Wednesday 22 September 2021 12:02 PM IST

26-ാം വയസിൽ വിവാഹമോചിത, ചുളുങ്ങിയ ജീവിതം നിവർത്തിയത് ഇസ്തിരിയിട്ട്: 41-ാം വയസിൽ പിഎച്ച്ഡി നേടിയ അമ്പിളി: അതിജീവനം

Priyadharsini Priya

Sub Editor

ambili2233ee445

"മലയാളം പഠിക്കുന്നത് വലിയൊരു അപരാധം പോലെ കാണുന്നവരുണ്ട്. മലയാളം പഠിച്ചിട്ട് എന്തിനാണ് , എന്തുചെയ്യാനാണ് എന്നൊക്കെ ചോദിച്ച് നിരുത്സാഹപ്പെടുത്തുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. വിമർശനങ്ങൾ, വ്യക്തിഹത്യകൾ എന്നിവയൊക്കെ നേരിട്ടിട്ടുണ്ട്. എന്നാൽ അതിനൊക്കെ ഉപരിയായി എനിക്കൊപ്പം നിന്നവരും ഉണ്ട്, ഒരുകൂട്ടം അധ്യാപകർ. അവർ ചേർന്ന് തേച്ചുമിനുക്കിയെടുത്തതാണ് എന്നെ."- 41–ാം വയസ്സിലെ ഡോക്ടറേറ്റ് തിളക്കത്തെ കുറിച്ച് ചോദിച്ചപ്പോൾ അമ്പിളി പറഞ്ഞു. വസ്ത്രങ്ങൾ ഇസ്തിരിയിട്ട് നൽകിയും പാർട്ട് ടൈം അധ്യാപികയായും ജോലി ചെയ്താണ് അമ്പിളി 'മലയാളം ചെറുകഥയിൽ' പിഎച്ച്ഡി സ്വന്തമാക്കിയത്. ഇരിങ്ങാലക്കുട കാരുകുളങ്ങര സ്വദേശിയായ അമ്പിളി സ്വപ്നനേട്ടത്തെ കുറിച്ച് വനിതാ ഓൺലൈനുമായി പങ്കുവയ്ക്കുന്നു. 

ഇരുട്ടിലാക്കിയ അച്ഛന്റെ മരണം

അച്ഛനും അമ്മയും ഞാനും സഹോദരനും അടങ്ങുന്നതായിരുന്നു കുടുംബം. എന്നേക്കാൾ അഞ്ചു വയസ്സിനു മൂത്തതാണ് ഏട്ടൻ. അച്ഛനുള്ളപ്പോൾ വളരെ സന്തോഷത്തോടെ ജീവിച്ചു പോയിരുന്ന കുടുംബമായിരുന്നു ഞങ്ങളുടേത്. എന്റെ പത്തൊമ്പതാമത്തെ വയസ്സിലാണ് അച്ഛൻ മരിക്കുന്നത്. അതോടെ എല്ലാം തലകീഴായി മറിഞ്ഞു. 

ഞാൻ പ്രീഡിഗ്രി കഴിഞ്ഞു നിൽക്കുന്ന സമയം. അച്ഛൻ ചെയ്തുകൊണ്ടിരുന്ന, വസ്ത്രങ്ങൾ ഇസ്തിരിയിടുന്ന ജോലി ഞാൻ ഏറ്റെടുക്കേണ്ടതായി വന്നു. അന്ന് പഠനം മുന്നോട്ട് കൊണ്ടുപോകാനുള്ള യാതൊരു സാഹചര്യവും വീട്ടിൽ ഇല്ലായിരുന്നു. പഠനമല്ലല്ലോ, ജീവിതത്തിന്റെ നിലനിൽപ്പല്ലേ പ്രധാനം. പഠിപ്പ് അവിടെ നിന്നു, തുടർ വിദ്യാഭ്യാസം എന്നും ഒരാഗ്രഹമായി മനസ്സിൽ കിടന്നു. ഞാനെന്റെ ജോലിയിൽ സന്തോഷം കണ്ടെത്തി. 

