Saturday 02 January 2021 02:45 PM IST

‘യുട്യൂബ് നോക്കി റോബട് ചങ്ങാതിയെ മനസ്സിലാക്കി’; തോറ്റു തോറ്റു നേടിയ വിജയവുമായി ടാനിഷ സിജോയെന്ന മിടുക്കി പെൺകുട്ടി

Vijeesh Gopinath

Senior Sub Editor

SUN_8355

പൂങ്കുന്നത്തെ ഹരിശ്രീ വിദ്യാനിധി സ്കൂൾ പന്ത്രണ്ടാം ക്ലാസ്സിലാണ് ടാനിഷ സിജോ പഠിക്കുന്നത്. പക്ഷേ, സ്കൂളിൽ പഠിക്കുമ്പോഴേ കൂട്ടുകൂടിയിരിക്കുന്നത് ‘കുഞ്ഞപ്പനോടാണ്’... സിനിമയിലെ ആൻഡ്രോയ്ഡ് കുഞ്ഞപ്പനെ പോലെ ചായ ഉണ്ടാക്കുകയും തുണിയലക്കുകയുമൊന്നും ഇല്ലെങ്കിലും ഈ റോബട്ടും പറഞ്ഞാലൊക്കെ അനുസരിക്കും. മുന്നോട്ടു നടക്കും കയ്യും കാലും ഇളക്കും... ഹായ് പറയും ഡാൻസ് ചെയ്യും. ഇത് ഹോംവർക്കും ചെയ്യുമോ എന്നുമാത്രമേ കൂട്ടുകാർക്ക് സംശയമുള്ളൂ.

ടാനിഷയുടെ തൊട്ടടുത്തിരിക്കുന്ന ഈ റോബട് ചങ്ങാതി പെട്ടെന്നൊരു സുപ്രഭാതത്തിൽ വീട്ടിലേക്കു വന്ന ആളല്ല. കാഡ്രിക് എന്ന രണ്ടു കാലുള്ള ഹ്യൂമനോയ്ഡ് വിഭാഗത്തിലെ റോബട്ടാണിത്. 16 ഹൈടോർക് സെർവോ മോട്ട‌റുകൾ, മെഗാ മൈക്രോ കൺട്രോളർ... ഇതൊക്കെ ഈ പ്ലസ്ടു കുട്ടി കയ്യടക്കത്തോടെ കാഡ്രികിൽ ‘നിറച്ചു’. നിർദേശങ്ങള്‍ അനുസരിച്ച് 27 തരം ചലനങ്ങൾ ഈ റോബട് കുഞ്ഞപ്പൻ നടത്തും. പക്ഷേ, ഇതെല്ലാം ടാനിഷ ഇന്റർനെറ്റിൽ നിന്നും പ്രോഗ്രാമിങ് പുസ്തകങ്ങളിൽ നിന്നും സ്വയം നേടിയ അറിവാണ്.

ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ടാനിഷ റോബട്ടുമായി കൂട്ടുകൂടാൻ തുടങ്ങുന്നത്.

‘‘ഹോളിവുഡ് സയൻസ് ഫിക്‌ഷൻ സിനിമകളാണ് സത്യത്തിൽ എന്നെ ഇതിലേക്ക് എത്തിച്ചത്. റോബട്ടുകളുള്ള സിനിമ കാണാൻ കുട്ടിക്കാലത്തേ ഇഷ്ടമായിരുന്നു. അങ്ങനെയാണ് റോബട് ഒക്കെ ഉണ്ടാക്കുന്ന ഇൻവെന്ററാകണമെന്ന് സ്വപ്നം കാണാൻ തുടങ്ങുന്നത്.

മെക്കാനിക്കലും ഇലക്ട്രോണിക്സും പ്രോഗ്രാമിങ്ങും ഇ ന്റർനെറ്റിൽ കൂടി പഠിക്കാൻ തുടങ്ങി. കുറേ വിഡിയോകൾ കണ്ടു തുടങ്ങിയെങ്കിലും എങ്ങനെ പ്രാക്ടിക്കലാക്കാനാകും എന്നു പിടികിട്ടിയില്ല. ഒടുവിൽ പരീക്ഷണത്തിനായി എന്റെ സൈക്കിൾ തന്നെ തിരഞ്ഞെടുത്തു, സൈക്കിളിൽ ഒരു മോട്ടോർ വച്ച് പെഡൽ ചവിട്ടാതെ തന്നെ ഒാടിക്കാൻ പറ്റുന്ന രീതിയിലേക്ക് മാറ്റി.’’  ടാനിഷ ഒാർക്കുന്നു.

ഹാന്‍ഡിലിൽ പിടിപ്പിച്ച ത്രോട്ടിൽ തിരിക്കുമ്പോൾ അതാ സൈക്കിള്‍ പായുന്നു. കൂട്ടുകാർ കയ്യടിച്ചു. അങ്ങനെ ബാറ്ററിയിൽ കറങ്ങുന്ന മോട്ടോർ പിടിപ്പിച്ച ആ സൈക്കിൾ ടാനിഷയുടെ ആദ്യ ‘ഹിറ്റായി’. ഒരു തട്ടിക്കൂട്ട് സംഭവമായിരുന്നെങ്കിലും ഏഴാം ക്ലാസിൽ പഠിക്കുന്ന കുട്ടിക്ക് അത് വലിയ കാര്യം തന്നെയായിരുന്നു...

