Tuesday 02 January 2024 02:58 PM IST : By സ്വന്തം ലേഖകൻ

നാട്ടിലെ പോലെ നിസാരമായി ‘ഊരിപ്പോരാനാകില്ല’: വിദേശ പഠനം... ഈ 7 തെറ്റുകൾക്ക് വലിയ വില കൊടുക്കേണ്ടി വരും

study-law

സാംസ്കാരികമായും നിയമപരമായും അനേക തരത്തിൽ വ്യത്യസ്തമാണ് ഓരോ രാഷ്ട്രങ്ങളും. ചില രാജ്യങ്ങളിൽ നമ്മേക്കാൾ പുരോഗമനപരമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ജനസമൂഹങ്ങളാണ് ഉള്ളത്. മറ്റു ചില സ്ഥലങ്ങളിൽ അങ്ങനെയാകില്ല. ഇത്തരത്തിലുള്ള സാംസ്‌കാരിക വ്യതിയാനങ്ങളനുസരിച്ചും മറ്റും ഓരോ രാജ്യങ്ങളിലെ നിയമങ്ങൾക്കും അവ നടപ്പിലാക്കുന്ന രീതികള്‍ക്കും മാറ്റമുണ്ടാകും.

നാട്ടിൽ നിന്നു വിദേശത്തേക്കു പോയ ചിലരെങ്കിലും അവിടെ നിയമക്കുരുക്കുകളിൽ പെട്ടതായും ശിക്ഷയനുഭവിക്കേണ്ടി വന്നതായും കേട്ടിരിക്കുമല്ലോ. നാട്ടിൽ ഒരിക്കൽപ്പോലും ചീത്തപ്പേരുണ്ടാക്കിയവരോ നിയമലംഘനത്തിനു ശിക്ഷയനുഭവിക്കേണ്ടി വന്നവരോ ആയിരിക്കില്ല പലരും. ഇതിനു പല കാരണങ്ങളുണ്ട്. ആദ്യത്തേതു തുടക്കത്തില്‍ സൂചിപ്പിച്ച സാംസ്കാരിക (cultural difference) വ്യത്യാസം തന്നെ. നമുക്കു വളരെ സാധാരണം എന്നു തോന്നുന്ന പല കാര്യങ്ങളും മറ്റുനാടുകളിൽ അത്ര ‘സാധാരണം’ ആകണമെന്നില്ല. മറ്റൊരു കാരണം നമ്മുടെ നാട്ടിൽ നിയമം എങ്ങനെ പാലിക്കപ്പെടുന്നു എന്നതാണ്. നിയമങ്ങളുണ്ടെങ്കിലും അതിന്റെ നിർവഹണം പലപ്പോഴും കാര്യക്ഷമമല്ല എന്നു പറയേണ്ടിവരും.

എന്തെങ്കിലും ചെറിയ കുറ്റകൃത്യങ്ങൾ ചെയ്താൽ തന്നെ ഉദ്യോഗസ്ഥരെയോ അതുമല്ലെങ്കിൽ മേലുദ്യോഗസ്ഥരെയോ ജനപ്രതിനിധികളെയോ ഒക്കെ കണ്ട് പ്രശ്നങ്ങളിൽ നിന്നെല്ലാം ഊരിപ്പോരാവുന്ന സാഹചര്യം ഇവിടെയുണ്ട്. ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നതു മുതൽ ലൈംഗികാതിക്രമം വരെ ഇതു നീണ്ടുപോകുന്നു. കോഴ കൊടുത്തോ തങ്ങളുടെ ബന്ധങ്ങളുപയോഗിച്ചോ ഒക്കെ കാര്യം നേടിയെടുക്കാന്‍ ജനങ്ങളും മിടുക്കരാണ്. ഇത്തരം കാര്യങ്ങളിൽ ഇടപെടാൻ ഉന്നത ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും മടിയുമില്ല. ഇതിനൊക്കെ പുറമെ പല വിഷയങ്ങളും കോടതിയിൽ എത്തിയാൽ തന്നെ പത്തും ഇരുപതും വർഷങ്ങളെടുക്കും അതിനൊരു തീര്‍പ്പുണ്ടായി വരാന്‍. അതിനാല്‍ നിയമം തെറ്റിക്കലും േകസും ഒന്നും ആര്‍ക്കും അത്ര വലിയ കാര്യമല്ല.