വായനയിലൂടെ ആശ്വാസം 

അക്കാലത്ത് ലൈബ്രറിയിൽ സ്ഥിരമായി പോകാറുണ്ടായിരുന്നു. വായന മാത്രമായിരുന്നു ഏക ആശ്വാസം. മലയാളത്തിലുള്ള ധാരാളം പുസ്തകങ്ങൾ വായിക്കാൻ സാധിച്ചു. പിന്നീട് 26 മത്തെ വയസ്സിലായിരുന്നു എന്റെ വിവാഹം. ഓർക്കാൻ പോലും ഞാനിഷ്ടപ്പെടാത്ത കാലം. അധികം വൈകാതെ വിവാഹമോചിതയായി ഞാൻ വീട്ടിലേക്ക് തിരിച്ചുവന്നു. അതിനുശേഷവും ഇസ്തിരിയിടൽ ജോലി ആയിരുന്നു ഏക വരുമാന മാർഗം. 

ഞാനറിയാതെ ഒൻപത് വർഷങ്ങൾ കടന്നുപോയിരുന്നു. 2008 ൽ പഠനം തുടരാൻ തീരുമാനിച്ചു. വിദൂരവിദ്യാഭ്യാസം വഴിയുള്ള പഠനത്തെ കുറിച്ച് അപ്പോഴാണ് ഞാൻ അറിയുന്നത്. മുൻപ് അറിഞ്ഞിരുന്നെങ്കിൽ എത്ര റിസ്ക് എടുത്തിട്ടായാലും ഞാൻ പഠനം തുടരുമായിരുന്നു. വിദൂരവിദ്യാഭ്യാസം വഴി കാലിക്കറ്റ് സർവകലാശാലയിൽ, മലയാള ഭാഷയിൽ ബിരുദ പഠനത്തിന് ചേർന്നു. 

കേരളവർമ കോളജിൽ ആഴ്ചയിൽ രണ്ടു ദിവസം പഠന ക്ലാസുകളിൽ പങ്കെടുത്തു. ഡിഗ്രി അവസാന വർഷമായപ്പോൾ വ്യാകരണം, ഭാഷാശാസ്ത്രം എന്നിവ ഗഹനമായി പഠിക്കണമെന്ന് മനസ്സിലായി. അങ്ങനെ കൈരളി വിദ്യാപീഠത്തിൽ ക്ലാസിന് ചേർന്നു. ഡിഗ്രി കഴിഞ്ഞതോടെ അവിടുത്തെ അധ്യാപകരുടെ പ്രോത്സാഹനം കാരണം പിജിക്ക് ചേർന്നു. 2013 ൽ മലയാളത്തിൽ ബിരുദാനന്തര ബിരുദവും സ്വന്തമാക്കി.

ambilll666543ghh

തളിരിട്ട പിഎച്ച്ഡി മോഹം 

പിജി കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞതും ഞാൻ നെറ്റ് എഴുതി. രണ്ടാമത്തെ പരിശ്രമത്തിൽ നെറ്റ് കിട്ടി. അതിനിടെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജി‍ൽ താൽക്കാലിക അധ്യാപികയായും പിന്നീട് സ്വാശ്രയ വിഭാഗത്തിൽ അധ്യാപികയായും ജോലി ലഭിച്ചു. അക്കാലത്ത് എന്റെയുള്ളിൽ പിഎച്ച്ഡി മോഹം ഉണ്ടായിരുന്നു. പക്ഷെ, അത് എത്തിപ്പിടിക്കാൻ പറ്റുമോ എന്ന ആശങ്കയും ഉണ്ടായിരുന്നു. റെഗുലറായി പോയി പഠിക്കാത്ത ഒരാൾക്ക് പിഎച്ച്ഡി ചെയ്യാൻ പറ്റുമോ എന്നൊക്കെ ചിന്തിച്ചിരുന്നു. ക്രൈസ്റ്റ് കോളജിലെ മലയാളം വിഭാഗം മേധാവിയായിരുന്ന ഡോ. സെബാസ്റ്റ്യൻ ജോസഫ്, മലയാളം കോ-ഓർഡിനേറ്റർ ഡോ. സി.വി. സുധീർ, ഷീബ ടീച്ചർ എന്നിവരായിരുന്നു എനിക്ക് എല്ലാ പ്രോത്സാഹനവും നൽകിയത്. 

