായിരിക്കും മരിക്കാതെ അവരെ ഈ ലോകത്ത് ജീവിപ്പിച്ചു നിർത്തുന്നത്.

ആരോരുമില്ലാത്ത ആ ജന്മങ്ങളെ സ്നേഹിക്കുന്നതിന് മറുപടി ചിലപ്പോൾ കൈകൂപ്പലുകളായോ കെട്ടിപ്പിടുത്തങ്ങളായോ നിറകൺചിരികളായോ... തിരികെ ലഭിക്കും. ചങ്ങനാശേരി നെന്മണിക്കര കുടുംബ ആരോഗ്യ കേന്ദ്രത്തിനു കീഴിലുള്ള പാലിയേറ്റീവ് കെയറിലെ സിസ്റ്റർ ശ്രീജയും ഇപ്പറഞ്ഞ മാലാഖമാർക്കിടയിലൊരാളാണ്. മുഖംചുളിക്കാതെ, മടുക്കാതെ ഹൃദയംതൊട്ട് പരിചരിക്കുന്ന നന്മയുള്ള മാലാഖ. ‌‌

സമീപകാലത്ത് ശ്രീജയെ നാട് ഹൃദയത്തിലേറ്റിയത് ഇത്തരമൊരു നിസ്വാർത്ഥ പ്രവർത്തിയുടെ പേരിലാണ്. അബോധാവസ്ഥയിലായ രണ്ടര വയസ്സുകാരിയെ കൃത്രിമ ശ്വാസം നൽകി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന ശ്രീജ സോഷ്യൽ മീഡിയയിലും സൂപ്പർസ്റ്റാറായി. കോവിഡ് ഭീഷണി മറന്നും ശ്വാസം നൽകി ജീവൻ രക്ഷിക്കുകയും തുടർന്നു മാതൃകാപരമായി ക്വാറന്റീനിൽ പോകുകയും ചെയ്ത ആ മാലാഖയെ തേടി ആരോഗ്യമന്ത്രിയുടെ അഭിനന്ദനവുമെത്തി. നേരിന്റെയും നന്മയുടെയും പെൺമുഖങ്ങളെ ലോകം ഹൃദയത്തിലേറ്റുന്ന മറ്റൊരു വനിത ദിനം കൂടി പടിവാതിൽക്കലെത്തി നിൽക്കേ, വനിത ഓൺലൈൻ അഭിമാനപൂർവം അവതരിപ്പിക്കുകയാണ്, ശ്രീജയെന്ന മാലാഖയെ, അവരുടെ അണമുറിയാത്ത നന്മയെ... പ്രിയ വായനക്കാർക്കായി...

കൈനിറയെ കരുതൽ

ജീവിതത്തിൽ ഒരിക്കലും കാണരുതേ ദൈവമേ എന്ന കാഴ്ചകൾ... പലരും മുഖം ചുളിച്ച് മാറി നിൽക്കുന്ന രംഗങ്ങൾ... പേടിയോടെയും ഭീതിയോടെയും നോക്കി നിൽക്കുന്ന നിമിഷങ്ങൾ. അവിടെയെല്ലാം ഒട്ടും മടുക്കാതെ മുഷിയാതെ നിറപുഞ്ചിരിയോടും സാന്ത്വനത്തോടെയും നിൽക്കുന്ന ചില വെള്ളക്കുപ്പായക്കാരെ കാണാം. അവരുടെ പ്രതിനിധിയാണ് ഞാനെന്ന് പറയുമ്പോൾ അഭിമാനം ഏറുന്നതേയുള്ളൂ.– ശ്രീജ പറഞ്ഞു തുടങ്ങുകയാണ്.

കോട്ടയം ചങ്ങനാശേരിയാണ് സ്വദേശം. ഭർത്താവ് പ്രമോദും മകൾ ചിന്മയിയും അടങ്ങുന്ന സന്തുഷ്ട കുടുംബം. ഭർത്താവ് പാൽ കമ്പനിയുടെ ഡിസ്ട്രിബ്യൂട്ടറാണ്. മകൾ ചിന്മയി പത്താം ക്ലാസ് വിദ്യാർത്ഥി. ഞാൻ എന്തെന്നും എന്റെ ജോലി എന്തെന്നും കൃത്യമായി മനസിലാക്കുന്നവർ അവരായിരിക്കും. ഷിഫ്റ്റും സമയവും നോക്കാതെ മറ്റുള്ളവർക്കു വേണ്ടി ജീവിതത്തിന്റെ നല്ലൊരു ഭാഗം ഉഴിഞ്ഞുവയ്ക്കുന്ന ഒരാളാണെന്ന് അവർക്ക് നല്ല ബോധ്യമുണ്ട്.

