‘വെള്ളമടിച്ചു കോൺ തിരിഞ്ഞു പാതിരയ്ക്കു വീട്ടിൽ വന്നു കേറുമ്പോൾ ചെരിപ്പൂരി കാ ലു മടക്കി ചുമ്മാ തൊഴിക്കാനും തുലാവർഷരാത്രികളിൽ ഒരു പുതപ്പിനടിയിൽ സ്നേഹിക്കാനും എന്റെ കുഞ്ഞുങ്ങളെ പെറ്റു പോറ്റാനും ഒടുവിൽ ഒരു നാൾ വടിയായി തെക്കേപ്പറമ്പിലെ പുളിയൻ മാവിന്റെ വിറകിനടിയിൽ എരിഞ്ഞു തീരുമ്പോൾ നെഞ്ചുതല്ലി കരയാനും എനിക്കൊരു പെണ്ണിനെ വേണം...’’ ആണുങ്ങളായ ആണുങ്ങളുടെയൊക്കെ മ നസ്സിൽ നിറഞ്ഞു നിൽക്കുന്ന ‘ഇന്ദുചൂഡന്റെ ആണത്തമുള്ള ഈ പ്രൊപ്പോസലിൽ ’ നിന്നു തുടങ്ങാം.
പുതിയ കാലത്തെ യുവാക്കൾക്കു തമാശയായെങ്കിലും ഇങ്ങനെ പ്രൊപ്പോസ് ചെയ്യാനുള്ള അവസരം ഇനി ഉണ്ടോ എന്നു ചോദിക്കുന്നതിനൊപ്പം അതിനു ധൈര്യമുണ്ടോ എന്നു കൂടി ചിന്തിക്കണം. കാരണം അത്തരം ഒരു സാമൂഹിക സാഹ ചര്യത്തിലേക്കാണു കാര്യങ്ങൾ നീങ്ങുന്നത്. കുറച്ചു നാളുകളായി പൊതുസമൂഹത്തിന്റെ ചർച്ചാവിഷയമാകുന്നതു പുതി യ കാലത്തെ പെൺകുട്ടികൾക്കു വിവാഹജീവിതത്തോടു താ ൽപര്യം കുറയുന്നു എന്ന ഒരു വിലയിരുത്തലാണ്. എന്നാൽ ഗാമോഫോബിയ അഥവാ വിവാഹപ്പേടി എന്ന രീതിയിലാണ് ഇതു പ്രചരിക്കുന്നത്.
പുര നിറഞ്ഞ് പെണ്ണിന്റെ നിലപാടുകൾ
30 കളിലും 35 കളിലും പ്രായമെത്തിയിട്ടും വിവാഹത്തോട് അ നുകൂലമായി പ്രതികരിക്കാത്ത യുവതികളെ ഇന്നു ധാരാളം കാണാം. പെൺമക്കളുടെ പ്രായം 25 കടക്കുമ്പോൾ ആധിയിലുരുകുന്ന അമ്മമാരെയും കാണാം .‘ഞങ്ങൾ സന്തോഷമായി ജീവിക്കുന്നതു നിങ്ങൾക്കു സഹിക്കുന്നില്ലേ? എന്നൊരു ചോദ്യമാണ് ഇവർ തിരിച്ചു ചോദിക്കുന്നത്. സ്വാതന്ത്ര്യവും സമാധാനവും സന്തോഷവും ജീവിതത്തിൽ വേണം എന്നതിനാൽ വിവാഹത്തോടു താൽപര്യമില്ല എന്നു പുതിയ കാലത്തെ കുറേ പെൺകുട്ടികൾ തീരുമാനിക്കുമ്പോൾ അതു ഗാമോഫോബിയ ആണോ?
ആൺകോയ്മ കൂടാതെ സ്വാതന്ത്ര്യത്തിന്റെയും സമാധാനത്തിന്റെയും ആനന്ദത്തിന്റെയും തിരിച്ചറിവുകളിലേയ്ക്കാണോ ഈ പെൺകുട്ടികൾ നീങ്ങുന്നത് ? അവരുടേത് അസ്സൽ നിലപാടു തന്നെയാണ്. എന്നാൽ ഉത്കണ്ഠയും ഭയവും മൂലം വിവാഹം ഒഴിവാക്കുന്ന കുറച്ചുപേരും കൂട്ടത്തിലുണ്ട്. മാത്രമല്ല ഭ്രമം പോലെ ചില ട്രെൻഡുകൾ പടരുമ്പോൾ കൂടെപ്പോകുന്നവരും പിന്നീടു പശ്ചാത്തപിക്കുന്നവരുമുണ്ട്. അതു കൊ ണ്ട്, ഗാമോഫോബിയ എന്നു ചുരുക്കാവുന്ന വിഷയമല്ലിത്.
