Saturday 04 December 2021 02:25 PM IST

ഒരുങ്ങാൻ ഇഷ്ടപ്പെടാത്ത പെൺകുട്ടി, സംസാര വൈകല്യമുള്ള നായകൻ, രണ്ടും പുതുമയാണ്; മൂന്ന് സ്ത്രീകളുടെ കൂട്ടായ്മയിൽ നിന്നുമൊരു സീരിയൽ

Lakshmi Premkumar

Sub Editor

PIX-2-A ഫോട്ടോ: അനീഷ്, മോട്ടീവ് പിക്സ്

കണ്ണൂരുകാരി ഷർമിള ടീച്ചര്‍ ഒരു കഥയെഴുതി ആരുമറിയാതെ ഒരു ചാനലിലേക്ക് അയച്ചു കൊടുക്കുന്നു. െപണ്‍മനസ്സിെന്‍റ െനാമ്പരങ്ങള്‍ പറയുന്ന ആ കഥ സീരിയലാക്കാന്‍ ചാനല്‍ തീരുമാനിക്കുന്നു. തിരക്കഥയും സംഭാഷണവും ഒരുക്കുന്നതും ഒരു സ്ത്രീ തന്നെ, നടി എന്ന നിലയിലും എഴുത്തുകാരിയായും കഴിവു തെളിയിച്ച സംഗീത മോഹന്‍. പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതും ഒരു പെൺകുട്ടിയാണ്, നമുക്കെല്ലാം സുപരിചിതയായ മൃദുല വിജയ്. ഷൂട്ടിങ് തുടങ്ങും വരെ ഇവർ മൂന്നു പേരും നേരിൽ കണ്ടിട്ടോ സംസാരിച്ചിട്ടോ ഇല്ല എന്നതാണ് അടുത്ത കൗതുകം. കേള്‍ക്കുമ്പോള്‍ സീരിയൽ കഥയേക്കാൾ ട്വിസ്റ്റ് തോന്നുമെങ്കിലും മഴവിൽ മനോരമ ഒരുക്കുന്ന ഏറ്റവും പുതിയ സീരിയല്‍ ‘തുമ്പപ്പൂ’ വിരിയുന്നത് അങ്ങനെയാണ്.

മലയാള ടെലിവിഷനിൽ തന്നെ ആദ്യമാകും പിന്നണിയിലും സ്ത്രീകൾ തന്നെ സീരിയൽ രഥത്തിന് കടിഞ്ഞാൺ പിടിക്കുന്നത്. സംഗീതയും മൃദുലയും ഷർമിളയും ‘വനിത’യ്ക്കു േവണ്ടി ഒത്തുകൂടിയപ്പോള്‍ പങ്കുവയ്ക്കാന്‍ വിശേഷങ്ങളുടെ പെരുമഴയായിരുന്നു.

കഥ തുടങ്ങുന്നത്  ഇവിടെയാണ്...

ശർമിള: സത്യം പറഞ്ഞാൽ എന്റെ കഥ തന്നെയാണ് തുമ്പപ്പൂ. എന്നെ കുറിച്ച് ഞാനെഴുതിയ കഥ. കണ്ണൂരാണ്  എന്റെ നാട്. ചെറുപ്പം മുതൽ തന്നെ കഥ എഴുതുമായിരുന്നു. ഒരിക്കൽ ഒരു കഥ മനോരമ ചാനലിലേക്ക് അയച്ചു കൊടുത്തു. പണ്ടു തൊട്ടേ ഒരുങ്ങി നടക്കാൻ ഇഷ്ടമില്ലാത്തയാളായിരുന്നു ഞാൻ. എന്റെ കഥയിലെ നായിക വീണയെ പോലെ. ഒരുങ്ങാത്തതിന്റെ  പേരിൽ പഴികളും കളിയാക്കലും കേട്ടിട്ടുണ്ട്. ഒരിക്കൽ പോലും കോംപ്ലക്സൊന്നും തോന്നിയിട്ടില്ല.

