Friday 03 June 2022 12:39 PM IST

ഏജൻസികളെ സമീപിച്ചില്ല, നേരിട്ട് അപേക്ഷിച്ചു... ഇന്ന് സ്വപ്ന രാജ്യത്ത്: സുനിത പറയുന്നു

Rakhy Raz

Sub Editor

sunitha-bimal സുനിത ബിമൽ (രണ്ടാമത്) സുഹൃത്തുക്കൾക്കൊപ്പം

മികച്ച വിദ്യാഭ്യാസവും പെർമനന്റ് റസിഡൻസിയും ഉയർന്ന വരുമാനവും വേണമെങ്കിൽ വിദേശത്തു പോകണം എന്ന് ആഗ്രഹിക്കുന്നവരാണ് നമ്മുടെ കുട്ടികൾ. പക്ഷേ, സ്വപ്നം കാണുംപോലെ എളുപ്പമാണോ വിദേശത്ത് ജീവിതം കരുപ്പിടിപ്പിക്കാൻ? വിവിധ രാജ്യങ്ങളിൽ പഠിച്ച് അവിടെ തന്നെ ജോലി നേടിയ മിടുക്കർ പറയുന്നു ‘അൽപം ആലോചിച്ച്, പഠിച്ചു വേണം തീരുമാനമെടുക്കാൻ.’

‘ഉറപ്പായിരുന്നു, മാസ്റ്റേഴ്സ് വിദേശത്ത്’

(സുനിത ബിമൽ, ഉദ്യോഗസ്ഥ,

പബ്ലിക് സർവീസസ്, ന്യൂസീലൻഡ്)

അച്ഛൻ ബിമൽ നായർ വക്കീലാണ്, അമ്മ ലത ബിമൽ ഗൈനക്കോളജിസ്റ്റ്. ഒരു സഹോദരനുണ്ട്, മൃണാൾ. അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു എന്നെ ഡോക്ടറാക്കുക എന്നത്. പക്ഷേ, എനിക്ക് ഡോക്ടറാകേണ്ട എന്നും അവർക്കറിയാമായിരുന്നു. അത് അച്ഛനും അമ്മയും മനസ്സിലാക്കി എനിക്കിഷ്ടമുള്ളത് ഇഷ്ടമുള്ളയിടത്ത് പഠിക്കാൻ അനുവദിച്ചു.

നാട് കോട്ടയമാണെങ്കിലും ഞങ്ങൾ യുഎഇയിലായിരുന്നു. അവിടെ നിന്ന് മുംബൈയിലെത്തിയാണ് ഞാൻ സോഷ്യൽവർക് ബിരുദം ചെയ്യുന്നത്. മുംബൈ ആണ് എന്നെ ജീവിതത്തിനായി തയാറാക്കിയത്. അച്ഛനും അമ്മയും കൂടെയില്ലാത്ത മൂന്നു വർഷങ്ങൾ എന്നെ ഹോം സിക്നെസ് മാനേജ് ചെയ്യാൻ പഠിപ്പിച്ചു. മാസ്റ്റേഴ്സ് വിദേശത്താകണം എന്നുറപ്പിച്ചു ടോഫൽ എക്സാം മുംബൈയിൽ വച്ചു തന്നെ എഴുതിയിരുന്നു.

എന്നെ ഏറ്റവും ആകർഷിച്ച രാജ്യം ന്യൂസീലൻഡ് ആ യിരുന്നു. എത്ര സുന്ദരമായ രാജ്യമാണത്. അന്വേഷണങ്ങളിൽ നിന്ന് പുറത്തുനിന്നുള്ള വിദ്യാർഥികൾക്ക് മികച്ച സ്വീകാര്യതയുള്ള രാജ്യമാണെന്ന് മനസ്സിലായി.

ഏജൻസികളെയൊന്നും സമീപിക്കാതെ നേരിട്ട് യൂണി വേഴ്സിറ്റിയിലേക്ക് അപേക്ഷിക്കുകയാണ് ചെയ്തത്. ഇ വിടെ പൊതുവേ ആളുകൾ വൈകിയാണ് ബിരുദാനന്തര ബിരുദം എടുക്കുന്നത്. അതിനാൽ ക്ലാസ്സിലെ ഏറ്റവും ചെറിയ കുട്ടിയായി ഞാൻ.

ന്യൂസീലൻഡിൽ ജോലികൾക്ക് പഠനത്തെക്കാൾ പ്രവർത്തിപരിചയത്തിനാണ് പ്രാധാന്യം. ഫീൽ‍ഡിൽ ജോലി ചെയ്ത് പരിശീലിച്ച ശേഷമാണ് പലരും തങ്ങളുടെ വിഷയത്തിൽ മാസ്റ്റേഴ്സ് എടുക്കുന്നത്. ഇവിടുത്തെ ഔദ്യോഗിക ഭാഷ ഇംഗ്ലിഷും മാവോരിയും ന്യൂസീലൻഡ് സൈൻ ലാംഗ്വേജുമാണ്. ഇംഗ്ലിഷാണ് കൂടുതൽ പേരും സംസാരിക്കുന്നത്.

തുടക്കത്തിൽ ഒരു ഹോം സ്റ്റേ ആണ് താമസത്തിന് ലഭിച്ചത്. ഹോസ്റ്റലിലേക്ക് മാറണം എന്നു കരുതിയെങ്കിലും ഹോം സ്റ്റേയുടെ നടത്തിപ്പുകാരുടെ സ്നേഹത്തണ ൽ തീരുമാനത്തിൽ നിന്നു മാറ്റി. കിവി പേരന്റ്സ് എന്നാണ് ഞാനവരെ വിളിക്കുന്നത്. അച്ഛനും അമ്മയും കൂടെയുണ്ടെന്ന തോന്നൽ അവർ തന്നു. അഞ്ചു വർഷത്തോളം ഞാനവിടെ നിന്നു.

പഠനശേഷം നാട്ടിലേക്ക് തിരികെ വരണം എന്ന ഉദ്ദേശത്തോടെയാണ് പോയത്. പക്ഷേ, പഠനം കഴിഞ്ഞപ്പോൾ തോന്നി എന്റെ സ്വഭാവത്തിന് പറ്റിയ രാജ്യമാണ് അതെന്ന്. അതുകൊണ്ട് അച്ഛനോടും അമ്മയോടും ഇവിടെതന്നെ തുടരാനുള്ള സമ്മതം വാങ്ങി.

ഇവിടുത്തെ പതിവു വച്ചു ജോബ് എക്സ്പീരിയൻസ് എനിക്ക് തീരെ ഇല്ലാതിരുന്നതു കൊണ്ട് ജോലി കിട്ടുമോ എന്നു സംശയമായിരുന്നു. ഭാഗ്യത്തിന് ആംനെസ്റ്റി ഇന്റർനാഷനലിൽ ഇന്റൺഷിപ് ചെയ്യാൻ അവസരം ലഭിച്ചു. ന്യൂസീലൻഡിൽ പതിമൂന്നു വർഷമായി. ഗവൺമെന്റ് സെക്ടറിലാണ് ഇപ്പോൾ ജോലി ചെയ്യുന്നത്.

സ്വന്തം കാലിൽ നിൽക്കുക എന്നതിനാണ് അച്ഛനും അമ്മയും പ്രാധാന്യം നൽകുന്നത്. പിന്നെ, എന്റെ ഇഷ്ടങ്ങൾക്കും. ഇതെല്ലാമാണ് എന്റെ കരുത്തായത്.’