Monday 17 June 2019 04:21 PM IST

‘ചരിത്രത്തിൽ കറുത്ത അധ്യായമായി രേഖപ്പെടുത്തേണ്ട , വിദ്യാർഥികളുടെ നെഞ്ചിൽ തീ കോരിയിട്ട ഒരു ദിനം’! ‘കോലുമിഠായി’ നിരോധനം അത്ര നിസ്സാരമല്ല

Nithin Joseph

Sub Editor

c1 ചിത്രങ്ങൾ–ബേസിൽ പൗലോ

വർ അറ്റൻഷൻ പ്ലീസ്. ഇപ്പോൾ കിട്ടിയ അറിയിപ്പ്, ബെല്ലടിച്ച് ബ്രേക്കിന് വിട്ടാൽ ആരും മതിലു ചാടി മുങ്ങാൻ പാടില്ല. എല്ലാവരും ബഷീറിക്കാന്റെ കടേന്ന് ഓരോ തേൻമിഠായിയും വാങ്ങി വായിലിട്ട് നേരെ കലാം പാർക്കില്‍ നടക്കുന്ന ചോദ്യോത്തരവേളയിലേക്ക് എത്തിച്ചേരേണ്ടതാണ്.’

അനൗൺസ്മെന്റ് കേട്ട്, രണ്ടു മിനിറ്റിനുള്ളിൽ ക്യാംപസിലെ പ്രധാന പുള്ളികളെല്ലാം കലാം പാർക്കിൽ ഹാജർ. കിട്ടിയ തക്കത്തിന് ക്യാംപസിലെ ഞാവൽമരത്തിനു മുകളിൽ വലിഞ്ഞുകയറി പറിച്ചെടുത്ത ഞാവൽപഴവും വായിലിട്ടാണ് ചിലരുടെ ഇരിപ്പ്.

‘മതിൽ ചാടരുതെന്ന് വെറുതെ പറഞ്ഞതാ. ചാടാൻ ആഗ്രഹം ഉണ്ടേലും ഇനി നടക്കില്ല. കഴിഞ്ഞ വർഷത്തെ ഹോളി ആഘോഷത്തോടെയാണ് മതിൽചാട്ടം സ്വിച്ച് ഒാഫ് ആയത്.’‌

പറയുന്നത് ലിറ്ററേച്ചർ സ്റ്റുഡന്റ് അഷ്കർ.‘ഹോളി സെലിബ്രേഷന്റെ തീവ്രത അളക്കാൻ വന്ന പ്രിൻസിപ്പൽ വിൻസന്റച്ചൻ കണ്ടത് പൊക്കം കുറഞ്ഞ മതിലിനു കുറുകെ അങ്ങോട്ടുമിങ്ങോട്ടും ചാടിക്കളിക്കുന്ന വിരുതൻമാരെ. പിറ്റേ

ന്ന് മാനേജ്മെന്റ് മതിലിന്റെ പൊക്കമങ്ങ് കൂട്ടി. അങ്ങനെ ആ സ്പോർട്സ് അങ്ങ് അന്യം നിന്നുപോയി ’

ക്യാംപസിൽ ഏറ്റവുമധികം സന്ദർശകർ എത്തുന്ന സ്ഥലം?

Option A - ക്ലാസ് റൂം Option B - കലാം പാർക്

Option C - കോളജിനു പുറത്തുള്ള ബേക്കറി

മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൽ കലാം 2005ൽ കേരളത്തിലെത്തിയപ്പോൾ സന്ദർശിച്ച സ്ഥലങ്ങളിലൊന്നാണ് തൊടുപുഴ ന്യൂമാൻ കോളജ്. അന്ന് അദ്ദേഹം ക്യാംപസിലൊരു ആൽമരം നട്ടു. വലുതായപ്പോൾ തനിക്കു ചുറ്റും പിള്ളേര് വിശാലമായി സൊറ പറഞ്ഞ് ഇരിക്കട്ടെ എന്ന് ആൽമരവും കരുതി.

ന്യൂമാൻ കോളജിന്റെ ക്യാംപസിൽ വിദ്യാർഥികൾക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലമേതെന്ന ചോദ്യത്തിന് കിട്ടുന്ന ഒരേയൊരു ഉത്തരം, കലാം പാർക്. ആ ഇഷ്ടത്തിനു കാരണങ്ങൾ പലതാണ്.

