Friday 13 November 2020 02:34 PM IST

‘സീറോയിൽ നിന്നാണ് തുടക്കം, ഇടതുവശത്തു കുറേ അക്കങ്ങൾ വന്നതോടെ സീറോയ്ക്കും വിലയായി’; വിജയം തൊട്ട സന്തോഷങ്ങൾ പങ്കുവച്ച് ജാറ്റോസ്

Lakshmi Premkumar

Sub Editor

_ARI0488
ഫോട്ടോ: സരിൻ രാംദാസ്

‘‘എന്റെ സ്വന്തം നാട് ഇടുക്കിയാണ്. അതാണ് എന്റെ ധൈര്യവും. ജനിച്ചത് കർഷകുടുംബത്തിൽ. മോഹിച്ചത് ഫാഷൻ ഡിസൈനറാകാൻ. സത്യം പറഞ്ഞാൽ സീറോയിൽ നിന്നാണ് തുടക്കം. ഇടതുവശത്തു കുറേ അക്കങ്ങൾ വന്നതോടെ സീറോയ്ക്കും വിലയായി. പക്ഷേ, അത് നേടാൻ ഒരുപാട് കഷ്ടപ്പെട്ടു. സ്വന്തം ബ്രാൻഡിൽ വസ്ത്രങ്ങൾ ഇറക്കുന്ന ഗാർമെന്റ് യൂണിറ്റ് എന്ന സ്വപ്നം നേടണം എന്നത് എനിക്ക് വെറു ലക്ഷ്യം ആയിരുന്നില്ല. വാശി ആയിരുന്നു.’’ വിജയം തൊട്ട ജീവിതസന്തോഷങ്ങൾ പങ്കുവയ്ക്കുന്നു ജാറ്റോസ്.

ഒപ്പം നിന്നു അപ്പനുമമ്മയും

‘‘തട്ടി മുട്ടി  കഴിഞ്ഞു പോകുന്നതിനിടയിൽ എനിക്ക് ഫാഷൻ ഡിസൈനിങ് പഠിക്കണം എന്ന് പറഞ്ഞാൽ നടക്കില്ല. എന്നാലും പ്ലസ്ടു കഴിഞ്ഞപ്പോൾ അപേക്ഷിച്ചു നോക്കി. കിറ്റെക്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽ അഡ്മിഷൻ  ലഭിച്ചു. അപ്പനും അമ്മയും കട്ടയ്ക്ക് കൂടെ നിന്നു. അതാണ് ജീവിതത്തിലെ സ്വപ്നത്തിലേക്ക് നയിച്ച ട്വിസ്റ്റ്. അവിടെ ചെന്നപ്പോൾ  ഫുൾ ഇംഗ്ലിഷ് മീഡിയം. അവർക്കിടയിൽ മലയാളം മീഡിയം ആയി ഞാനൊരാൾ. ആദ്യത്തെ തിയറി ക്ലാസ് നന്നായി കഷ്ടപ്പെട്ടു.

അടുത്ത ഒന്നര കൊല്ലം പ്രാക്ടിക്കൽ. നമ്മുടെ സ്വന്തം ഗ്രൗണ്ടിലെത്തിയല്ലോ. ഡിസൈനിങ്ങിലും  വരയിലും സ്റ്റിച്ചിങ്ങിലുമെല്ലാം ഞാൻ ഒന്നമതായി. പഠിച്ചിറങ്ങിയപ്പോഴേക്കും അവിടെ ജോലിയും കിട്ടി. ജോലി സ്വപ്നം കണ്ടല്ലല്ലോ ഇടുക്കിയിൽ നിന്ന് ഫാഷൻ പഠിക്കാനിറങ്ങിയത്.

രണ്ടും കൽപിച്ച് ജോലി വിട്ട് അങ്കമാലിയിൽ ചെറിയ സ്ഥലം എടുത്തു. ഗാർമെന്റ് യൂണിറ്റ് തുടങ്ങി. മെറ്റീരിയൽ പർച്ചേസ് എല്ലാം തനിച്ചാണ്. അന്നെനിക്ക് പ്രായം 22. ഭംഗിയായി ഡ്രസ്  ചെയ്ത് എറണാകുളത്തെ ബ്രോഡ്‌വേയിലൂടെ തലയിൽ വലിയൊരു തുണിക്കെട്ടുമായി  നടന്നിട്ടുണ്ട്.  പലരും എന്നെ അദ്ഭുതത്തോടെ നോക്കും. ഇടുക്കിയിലെ പറമ്പിൽ കപ്പയും, ചക്കയുമൊക്കെ ചുമക്കുന്ന നമുക്ക് ഇതൊക്കെ എന്ത് എന്ന് ഞാനും മനസ്സിൽ കരുതും.

മറ്റുള്ളവർക്കും തണൽ

തൊഴിൽരഹിതരായ സ്ത്രീകളെ ഞാൻ നേരിട്ട് പരിശീലനം നൽകിയാണ് ജോലിക്ക് നിയമിക്കുന്നത്. ഞാൻ തന്നെ വളർത്തിയെടുത്ത ജോലിക്കാർ എന്ന ആശയം വൻ വിജയമായി.

മിൽ മിയോ, ഫ്രിൽസ് ആൻഡ് ബോസ് എന്നീ രണ്ട് ബ്രാൻഡുകളുണ്ട്. കുഞ്ഞുങ്ങളുടെ പല വിധ ഉടുപ്പുകൾ ഞങ്ങളുടെ സ്റ്റിച്ചിങ് യൂണിറ്റില്‍ നിന്നും കൊച്ചിയിലെ വിവിധ കടകളിലേക്ക് എത്തുന്നുണ്ട്. ഞാൻ സ്വന്തം കാലിൽ നിന്നു എന്ന് ഉറപ്പുവരുത്തിയ ശേഷമാണ് വിവാഹം ചെയ്യാൻ പോലും തീരുമാനിച്ചത്. ഭർത്താവ് ലിന്റോ ആണ് ബ്രാൻഡിന്റെ  സാമ്പത്തിക കാര്യങ്ങൾ നോക്കുന്നത്. രണ്ട് മക്കളാണ് ഞങ്ങൾക്ക്. ലക്ഷ്യകയും തെരേസയും.

ബിസിനസിന്റെ തുടക്കകാലത്ത് ഒരു കടയിൽ ഉടുപ്പുകൾ കൊടുത്തിരുന്നു. കട തുടങ്ങാൻ പോകുന്നതേ ഉള്ളൂ. ഉദ്ഘാടന ദിവസം ഞാനും ചെന്നു. ആളുകളുടെ മുന്നിൽ വച്ച് കടക്കാരൻ ഞാൻ കൊടുത്ത ഉടുപ്പുകൾ എന്റെ നേരെയെറിഞ്ഞ് നാണം കെടുത്തി. അതൊന്നും ശരിയല്ല എന്നാണ് അയാൾ പറഞ്ഞത്. അന്നു രാത്രി എനിക്കുറക്കം വന്നില്ല. ഇന്നും ഒരോ ഉടുപ്പും ശ്രദ്ധിച്ചു പരിശോധിച്ച ശേഷമെ ഷോപ്പിലേക്ക് കൊടുക്കൂ. അയാളോടുള്ള വാശിയും എന്റെ വളർച്ചയ്ക്കു ഗുണമായി എന്നും പറയാം.’’