സംഗീത: അങ്ങനെയാണെങ്കിൽ ടീച്ചർ എഴുതിയത് എന്റെ കൂടി കഥയാണ്. ഞാനും ഒരുങ്ങി നടക്കാൻ ഇഷ്ടമില്ലാത്തയാളാണ്. എനിക്ക് ഒരു സ്വർണാഭരണം പോലും ഇല്ല. സ്ക്രീനിൽ അല്ലാെത എന്നെ മേക്കപ് ഇട്ട് ഇതുവരെ ആരും കണ്ടിട്ടുണ്ടാകില്ല. ഈ ക ഥയിലേക്ക് എന്നെ ദൈവം കൊണ്ടെത്തിച്ച പോലെയാണ് തോന്നുന്നത്.

ഷർമിള: കഥ അയച്ചു കൊടുത്ത് ഒരു വർഷം ആകാറായപ്പോള്‍ ഒരു വിളിയെത്തി, സീരിയലിന് വേണ്ട രീതിയിൽ കുറച്ച് മാറ്റങ്ങളൊക്കെ വരുത്തി അയയ്ക്കാമോ എന്ന് ചോദിച്ചു. പിന്നെയും അയച്ചു. വീണ്ടും വിളി വന്നു, തിരക്കഥ എഴുതാമോ എന്ന്. പക്ഷേ, അതിനെ കുറിച്ച് ഒരു ഐഡിയയുമില്ലെന്ന് പറഞ്ഞു.

സംഗീത: മനോരമയ്ക്ക് വേണ്ടി ആത്മസഖി എന്നൊരു സീരിയലിന് മുൻപ്  തിരക്കഥ എഴുതിയിട്ടുണ്ട്. 2016 ൽ. കഥയും തിരക്കഥയും സംഭാഷണവുമെല്ലാം ഞാ ൻ തന്നെയായിരുന്നു. പുതിയ സീരിയലിന്റെ കഥയെകുറിച്ചുള്ള സംസാരത്തിൽ ചാനലിൽ നിന്ന് ‘വളരെ ഇഷ്ടപ്പെട്ട സ്‌റ്റോറി’എന്ന കമന്റോടെ ഷർമിള ടീച്ചറുടെ കഥ എന്നെ കാണിച്ചു.

എനിക്ക് കഥയേക്കാള്‍ ഉപരിയായി കഥാപാത്രങ്ങളെയാണ് ഇഷ്ടപ്പെട്ടത്. അണിഞ്ഞൊരുങ്ങാൻ ഇഷ്ടപ്പെടാത്ത ഒരു പെൺകുട്ടി, സംസാരിക്കാൻ പ്രയാസമുള്ള ഒരു പയ്യൻ രണ്ടും പുതുമയായി തോന്നി.

കേൾക്കാൻ സുഖമുള്ള ഒരു കഥയെ സീരിയൽ‌ ഫോർമാറ്റിലേക്ക് മാറ്റുമ്പോള്‍ നിരവധി കടമ്പകൾ കടക്കേണ്ടതുണ്ട്. കൂടുതൽ കഥാപാത്രങ്ങളെ ഉൾപ്പെടുത്തി.  ട്വിസ്റ്റുകളും  ആളുകളുടെ മനസിനെ പിടിച്ചിരുത്തുന്ന സംഭവങ്ങളും കഥാമൂഹൂർത്തങ്ങളും കൂട്ടി ചേർത്തു. സ്ക്രിപ്റ്റ് എഴുതി, കാസ്റ്റിങ് നടത്തി, ഡയറക്ടറും യൂണിറ്റുമായി.

ഇതാ, ഇപ്പോള്‍  വൈകിയ വേളയിലാണ് ഈ സീരിയലിലെ കഥാകാരിയെ ഞാൻ കാണുന്നത്. കേട്ടിട്ടുണ്ടെങ്കിലും നേരിട്ട് കാണുകയോ പരിചയപ്പെടുകയോ ചെയ്തിട്ടില്ലായിരുന്നു.