അക്ഷയ്: ഇന്റർവൽ ടൈമിൽ ബഷീറിക്കാന്റെ കടേൽ പോയി പത്തു രൂപയ്ക്ക് ‘പുളിമുട്ടായി’ വാങ്ങി വട്ടംകൂടിയിരുന്ന് തിന്നോണ്ട് തള്ളുകഥ പറയാൻ ഈ മരത്തണലിനെക്കാൾ ബെസ്റ്റ് സ്പോട് വേറെയില്ല.

കുര്യൻ: കോളജിൽ മൊബൈൽ ഉപയോഗിക്കാൻ പാടില്ല. ഫോണെങ്ങാനും കണ്ടാൽ ഉടനെ പ്രിൻസിപ്പലച്ചൻ പിടിച്ചോണ്ടു പോകും. സ്വസ്ഥമായിട്ട് ഇരുന്ന് ഫോൺ ഉപയോഗിക്കാനുള്ള സ്ഥലമാണ് ഞങ്ങൾക്ക് കലാം പാർക്. മരത്തിന്റെ ചോട്ടിലിരിക്കുന്നവരെ പുറത്ത് നിൽക്കുന്നവർക്ക് പെട്ടെന്ന് കാണാൻ പറ്റില്ല. അതുകൊണ്ട് അച്ചൻ ദൂരേന്ന് വരുമ്പഴേ ഫോൺ ഒളിപ്പിക്കാനുള്ള ടൈം കിട്ടും.

c3

ക്യാംപസിൽ ഏറ്റവുമധികം ഫാൻസുള്ള വ്യക്തി ആരാണ്?

ഈ ചോദ്യത്തിന് മാത്രം ഓപ്ഷൻസിന്റെ ആവശ്യമില്ല. ഫാൻസ് പവറിന്റെ കാര്യത്തിൽ ബഷീറിക്കയോട് മുട്ടാൻ പോന്ന ആൾക്കാരൊന്നും ന്യൂമാൻ കോളജിലില്ല. ഇക്കയുടെ ഫാൻസ് അല്ലാത്തവരെ കണ്ടുപിടിക്കാനാണ് പ്രയാസം.

ആരാണീ ബഷീറിക്ക എന്നല്ലേ? ക്യാംപസില്‍ പേന മുതൽ പേപ്പർ വരെ, ഗൈഡ് മുതൽ മിഠായി വരെ കിട്ടുന്ന സ്‌റ്റോറിന്റെ ഉടമയാണ് കക്ഷി.

‘ഇവിടെ പഠിച്ചിട്ടില്ലെന്നേ ഉള്ളൂ. 13-ാം വയസ്സു മുതൽ ഞാൻ കോളജിലുണ്ട്. അന്ന് കോളജിൽ കന്റീൻ ഇല്ല. പുറത്തായിരുന്നു ‍ഞങ്ങടെ കട. ടീച്ചേഴ്സിനെല്ലാം ചായയും ചോറും കൊണ്ടുപോയി കൊടുക്കുന്നത് ഞാനാണ്. കോളജിനകത്തേക്ക് സ്‌റ്റോർ മാറ്റിയിട്ട് 20 വർഷമായി. ജീവിതം മുഴുവൻ കോളജിനകത്താണു ചെലവഴിച്ചത്. കുട്ടികൾക്കു വേണ്ടതെല്ലാം കൊടുക്കാൻ നമ്മൾ ഇവിടെയുണ്ട്.’

കടയിലെ ടേബിളിൽ ബഷീറിക്കയുടെ ഒരു പടമുണ്ട്. അവസാനവർഷ വിദ്യാർഥികളിലൊരാൾ വരച്ചുനൽകിയ സ്നേഹസമ്മാനമാണത്. ഈ ക്യാംപസിൽ ആരും വിശന്നിരിക്കാൻ സമ്മതിക്കില്ലെന്ന് ഒരേ വാശിയാണ് ഇക്കയ്ക്ക്. ഇത്തിരി മധുരം മതിയെങ്കിൽ തേൻമിഠായി, പുളിമിഠായി, കോലുമിഠായി... അൽപം ഹെവിയായിക്കോട്ടെ എന്നാണെങ്കിൽ വെട്ടുകേക്ക്...

കോളജിൽ പഠിക്കുന്ന പിള്ളേർക്ക് യൂണിഫോമിന്റെ ആവശ്യമുണ്ടോ?

ആതിര- മറ്റ് ആർട്സ് കോളജിലെ കുട്ടികളെല്ലാം കളർ ഡ‍്രസ്സിട്ട് ചെത്തി നടക്കുന്നത് കാണുമ്പോൾ അസൂയ തോന്നും. നമ്മൾ മാത്രം സ്കൂൾകുട്ടികളെ പോലെ യൂണിഫോമും ഐഡി കാർഡുമിട്ട് നടക്കണം. ശോകം സീൻ അല്ലേ.?

