Tuesday 28 May 2019 12:39 PM IST

‘തെങ്ങുകയറ്റത്തില്‍ ഞങ്ങളെ തോൽപിക്കാൻ ആകില്ല മക്കളേ...’! ‘കുട്ടൻപിള്ളയുടെ തട്ടുകട’യും‘ഫ്ലാഷ് മോബ്’ ആചാരവും ‘പഴങ്കഞ്ഞി ഫെസ്റ്റും’: ബിസിഎമ്മിലെ പെൺപട മാസല്ല, മരണ മാസാണ്

Nithin Joseph

Sub Editor

bcm-1 ചിത്രങ്ങൾ – ശ്രീകാന്ത് കളരിക്കൽ

ഹേയ് ഗേൾസ്, അടുത്ത ആഴ്ച കൊമേഴ്സ് ഡിപാർട്മെന്റിന്റെ ഫെസ്റ്റാണ്. അനൗൺസ്മെന്റ് നടത്താൻ വെറൈറ്റി ഐഡിയാസ് വല്ലതുമുണ്ടോ?’

‘പൊളപ്പൻ ഐഡിയ ഉണ്ട്. നമുക്ക് നടുത്തളത്തിൽ ഒരു ഫ്ലാഷ്മോബ് അങ്ങ് കാച്ചിയാലോ?’

‘ആഹാ, ഇതുവരെ ആരും പറയാത്ത ഫ്രെഷ് ഐഡിയ.’

അങ്ങനെ തുടങ്ങിയ ഫ്ലാഷ് മോബ് പിന്നെ, കോളജിലെ ആചാരമായി. ഏത് ഡിപാർട്മെന്റ് എന്തു പരിപാടി നടത്തിയാലും ഷുവറായിട്ട് ഉണ്ടാകും, ഫ്ലാഷ് മോബ്. കൊമേഴ്സ് ഫെസ്റ്റ്, ഇക്കണോമിക്സ് ഫെസ്റ്റ്, മാത്‌സ് ഫെസ്റ്റ്, എക്സിബിഷൻ, ഫൂഡ് ഫെസ്റ്റ് എന്നു വേണ്ട പരിപാടി ഏതായാലും ഫ്ലാഷ്മോബ് മസ്റ്റാണ്. ഫ്ലാഷ് മോബിന് വേദിയാകുന്നത്, ക്യാംപസിലെ നടുത്തളം.

‘ബട് ഗേൾസ്, നിങ്ങളുടെ ക്യാംപസ് ഒരു ക്യാംപസാണോ. ഇവിടെയെങ്ങും ഒരു മരം പോലും ഇല്ലല്ലോ. സോ ബാഡ്.’ അയൽവക്കത്തെ കോളജുകളിലെ ഫ്രെണ്ട്സ് നൈസായിട്ട് പുച്ഛിക്കാൻ കച്ചകെട്ടി വരുമ്പോ ബിസിഎം ഗേൾസ് നേരെ ചെമ്പകച്ചോട്ടിലേക്ക് പോകും. പൂത്തുലഞ്ഞു നിൽക്കുന്ന ചെമ്പകത്തിൽ ചാരിനിന്ന് അവർ പറയും,

‘ദാ ഇവിടെ നോക്ക്, ഞങ്ങളുടെ ക്യാംപസിന്റെ എല്ലാമായ ചെമ്പകം കണ്ടോ. ഇതുപോലൊന്ന് നിങ്ങൾക്കുണ്ടോ, ഉണ്ടോ.’ പുച്ഛിസ്റ്റുകൾ തല താഴ്ത്തി സ്ഥലം വിടും.