നെന്മണിക്കര കുടുംബാരോഗ്യ കേന്ദ്രത്തിലാണ് കഴിഞ്ഞ 4 വർഷമായി ജോലി. അവിടെ തന്നെ പാലിയേറ്റീവ് സെക്ഷനിലാണ് എന്റെ ഡ്യൂട്ടി. പാലിയേറ്റീവ് എന്നു പറയുമ്പോൾ തന്നെ കാര്യം മനസിലാകുമല്ലോ? വമ്പൻ ആശുപത്രികൾ പോലും കയ്യൊഴിഞ്ഞ, ഇനിയൊന്നും ചെയ്യാനില്ലെന്ന് വിധിയെഴുതിയ രോഗികളെയാണ് ഞങ്ങൾ അവിടെ ശുശ്രൂഷിക്കുന്നത്. ജീവിതത്തിന്റെയും മരണത്തിന്റെയും തുഞ്ചത്തായിരിക്കും അവരുള്ളത്. മൃതപ്രായരായി, അവശരായി... അവരെ സ്നേഹത്തോടെ ചേർത്തു പിടിക്കുന്നതിലാണ് ഞങ്ങളുടെ രാപ്പകലുകൾ കടന്നു പോകുന്നത്. സങ്കടകരമായ അവസ്ഥയെന്തെന്നാൽ നല്ലകാലത്ത് പൊന്നുപോലെ നോക്കിയ കുടുംബം പോലും അന്യമായിപ്പോയ കുറെ ജന്മങ്ങളുണ്ട്. എല്ലാവരും ഉള്ളപ്പോൾ തന്നെ അനാഥരായി പോയവർ. അവർക്കും ഞങ്ങൾ മകളോ, സഹോദരിയോ ഒക്കെയാണ്. ഈ സേവനങ്ങൾക്കുള്ള ശമ്പളം പലരൂപത്തിലാണ് കിട്ടുന്നതെന്ന് മാത്രം. ചിലപ്പോൾ ചേർത്തുപിടിച്ചുള്ള കെട്ടിപ്പിടുത്തങ്ങളായി, ചിലപ്പോൾ ഉമ്മകളായി, ചിലപ്പോൾ കണ്ണുനിറഞ്ഞുള്ള കൈകൂപ്പലുകളായി.

നമ്മുടെ ഷിഫ്റ്റ് എത്തുമ്പോൾ ‘മോള്... വന്നോ... ഞങ്ങള് കാത്തിരിക്കുവായിരുന്നു’ എന്നു പറഞ്ഞ് വഴിക്കണ്ണുകളുമായി കാത്തിരിക്കുന്ന ചിലരുണ്ട്. അവർ തിരികെ നൽകുന്ന സന്തോഷത്തിൽപരം വലുത് എന്തുണ്ട് ഈ ഭൂമിയിൽ?

sreeja-1

വൈറൽ കഥ ഇങ്ങനെ

അന്നൊരു ഞായറാഴ്ചയാണ്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ഞാൻ ക്ഷീണിച്ച് ഉറങ്ങുകയായിരുന്നു. ഞങ്ങളുടെ അയൽ പക്കത്തുള്ള ഒരമ്മ രണ്ടു വയസുകാരി മകളേയും എടുത്ത് നിലവിളിച്ചു കൊണ്ട് ഓടി വീട്ടിലേക്ക് വരികയാണ്. മകൾ ചിന്മയിയാണ് ആ രംഗങ്ങൾക്കെല്ലാം സാക്ഷിയായത്. അവരുടെ വെപ്രാളവും പേടിയും കണ്ട് അവളും ശരിക്കും ടെൻഷനായി. ഉടനെ എന്നെ വിളിച്ചുണർത്തി. വീട്ടിൽ നല്ല രീതിയിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു കുഞ്ഞ് പെട്ടെന്ന് കുഴഞ്ഞു വീണുവത്രേ. കുഞ്ഞ് ഛർദ്ദിക്കുക കൂടി ചെയ്തതോടെ വീട്ടുകാരുടെ പേടി ഇരട്ടിച്ചു. ഓടി എന്റെ അരികിലേക്കു വരുമ്പോഴും ആശുപത്രിയിൽ എത്തിക്കാനാണ് ഞാനും ആദ്യം പറഞ്ഞത്. പക്ഷേ കുഞ്ഞ് ചലനമറ്റ് കിടക്കുന്നത് കണ്ടപ്പോൾ കാര്യങ്ങൾ പന്തിയല്ലെന്ന് എനിക്കും തോന്നി.