ശ്യാം- പിന്നെ, കളർ ഡ്രസ് ആണെങ്കിൽ വല്യ പാടാണ്. എല്ലാ ദിവസവും അലക്കണം, തേക്കണം. യൂണിഫോമാണെങ്കിൽ ഇമ്മാതിരി തലവേദനകളൊന്നും ഇല്ലല്ലോ. ഒരാഴ്ചത്തേക്ക് രണ്ടു ജോടി ധാരാളം.

ക്യാംപസിൽ വിദ്യാർഥിരാഷ്ട്രീയം വേണോ?

നിമ്മി- ജീവിത മൂല്യങ്ങൾ പഠിക്കുന്നത് കോളജിൽനിന്നാണ്. രാഷ്ട്രീയവും അവിടെ തുടങ്ങണം. ക്യാംപസിൽ പഠനം മാത്രം മതിയെങ്കിൽ പിന്നെന്തിനാണ് ആർട്സും സ്പോർട്സും?

c4

ജസ്റ്റിൻ- ഇലക്‌ഷനും യൂണിയനും വേണം. പക്ഷേ, അതിന് എന്തിനാണ് രാഷ്ട്രീയപാർട്ടികൾ? ഇപ്പറഞ്ഞ പാർട്ടികളൊന്നും ഇല്ലാതെ ഇലക്‌ഷൻ നടത്തണം. പണ്ടാരോ ഉണ്ടാക്കിയ ഐഡിയോളജി ‌‌‌‌‌‌നമുക്കെന്തിന്?

ക്യാംപസിൽ വിദ്യാർഥി വിരുദ്ധവും മനുഷ്യത്വരഹിതവുമായ നിയമങ്ങളുണ്ടോ?

‘കൃത്യം ഒരു മാസം മുൻപേയാണ് ചരിത്രത്തിൽ തന്നെ കറുത്ത അധ്യായമായി രേഖപ്പെടുത്തേണ്ട ആ ദിനം. ഇവിടത്തെ വിദ്യാർഥികളുടെ നെഞ്ചിൽ തീ കോരിയിട്ടുകൊണ്ട് ക്യാംപസിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച ദിനം.’

എന്താണ് നിരോധിച്ചതെന്ന് അറിഞ്ഞാൽ നിങ്ങൾ ഞെട്ടും. ആ നിരോധിതവസ്തുവിന്റെ പേര്, ലോലിപോപ്പ് എന്ന് പരിഷ്കാരികൾ വിളിക്കുന്ന സാക്ഷാൽ ‘കോലുമിഠായി’.

നിങ്ങൾ വിചാരിക്കുന്നതു പോലെ അത്ര നിസ്സാരവസ്തുവല്ല അത്. ബഷീറിക്കാന്റെ കടയിൽ ഏറ്റവും ഡിമാൻഡ് ഉള്ള സംഗതി. അഞ്ഞൂറും ആയിരവും കോലുമിഠായികൾ വരെ വിറ്റുപോയ ദിവസങ്ങൾ ഉണ്ടെന്ന് ഇക്ക തന്നെ സാക്ഷ്യപ്പെടുത്തും.

പക്ഷേ, വിൽപന കൂടിയതോടെ പണി കിട്ടിയത് ക്യാപസിലെ ക്ലീനിങ് സ്റ്റാഫിനാണ്. മിഠായി തിന്നിട്ട് പിള്ളേർ അവിടെയുമിവിടെയും വലിച്ചെറിയുന്ന കോല് എടുത്തുകളയൽ അവർക്ക് പ്രയാസമായതോടെ പ്രിൻസിപ്പലച്ചൻ വീണ്ടും ഇടപെട്ടു, കോലുമിഠായിക്ക് കോളജിൽ നിരോധനാജ്ഞയുമായി.

പിന്നെയുള്ള ഏക ആശ്വാസം ക്യാംപസിലെ ഞാവൽമരമാണ്. ടീച്ചേഴ്സിന്റെ കണ്ണു വെട്ടിച്ച് കയ്യിലൊരു കവറുമെടുത്ത്, ചില്ല നിറയെ പഴവുമായി നിൽക്കുന്ന മരത്തിലേക്ക് ചാടിയങ്ങു കേറും. മരക്കൊമ്പിലിരുന്ന് വയറു നിറയെ കഴിച്ചിട്ട് കൂട്ടുകാർക്കു വേണ്ടി കവർ നിറയെ പറിച്ചെടുത്ത് തിരിച്ചിറങ്ങും.