കോട്ടയം ബിസിഎം കോളജിലെ കുട്ടികൾ ഏറ്റവുമധികം സമയം ചെലവഴിക്കുന്നത് ചെമ്പകച്ചോട്ടിലാണ്. അതുകൊണ്ട് തന്നെ, ക്യാംപസിൽ സാഹിത്യചർച്ച സംഘടിപ്പിച്ചപ്പോൾ അതിനും വേദിയായത് ചെമ്പകച്ചോടാണ്. പരിപാടിക്ക് ഇട്ട പേരും കിടുവാണ്, ‘ചെമ്പകച്ചോട്ടിലെ ചായക്കൂട്ട്’. സൂപ്പർ സ്‌റ്റൈലിൽ തോളൊരൽപം ചെരിച്ച് ബിസിഎം ഗേൾസ് പറയും, ‘ചെമ്പകമില്ലാതെ നമുക്കെന്ത് ആഘോഷം.’

തട്ടുകട ഓഫ് കുട്ടൻപിള്ള

‘പ്രിയപ്പെട്ട വിദ്യാർഥികളേ, നിങ്ങൾക്കൊരു സന്തോഷവാർത്ത. നിങ്ങൾക്കേവർക്കും പ്രിയപ്പെട്ട ‘തട്ടുകട’ വീണ്ടും തുറക്കുകയാണ്. കിടിലൻ ഹോംലി മീൽസ് കഴിക്കാൻ ഇതാ ഒരു അസുലഭ മുഹൂർത്തം. ഹോം സയൻസ് ഡിപാർട്മെന്റ് അഭിമാനപുരസ്സരം അവതരിപ്പിക്കുന്നു, ‘കുട്ടൻപിള്ളയുടെ തട്ടുകട’’. അനൗൺസ്മെന്റിന്റെ ഉദ്ദേശ്യം മനസ്സിലായോ?

കോളജിലെ പാചകറാണിമാരായ ഫൂഡ് സയൻസ് ഡിപാർട്മെന്റിലെ സ്റ്റുഡൻസിനാണ് ക്യാംപസിലെ കന്റീന്റെ പരമാധികാരം. കറിക്ക് അരിയുന്നത് മുതൽ കണക്കെഴുതുന്നത് വരെ പിള്ളേരാണ്. കുക്കിങ്ങിനായി മൂന്നാല് ജോലിക്കാരുമുണ്ട്. മെനുവിനൊത്ത് ഭക്ഷണം കുക്ക് ചെയ്ത്, സെർവ് ചെയ്ത്, കാഷ് വാങ്ങി കണക്കും എഴുതിയിട്ടേ ഇവർ കളം വിടൂ.

പെട്ടെന്നൊരു ദിവസം ഇവരൊരു തട്ടുകട അങ്ങ് തുടങ്ങും. നല്ല നാടൻ തട്ടുകട, പേര് ‘കുട്ടൻപിള്ളയുടെ തട്ടുകട’ എന്നാണെങ്കിലും കുട്ടൻപിള്ളയുടെ പൊടിപോലും ഇവിടില്ല. കപ്പയും മീൻകറീം, പുട്ടും കടലേം, കപ്പബിരിയാണി എന്നു വേണ്ട, നാടൻ ഐറ്റംസ് എല്ലാം മെനുവിലുണ്ട്. തട്ടുകടേലെ ഫൂഡ് എങ്ങനെയുണ്ടെന്ന് ചോദിച്ചാൽ ഇംഗ്ലിഷ് ഡിപാർട്മെന്റിലെ നീതു മിസ്സും ഹിന്ദി ഡിപാർട്മെന്റിലെ നവീന മിസ്സും സുവോളജിയിലെ എമി മിസ്സും കോറസ്സായി പറയും പറയും, സൂൂൂൂൂൂൂപ്പർ..