ഗാമോഫോബിയയെ അറിയാം
വിവാഹത്തോടുള്ള യുക്തിരഹിതമായ ഭയം എന്നാണ് ഗാമോഫോബിയ എന്ന പദം അർഥമാക്കുന്നത്. ഉത്തരവാദിത്തപൂർണമായ ഒരു ബന്ധത്തിൽ ഏർപ്പെടുന്നതിനുള്ള ഭയം കൂടിയാണിത്. അധികമായ ഹൃദ്സ്പന്ദനം, അമിതമായി വിയർക്കൽ, ദഹനപ്രശ്നങ്ങൾ, നെഞ്ചുവേദന പോലുള്ള ശാരീരികാസ്വാസ്ഥ്യങ്ങൾ, മാനസിക അസ്വാസ്ഥ്യങ്ങൾ എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളായി വിലയിരുത്തപ്പെടുന്നു.
ഗാമോഫോബിയയോട് അനുബന്ധിച്ചു മറ്റു ചില ഫോബി യകളും കാണുന്നുണ്ട്. സ്നേഹത്തോടുള്ള ഭയമായ ഫിലോഫോബിയ. മറ്റുള്ളവരെ വിശ്വസിക്കാൻ ഇവർക്കു ഭയം ഉണ്ട്. - പിസ്താൻത്രോഫോബിയ എന്നാണ് ഇതിനു പറയുന്നത്. ലൈംഗികതയോടുള്ള ഭയമാണ് അടുത്തത്. ഇതും ഗാമോ ഫോബിയയോടു ചേർന്നു കാണാറുണ്ട്. ഇതിനു ജീനോ
ഫോബിയ എന്നു പറയും. തങ്ങളെ ഉപേക്ഷിച്ചു പോകുമോ എന്നു ഭയപ്പെടുന്നവരുണ്ട്. ചുരുക്കത്തിൽ ഗാമോഫോബിയയിൽ അന്തർലീനമായ ചില ഭയങ്ങളുണ്ട്.
ഇതെന്റെ ജീവിതമാണ് ...
വിവാഹത്തോടുള്ള ഭയമല്ല ഇന്നു പ്രസക്തമാകുന്ന വിഷയം- പെൺകുട്ടികളിൽ വിവാഹതാൽപര്യം കുറയുന്നുണ്ടോ എന്നതാണ്. ‘‘പെൺകുട്ടികളുടെ വിവാഹപ്രായം പൊതുവെ കൂടിവരുകയാണ്. വിവാഹപ്രായം എന്ന പഴയ സങ്കൽപത്തെ ആ രും ഇന്നു പിൻതുടരുന്നില്ല. ഇപ്പോഴും ആൺകുട്ടികൾ വിവാഹത്തിനൊരുങ്ങുമ്പോൾ പഴയ സമ്പ്രദായപ്രകാരം തങ്ങളേക്കാൾ ചെറുപ്പമായ പെൺകുട്ടികളെ തിരയാം. അപ്പോൾ കിട്ടിയെന്നു വരില്ല. അങ്ങനെ ഒരു യങ് പാർട്ണറുടെ ലഭ്യതയാണോ ഇവിടെ കുറഞ്ഞത് എന്നു ചിന്തിക്കേണ്ടതാണ് ’’ - കോ ഴിക്കോട് മെഡി. കോളജിലെ സൈക്യാട്രി വിഭാഗം അസോസിയേറ്റ് പ്രഫസറായ ഡോ. സ്മിത സി. എ. പറയുന്നു.
വിദ്യാഭ്യാസം , തൊഴിൽ മേഖലയിലെ മുന്നേറ്റം , സാമ്പത്തിക സുസ്ഥിരത എന്നിവയ്ക്കായി പുതിയ കാലത്തെ പെൺകുട്ടികൾ സമയവും ഉൗർജവും കൂടുതൽ വിനിയോഗിക്കുന്നു. 18 വയസ്സിലും മറ്റും പെൺമക്കളെ വിവാഹം ചെയ്തയയ്ക്കാൻ വിദ്യാസമ്പന്നരായ മാതാപിതാക്കളും ഇന്നു തയാറല്ല. വിദ്യാഭ്യാസം കൂടുമ്പോൾ പെൺകുട്ടി തന്റെ ശരീരത്തെയും ആരോഗ്യത്തെയും കുറിച്ചും ബോധവതിയാകുകയാണ്. വംശം നിലനിൽക്കുക എന്ന സങ്കൽപമാണല്ലോ വിവാഹത്തെ സംബന്ധിച്ച് അടിസ്ഥാനകാര്യമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പക്ഷേ ജീവിതത്തെക്കുറിച്ചു കൂടുതൽ ഉൾക്കാഴ്ച നേടുന്ന പുതു പെൺതലമുറ അവിടെ മാറിചിന്തിച്ചുതുടങ്ങുന്നു. പ്രസവവും കുഞ്ഞുങ്ങളുടെ പരിചരണവും അതിനായുള്ള ശാരീരിക ക്ലേശങ്ങളും മാത്രമാണോ തങ്ങളിലെ സ്ത്രീത്വത്തിനു പൂർണത നൽകുന്നത് എന്നവൾ സ്വയം ചോദിക്കുന്നു.
