Friday 02 December 2022 04:06 PM IST : By സ്വന്തം ലേഖകൻ

‘ഞാന്‍ കണ്ടത് ആണധികാരത്തിന്റെ അഹന്ത മുഖങ്ങൾ; എനിക്ക് ചിരിക്കാൻ കഴിഞ്ഞില്ല’: ഡോ. അമല ആനി ജോൺ പറയുന്നു

amala-jayahee ഡോ. അമല ആനി ജോൺ, മാധ്യമ പ്രവർത്തക

നല്ല കുടുംബ സിനിമ എന്ന ലേബൽ കണ്ട് ഭാര്യയെയും മക്കളേയും കൂട്ടി ‘ജയ ജയ ജയ ജയ ഹേ’ കാണാനിറങ്ങിയതാണ് പലരും.  പക്ഷേ, സിനിമ ചുരുൾ നിവർന്നതും കുടുംബത്തിലെ ആണുങ്ങൾ സ്തംഭിച്ചിരിക്കുകയും പെണ്ണുങ്ങൾ കയ്യടിക്കുകയും വിസിലടിക്കുകയും  ചെയ്യുന്ന കാഴ്ചയാണ് അരങ്ങേറിയത്. 

വിവാഹശേഷം ജയയുടെ ഇഷ്ടങ്ങൾ, പദവികൾ, തീരുമാനങ്ങൾ എല്ലാം ഭർത്താവായ രാജേഷിന്റേതായി മാറുകയാണ്. ഇതെല്ലാം ഭാര്യയ്ക്ക് വേണ്ടിയാണ് ചെയ്യുന്നത്, താൻ വളരെ ‘കെയറിങ്’ ആയ ഭർത്താവാണ് എന്നാണ് രാജേഷിന്റെ ഭാവം. അധീശത്വവും കാപട്യവും കഥയുടെ വളവിലും തിരിവിലും ചിരിയുടെ തിരിയിട്ട് നിന്നു കത്തുന്നുണ്ട്.

പല സ്ത്രീകൾക്കും ജയയുടെ സങ്കടങ്ങൾ സ്വന്തം ജീവിതാനുഭവങ്ങളുമായി ‘റിലേറ്റ്’ ചെയ്യാൻ കഴിയുന്നു. അതുകൊണ്ടാകാം രാജേഷിനെതിരേയുള്ള ജയയുടെ ഓരോ ‘കിക്കി’നും അവർ ആവേശത്തോടെ കയ്യടിച്ചത്. 

എനിക്ക് ചിരിക്കാൻ കഴിഞ്ഞില്ല: ഡോ. അമല ആനി ജോൺ, മാധ്യമ പ്രവർത്തക

പലരും സിനിമയിലെ തമാശകൾ കണ്ടു ആർത്തു ചിരിക്കുന്നതു കണ്ടു. ഞാനദ്‍ഭുതപ്പെട്ടു. ഞാനവിടെയെല്ലാം പരിചയമുള്ള മുഖങ്ങളാണ്‌ കണ്ടത്‌. ആണധികാരത്തിന്റെ അഹന്ത മുഖങ്ങൾ. ചിരി അവസാനിക്കുന്നിടത്ത് ചിന്ത തുടങ്ങേണ്ട സിനിമയാണ് ഇത്. ജയയുടെ ഭർത്താവായ രാജേഷിനെ വഷളാക്കിയത് അമ്മയാണെന്നു പറയുമ്പോൾ അവരെങ്ങനെ അങ്ങനെയായി എന്ന് കൂടെ ചിന്തിക്കണം. 

ഭർത്താവിൽ നിന്ന് അവർക്ക്‌ കിട്ടിയതും ഇതുപോലെ ദേഷ്യവും അലർച്ചയും എടുത്തേറും അടിയുമൊക്കെ ആയിരുന്നിരിക്കില്ലേ? ഇറങ്ങിപ്പോകാൻ സ്ഥലമില്ലാത്ത സ്ത്രീ അങ്ങനെയായില്ലെങ്കിലേ അദ്ഭുതമുള്ളൂ. ഇപ്പോൾ ആ സ്ഥിതിയിൽ ചെറിയ മാറ്റങ്ങൾ കണ്ടു വരുന്നു. ‘സർവംസഹ’ എന്ന ലേബലിൽ ജീവിക്കാൻ പുതിയ കാലത്തെ സ്ത്രീകൾ ഇഷ്ടപ്പെടുന്നില്ല. 

25 – 30 വർഷങ്ങളായ ദാമ്പത്യങ്ങൾ പോലും പിരിഞ്ഞ് സ്വന്തം വഴി തേടുന്നത് ഇതിന്റെ സൂചനയാണ്.  ‘ഇത്രയും വർഷം കഴിഞ്ഞില്ലേ, അഡ്ജസ്റ്റ്‌ ചെയ്തുകൂടെ’ എന്നുള്ള ചോദ്യങ്ങൾക്ക്‌ നേരെ, ‘ഒരു ദിവസമെങ്കിൽ ഒരു ദിവസം എനിക്ക്‌ സമാധാനമായി ഉറങ്ങണമെന്ന്’ നമുക്ക്‌‌ ചുറ്റുമുള്ള ജയമാർ പറഞ്ഞും പ്രവർത്തിച്ചും തുടങ്ങിയിരിക്കുന്നു. ഒറ്റ ദിവസം കൊണ്ടു വന്ന മാറ്റമല്ലിത്. ഓരോരുത്തരും  ഓരോ വ്യക്തിയാണെന്നുള്ള തിരിച്ചറിവ് എല്ലാവർക്കും വേണം.