Saturday 14 March 2020 03:20 PM IST : By P B Nooh IAS

‘പ്ലസ്ടു വരെ പഠിച്ച 12 വർഷത്തിനിടയിൽ ആകെ രണ്ടു ദിവസം മാത്രമേ ഞാൻ ആബ്സന്റ് ആയിട്ടുള്ളൂ'; കരിയർ പാഠങ്ങളുമായി പി ബി നൂഹ് ഐഎഎസ്

noor-career പി ബി നൂഹ് ഐഎഎസ്, 2011 ബാച്ചിലെ കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥൻ. 43–ാം റാങ്കോടെ ഐഎഎസ് നേടി. ഒറ്റപ്പാലത്ത് സബ് കലക്ടർ, സംസ്ഥാന എക്സൈസ് വകുപ്പിന്റെ വിമുക്തി പദ്ധതി സിഇഒ, സാമൂഹികനീതി വകുപ്പ് ഡയറക്ടർ എന്നീ പദവികളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോൾ പത്തനംതിട്ട ജില്ലാ കലക്ടർ. ഭാര്യ– ഡോ. ഫാത്തിമ, സ്വദേശം: മൂവാറ്റുപുഴ

ഉപ്പയുടെയും ഉമ്മയുടെയും എട്ടുമക്കളിൽ ഏഴാമനാണ് ഞാൻ. ഉപ്പ ബാവയുടെ കൊച്ചുകടയിൽ നിന്നുള്ള വരുമാനം കൊണ്ടാണ് ഞങ്ങളെല്ലാം പഠിച്ചത്. നാട്ടിലെ സർക്കാർ സ്കൂളിൽ പത്തുവരെ പഠിച്ച ശേഷം പെരുമ്പാവൂരിനടുത്തുള്ള ജയകേരളം ഹയർ സെക്കൻഡറി സ്കൂളിൽ നിന്നാണ് പ്ലസ്ടു പാസായത്. എല്ലാ മക്കൾക്കും ഉയർന്ന വിദ്യാഭ്യാസം നൽകുക എന്നത് വാപ്പയുടെയും ഉമ്മ മീരാവുമ്മയുടെയും വാശിയായിരുന്നു. ക്ലാസ് മുടക്കാനൊന്നും സമ്മതിക്കുകയേ ഇല്ല. പ്ലസ്ടു വരെ പഠിച്ച 12 വർഷത്തിനിടയിൽ ആകെ രണ്ടേ രണ്ടു ദിവസം മാത്രമേ ഞാൻ ആബ്സന്റ് ആയിട്ടുള്ളൂ. ആറാം ക്ലാസിൽ പഠിക്കുന്ന കാലത്ത് എന്റെ ഗ്രാൻഡ് മദർ മരിക്കുമ്പോഴും പ്ലസ് വണ്ണിനു പഠിക്കുന്ന കാലത്ത് ഗ്രാൻഡ് ഫാദർ മരിക്കുമ്പോഴും.

സ്കൂളിൽ പഠിക്കുന്ന കാലത്ത് മിക്ക കുട്ടികളെയും പോലെ ഡോക്ടറാകുക എന്നതായിരുന്നു എന്റെയും സ്വപ്നം. സ്വപ്നം കൊണ്ടു മാത്രം ഞാൻ ഡോക്ടറാകില്ലെന്ന് പരീക്ഷ കഴിഞ്ഞപ്പോൾ മനസ്സിലായി. എത്ര പഠിക്കണമെന്നോ എങ്ങനെ പഠിക്കണമെന്നോ അറിയാതെ എൻട്രൻസ് പരീക്ഷ എഴുതിയ ഞാൻ ഒടുവിൽ അഗ്രികൾചർ പഠനത്തിലാണ് എത്തിയത്. അതിന്റെ സാധ്യതകൾ അറിയാതിരുന്ന ഞാൻ തികച്ചും നിരാശനുമായി.

ചേട്ടന്റെ വഴിയേ

ഞാൻ ഡിഗ്രി ഒന്നാം വർഷം പഠിക്കുമ്പോഴാണ് ചേട്ടൻ പി.ബി. സലിമിന് ഐഎഎസ് കിട്ടിയത്. ചേട്ടന്മാരെല്ലാം മികച്ച വിദ്യാർഥികളായിരുന്നുവെങ്കിലും സ്കൂളിൽ ഞാനൊരു ആവറേജ് സ്റ്റുഡന്റ് ആയിരുന്നു. എങ്കിലും കുടുംബത്തിൽ ഒരാൾക്ക് ഐഎഎസ് ലഭിച്ചപ്പോൾ അതിനു സഹായിച്ച കുറച്ച് ജീനുകൾ എനിക്കുമുണ്ടാകുമെന്ന് ഞാൻ വിശ്വസിച്ചു. അഗ്രികൾചര്‍ പഠനത്തിനു ശേഷമാണ് ഐഎഎസ് എന്നു തീരുമാനിക്കുന്നത്. പിജി എൻട്രൻസ് പരീക്ഷയെഴുതി സ്കോളർഷിപ്പോടു കൂടി കേരളത്തിനു പുറത്ത് പഠിക്കാൻ കഴിഞ്ഞാൽ സിവിൽ സർവീസ് പരീക്ഷയ്ക്ക് വളരെ സഹായകരമാകും എന്നും കണക്കുകൂട്ടി.

ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾചറൽ റിസർച് നടത്തിയ പിജി എൻട്രൻസ് പ രീക്ഷയിൽ വിജയിച്ച് ഞാൻ ബെംഗളൂരുവിലെ യൂണിവേഴ്സിറ്റി ഓഫ് അഗ്രികൾചറൽ സയൻസിൽ പഠിക്കാൻ ചേർന്നു. പിന്നീട് പിഎച്ച്ഡിക്കായി ഡൽഹിയിലേക്കു പോയതും 2011ൽ ഐഎഫ്എസ് (ഇന്ത്യൻ ഫോറസ്റ്റ് സർവീസ്) പരീക്ഷയിൽ വിജയിച്ചതുമെല്ലാം ഐഎഎസ് എന്ന എന്റെ സ്വപ്നത്തിലേക്കുള്ള ചവിട്ടുപടികളായാണ് കണ്ടത്. ഡെറാഡൂണിലെ ഇന്ദിരാഗാന്ധി നാഷനൽ ഫോറസ്റ്റ് അക്കാദമിയിൽ (ഐജിഎൻഎഫ്എ) ഇന്ത്യൻ ഫോറസ്റ്റ് സർവീസസ് ട്രെയ്നിങ്ങിൽ ആയിരിക്കുമ്പോഴാണ് ഒരു വട്ടം കൂടി സിവിൽ സർവീസ് എഴുതിയത്. അങ്ങനെ 2012 ൽ 43–ാം റാങ്കോടെ ഞാൻ ഐഎഎസിലെത്തി. ചേട്ടന് ഐഎഎസ് കിട്ടി പത്തു വർഷത്തിനു ശേഷം.

കൃഷി കരിയറാക്കാം

കൃഷി പഠിച്ചതു കൊണ്ട് എന്താണ് പ്രയോജനം? ഒന്നുകിൽ മണ്ണിലിറങ്ങി കൃഷി ചെയ്യാം, അല്ലെങ്കിലോ? പലർക്കും മറുപടി അറിയില്ല. കൃഷി മോശമാണെന്നു ചിന്തയുള്ള കാലമൊക്കെ കഴിഞ്ഞു. അക്കാദമിക് പഠനത്തിനും പ്രായോഗിക പഠനത്തിനും വിശാല സാധ്യതകളുള്ള മേഖലയാണ് അഗ്രികൾചർ സ്റ്റഡീസ്. ഡിഗ്രിക്ക് എനിക്കൊപ്പം പഠിച്ച 36 പേരിൽ 30 പേരും ഇന്ന് സർക്കാർ സർവീസിൽ ഉയർന്ന ജോലികൾ ചെയ്യുന്നു. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾചറൽ റിസർചിൽ ശാസ്ത്രജ്ഞൻ മുതൽ കോളജ് പ്രഫസർമാരും ബാങ്ക് ഉദ്യേഗസ്ഥരും വരെ ആ കൂട്ടത്തിലുണ്ട്. ബാക്കിയുള്ള ആറുപേർ ജോലി സ്വയം വേണ്ടെന്നു വച്ചവരാണെന്നു കൂടി പറയട്ടെ.

അഗ്രികൾചർ ആൻഡ് അലൈഡ് സയൻസസ് എന്നറിയപ്പെടുന്ന കൃഷിയും അനുബന്ധ പഠനശാഖകളും പോലെ ഇത്രയും ജോലി സാധ്യതകളുള്ള കോഴ്സുണ്ടോ എന്നു ത ന്നെ സംശയമാണ്. സ്വയം സംരംഭകർക്കുള്ള ബിസിനസ് സാധ്യതകൾ ഇതിനു പുറമേയാണെന്ന് ഓർക്കണം.

ഈ മേഖലയിലെ പഠനത്തിനു ശേഷം മത്സരപരീക്ഷകൾ പാസാകുന്ന വിദ്യാർഥികളുടെ എണ്ണവും കൂടുതലാണ്. അഗ്രികൾചർ സയൻസിനു കീഴിൽ വരുന്ന പഠന‌കോഴ്സുകളിൽ കൃഷിക്കു പുറമെ സോ ഷ്യോളജിയും സൈക്കോളജിയും മുതൽ സ്റ്റാറ്റിസ്റ്റിക്സും കംപ്യൂട്ടർ സയൻസുമൊക്കെ കരിക്കുലത്തിൽ ഉള്ളതു കൊണ്ടാണത്.