തീരുമാനങ്ങളിൽ ബോൾഡ് ആകുന്നതും സാമ്പത്തികസ്വാതന്ത്ര്യവും പ്രധാനഘടകമാണ്. സ്വന്തമായി ജോലിയും വരുമാനവും ഉള്ളവരുടെ ഇടയിലാണ് പുതിയ പ്രവണതക ൾ കൂടുതൽ. അവൾ തീരുമാനങ്ങളിലും പുതിയ നിലപാടുകൾ എടുക്കും. കാരണം വിവാഹം ഒരു സാർവത്രിക ആ വ ശ്യം അല്ല. ‘എല്ലാവരും കല്യാണം കഴിക്കുന്നു. അതുകൊണ്ടു ഞാനും’ എന്ന കാലവും ചിന്തയും ഇനി തിരശ്ശീലയ്ക്കപ്പുറത്താണ്.
ഞാനാര് കെയർടേക്കറോ?
പഴയ തലമുറയുടെ കാര്യമെടുത്താൽ പുരുഷൻ വിവാഹം ക ഴിക്കുന്നതിലൂടെ ഒരു അധികാരകേന്ദ്രമാകുന്ന ഭാവം അണിയുകയാണ്. പെൺകുട്ടിയുടെ ജീവിതം മാറുകയുമാണ്. ഇനി ജീവിതം തന്നെയും നിന്റെ നിയന്ത്രണത്തിലല്ല എന്നൊരു ബോധ്യം നൽകിയാണ് ഒാരോ പെൺകുട്ടിയെയും വിവാഹത്തിലേയ്ക്ക് ഒരുക്കുന്നത്. പുതിയ ജോലികൾ, ഉത്തരവാദിത്തങ്ങൾ, അപ്ഡേറ്റു ചെയ്യുന്ന പെരുമാറ്റ രീതികൾ...അങ്ങനെ വിവാഹത്തോടെ ഒരു പെൺകുട്ടി കെയർടേക്കറാകുകയാണ്.അവളെ സംബന്ധിച്ചു വ്യക്തിപരമായ പ്രാധാന്യമുള്ള പല കാര്യങ്ങളും തുടർന്ന് അപ്രസക്തമാകുന്നു.
‘‘ വിവാഹത്തോടെ ഒരുപാടു കാര്യങ്ങൾ ഒരുമിച്ചു ചെയ്യേണ്ട സ്ഥിതി വരുന്നു. അപ്പോൾ പഠനം കഴിയാതെ, ജോലി നേടാതെ വിവാഹം കഴിക്കുന്നില്ല എന്ന പെൺകുട്ടികളുടെ തീരുമാനത്തിൽ അദ്ഭുതപ്പെടേണ്ടതില്ല. എല്ലാവർക്കും വേണ്ടി സഹിക്കുക എന്നു സമൂഹം അവരെ കാലങ്ങളായി പഠിപ്പിച്ചു വരുന്നു. അതിൽനിന്നു പെൺകുട്ടികൾ മാറി ചിന്തിച്ചു തുടങ്ങി ’’- ഡോ. സ്മിത വിശദമാക്കുന്നു. കാര്യങ്ങളുടെ ഗതി മാറിയെങ്കിലും പെൺകുട്ടികളുടെ മനസ്സിലും സമൂഹത്തിലും കുടുംബബന്ധങ്ങളുടെ പ്രാധാന്യം ഇല്ലാതായെന്നു പറയാനുള്ള തെളിവുകളും ലഭ്യമല്ല. കാരണം ഒറ്റയ്ക്കു ജീവിക്കുന്ന പെൺകുട്ടികളിൽ ഭൂരിഭാഗവും കുടുംബത്തിന്റെ പിന്തുണ സ്വീകരിക്കുന്നുണ്ട്.
സമൂഹ മാധ്യമങ്ങളിലും മറ്റും വരുന്ന വാർത്തകളിൽ സ്ത്രീധനപീഡന മരണം, പങ്കാളിയിൽ നിന്നുള്ള അതിക്രമങ്ങൾ, പങ്കാളിയുടെ മാതാപിതാക്കളിൽ നിന്നുള്ള ബുദ്ധിമുട്ടുകൾ എ ന്നിവ സമീപകാലത്തു കൂടുതലായി കാണാം - സ്വയം തുനിഞ്ഞിറങ്ങി എന്തിന് ഇതൊക്കെ അഭിമുഖീകരിക്കണം എന്നു പുതിയ പെൺകുട്ടികൾ ചിന്തിക്കുന്നതിൽ അസ്വാഭാവികതയുണ്ടോ? ഭയാശങ്കകളില്ലാതെ സുരക്ഷിതവും സ്വതന്ത്രവുമായ ഒരു സ്‌പെയ്സ് സൃഷ്ടിക്കാനാകുമെന്നു പുതിയ പെൺകുട്ടികൾക്ക് ആത്മവിശ്വാസമുള്ളപ്പോൾ, എന്തിനീ വയ്യാവേലി എന്നവർ ചിന്തിക്കുന്നതു സ്വാഭാവികമല്ലേ?