എന്നാല്‍ വിദേശരാജ്യങ്ങളിലെ അവസ്ഥ ഇതല്ല. എല്ലാ വിഷയങ്ങളിലും കൃത്യമായ നിയമമുള്ളതും അവ കർശനമായി നടപ്പിലാക്കുന്നതുമായ രാജ്യങ്ങളിലെത്തുമ്പോൾ നമ്മുെട നാട്ടിലുള്ളവർ ബുദ്ധിമുട്ടിലാകും. ഒരു ഉദാഹരണം നോക്കാം. നമ്മുടെ നാട്ടിൽ പലരും പല അവസരങ്ങളിലും ടിക്കറ്റെടുക്കാതെ യാത്ര ചെയ്യാറുണ്ട്. പിടിക്കപ്പെട്ടാൽ ഒരു ചെറിയ തുക ഫൈൻ നൽകി യാത്ര തുടരാം. എന്നാൽ ജർമനിയിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നതു വലിയ കുറ്റമാണ്. പലപ്പോഴും ബസിലോ ട്രാമിലോ ഒക്കെ ടിക്കറ്റ് ആരും പരിശോധിച്ചില്ല എന്നും വരും. പക്ഷേ, എപ്പോഴെങ്കിലും പിടിക്കപ്പെട്ടാൽ ഫൈൻ അടക്കണമെന്നു മാത്രമല്ല രേഖകളിൽ നമ്മുടെ പേര് വരികയും പിൽക്കാലത്ത് ആ രാജ്യത്തു ജോലിക്കോ താമസിക്കാനോ ശ്രമിക്കുന്ന കാലത്ത് ഇതൊരു ബുദ്ധിമുട്ടായി മാറുകയും ചെയ്യും. പാര്‍ക്കിങ്ങിെന്‍റ കാര്യമെടുക്കാം. ‘േനാ പാര്‍ക്കിങ്’ എന്ന ബോര്‍ഡിെന്‍റ ചുവട്ടിലും നമ്മള്‍ വാഹനം പാര്‍ക്ക് െചയ്യും. വിേദശത്താണെങ്കില്‍, പാര്‍ക്കിങ്ങിനു പ്രത്യേകം തിരിച്ച സ്ഥലത്തു പോലും അലക്ഷ്യമായാണു വാഹനം പാര്‍ക്കു െചയ്യുന്നതെങ്കില്‍ കനത്ത പിഴയാണ്. ചിലപ്പോള്‍ െെലസന്‍സ് റദ്ദാക്കാന്‍ വരെ സാധ്യതയുണ്ട്.

അതുകൊണ്ടാണ് ഏതു രാജ്യത്തു പോകുമ്പോഴും അവിടുത്തെ നിയമങ്ങളെക്കുറിച്ചു കൃത്യമായി അറിഞ്ഞിരിക്കുകയും അതു പാലിക്കുകയും വേണമെന്നു പറയുന്നത്. ഈ ശ്രദ്ധ നമ്മൾ മറ്റൊരു രാജ്യത്തേക്കു കടക്കുന്നതു മുതൽ ഉണ്ടാകേണ്ടതാണ്.

വ്യാജരേഖകൾ ഉപയോഗിച്ചാൽ

പല രാജ്യങ്ങളുടെയും ഇമിഗ്രേഷൻ നിയമങ്ങൾ വളരെ കർശനമാണ്. നമ്മൾ അഡ്മിഷനുവേണ്ടി സമർപ്പിക്കുന്ന രേഖകൾ, നമ്മുടെ ട്രാൻസ്‌ക്രിപ്റ്റുകൾ ഉൾപ്പെടെയുള്ള സർട്ടിഫിക്കറ്റുകൾ, എലിജിബിലിറ്റി തെളിയിക്കുന്നതിനുള്ള രേഖകൾ എല്ലാം തന്നെ കൃത്യമായിരിക്കണം. അറിഞ്ഞോ അറിയാതെയോ വരുത്തുന്ന പിഴവുകൾ നിങ്ങളുടെ ഭാവിയെത്തന്നെ ബാധിച്ചേക്കാം.