സാങ്കേതിക പഠനം പ്രധാനം

ഇൻഫർമേഷൻ ടെക്നോളജിയിലെ ഏറ്റവും നൂതനമായ അറിവുകൾ ആരോഗ്യരംഗത്തും കാർഷിക രംഗത്തും വേണ്ടുവോളം പ്രയോജനപ്പെടുത്തുന്നുണ്ട്. സാറ്റലൈറ്റ് ഉപയോഗിച്ചുള്ള കാലാവസ്ഥാ പ്രവചനം കാർഷികരംഗത്ത് വലിയ തോതിൽ സഹായകരമാകുമ്പോൾ ആരോഗ്യരംഗത്ത് ഇവ ടെലിമെഡിസിൻ രംഗത്താണ് പ്രയോജനകരമാകുന്നത്. ഭാഷയുടെയും വിഷയങ്ങളുടെയും അതിർവരമ്പുകൾ ലംഘിച്ചുകൊണ്ട്, നമ്മുടെ തിരഞ്ഞെടുക്കപ്പെട്ട പ്രഫഷനുകളിൽ വിവിധ വിജ്ഞാശാഖകളിലെ ഏറ്റവും പുതിയ അറിവുകൾ വേണ്ട രീതിയിൽ സമന്വയിപ്പിക്കാൻ കഴിയുന്നവരാണ് നാളെയുടെ താരം. അതുകൊണ്ടു തന്നെയാണ് പ്രിയദർശനെ പോലെ രാഷ്ട്രം അംഗീകരിച്ച സിനിമാസംവിധായകർ പോലും ഷൂട്ടിങ്ങിലും എഡിറ്റിങ്ങിലുമെല്ലാം ഇൻഫർ മേഷൻ ടെക്നോളജിയുടെ നൂതന അറിവുകൾ സ്വായത്തമാക്കാനും സമന്വയിപ്പിക്കാനുംശ്രമിക്കുന്നത്.

അന്താരാഷ്ട്ര തലത്തിൽ ഫിനാൻഷ്യൻ ഇൻഡിപെൻഡൻസ്, റിട്ടയർ ഏർലി തുടങ്ങിയ ആശയങ്ങളുമായി യുവതലമുറ മുന്നേറുമ്പോഴാണ് മുപ്പതു വയസ്സുവരെ പഠനം, അതിനു ശേഷം ജോലിയും വിവാഹവും എന്നൊക്കെയുള്ള നമ്മുടെ ചിന്ത മാറണമെന്നു മനസ്സിലാകുന്നത്.

വരാനുള്ളത് മൾട്ടി ടാലന്റ് കാലം

കരിയർ സാധ്യതകൾ ഏറെയാണെങ്കിലും ഫോക്കസ്ഡ് ആയി പഠിക്കുന്ന വിദ്യാർഥികൾക്ക് ജീവിതം എളുപ്പവും അല്ലാത്തവർക്ക് ദുഷ്കരവുമാകുന്ന കാലമാണിത്. മുപ്പതും നാൽപതും വർഷങ്ങൾക്ക് മുൻപ് സിവിൽ സർവീസ് പരീക്ഷയ്ക്കായി എൻസൈക്ലോപീഡിയ മനഃപാഠം പഠിച്ചവരുടെ അടുത്ത തലമുറ ഇന്ന് അത് കൈ കൊണ്ടു തൊടുന്നു പോലുമുണ്ടാകില്ല. ഏറ്റവും വലിയ പുസ്തകശാലയായ ഇന്റർനെറ്റ് പോലുള്ള പുത്തൻ സാധ്യതകൾ ചെറുപ്പത്തിൽ തന്നെ വേണ്ട രീതിയിൽ ഉപയോഗിക്കാനായതിനാൽ ആണ് പതിനേഴുകാരിയായ അനന്യ ഛദ്ദയ്ക്ക് ‘ബ്ലോക് ചെയ്നിനു ശേഷം ഇനി എന്ത്’ എന്നൊക്കെ (Whats next in Block Chain) ആധികാരികമായി സംസാരിക്കാൻ കഴിയുന്നത്.

ഇനി വരുന്നത് ഡാവിഞ്ചിയെ പോലെ മൾട്ടി ടാലന്റുകളുടെ കാലമാണ്. ‘മൊണാലിസ’യും ‘ലാസ്റ്റ് സപ്പറു’മൊക്കെ വരച്ചത് ലിയനാഡോ ഡാവിഞ്ചിയാണെന്ന് എല്ലാവർക്കുമറിയാം. എന്നാൽ പാലിയന്റോളജിയുടെയും ആർകിടെക്ചറിന്റെയുമൊക്കെ പിതാവാണ് അദ്ദേഹമെന്ന് എത്ര പേർക്കറിയാം. കണക്കിലും സംഗീതത്തിലും അസ്ട്രോണമിയിലുമെല്ലാം അദ്ദേഹത്തിന് അഗാധമായ പാണ്ഡിത്യം ഉണ്ടായിരുന്നു.