‘‘ വേണ്ടത്ര രീതിയിൽ ലൈംഗിക വിദ്യാഭ്യാസം കിട്ടാത്ത ചില പെൺകുട്ടികളിൽ പ്രസവം, കുട്ടികളെ വളർത്തൽ എന്നിവയൊക്കെ ഭയം ഉണ്ടാക്കാം. എന്നാൽ കല്യാണം കഴിക്കാത്ത എല്ലാ പെൺകുട്ടികളും പ്രസവിക്കാനുള്ള ഭയം കൊണ്ടാണു വിവാഹം ഒഴിവാക്കുന്നത് എന്നു പറയാനാകില്ല. മാനസികാരോഗ്യപ്രശ്നങ്ങൾ, ബാല്യകാല ദുരുപയോഗത്തിന്റെ ഉണങ്ങാത്ത മുറിവുകൾ ഇവയൊക്കെ അവരിൽ അസ്വസ്ഥതയും ഇൻഹിബിഷനും വരുത്താം. നിർബന്ധിച്ച് കല്യാണം ക ഴിപ്പിച്ച് ബുദ്ധിമുട്ടിലായവരും ക്ലിനിക്കിൽ വരാറുണ്ട്. വിവാഹം ഒഴിവാക്കുന്നത് ഒരു മാനസിക പ്രശ്നമല്ല. എന്നാൽ ചില മാനസിക പ്രശ്നമുള്ളവർക്കു വിവാഹത്തോടു വിരക്തിയുണ്ടാകാം ’’. ഡോ. സ്മിത പറയുന്നു.
വിവാഹമാണോ ആനക്കാര്യം?
പെൺകുട്ടികൾ വിവാഹം വേണ്ട എന്നു പറയുന്നുവെങ്കിൽ പിന്നിൽ ശാരീരികവും മാനസികവും സാമൂഹികവും നിയമപരവും സാമ്പത്തികപരവും സൗന്ദര്യാത്മകവുമായ കാരണങ്ങളുണ്ടെന്നു മെഡിക്കൽ വിദ്യാഭ്യാസ വിദഗ്ധൻ കൂടിയായ ഡോ. എംകെസി നായർ വിശദീകരിക്കുന്നു.43 വർഷത്തെ കൗൺസലിങ് അനുഭവസമ്പത്തിലൂടെ 65,000 കുടുംബങ്ങൾക്കു വെളിച്ചം പകർന്ന മനശ്ശാസ്ത്രജ്ഞനാണ് അദ്ദേഹം.
‘‘ ഇന്നത്തെ പെൺകുട്ടികൾ വളരെ ആഹ്ലാദകരമായി ജീവിച്ചു വരുകയാണ്. ആ ജീവിതം മറ്റൊരാളിനൊപ്പമാകുന്നതിൽ അവർക്കു താൽപര്യമില്ല. പണ്ടുകാലത്ത് വീട്ടിലെ വിരസതയിൽ നിന്നു രക്ഷപെടാനുള്ള എക്സൈറ്റ്മെന്റ് ആയിരുന്നു വിവാഹം. ഇപ്പോൾ അതില്ല. വിവാഹശേഷം അനുഭവവേദ്യമാകുന്ന പല കാര്യങ്ങളും മുൻപേ അറിയാമെന്ന ധാരണയുണ്ട്. എല്ലാവരുമല്ല, ചെറിയ ശതമാനം. അവരൊക്കെ വിചാരിക്കുന്നുണ്ട്. വിവാഹത്തിൽ വലിയ ആനക്കാര്യമൊന്നുമില്ല, രഹസ്യാത്മകതയും പുതുമയുമില്ല എന്ന് ’’ .
ഒരാളിനെ ഇഷ്ടപ്പെടുക എന്നാൽ ആ സങ്കൽപത്തെയാണു നാം ഇഷ്ടപ്പെടുന്നത്. പഴയ കാലത്തെ സ്ത്രീക്ക് ഭർത്താവ് എന്ന സങ്കൽപം ഫാന്റസി ആയിരുന്നു.
പുതിയകാലത്തെ പെൺകുട്ടികൾക്ക് ലൈംഗികതയോടുവിരക്തി തോന്നിത്തുടങ്ങിയിട്ടുണ്ട്. പുരുഷന്റെ ലൈംഗികാവയവത്തോടു തോന്നുന്ന അറപ്പു മുതൽ ലൈംഗികതയോടുള്ള താൽപര്യമില്ലായ്മ വരെ പിന്നിൽ നിഴലിക്കുന്നു. ലൈംഗികതയിൽ പുരുഷനാണു മേൽക്കോയ്മ എന്നു പെൺകുട്ടികൾ മനസ്സിലാക്കിയിരിക്കുന്നു. പുരുഷന്റെ ആവശ്യത്തിനായി ഉപയോഗിക്കപ്പെടുന്നു എന്നല്ലാതെ അവിടെ പരിഗണിക്കപ്പെടുന്നില്ലെന്ന ചിന്തയും ഈ പെൺകുട്ടികളുടെ മനസ്സിലുണ്ട്. ലൈംഗികതയിൽ സ്ത്രീക്ക് ഒന്നും ലഭിക്കുന്നില്ല എന്നു വിവാഹിതരായ സുഹൃത്തുക്കളിൽ നിന്ന് ഈ പെൺകുട്ടികൾ അറിയുന്നു.