കഴിഞ്ഞ വർഷങ്ങളിൽ ജർമൻ സർവകലാശാലകളിൽ പ്രവേശനം നേടുന്നതിനു ചില ഇന്ത്യൻ വിദ്യാർഥികൾ വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിക്കുന്നതായി കണ്ട് അവിടുത്തെ അധികാരികള്‍ ഒരു അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തിൽ ഇന്ത്യയിലെ ചില വ്യാജ സർവകലാശാലകളിൽ നിന്നു നിരവധിപ്പേര്‍ വ്യാജ സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയിരിക്കുന്നതായി കണ്ടെത്തി. നിരവധി വിദ്യാർഥികളെ ഇക്കാരണങ്ങളാൽ പുറത്താക്കിയിരുന്നു. ഇന്ത്യൻ വിദ്യാർഥികൾ നൽകിയ 10 മുതൽ 15 ശതമാനം വരെ വീസ അപേക്ഷകളിൽ ഇത്തരത്തിൽ വ്യാജരേഖകൾ ഉപയോഗിച്ചുവെന്ന് ഇന്ത്യയിലെ ജർമൻ അംബാസഡർ തന്നെ സൂചിപ്പിച്ചിരുന്നു.

ഇതു വളരെ അപകടമാണ്. താൽക്കാലികം മാത്രമല്ല, ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ വരെ ഇതിനുണ്ട്. തീർച്ചയായും വഞ്ചന കണ്ടുപിടിച്ചാൽ നിങ്ങളെ യൂണിവേഴ്സിറ്റിയിൽ നിന്നു പുറത്താക്കും. മാത്രമല്ല വീസ വ്യവസ്ഥകൾ ലംഘിക്കപ്പെട്ടതിനാൽ ആ രാജ്യത്തു തുടരാനുമാവില്ല. നിങ്ങളെ നാടുകടത്താനും ചിലപ്പോൾ ജയിലിൽ ഇടാനും സാധ്യതയുണ്ട്. മാത്രമല്ല പിന്നീടൊരിക്കലും ആ രാജ്യത്തേക്കു പോകാൻ സാധിക്കണമെന്നില്ല.

പ്രശ്നങ്ങൾ അവിടം കൊണ്ട് അവസാനിക്കുമെന്ന് ഒരുറപ്പുമില്ല. ഇത്തരമൊരു മോശം ട്രാക്ക് റെക്കോർഡ് ഉള്ളതുകൊണ്ടു മറ്റു രാജ്യങ്ങളിലെ യൂണിവേഴ്സിറ്റികളില്‍ അഡ്മിഷൻ നേടുക പ്രയാസമായിരിക്കും. ഭാവിയിൽ ജോലി കണ്ടെത്തുന്നതിനും തടസ്സമായി മാറും.

എന്തൊക്കെ കൂടെ കൊണ്ടുപോകാം ?