പരീക്ഷണങ്ങളുടെ ഒന്നാം ക്ലാസ്

സൈക്കിളിൽ തുടങ്ങി വച്ച പരീക്ഷണങ്ങൾ പിന്നീടും തുടർന്നു. തൊപ്പിയിൽ എൽഇഡി ലൈറ്റ് പിടിപ്പിച്ച് പല പാറ്റേണുകളിൽ മിന്നിത്തെളിയിക്കാന്‍ തുടങ്ങി. ഒടുവിൽ റോബട്ടുകളിലേക്ക് തിരിഞ്ഞു. റോബട്ടിക്സിന്റെ ബാലപാഠങ്ങൾ പഠിച്ച ടാനിഷ ലൈൻ ഫോളോയിങ് റോബട്ട്, ഒബ്സ്റ്റക്കിൾ അവോയ്ഡിങ് റോബട്ട് എന്നിവയുണ്ടാക്കി.

ലൈന്‍ ഫോളോയിങ്   ‘മിണ്ടാതെ ഉരിയാടാതെ ഉരുളും.’ അത്രയേയുള്ളൂ. ‘ഒബ്സ്റ്റക്കിൾ കുട്ടി’ തടസ്സം ക ണ്ടാൽ അപ്പോൾ ബ്രേക്കിട്ട് നിൽക്കും.

‘‘ഇത്തരം റോബട്ടുകളെക്കുറിച്ച് ഒരുപാടു വിഡിയോകൾ കണ്ടിട്ടുണ്ട്. അതുണ്ടാക്കുന്ന രീതികളും ഇന്റർനെറ്റിലുണ്ട്. പക്ഷേ, ഈ റോബട്ട് അങ്ങനെയല്ല. രൂപം മുതൽ പ്രവർത്തനരീതികൾ വരെ ഞാൻ തന്നെ പ്ലാൻ ചെയ്തതാണ്. മാതൃകകള്‍ ഉണ്ടായിരുന്നില്ല.  

പത്താംക്ലാസ് ഫൈനൽ പരീക്ഷയുടെ സമയത്താണ് ഈ റോബട് ഉണ്ടാക്കാനുള്ള സെർവോകൾ (പത്യേകതരം മോട്ടറുകൾ) ഒാർഡർ ചെയ്തത്. പരീക്ഷ കഴിഞ്ഞതോടെ പണികൾ തുടങ്ങി.  പൂർണമാക്കാന്‍  ആറുമാസമെടുത്തു.

ഒരുപാടു ഡിസൈനുകൾ വരച്ചു. പിന്നെ, മായ്ചു. വീണ്ടും വരച്ചു. ഇതിന്റെ കയ്യിൽ എത്ര ജോയിന്റുകൾ വേണമെന്നതു പോലും ആഴ്ചകൾ കൊണ്ടാണു തീരുമാനിച്ചത്. കാലും കൈയും അനക്കാനും മടക്കാനും സെർവോകളാണ് വയ്ക്കാറുള്ളത്. ഇത്തരം അഞ്ചു മോട്ടോറുകളാണ് ഒാരോ കാലിനും വച്ചിരിക്കുന്നത്. കൈകളിൽ മൂന്നു വീതം. കൈയിലെ പ്ലേറ്റുകൾ മുറിച്ചെടുക്കാൻ ഇത്തിരി പ്രയാസമുള്ളതുകൊണ്ട് ഡിസൈൻ കൊടുത്തു ലെയ്ത്തിൽ ചെയ്യിച്ചു.

തുടക്കം മുതൽ തടസ്സങ്ങളെ ഉണ്ടായിരുന്നുള്ളൂ. എല്ലാം ഫ്ലോപ്പായി എന്റെ ഈ സ്വപ്നം നടക്കില്ലെന്നു തീരുമാനിച്ച ദിവസങ്ങൾ ഉണ്ടായിരുന്നു. പക്ഷേ, അച്ഛനും അമ്മയും എനിക്കൊപ്പം നിന്നു. നിനക്ക് പറ്റും എന്നു പറഞ്ഞു. പ്രോത്സാഹിപ്പിച്ചു. വലുതായി കഴിഞ്ഞാലും ഞാൻ പഠിക്കാൻ ഇഷ്ടപ്പെടുന്നത് ഈ വിഷയം തന്നെയാണ്. അപ്പോൾ എത്ര തോറ്റാലും വിജയിച്ചേ പറ്റൂ എന്നു മനസ്സു പറഞ്ഞു.