‘കാര്യം കാണുന്ന’ പ്രണയം
പ്രണയം എന്നു പറയുന്നതൊക്കെ കള്ളമാണെന്നൊരു തോന്നലും പെൺകുട്ടികളുടെ ഉപബോധ മനസ്സിലുണ്ട്. ‘‘ കാര്യം ക ണ്ടു സ്ഥലം വിടുന്നവരുടെ ഇടം കൂടിയാണതെന്ന് അവർ തിരിച്ചറിയുന്നു. കെയർ ആണ് അവർക്ക് ആവശ്യം. ആവശ്യങ്ങളിൽ കൂടെ നിൽക്കുന്നവരെയാണ് അവൾ വിലമതിക്കുന്നത്. ആയിരം തവണ െഎ ലവ് യു പറയുന്ന ആളെയല്ല. സ്വന്തം അച്ഛനേയും അമ്മയേയും അവരുടെ കുറവുകളോടെ ഉൾക്കൊള്ളാൻ കഴിയുന്ന പുരുഷന് എന്തുകൊണ്ട് ഭാര്യയെ അതേ പോലെ ഉൾക്കൊള്ളാനാകുന്നില്ല എന്നൊരു ചിന്തയ്ക്കും പ്രസക്തിയുണ്ട്.‘‘ ഹൈസ്കൂൾ കാലത്താണ് മിക്ക കുട്ടികളുടെയും മനസ്സിൽ പ്രണയം ഉടലെടുക്കുന്നത്. വീട്ടുകാരുടെ നി
ർബന്ധവും മറ്റു സാഹചര്യങ്ങളും കാരണം അവ അടിച്ചമർത്തി കടന്നു പോകും. പിന്നീടു വിവാഹമാലോചിക്കുന്ന സമയത്ത് അത്തരം തോന്നലുകളും ഉണ്ടാകില്ല. ഒരു തോന്നൽ ഉണ്ടായാൽ തന്നെ ജാതിയുടെയും മതത്തിന്റെയും നൂലാമാലകളും ഉണ്ടാകാം. അപ്പോൾ എന്തിനു റിസ്ക് എടുക്കണം എന്ന് ഈ കുട്ടികൾ ചിന്തിക്കാം. ’’ ഡോ. എംകെസി നായർ വിശദമാക്കുന്നു.
∙ വൃത്തിയില്ലാത്ത പങ്കാളിയെ സ്ത്രീക്ക് ഉൾക്കൊള്ളാനേ കഴിയില്ല. ആദ്യരാത്രിയെ പേടിക്കുന്നവരുമുണ്ട്. അവരുടെ മ നസ്സിൽ വേദന പ്രശ്നമാണ്. അതും വിവാഹം ഒഴിവാക്കാൻ ഒരു കാരണമാകാം.
∙ സാമ്പത്തിക സ്വാതന്ത്ര്യം ഉള്ളതിനാൽ സ്വന്തം ഇഷ്ടങ്ങൾക്കായി പണം വിനിയോഗിക്കാൻ പുതിയ കാലത്തെ പെൺകുട്ടികൾ ആഗ്രഹിക്കുമ്പോൾ അതിലേക്ക് മറ്റൊരാൾ ഇടപെടുന്നത് അവർ ഇഷ്ടപ്പെടുന്നില്ല.
∙ വിവാഹം നിയമപരമായി വലിയൊരു കുരുക്കാണ്,പെട്ടു
പോയാൽ ഇറങ്ങിപ്പോരാൻ വലിയ ബുദ്ധിമുട്ടാണ് എന്ന ചിന്തയുണ്ട് മിക്കവർക്കും.
∙ വിവാഹം ചെയ്തില്ലെങ്കിൽ അതൊരു കുറവായി കണ്ടിരുന്നു പഴയ തലമുറ. ഇന്ന്, വിവാഹം കഴിക്കുന്നില്ല എന്നു തീരു മാനത്തിലുറച്ചു നിൽക്കുന്നവരും ചേരാത്ത വിവാഹബന്ധത്തിൽ നിന്നിറങ്ങിപ്പോന്നവരും അവരുടെ നിലപാടുകളിൽ ഉ റച്ചു നിൽക്കുന്നു.
∙ ഭർത്താവിന്റെ ഇഷ്ടങ്ങൾക്കു വേണ്ടി തോറ്റു കൊടുക്കുന്ന ഭാര്യ എന്നൊരു രീതി പണ്ടുണ്ടായിരുന്നു. ഇന്ന് തുല്യതയ്ക്കാണ് പ്രാധാന്യം. എന്നാൽ തുല്യത എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പങ്കാളിയെ പരിഗണിക്കണം എന്നതാണ് പ്രായോഗികമായ കാര്യം
∙. വിവാഹകർമങ്ങൾക്കു പഴയ പവിത്രതയില്ല എന്നൊരു ചിന്തയുമുണ്ട്.
‘എനിക്കു സ്നേഹം വേണം, അതു പ്രകടമായിത്തന്നെ കിട്ടണം. അകത്തു സ്നേഹമുണ്ട് അതു പ്രകടിപ്പിക്കാനാകില്ല എ ന്നതിൽ ഞാൻ വിശ്വസിക്കുന്നില്ല’ എന്ന മാധവിക്കുട്ടിയുടെ നിലപാടിന് ഇവിടെ പ്രാധാന്യമേറുകയാണ്.