ഓരോ രാജ്യങ്ങൾക്കും അവരുടെ രാജ്യത്തേക്കു മറ്റൊരു രാജ്യത്തുനിന്നും എന്തൊക്കെ കൊണ്ടുപോകാം, കൊണ്ടുപോകാൻ പാടില്ല, പരിമിതമായ അളവിൽ കൊണ്ടുപോകാൻ സാധിക്കുന്നവ, എന്നിങ്ങനെ കൃത്യമായ നിർദേശങ്ങളുണ്ടാകും. അത്തരം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. നാർക്കോട്ടിക് ഡ്രഗ്സ്, കെമിക്കലുകൾ, കീടനാശിനികൾ, മറ്റു രാജ്യങ്ങളിൽ നിന്നുള്ള മൃഗങ്ങൾ, സസ്യങ്ങൾ തുടങ്ങി പല വസ്തുക്കളും നിരോധിതമാണ്. അറിഞ്ഞോ അറിയാതെയോ നിരോധിത വസ്തുക്കൾ മറ്റൊരു രാജ്യത്തേക്കു കൊണ്ടുപോയാല്‍ കർശനമായ നടപടികൾ നേരിടേണ്ടി വരും. ഉദാഹരണത്തിന് ഓസ്‌ട്രേലിയയിലേക്കും ന്യൂസീലൻഡിലേക്കും പോകുന്നവരുടെ കയ്യിൽ ഏതെങ്കിലും തരത്തിലുള്ള വിത്തുകളോ പഴങ്ങളോ ഉണ്ടെങ്കിൽ ഉയർന്ന ഫൈൻ നൽകേണ്ടി വരും. നാട്ടിൽ നിന്ന് അച്ചാർ കുപ്പികളോ മണ്ണ് പറ്റിപ്പിടിച്ചിരിക്കുന്ന ഷൂസോ കൊണ്ടുപോയാൽപോലും ഇത്തരം നടപടികൾക്കു വിധേയരായേക്കാം. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം നമ്മുെട നാട്ടിലെ ചില മരുന്നുകൾക്കൊന്നും രാജ്യാന്തരമായി അംഗീകരിക്കപ്പെട്ട സ്റ്റാൻഡേർഡ് ഇല്ല എന്നതാണ്. അവ രാസപരിശോധനക്കു വിധേയമാക്കുമ്പോൾ നിരോധിതമായ ഏതെങ്കിലും കെമിക്കൽ കണ്ടെത്തിയാൽ കൂടുതല്‍ കുഴപ്പമാണ്.

abroad-study

മറുനാട്ടില്‍ ജീവിക്കുമ്പോൾ

ഒരു രാജ്യത്തേക്കു പോകുമ്പോൾ മാത്രമല്ല അവിടെ ജീവിക്കുമ്പോഴും പല കാര്യങ്ങളെക്കുറിച്ചും ബോധവതികളാകണം.

കുട്ടികളുമായി വിദേശത്തു ജീവിക്കുമ്പോൾ പേരന്റിങ്, ചൈൽഡ് കെയർ തുടങ്ങിയ കാര്യങ്ങളിൽ ആ രാജ്യങ്ങളിലുള്ള നിയമങ്ങളും നിർദേശങ്ങളും പിന്തുടരേണ്ടിവരും. പലപ്പോഴും കുട്ടികളെ വളർത്തുന്ന കാര്യത്തിൽ നമ്മുടെ നാട്ടിലെ ആളുകൾ ശാസ്ത്രീയ രീതി അവലംബിക്കാതെ പാരമ്പര്യവാദികളായി തുടരുന്നതാണു പതിവ്. എന്നാൽ വികസിത രാജ്യങ്ങൾ കുട്ടികളുടെ സുരക്ഷ, അവകാശങ്ങൾ, ആരോഗ്യം തുടങ്ങിയ കാര്യങ്ങളിലെല്ലാം അതീവ ശ്രദ്ധ നൽകുന്നുണ്ട്. നാട്ടിലെ സാമൂഹികസാഹചര്യങ്ങൾ പരിചയിച്ച മാതാപിതാക്കൾക്ക് ഇത്തരം കാര്യങ്ങളെ പറ്റി അത്ര ധാരണയുണ്ടാവില്ല. പകരം സ്വന്തം കുട്ടിയെ തങ്ങളുടെ താൽപര്യങ്ങൾക്കനുസരിച്ചു വളർത്താം, അതിൽ തെറ്റൊന്നുമില്ല എന്ന വിശ്വാസമാകാം പലർക്കുമുണ്ടാകുക. ഇതു വലിയ കെണിയായി മാറാം.