SUN_8379

തോറ്റു തോറ്റു നേടിയ വിജയം

ഒരു പ്രാവശ്യം പ്രോഗ്രാം അപ്‌ലോഡ് ചെയ്യാൻ ശ്രമിച്ചു. പക്ഷേ, എത്ര നോക്കിയിട്ടും അതിനു പറ്റിയില്ല. എല്ലാ കേബിളുകളും ഊരി. എന്നിട്ടും അതനങ്ങുന്നില്ല. അതോെട വലിയ സങ്കടമായി. പക്ഷേ, ദിവസങ്ങൾക്കു ശേഷം ഉത്തരം കിട്ടി... അങ്ങനെ എത്രയോ സന്ദർഭങ്ങൾ. വയറുകൾ ഷോട്ടായി കത്തിപ്പോയ ദിവസങ്ങളുണ്ട്. ആദ്യമായി ഹായ് പറഞ്ഞ, ഡാൻസ് ചെയ്ത മുഹൂർത്തങ്ങൾ ഒാർമയുണ്ട്. അപ്പോഴെല്ലാം  സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു. ഇത്രയും ആയല്ലോ ദൈവമെ എന്നു തോന്നി.

അതുപോലെ ഒരുപാടു സന്തോഷിച്ച മറ്റൊരു ദിവസം– റോബട്ടിനെയും കൊണ്ട് ഞാൻ സ്കൂളിൽ പോയി. കൂട്ടുകാർക്കെല്ലാം ഇതറിയാമെങ്കിലും കുട്ടികളുടെ എല്ലാം മുന്നിൽ ഞാനിതെല്ലാം പറയേണ്ട ദിവസം, എനിക്ക് നല്ല ടെൻഷൻ. പക്ഷേ, റോബട്ട് ഹായ് പറഞ്ഞപ്പോഴേ കുട്ടികളെല്ലാം കയ്യടിച്ചു. പിന്നെ, ആർപ്പുവിളിയായിരുന്നു.....

ലോക്ഡൗൺ കാലത്ത് ടാനിഷ സിജോ എന്ന പേരിൽ യുട്യൂബ് ചാനൽ തുടങ്ങി. അതിൽ ഈ റോബട്ടിനെ ഉണ്ടാക്കിയ രീതി ഒാരോ ഘട്ടമായി വിശദീകരിച്ചു. ഒപ്പം ഇതുമായി ബന്ധപ്പെട്ട ഒാൺലൈൻ കോഴ്സുകളും ചെയ്തു. സ്കൂളിലൊന്നും പോകാൻ പറ്റില്ലെങ്കിലും ഒരു റോബട്ടിക് ക്ലബ് തുടങ്ങി. കോ‍ഡിങ്, പ്രോഗ്രാമിങ് തുടങ്ങിയ കാര്യങ്ങളൊക്കെ സൂം മീറ്റിങിലൂടെ കുട്ടികളെ പഠിപ്പിച്ചു. ഇതിനിടയിൽ എൻജിനീയറിങ് കുട്ടികൾ പങ്കെടുത്ത ടെക്ഫെസ്റ്റിൽ പങ്കെടുത്ത് സമ്മാനങ്ങളും നേടി.’’ ടാനിഷയുടെ സന്തോഷങ്ങൾ...

Parenting tips

പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടി, റോബട് ഉണ്ടാക്കാൻ പോകുന്നെന്നു കേട്ടാൽ പല രക്ഷിതാക്കളും തുടക്കത്തിലേ ആ മോഹത്തെ അരച്ചു കളയാൻ സാധ്യതയേറെ. പക്ഷേ, ദന്തഡോക്ടർമാരായ സിജോ ജോസും ഭാര്യ തുഷാര സിജോയും മകളുടെ ആഗ്രഹത്തിനൊപ്പം നിന്നു. 

‘‘എന്റെ പാഷനായിരുന്നു ഡെന്റിസ്ട്രി. കുഞ്ഞുനാളിലേയുള്ള ആ മോഹമാണ് എന്നെ ദന്തഡോക്ടറാക്കിയത്. അതുപോലെ മകളുടെ ആഗ്രഹത്തിനും പിന്തുണ കൊടുക്കുമെന്ന് ഉറപ്പിച്ചു. അവളുടെ പാഷൻ അവളെ നയിക്കണം. ആ താൽപര്യത്തിന് എത്ര വേരോട്ടമുണ്ടെന്ന് അറിയാനുള്ള ഒരു ‘ടെസ്റ്റ്’ ആയിരുന്നു ഇത്. അതിവൾ ‘പാസായി.’

എസ്എസ്എൽസിക്ക് 97.2 ശതമാനം മാർക്കുണ്ടായിരുന്നു. എല്ലാ പേരന്റ്സും എൻട്രൻസ് കോച്ചിങിനു വിടാൻ നിർബന്ധിച്ചു. പലരും ബ്രെയിൻവാഷ് ചെയ്യാൻ ശ്രമിച്ചു. നിങ്ങൾ ചെയ്യുന്നത് തെറ്റാണെന്നു പറഞ്ഞവരുണ്ട്. പക്ഷേ, അവളുടെ സ്വപ്നങ്ങൾക്കോപ്പം ഞങ്ങൾ നിന്നു. ’