bcm-2

തേങ്ങയിടാനും ഞങ്ങൾ റെഡി

‘ഹോ, ഈ പൊരിവെയിലത്ത് കുടിക്കാൻ ഒരു കരിക്ക് കിട്ടിയെങ്കിൽ’ പറമ്പിൽ നിൽക്കുന്ന തെങ്ങിലേക്ക് നോക്കി ആത്മഗതം പറഞ്ഞു തീരുന്നതിനു മുൻപേ കരിക്ക് കയ്യിലെത്തും. പഠിത്തത്തിലും കളിയിലും ആഘോഷത്തിലും മാത്രമല്ല, തെങ്ങുകയറ്റ ത്തിലും ബിസിഎം കോളജിലെ കുട്ട്യോളെ തോൽപിക്കാൻ ആകില്ല മക്കളേ. നിങ്ങൾ കരിക്കുംകുലയിൽ കണ്ണുംനട്ട് താഴെ നിൽക്കുമ്പോൾ സിംപിളായി തെങ്ങിൽ കയറി, തേങ്ങയുമിട്ട് കൂളായിട്ട് ഇറങ്ങിപ്പോരും ഇവർ. ക്യാംപസിലെ നാഷനൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിലാണ് ‘തെങ്ങിന്റെ ചങ്ങാതിക്കൂട്ടം’ എന്ന പേരിൽ ഈ വർഷം വിദ്യാർഥികൾ തെങ്ങുകയറ്റ പരിശീലനം തുടങ്ങിയത്. തെങ്ങു ക യറ്റം പഠിച്ച വിദ്യാർഥികൾ മാത്രമല്ല, അധ്യാപകരുമുണ്ട് ഇവിടെ.

നമ്മളെല്ലാം ഒന്നല്ലേ ബ്രോ

‘ബിസിഎം വിമൻസ് കോളജ് അല്ലേ. പെൺകുട്ട്യോള് മാത്രമുള്ള ക്യാംപസിനകത്ത് ഒരു കൂട്ടം ചെക്കൻമാർ കറങ്ങുന്നത് കണ്ടല്ലോ. വേഗം പോയി സെക്യൂരിറ്റിയെ വിളിച്ചോണ്ട് വന്നാലോ.’

ആദ്യമായിട്ട് ഈ ക്യാംപസിൽ വരുന്ന ആർക്കും തോന്നാം ഈ ഡൗട്ട്. പക്ഷേ, ഡൗട്ടടിച്ചാലുടനെ സെക്യൂരിറ്റിയെ വിളിക്കാനൊന്നും പോയേക്കല്ലേ. നിങ്ങൾ കണ്ട ചെക്കൻമാരുടെ കൂട്ടം ഇവിടത്തെ സ്റ്റുഡൻസ് തന്നെയാണ്. വിമൻസ് കോളജിൽ ആൺപിള്ളേർ എങ്ങനെ സ്റ്റുഡന്റായി എന്ന സ്ഥിരം ചോദ്യവും വേണ്ട, അങ്ങനെയൊരു ഡിപാർട്മെന്റുണ്ട് ഇവിടെ. ബിസിഎം കോളജിൽ ആൺകുട്ടികൾക്ക് പ്രവേശനം എം.എസ്.ഡബ്ല്യൂവിന് മാത്രം. പത്തുരണ്ടായിരം പെൺപുലികൾക്കിടയിൽ അങ്ങനെ ഹാപ്പിയായി സാമൂഹികസേവനം പഠിക്കുകയാണ്, നല്ലവരായ ഈ ചേട്ടൻമാർ. സാമൂഹികസേവനം പരീക്ഷപേപ്പറിൽ മാത്രമല്ല, പ്രവൃത്തിയിലുമുണ്ട്. പ്രളയകാലത്ത് കോട്ടയത്തെ ദുരിതാശ്വാസപ്രവർത്തനങ്ങൾക്കെല്ലാം മുന്നിൽതന്നെ ഉണ്ടായിരുന്നു, ഈ ചേട്ടൻമാർ.

വിമൻസ് കോളജിൽ പഠിക്കുന്ന എക്സ്പീരിയൻസ് എങ്ങനെയുണ്ടെന്ന് ഇവരോട് ചോദിച്ചപ്പോൾ, ‘നമുക്കെന്ത് വിമൻ, നമുക്കെന്ത് മെൻ, എല്ലാരും ഒന്നല്ലേ ബ്രോ’ എന്നായിരുന്നു മറുപടി.

bcm-3

ഓളം മാത്രമല്ല ഇവിടെ

കളിയിലും ചിരിയിലും ഓളത്തിലും മാത്രമല്ല, കരുതലിലും സ്നേഹത്തിലും അഞ്ചാറു പടി മുന്നിൽ തന്നെയാണ് ഈ പെൺപട. അതിനിടയിൽ ലിമിറ്റേഷൻസിനെക്കുറിച്ച് ഇവർ ചിന്തിക്കാറു പോലുമില്ല.