നോർവെയിൽ കുട്ടികളോടൊപ്പം താമസിച്ചിരുന്ന ഇന്ത്യൻ ദമ്പതികൾക്കു കുറച്ചു വര്‍ഷങ്ങള്‍ക്കു മുൻപു നേരിടേണ്ടി വന്ന നിയമ പ്രശ്നങ്ങൾ പത്രമാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. നോർവീജിയൻ ചൈൽഡ് വെൽഫെയർ സർവീസസ്, ദമ്പതികളുടെ രണ്ടു മക്കളായ ഒരു ആൺകുട്ടിയെയും പെൺകുട്ടിയെയും അവരിൽ നിന്നു മാറ്റിക്കൊണ്ടുപോകുകയുണ്ടായി. കുട്ടികളെ അവഗണിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നുവെന്നും മാതാപിതാക്കളുടെ സംരക്ഷണത്തിൽ അവർ സുരക്ഷിതരല്ലെന്നും നോർവീജിയൻ അധികൃതർ ആരോപിച്ചു.

study-abroad-3

ഇന്ത്യയും നോർവേ പോലുള്ള വികസിത രാജ്യങ്ങളും കുട്ടികളുടെ സംരക്ഷണത്തെ നോക്കിക്കാണുന്നതു അതതു സംസ്കാരങ്ങളിൽ നിന്നുകൊണ്ടാണ്. ഉദാഹരണമായി ചെറിയ കുട്ടികളെ തനിയെ ഭക്ഷണം കഴിക്കാൻ അനുവദിക്കാതെ എപ്പോഴും മാതാപിതാക്കൾ വാരിക്കൊടുക്കുന്നത് ഇന്ത്യയിൽ സാധാരണമാണ്. ആരും ഇതിനെ ഒരു പ്രശ്നമായി കാണുന്നില്ല. പകരം ആവശ്യത്തിനോ അനാവശ്യത്തിനോ എന്നറിയാതെ കൂടുതൽ ഭക്ഷണം കുട്ടിയുടെ വയറ്റിലെത്തിക്കുക എന്നതാകാം നമ്മുടെ മാതാപിതാക്കളുടെ ലക്ഷ്യം. എന്നാൽ മറ്റൊരു സമൂഹം അതിനെ വിലയിരുത്തുന്നത്, ‘സ്വാഭാവികമായി പരാശ്രയം കൂടാതെ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുന്ന കുട്ടികളെ അതിന് അനുവദിക്കാത്തതു വഴി അവരുടെ ഡവലപ്മെന്റിനെ മാതാപിതാക്കൾ തടയുന്നു’ എന്ന രീതിയിലാണ്. ജനിച്ച ഉടനെതന്നെ കുട്ടികളെ മാതാപിതാക്കൾ അവരോടൊപ്പം കിടത്തിയുറക്കുക ഇന്ത്യയിൽ സ്വാഭാവികമായ കാര്യമാണ്. എന്നാൽ ഇതിൽ കുട്ടിയുടെ ജീവനു തന്നെ ആപത്തുണ്ടാക്കാൻ പോന്ന അപകട സാധ്യത ചൂണ്ടിക്കാണിക്കുന്നവരുമുണ്ട്.

ഒരുപക്ഷേ, നിങ്ങൾ മൈഗ്രേറ്റ് ചെയ്തിരിക്കുന്ന രാജ്യത്ത് ഇതൊരു വലിയ ജാഗ്രതക്കുറവായോ കുറ്റകരമായ പ്രവൃത്തിയായോ കണക്കാക്കപ്പെടാം. യു. എസിലെ അരിസോണ സംസ്ഥാനത്തിൽ 18 മാസത്തിൽ താഴെയുള്ള കുട്ടികളെ ഒപ്പം കിടത്തുന്നത് കുറ്റകരമാണ്.