കൃത്രിമ ശ്വാസം നൽകാനാണ് അന്നേരം തോന്നിയത്. പക്ഷേ അടുത്തിരിക്കുന്നവന്റെ ശ്വാസത്തെ പോലും ഭയക്കുന്ന കോവിഡ് കാലം കൂടിയാണെന്ന് ഓർക്കണം. കുഞ്ഞിന്റെ ജീവനെ കരുതി കോവിഡ് സാധ്യത തല്‍ക്കാലം മറന്നു. രണ്ടാമതൊന്ന് ചിന്തിക്കാൻ തോന്നിയില്ല, കുഞ്ഞിന് സിപിആർ നൽകി. ജീവശ്വാസം പകർന്നു നൽകിയ കുറേ നിമിഷങ്ങൾ. ഒടുവിൽ പൈതല്‍ ഒന്നു ഞരങ്ങിയപ്പോഴാണ് എന്റെയും ഉള്ളിലെ ശ്വാസം നേരെ വീണത്. അന്നേരം അങ്ങനെയൊക്കെ ഉണർന്നു പ്രവർത്തിക്കാൻ തോന്നിച്ചതിന് ദൈവത്തോട് നന്ദി പറയുന്നു. ഞൊടി നേരെ വൈകിയിരുന്നെങ്കിൽ ഒരുപക്ഷേ അരുതാത്തത് തന്നെ സംഭവിച്ചേനെ. കുഞ്ഞിനെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റിയപ്പോൾ ഫിറ്റ്സ് വന്നതാണെന്ന് മനസിലായി. മാത്രവുമല്ല, കുഞ്ഞ് കോവിഡ് പോസിറ്റീവുമായിരുന്നു. കുഞ്ഞിന്റെ പരിശോധന ഫലം പോസിറ്റീവായതോടെ ഞാൻ ക്വാറന്റീനിൽ പോയി.

ഇതിനിടയിൽ മറ്റൊന്ന് കൂടി സംഭവിച്ചു. പഞ്ചായത്ത് പ്രസിഡന്റൊക്കെയുള്ള ഞങ്ങളുടെ നാട്ടിലെ ഒരു വാട്സാപ്പ് ഗ്രൂപ്പിൽ എന്റെ ഈ രക്ഷാപ്രവർത്തനം വാർത്തയായി. ഞങ്ങളുടെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായ റസാഖ് സാർ ഈ സംഭവം ഫെയ്സ്ബുക്കിലും പോസ്റ്റ് ചെയ്തു. ഇതോടെയാണ് സോഷ്യൽ മീഡിയയിൽ സംഭവം വൈറലാകുന്നതും ആരോഗ്യ മന്ത്രി വീണാ ജോർജ് മാഡത്തിന്റെ വിളിയെത്തുന്നതും. ഞങ്ങൾ നഴ്സുമാരുടെ ജീവിതത്തിലെ പല സംഭവങ്ങളിൽ ഒന്നുമാത്രമാണ് ഇതെന്ന് വിനയത്തോടെ പറയട്ടെ. നല്ല വാക്കുകൾക്ക് നന്ദിയല്ലാതെ മറ്റൊന്നും പറയാനില്ല. എല്ലാവരോടും സ്നേഹം– ശ്രീജ പറഞ്ഞു നിർത്തി.

നേരും നന്മയും ജീവിതത്തിന്റെ അടയാളമാക്കിയ വനിത രത്നങ്ങളുടെ കഥ നിങ്ങൾക്ക് പരിചയമുണ്ടോ? ഉണ്ടെങ്കിൽ ഞങ്ങൾക്ക് അയച്ചു തരൂ. ഹൃദയം തൊടുന്ന അനുഭവങ്ങളിൽ നിന്നും തിരഞ്ഞെടുക്കുന്നവ ഞങ്ങൾ പ്രസിദ്ധീകരിക്കും. vanithastories@gmail.com എന്ന ഈ മെയിൽ ഐഡിയിലേക്കോ 7356000575 എന്ന വാട്സാപ്പ് നമ്പറിലേക്കോ അയച്ചു തരിക.