Monday 07 March 2022 01:18 PM IST : By എഴുതിയത്: Dr. Sruthy E J

സ്ത്രീകളുടെ ഒരുങ്ങൽ സമൂഹത്തിനെന്നും ഒരു കോമഡിയാണ്; സത്യത്തിൽ, സ്ത്രീകൾ എന്തിനു അണിഞ്ഞൊരുങ്ങണം?

woman-bbbb667 Dr. Sruthy E J

സ്ത്രീകളുടെ ഒരുങ്ങൽ സമൂഹത്തിനെന്നും ഒരു കോമഡിയാണ്. പക്ഷേ, പ്രായം ചെല്ലുന്തോറും ഇതേ സ്ത്രീകളിൽ അണിഞ്ഞൊരുങ്ങാനുള്ള താല്പര്യം കുറഞ്ഞു വരുന്നത് സമൂഹം ശ്രദ്ധിക്കാറേയില്ല. നമുക്കു പൈങ്കിളിയായ ഒരുങ്ങൽ സായിപ്പിന്റെ ഗ്രൂമിങ്ങിലേക്ക് (grooming) എത്തുമ്പോൾ അത് പദവിയേയും നിലവാരത്തേയും നിശ്ചയിക്കുന്ന ഒന്നായി മാറുന്നു. ജീവിതത്തോട് താത്പര്യവും ആത്മവിശ്വാസവും ഉള്ളവർക്ക് മാത്രമേ ഒരുങ്ങാനുള്ള താല്പര്യം ഉണ്ടാവുകയുള്ളൂ. വ്യായാമവും ഭക്ഷണവുമെല്ലാം ക്രമീകരിച്ച് യുവത്വം നിലനിർത്താനുള്ള ഒരാളുടെ ആഗ്രഹം ഈ പ്രതീക്ഷയിലേക്കുള്ള കാൽവെപ്പാണ്.

പഠന നിലവാരത്തിനും കഴിവിനും അനുസരിച്ചുള്ള ജീവിതാവസ്ഥയിലേക്ക് എത്താതിരിക്കുകയും, സമൂഹത്തിന്റെയും, കുടുംബത്തിന്റേയും കെട്ടുപാടുകളും കാരണം ഒരു പ്രായം കഴിഞ്ഞാൽ ഒരു ഉൾവലിയൽ എല്ലാവരിലും സ്വാഭാവികമാണ്. പഠിച്ചു, ജോലി വാങ്ങി, കല്യാണം കഴിച്ചു, കുട്ടികളെ ഉണ്ടാക്കി, പിന്നെയാ കുട്ടികൾക്ക് വേണ്ടി ജീവിച്ചു മരിക്കുന്നതാണ് മഹത്തായ ജീവിതമെന്നു വിശ്വസിക്കുന്ന ഒരു സമൂഹത്തിൽ ഒരു പുരുഷനേക്കാൾ എത്രയോ ചെറിയ വട്ടത്തിലേക്കാണ് ഒരു സ്ത്രീയുടെ ജീവിതം എത്തിപ്പെടുന്നത്. കുടുംബത്തിന്റെ നാലു ചുമരുകൾക്കപ്പുറത്തേക്ക് മറ്റൊരു കാര്യത്തിലും ഒരു അഭിപ്രായം പോലും രൂപപ്പെടുത്തേണ്ട ആവശ്യകതയില്ലാത്ത അവസ്ഥ.

എപ്പോഴും മറ്റുള്ളവരാൽ നിയന്ത്രിക്കപ്പെട്ടു, മറ്റുള്ളവരെ ആശ്രയിച്ചു, ചുറ്റുമുള്ളവരുടെ ഇഷ്ടങ്ങൾക്കനുസരിച്ചു ജീവിക്കേണ്ടി വരുമ്പോൾ ആത്മവിശ്വാസവും അതുവഴി ആത്മാഭിമാനം പോലും നഷ്ടപ്പെട്ടവരായി സ്ത്രീകൾ മാറുന്നു. നമ്മൾ നമുക്കുതന്നെ വിലയില്ലാതായി തീരുന്നതിനേക്കാൾ വലിയ അവസ്ഥയൊന്നും ഒരു വ്യക്തിയുടെ ജീവിതത്തിൽ വരാനില്ല. പല കാര്യങ്ങളും ഒരുമിച്ചു ചെയ്തു സൂപ്പർ വുമൺ പട്ടം നല്കപ്പെട്ടു, മാതൃകാ സ്ത്രീത്വമായി ആദരിക്കപ്പെടുമ്പോഴും, സ്വന്തം കാര്യങ്ങൾ ശ്രദ്ധിക്കാൻ സമയമില്ലാതെ സ്വന്തമായി അഭിപ്രായമോ താൽപ്പര്യങ്ങളോ വളർത്തിയെടുക്കാൻ അവസരങ്ങളില്ലാതെ വരുമ്പോൾ അത് നിസ്സഹായതയിലേക്കും, നിർവികാരികതയിലേക്കും, അതിനേക്കാളുപരി വെറുപ്പിലേക്കും മടുപ്പിലേക്കുമാണ് ജീവിതത്തെ കൊണ്ടെത്തിക്കുന്നത്. പലവിധ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കാൻ ജീവിതത്തിന്റെ ഈ അരക്ഷിതാവസ്ഥക്ക് കഴിയും. 

കേവലം ഇരുപത്തിയെട്ടു ദിവസങ്ങളുടെ ഇടവേളകളിൽ പോലും വലിയ മാറ്റങ്ങളിലൂടെ കടന്നുപോകുന്ന സ്ത്രീ ശരീരത്തെ സമ്മർദ്ദത്തിലാക്കാൻ ഈ മാനസികാവസ്ഥയ്ക്ക് എളുപ്പത്തിൽ കഴിയും. മേൽപ്പറഞ്ഞ ഒരുങ്ങൽ ഒരു മാനസിക വ്യായാമമാകുന്നത് ഇവിടെയാണ്‌. സ്വന്തം ശരീരം സംരക്ഷിക്കാൻ വേണ്ടിയും, സന്തോഷം തരുന്ന ചെറിയ ചെറിയ കാര്യങ്ങൾ ചെയ്യുന്നതിന് വേണ്ടിയും അല്പം സമയം മാറ്റിവെക്കാം.. ഈ ജീവിതം വിലപ്പെട്ടതും സന്തോഷകരവുമാക്കാവുന്ന ഒന്നാണെന്നു സ്വയം ബോധ്യപ്പെടുത്താൻ..