കുട്ടികളെ ഒറ്റയ്ക്കാക്കി പോകുക, അപകടമായ സാഹചര്യത്തിൽ ആയിരിക്കുക, തല്ലുകയോ ചീത്ത പറയുകയോ മറ്റു രീതിയിൽ ദേഹോപദ്രവം ഏൽപിക്കുകയോ ചെയ്യുക, അവരുടെ കാര്യങ്ങളിൽ അശ്രദ്ധ കാണിക്കുക... തുടങ്ങി കുട്ടികളെ ഇരുത്താനാവശ്യമായ ബൂസ്റ്റർ സീറ്റുകൾ ഇല്ലാതെ അവരെ വാഹനത്തിൽ കൊണ്ടുപോയാൽ പോലും വലിയ പ്രശ്നമാണ്.

ചുരുക്കിപ്പറഞ്ഞാൽ ആ രാജ്യങ്ങളിലെ നിയമങ്ങളനുസരിച്ച് കുട്ടികളുടെ ശാരീരികവും ബുദ്ധിപരവും വൈകാരികവുമായ വളർച്ചയ്ക്ക് വിലങ്ങുതടിയാകുന്ന ഒന്നും അവിടങ്ങളിൽ അനുവദിക്കില്ല.

ശല്യക്കാർക്കു ജയിൽ ശിക്ഷ

വംശീയമായ വിവേചനങ്ങളാണു വിദേശത്തു േനരിടേണ്ടി വരുന്ന മറ്റൊരു പ്രധാന പ്രശ്നം. മറ്റു രാജ്യങ്ങളിൽ വച്ചു വംശീയമായ അധിക്ഷേപം അപൂർവമായെങ്കിലും നേരിട്ടിട്ടുള്ളവരാകാം ഇന്ത്യക്കാരായ നമ്മളിൽ പലരും. എന്നാൽ ആളുകളുടെ വംശീയ പശ്ചാത്തലത്തിന്റെ അടിസ്ഥാനത്തിൽ മറ്റുള്ളവരോടു വിവേചനപരമായി പെരുമാറാൻ ഒരു മടിയുമില്ലാത്തവരാണ് പല ഇന്ത്യക്കാരും. വംശം മാത്രമല്ല, നിറം, ഭാഷ, ലൈംഗീകാഭിമുഖ്യം, ലിംഗം, മതം, ഭക്ഷണ ശീലങ്ങൾ ഒക്കെ അടിസ്ഥാനമാക്കി ആളുകളോട് ഒളിഞ്ഞും തെളിഞ്ഞുമൊക്കെ പെരുമാറാൻ നമ്മളില്‍ പലര്‍ക്കും മടിയില്ല. നമ്മൾ വളർന്ന സാമൂഹിക സാഹചര്യങ്ങളും ഇങ്ങനെ പെരുമാറുന്നതിന് ഒരു കാരണമാണ്.

മറ്റു രാജ്യങ്ങളിലെത്തിയാൽ നിയമങ്ങൾ മാറും. റേസിസം അഥവാ വംശീയത, ജെൻഡർ ഡിസ്ക്രിമിനേഷൻ അഥവാ ലിംഗപരമായ വിവേചനം, കളറിസം അഥവാ നിറത്തിന്റെ പേരിലുള്ള വിവേചനം ഇവയെല്ലാം ഒളിഞ്ഞോ തെളിഞ്ഞോ പ്രകടിപ്പിക്കുന്നതു വികസിത സമൂഹത്തിൽ വളരെ മോശമായാണു കണക്കാക്കപ്പെടുന്നത്. നിയമപരമായി ഇതു കുറ്റകരമായതിനാല്‍, അതിന്റെ പ്രത്യാഘാതവും നേരിടേണ്ടി വരും

സ്ത്രീകളോടും ലൈംഗീക ന്യൂനപക്ഷങ്ങളോടുമുള്ള പെരുമാറ്റവും മോശമാകാൻ പാടില്ല. നാട്ടിൽ കമന്റടിക്കുന്നവരും തുറിച്ചുനോട്ടക്കാരും സ്ത്രീകളെയും കുട്ടികളെയും സ്വകാര്യഭാഗങ്ങൾ കാണിക്കുന്ന എക്സിബിഷനിസ്റ്റുകളും ഒന്നും പലപ്പോഴും നിയമത്തിന്റെ പിടിയിൽ പെടുന്നില്ല. എന്നാൽ മറ്റു പല രാജ്യങ്ങളിലും ഇത്തരം പ്രവൃർത്തികൾ ചെയ്താൽ വലിയ പ്രശ്നത്തിലേക്കു കൊണ്ടു ചെന്നെത്തിക്കും.

