ADVERTISEMENT

പൂര്‍ണ ആരോഗ്യവാനായി രാത്രി ഉറങ്ങിയ കുട്ടി പുലര്‍ച്ചെ മരിച്ചുകിടക്കുന്ന സങ്കടകരമായ അവസ്ഥയുണ്ടാകാം. ഇതാണ് സിഡ്സ് (SIDS-Sudden Infant Death Syndrome). ശ്വസനം നിയന്ത്രിക്കുന്ന തലച്ചോറിലെ നാഡീവ്യൂഹങ്ങളുടെ തകരാറോ വളര്‍ച്ചക്കുറവോ ആണ് ഇതിനു അടിസ്ഥാന കാരണം.

ഒരു മാസം മുതല്‍ ഒരു വര്‍ഷം വരെ പ്രായമുള്ള കുട്ടികളിലാണ് സാധാരണ ഇതു സംഭവിക്കാറ്. ഗര്‍ഭാവസ്ഥയിലുള്ള അമ്മയുടെ പുകവലി, മദ്യപാനം, മാസം തികയാതെയുള്ള പ്രസവം, ജനിക്കുമ്പോഴുള്ള തൂക്കക്കുറവ് എന്നിവ സിഡ്സ് വരാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. മുലപ്പാല്‍ കുടിക്കുന്ന കുട്ടികളിലും കരച്ചിൽ ശമിപ്പിക്കാനായി വായിൽ വച്ചുകൊടുക്കുന്ന സൂത്തർ (Soother) ഉപയോഗിക്കുന്ന കുട്ടികളിലും ഇതിനു സാധ്യത കുറവായാണ് കാണുന്നത്.

ADVERTISEMENT

എൺപതുകളില്‍ പാശ്ചാത്യ രാജ്യങ്ങളില്‍ ഇത്തരം മരണം വളരെ ഏറെയായിരുന്നു. കുട്ടികള്‍ കമിഴ്ന്നു കിടന്നുറങ്ങുന്നതാണ് ഇതിന് ഒരു പ്രധാന കാരണമായി കണ്ടെത്തിയത്. ഒന്നര വര്‍ഷത്തിനു മുൻപ് പൂണെയില്‍ ഇതുപോലൊരു സംഭവമുണ്ടായപ്പോൾ അച്ഛൻ കുട്ടിക്കു കാർഡിയാക് മസാജ് നൽകി ജീവൻ രക്ഷിച്ച സംഭവത്തോടെ ഈ അവസ്ഥയ്ക്കു വലിയ പ്രചാരം കിട്ടി. ഇത്തരം മരണം ഒഴിവാക്കാൻ ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാം

∙ കുഞ്ഞിനെ കമിഴ്ത്തിക്കിടത്തി ഉറക്കരുത്.

ADVERTISEMENT

∙ താരതമ്യേന കട്ടിയുള്ള കിടക്കയില്‍ വേണം കുട്ടിയെ കിടത്താന്‍.

∙കുഞ്ഞിനെ അച്ഛനും അമ്മയും കിടക്കുന്ന കട്ടിലില്‍ കൂടെ കിടത്താതെ ആ മുറിയില്‍ തന്നെ മറ്റൊരു കട്ടിലിലോ തറയിലോ വേണം കുഞ്ഞിനെ കിടത്തിയുറക്കാന്‍.

ADVERTISEMENT

∙ കുഞ്ഞു കിടക്കുന്നിടത്ത് വളരെ മൃദുവായ തലയിണകളോ പഞ്ഞി കൊണ്ടുള്ള കളിപ്പാട്ടങ്ങളോ വയ്ക്കാന്‍ പാടില്ല.

∙ കുഞ്ഞിന്റെ മുഖം ഒരിക്കലും തുണികൊണ്ട് മറയ്ക്കരുത്.

ഡോ. എസ്. ഹരികൃഷ്ണൻ

പ്രഫസർ, കാർഡിയോളജി

ശ്രീ ചിത്രതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ്, തിരുവനന്തപുരം

ADVERTISEMENT