തനിക്ക് എന്തു വേണം എന്നു ചിന്തിക്കാനുള്ള കഴിവ് പങ്കാളിക്കുണ്ടോ എന്നതു പ്രധാനമാണ്. തന്റെ മനസ്സു മനസ്സിലാക്കുന്നതിനു കഴിയുമോ? ഞാനായി അംഗീകരിക്കുമോ? എന്നൊക്കെയാണ് അവരുടെ ചിന്ത. സ്നേഹം പ്രകടിപ്പിക്കുന്നതിൽ ഒ രു പിശുക്കും കാണിക്കാത്ത പങ്കാളിയെയാണ് പെൺകുട്ടികൾ ആഗ്രഹിക്കുന്നത്. ഇതിനിടയിൽ കന്യകാത്വത്തെ സംബന്ധിച്ചും ചിലർക്ക് നിലപാടുകളുണ്ട്.
അറിയണം ചില സത്യങ്ങൾ
‘‘ വിവാഹത്തോടു വിരക്തിയുമായി ഒരു കുട്ടി വന്നാൽ കുട്ടിക്കാലത്ത് ദുരുപയോഗം ഉണ്ടായിട്ടുണ്ടോ എന്നാണു നോ ക്കുന്നത്. ദുരുപയോഗം എന്നു തെറ്റിധരിക്കുന്ന കാരണങ്ങളും ആകാം. മാതാപിതാക്കളുടെ ബന്ധം വഷളാണെങ്കിൽ വിവാഹത്തോടു വിരക്തി തോന്നും. ഇവരുടെ ലൈംഗികതയുടെ യഥാർഥ ചിത്രവും അറിയണം. സ്ത്രീ - പുരുഷ ലൈംഗികതയാണോ സെയിം സെക്സ് താത്പര്യങ്ങളാണോ എന്നത്.
പുരുഷന്റെയും സ്ത്രീയുടെയും ലൈംഗികതയിൽ ചില വ്യത്യാസങ്ങളുണ്ട്. പുരുഷനു കാഴ്ചയാണ് പ്രധാനം. സ്ത്രീക്ക് പ്രാധാന്യം സ്നേഹപരിലാളനങ്ങൾക്കാണ്. പുതിയ കാലത്തെ ആൺകുട്ടികൾക്ക് സ്ത്രീ എന്താണെന്നു മനസ്സിലാക്കാനുള്ള അവസരം കിട്ടിയിട്ടില്ല. അതുകൊണ്ടു തന്നെ പ്രീ മാരിറ്റൽ ഹെൽത് കൗൺസലിങ് നൽകുക എന്നതാണ് ഭാഗികമായ പരിഹാരം. ലൈംഗികതയിലൂടെ പകരുന്ന അണുബാധകളെക്കുറിച്ച് പെൺകുട്ടികൾക്ക് നല്ല ഭയമുണ്ട്. എങ്കിലും പ്രണയത്തിന്റെ ഭാഗമായി ചില ലൈംഗികസാഹസങ്ങളിൽ ചിലരെങ്കിലും ഏർപ്പെടുന്നുമുണ്ട്. പാശ്ചാത്യസംസ്കാരത്തിന്റെ കടന്നു കയറ്റം ഇവിടെ കാണാനാകുന്നുണ്ട് ’’. ഡോ. എംകെസി നായർ പറയുന്നു.
പുതിയ വീക്ഷണങ്ങൾ
ഗാമോഫോബിയയ്ക്കു പിന്നിൽ രണ്ടു വീക്ഷണങ്ങളുണ്ട്. സ്ത്രീയുടെ കാഴ്ചപ്പാടും മനശ്ശാസ്ത്രപരമായ കാഴ്ചപ്പാടും. ‘‘ കുട്ടിക്കാലത്തെ അനുഭവങ്ങൾ, തകർന്ന കുടുംബബന്ധങ്ങൾ, വിവാഹമോചിതരായ മാതാപിതാക്കൾ... സ്വരച്ചേർച്ചയില്ലാത്ത മാതാപിതാക്കളുടെ കൂടെ വളരുന്നവർ...ഇവരൊക്കെ മുതിർന്നു കഴിയുമ്പോൾ ഇതാണു വിവാഹം. അതിനാൽ അത്തരം അനുഭവങ്ങൾ തങ്ങൾക്കു വേണ്ട എന്നു തീരുമാനിക്കുന്നു. അത്തരം ചിന്തകൾ കാലക്രമേണ ഭയമായി വളരുകയാണ്. ’’ ക്ലിനിക്കൽ സൈക്കോളജിസ്‌റ്റും കൗൺസലറുമായ ഡോ. റ്റെസി ഗ്രെയ്സ് മാത്യൂസ് പറയുന്നു.