study-abroad-post-1

ഇഷ്ടം തോന്നുന്ന വ്യക്തിയെ പിന്തുടര്‍ന്ന്, നിരന്തരം ശല്യം ചെയ്ത് തിരിച്ചും ഇഷ്ടമാണെന്നു പറയിപ്പിക്കുന്ന നായകന്മാര്‍ ഇപ്പോഴും നമ്മുടെ സിനിമകളിലുണ്ട്. ഇത്തരം പ്രവൃർത്തികൾ വളരെ നോർമലാണെന്നാണു നമ്മുടെ ധാരണ. വിദേശ രാജ്യങ്ങളിൽ ഇത്തരത്തിൽ ആളുകളെ ശല്യം ചെയ്താൽ ജയിലിൽ കിടക്കേണ്ടി വരുമെന്നോര്‍ക്കുക.

വിദേശത്തെ ഡ്രൈവിങ്

ഗൾഫ് മേഖലയിൽ ഉൾപ്പെടെ വിദേശ രാജ്യങ്ങളിൽ താമസിക്കുന്ന മലയാളികൾ ഒരുപോലെ സമ്മതിക്കുന്ന കാര്യമാണ് അവിടുത്തെ ഗതാഗത നിയമങ്ങൾ വളരെ ശക്തമാണെന്നത്. നിർമിത ബുദ്ധി ഉപയോഗിച്ചു കൊണ്ടുള്ള ട്രാഫിക് നിരീക്ഷണ സംവിധാനങ്ങളാണ് ഇത്തരം രാജ്യങ്ങളിലെല്ലാം. വേഗപരിധി അവഗണിക്കുക, അനുവദനീയമല്ലാത്ത പാതകളിലോ വശങ്ങളിലോ കൂടെ വണ്ടിയോടിക്കുക, അനുവദനീയമായ അളവിൽ കൂടുതൽ മദ്യമോ മറ്റോ ഉപയോഗിച്ചതിനു ശേഷം ഡ്രൈവ് ചെയ്യുക തുടങ്ങിയവയെല്ലാം പിഴയോ മറ്റു ശിക്ഷകളോ ലഭിക്കാവുന്ന കുറ്റങ്ങളാണ്. നാട്ടില്‍ തോന്നിയ പോലെ വാഹനം പറത്തുന്നവര്‍ ഗള്‍ഫിലും മറ്റും െചന്നാല്‍ മര്യാദരാമന്മാര്‍ ആകുന്നതിന്‍റെ കാരണവും അവിടുത്തെ ട്രാഫിക് നിയമങ്ങളും കര്‍ശന ശിക്ഷയുമാണ്. ദുബായ‌്യില്‍ നമ്പര്‍ പ്ലേറ്റില്ലാെത വാഹനമോടിച്ചാല്‍ പിഴ 10000 ദിര്‍ഹമാണ്, അതായതു രണ്ടേകാല്‍ ലക്ഷം രൂപ. തൊണ്ണൂറു ദിവസം വാഹനം റോഡിലിറക്കാനാകില്ല. കൂടാതെ 23 ബ്ലാക് പോയിന്‍റും ലഭിക്കും. െറഡ് െെലറ്റ് മറികടന്നാല്‍ പിഴ പതിനൊന്നു ലക്ഷത്തിലേറെ.

വിവരങ്ങൾക്ക് കടപ്പാട്:

1. ഡോ. മുരളി തുമ്മാരുകുടി

യുെെണറ്റഡ് േനഷന്‍സ്, ബോണ്‍

2. നീരജ ജാനകി

കരിയര്‍ െമന്‍റര്‍,

Mentorz4u, ബെംഗളൂരു