2016 ൽ മലയാളം ചെറുകഥയിൽ ഗവേഷണ വിദ്യാർഥിയായി. തൃശൂർ കേരളവർമ കോളജിലെ മലയാളം വിഭാഗം മേധാവി ഡോ. എം.ആർ. രാജേഷ് മാഷിന്റെ കീഴിലായിരുന്നു ഗവേഷണം. ഈ വർഷം പിഎച്ച്ഡി എന്ന സ്വപ്നം നേടിയെടുത്തു. കേരളവർമ കോളജിലെ അധ്യാപകരുടെ നിരന്തരമായിട്ടുള്ള പ്രോത്സാഹനത്തിലൂടെ തേച്ചുമിനുക്കിയെടുത്തതാണ് എന്നെ. 

അക്കാലത്തും വസ്ത്രങ്ങൾ ഇസ്തിരിയിട്ട് കൊടുക്കുന്ന ജോലി ചെയ്തിരുന്നു. പഠിപ്പിക്കാൻ പോകുമ്പോൾ സാരിയുടുത്ത് പോകണം എന്ന് നിർബന്ധമാണ്. ഞാൻ തിരിച്ചു കടയിൽ വന്ന് സാരി മാറ്റി വർക്കിങ് ഡ്രസ് എടുത്തിട്ട് ആറര വരെയൊക്കെ തേയ്ച്ചു കൊടുക്കും. കട പരമാവധി മുടക്കാറില്ലായിരുന്നു. ഞായറാഴ്ചയും കട തുടക്കാറുണ്ട്. 2018 ൽ വലിയ പ്രളയം വന്നതോടെ കട ഒഴിഞ്ഞു കൊടുത്തു. പിന്നീടത് മുന്നോട്ട് കൊണ്ടുപോകാൻ പറ്റിയില്ല. അപ്പോഴേക്കും ഒരു ടീച്ചറുടെ ഒഴിവിൽ ഗസ്റ്റ് ലക്ച്ചറായി ജോലി ലഭിച്ചിരുന്നു.

എല്ലാം പുതിയ തുടക്കങ്ങൾ 

അമ്മയാണ് എന്റെ എല്ലാം. സന്തോഷത്തിലും സങ്കടത്തിലും അമ്മയുടെ കരുതൽ മതിയായിരുന്നു എനിക്ക് മുന്നോട്ടുപോകാൻ. ഡോക്ടറേറ്റ് കിട്ടിയപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചതും അമ്മയാണ്. 

ഞാൻ എന്ത് ചെയ്യുന്നു, എന്തിനാണ് പോകുന്നത് എന്നൊന്നും അറിയാത്തവർ ഉണ്ടായിരുന്നു. അവർക്കൊക്കെ ഇപ്പോൾ മനസ്സിലായി. ഡോക്ടറേറ്റ് കിട്ടിയെന്ന് അറിഞ്ഞതോടെ അവർക്കൊക്കെ വലിയ സന്തോഷമായി, ഇതിനായിരുന്നു പോയിരുന്നതല്ലേ എന്നു ചോദിച്ചു. 

മലയാളം പഠിക്കുന്നത് വലിയൊരു അപരാധം പോലെ കാണുന്നവരുണ്ട്. മലയാളം പഠിച്ചിട്ട് എന്തിനാണ്, എന്തുചെയ്യാനാണ് എന്നൊക്കെ ചോദിച്ച് നിരുത്സാഹപ്പെടുത്തുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. വിമർശനങ്ങൾ, വ്യക്തിഹത്യകൾ എന്നിവയൊക്കെ നേരിട്ടിട്ടുണ്ട്. അതിനെയൊക്കെ ആ വഴിയ്ക്ക് വിട്ടു. 

മറ്റുള്ളവർ എന്തു പറയുന്നു എന്ന് ചിന്തിച്ച് ഒന്നും ചെയ്യാൻ പറ്റില്ല. നമുക്ക് കഴിയുന്നപോലെ വീഴ്ചകളും താഴ്ചകളും ഒക്കെ ഉൾക്കൊണ്ട് മുന്നോട്ട് പോകുക. ജീവിതം അതാണെന്നെ പഠിപ്പിച്ചത്. എല്ലാം പോസിറ്റീവ് ആയിട്ട് കാണുക. വീണാലും അടുത്തത് ഒരു ഉയർച്ചയുണ്ടാകും എന്നാണ് ഞാൻ ചിന്തിക്കുന്നത്. എത്ര നെഗറ്റീവ് വന്നാലും നല്ലതിനാണെന്ന് മാത്രമേ ഞാൻ ചിന്തിക്കൂ, എല്ലാം പുതിയ തുടക്കങ്ങളാണ്.