ഇപ്പോൾ പെൺകുട്ടികളെല്ലാം സ്വാതന്ത്ര്യകാംക്ഷികളാണ്. സ്വാതന്ത്ര്യത്തിനായി പെൺകുട്ടികൾ കഠിനമായി പരിശ്രമിക്കുമ്പോൾ അതിനൊരു വിലങ്ങു തടിയായി വിവാഹം മാറുന്നു. ഉത്തരവാദിത്തങ്ങളിൽ നിന്ന് സ്ത്രീകൾ ഒാടിപ്പോകുന്നു എന്നു പറയാറുണ്ട്. എന്നാൽ സ്ത്രീകൾ കടമകൾ നിർവഹിക്കാറുണ്ട്. ആത്മാർത്ഥത പുലർത്തുന്നുമുണ്ട്. എന്തിനാണ് പ്രാധാന്യം കൊടുക്കുന്നത് എന്നതിലാണ് വ്യത്യാസം. കുടുംബജീവിതത്തിനാണു പ്രാധാന്യമെങ്കിൽ തൊഴിലിനെ ബാധിക്കും, സാമ്പത്തിക നേട്ടങ്ങൾ കുറയും, എന്ന ചിന്താധാരയിലേക്കു പെൺകുട്ടികൾ വരികയാണ്. കോളജ് തലത്തിലുള്ള പെൺകുട്ടികളിലേക്കും ആ ചിന്താഗതി എത്തിക്കഴിഞ്ഞു. വിവാഹം തങ്ങളുടെ ലക്ഷ്യങ്ങളിലെല്ലാം സമ്മർദമുണ്ടാക്കുന്ന ഒന്നാണെന്ന് അവർ തിരിച്ചറിയുന്നു. വിവാഹം വേണ്ട എന്നു വച്ചാൽ ഈ കാര്യങ്ങളിൽ 80 ശതമാനമെങ്കിലും നന്നായി ചെയ്യാനാകുമെന്നു കരുതുന്നു.
ലിവിങ് ടുഗദർ- തുല്യതയുടെ പ്രണയം
മനുഷ്യരുടെ ആവശ്യങ്ങളിൽ പ്രധാനമാണു സ്നേഹിക്കപ്പെടുന്നതും ലൈംഗികതയും. സ്നേഹിക്കപ്പെടുക വൈകാരികാവശ്യവും ലൈംഗികത ശാരീരികാവശ്യവും ആണ്. ആ ആവശ്യങ്ങളെ തൃപ്തിപ്പെടുത്താൻ ലിവിങ് ടുഗദർ സങ്കൽപം വന്നതോടെ എന്തിനാണ് ഒരു ദീർഘകാല ബന്ധം, അതൊരു ഭാരം അല്ലേ? എന്നൊരു ചിന്ത പുതിയ തലമുറയിൽ വന്നു. പുതിയ തലമുറയും ലിവിങ് ടുഗദറും സംബന്ധിച്ച് കൃത്യമായ കണക്കുകൾ ലഭ്യമായിട്ടില്ല. ‘‘ പല പെൺകുട്ടികളും 12-ാം ക്ലാസ്സും ഡിഗ്രി പഠനവും കഴിയുന്നതോടെ വിദേശത്തേക്കു പോവുകയാണ്. പലരോടും സംസാരിക്കുമ്പോൾ അറിയാനാകുന്നത്, ഇഷ്ടമുള്ള വ്യക്തിയെ വിവാഹം കഴിക്കാൻ വീട്ടുകാർ തടസ്സം പറയുന്നു അതിനാൽ വിദേശത്തേക്കു പോകുന്നു എന്നാണ്. അവിടെയും കമിറ്റ്മെന്റിനോടു താൽപര്യമില്ല. നാട്ടിൽ സംസ്കാരം, മതം, സാമൂഹിക നിബന്ധനകൾ എന്നിവ പിന്തുടരേണ്ടതായി വരും.അതിനാൽ സ്വാതന്ത്ര്യം കിട്ടുന്ന ഇടത്തേക്കു പോകുന്നു. അവിടെ വിവാഹത്തിനു സ്ഥാനമില്ല. വിവാഹം ഇപ്പോൾ വേണ്ട എന്നു പറഞ്ഞ് പതിയെ പൂർണമായി ഒഴിവാക്കുന്നു - ഡോ.റ്റെസി വിശദീകരിക്കുന്നു.
ഉത്കണ്ഠയും ഫോബിയയും
കോട്ടയം കാരിത്താസ് ഹോസ്പിറ്റലിലെ കൺസൽറ്റന്റ് സൈക്യാട്രിസ്‌റ്റ് ആയ ഡോ. ചിക്കു മാത്യു പറയുന്നു- ‘‘വിവാഹത്തെ ഒഴിവാക്കുന്നവരിൽ ഉത്കണ്ഠയുള്ളവരും ഫോബിയ ഉ ള്ളവരും ഉണ്ട്. ബാല്യകാലം മുതൽ ഉത്കണ്ഠയുള്ളവരുണ്ടാകും. ഇവരുടെ പ്രാഥമികമായ ഒരു പ്രതികരണം തന്നെ ഒഴിവാക്കലാണ്. അതായത് തങ്ങൾക്ക് ഉത്കണ്ഠ ഉണ്ടാക്കുന്ന ഏതു സാഹചര്യത്തിൽ നിന്നും മാറി നിൽക്കുക എന്നതാണത്. ഭർതൃഗൃഹത്തിലെ കാര്യങ്ങൾ താൻ ചെയ്താൽ ശരിയാകുമോ? ഭർതൃമാതാപിതാക്കൾ എങ്ങനെ പെരുമാറും? അവിടുത്തെ ജീവിതം ശരിയാകുമോ? എന്നിങ്ങനെ നൂറു ചോദ്യങ്ങൾ ഇവരെ ഞെരുക്കിക്കളയും. ഉത്കണ്ഠാരോഗത്തിന്റെ വിഭാഗത്തിൽ തന്നെയാണ് ഫോബിയ എന്ന ഭയപ്പാടുകളുടെ സ്ഥാനവും. വിവാഹത്തെക്കുറിച്ച് ഫോബിയ ഉള്ളവരും അതിനെ ഒഴിവാക്കുന്നു.