സ്തനാർബുദ ചികിത്സാ ബോധവൽക്കരണത്തിനായി ‘പ്രൊട്ടക്ട് യുവർ മോം ഇന്റർനാഷനൽ’ എന്ന സംഘടനയുടെ പരിപാടി ക്യാംപസിൽ നടത്തി വിജയിപ്പിച്ച കോളജ് യൂണിയൻ മാസ്സാണെങ്കിൽ, പെർമിഷൻ കൊടുത്ത പ്രിൻസിപ്പൽ ജോസഫീന മിസ് മരണമാസ്സാണെങ്കിൽ, ആറ്റുനോറ്റ് പരിപാലിച്ച തലമുടി കാൻസർ രോഗികൾക്കു വേണ്ടി മുറിച്ചു നൽകിയ സ്റ്റുഡൻസ് കൊലമാസ്സാണ്. 30 വിദ്യാർഥിനികളാണ് ഹാപ്പിയായി മുടി മുറിച്ചു നൽകിയത്.

കുറച്ച് കഞ്ഞി എടുക്കട്ടെ ?

‘ഫൂഡ്’ എന്നു വച്ചാൽ അത് ഫൂഡ് സയൻസിലെ പിള്ളേരുടെ കുത്തകയാണെന്നൊരു വിചാരം ഇവിടെല്ലാർക്കും ഉണ്ട്. ചില സമയത്ത് അവർ ഷൈൻ ചെയ്യുന്നത് കാണുമ്പോൾ വല്ലാത്ത അസൂയ. ഭക്ഷണകാര്യത്തിൽ നമ്മള് ഹിസ്റ്ററിക്കാരും ഒട്ടും പിന്നിലല്ലെന്നു തെളിയിക്കണം.

ഹിസ്റ്ററിയും ഫൂഡും തമ്മിൽ അഗാധമായൊരു ബന്ധമുണ്ട്. ഭക്ഷണമില്ലാതെ ആരെങ്കിലും ജീവിച്ച ചരിത്രമുണ്ടോ?’ തലച്ചോറിനുള്ളിൽ ആശയങ്ങളുടെ ആയിരം വോൾകാനോ തിളച്ചുമറിയുന്ന ചർച്ചക്കൊടുവിൽ വെറൈറ്റി ഐഡിയ കിട്ടി.

ഭൂതകാല കേരളത്തിലേക്ക് ഒന്ന് ഊളിയിട്ടപ്പോഴാണ് ഐഡിയ തലയിൽ തടഞ്ഞത്. പഴമയുടെ പെരുമ കാട്ടാ നൊരു പഴങ്കഞ്ഞി ഫെസ്റ്റ്. നേരെ പോയി പ്രിൻസിപ്പലിന്റെ പെർമിഷൻ വാങ്ങി. കഞ്ഞി ഉണ്ടാക്കിയതും തേങ്ങാ ചമ്മന്തി അരച്ചതും അച്ചാർ ഉണ്ടാക്കിയതും മൺചട്ടിയിൽ വിളമ്പിയതും കോരിക്കുടിക്കാൻ പ്ലാവില കൊണ്ടുവന്നതുമെല്ലാം ചരിത്രം പഠിക്കുന്ന കുട്ട്യോള് തന്നെ.

ലഞ്ച് ബ്രേക്കിന് ബെല്ലടിച്ചതും നീണ്ട ക്യൂവിൽ അണിനിരന്ന ടീച്ചേഴ്സിനോടും പിള്ളേർസിനോടും ഒറ്റ ചോദ്യം, ‘കുറച്ച് കഞ്ഞി എടുക്കട്ടെ.’