ഫോബിയ ഉള്ളവർ പങ്കാളിയെ ഒരു ഭൂതക്കണ്ണാടിയിലൂടെയെന്ന വണ്ണം സൂക്ഷ്മമായി നിരീക്ഷിക്കും. എവിടെയെങ്കിലും വൈകാരികതലത്തിൽ കുറവുള്ള ആളാണെന്നു കണ്ടാൽ ഉപേക്ഷിക്കും. തങ്ങളെ പ്രതികൂലമായി ബാധിക്കാവുന്ന ഒരു സാഹചര്യത്തിലും ബന്ധത്തിലും ജീവിക്കാൻ അവർ തയാറാകുന്നില്ല. ചിലർ ശാരീരികമായ കുറവുകളുള്ളവരെ പങ്കാളികളാക്കാൻ ആഗ്രഹിക്കില്ല. അവരുടെ പെരുമാറ്റരീതികൾ ഇഷ്ടപ്പെടില്ല.
വിവാഹത്തിന്റെ ഗുണങ്ങൾ
പെൺകുട്ടികൾ വിവാഹത്തിനു തയാറാകാത്തതിനാൽ ഒട്ടേറെ മാതാപിതാക്കളാണ് മനോരോഗ വിദഗ്ധരെ തേടിയെത്തുന്നത്. ഡോക്ടറൊന്നു പറഞ്ഞു ശരിയാക്കാമോ? എന്നതാണ് അവരുടെ ആവശ്യം. ഈ സാഹചര്യത്തിൽ പൊസിറ്റീവ് നിലപാടാണ് താൻ സ്വീകരിക്കുന്നതെന്നു ഡോ. ചിക്കു പറയുന്നു. വിവാഹത്തിന് അതിന്റേതായ ഗുണങ്ങൾ ഉണ്ട്. 30- 40 വയസ്സുവരെ ഒറ്റയ്ക്കുള്ള ജീവിതത്തിൽ കുഴപ്പമുണ്ടാകില്ല. എന്നാൽ 40 വയസ്സു കഴിയുമ്പോൾ ഒറ്റയ്ക്കാകാം. വാർധക്യത്തിലേയ്ക്കുള്ള യാത്രയിൽ ഒരു പങ്കാളി ആവശ്യമാണ്. സൈക്യാട്രിസ്‌റ്റ് എന്ന നിലയിൽ വിവാഹം വേണം എന്നാണ് ഇവരോടു പറയാറുള്ളത്.
ഇത്തരം തീരുമാനങ്ങൾ വ്യക്തിത്വത്തെ ആശ്രയിക്കുന്നവയാണ്. ചിലർ ഭാവിയെക്കുറിച്ച് ആഴത്തിൽ ചിന്തിച്ച് വിവാഹം വേണോ, വേണ്ടയോ എന്നു മറുപടി നൽകുന്നവരാണ്. മറ്റു ചിലരാകട്ടെ, വേണ്ട എന്ന് തീരുമാനത്തിൽ ഉറച്ചു നിൽക്കുന്നവരാണ്. എടുത്തുചാട്ടം ഉള്ളവരാണവർ. വൈകിയ വിവാഹവും അതിനു ശേഷമുള്ള ഗർഭധാരണവുമൊക്കെ സ്ത്രീയെ സംബന്ധിച്ചിടത്തോളം ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങളിലേക്കു നയിക്കാം. ഒറ്റയ്ക്കു ജീവിക്കാനെടുക്കുന്ന തീരുമാനത്തിൽ ലൈംഗികതയിൽ നിന്നു ലഭിക്കുന്ന ആനന്ദത്തെയും അവർ അവഗണിക്കുന്നു എന്നു വേണം കരുതാൻ - ഡോ. ചിക്കു പറയുന്നു.
കാര്യത്തിൽ മന്ത്രിയും കർമത്തിൽ ദാസിയും രൂപത്തിൽ ല ക്ഷ്മിയുമായി മാറുന്ന ‘സ്ത്രീയുടെ ധർമ’ത്തിന് ഇതാ പുതിയ മാനങ്ങൾ തുറക്കപ്പെടുകയാണ്. അടുക്കളയിലും കിടപ്പുമുറിയിലും മാത്രം പ്രാധാന്യം കൽപിക്കപ്പെടുന്ന ഒരാളാകാൻ ഇ നി അവളില്ല. കാലവും സമൂഹവും പറഞ്ഞു തന്ന ചില കാര്യങ്ങളെ കല്ലുവച്ച നുണകളായി കണ്ട് അവൾ അവഗണിക്കുകയാണ്. സ്വന്തം ജീവിതം സ്വയം തീരുമാനിക്കുകയാണ്. അവൾ പറയുന്നു...
‘ സഖീ പോക, ചെന്നു പറഞ്ഞു കൊൾക ,
മുറിവേൽക്കുവാനിനി പ്രേമമില്ല.....’