മൃദുല: കഥാകാരിയേയും തിരക്കഥാകൃത്തിനേയും ഒന്നിച്ച് കിട്ടിയ എക്സൈറ്റ്മെന്റിലാണ് ഞാനും. ‘പൂക്കാലം വരവായി’ എന്ന സീരിയലിന്റെ അവസാനത്തെ ഷെഡ്യൂൾ നടക്കുമ്പോഴാണ് ‘തുമ്പപ്പൂ’വിലേക്കുള്ള വിളി വരുന്നത്. അഭിനയിച്ചുകൊണ്ടിരുന്ന ക്യാരക്ടറിൽ നിന്നും തികച്ചും വ്യത്യസ്തമാണ് തുമ്പപ്പൂവിലെ വീണ. ആരുടെ മുഖത്തു നോക്കിയും എന്തും പറയുന്ന ബോൾഡായ പെൺകുട്ടി. മേക്കപ് ഉപയോഗിക്കാത്ത ഒരു പെൺകുട്ടി എങ്ങനെയായിരിക്കും എന്നതാണ് ആദ്യം ചിന്തിച്ചത്. കെയർലെസ് ആറ്റിറ്റ്യൂഡ് ഉള്ളവളായിരിക്കും. അതേ സമയം തന്നെ വളരെ കോൺഫിഡന്റും. സ്ക്രീനിൽ നിൽപ്പിലും നോട്ടത്തിലുമെല്ലാം അതു പ്രതിഫലിക്കണം.  

സീരിയൽ ലോകത്തെ സ്ത്രീകൾ  

സംഗീത:  മലയാള സീരിയലിൽ ഞാൻ മാത്രേയുള്ളൂ വനിതാ തിരക്കഥാകൃത്ത്. ഷർമിള ടീച്ചറിനെ പോലെ കഥ മനസിലുള്ളവർ കടന്നു വരണമെന്നാണ് ഞാനാഗ്രഹിക്കുന്നത്. ചിലപ്പോൾ ചില പെൺകുട്ടികൾ വിളിച്ചിട്ട് ചോദിക്കാറുണ്ട് സ്ക്രിപ്റ്റ് അസിസ്റ്റ് ചെയ്യട്ടെ എന്ന്. പക്ഷേ, അത്  ശരിയാകില്ല. കാരണം എന്നെ സംബന്ധിച്ച്  പ്രാർഥന പോലെയാണ് തിരക്കഥയെഴുത്ത്. നമുക്ക് വേണ്ടി നമ്മൾ തന്നെ പ്രാർഥിക്കുകയല്ലേ വേണ്ടത്?

മൃദുല: മേക്കപ് ഇല്ലാതെ അഭിനയിക്കാനായി ഞാനെന്റെ ചർമം കൂടുതൽ പരിപാലിക്കാൻ തുടങ്ങി. മുഖത്തെ പാടുകളും, പിംപിൾസും അകറ്റാനായി ശ്രമം. അതെന്തായാലും നന്നായി. കാരണം ഈ തിരക്കിനിടയിൽ സൗന്ദര്യസംരക്ഷണമൊന്നും നടക്കാറേയില്ല. ഇതിപ്പോൾ അനുഗ്രഹമായി.  

സീരിയലുകൾ ‘അണ്ടർ റേറ്റഡ്’ ആണോ?

ഷർമിള: ഞാൻ സ്ഥിരമായി കണ്ടിരുന്ന സീരിയലാണ് മഴവില്‍ മനോരമയിലെ ‘നാമം ജപിക്കുന്ന വീട്’. ഇപ്പോള്‍  തുടങ്ങിയ ‘എന്റെ കുട്ടികളുടെ അച്ഛൻ’. ഇതിലൊന്നും അവാർഡ് കമ്മിറ്റികൾ പറയുന്നത് പോലെയുള്ള അവിഹിതങ്ങളോ അമ്മായിഅമ്മപ്പോരോ ഇല്ല.

threeeserhhh

സംഗീത :  മൃദുലയെ പോലെ എത്രയോ പുതിയ പെണ്‍കുട്ടികൾ തൊഴിൽ മേഖലയായി സ്വീകരിച്ച് ഈ രംഗത്തേക്ക് കടന്നുവരുന്നു. അതുതന്നെ ഈ മേഖല എത്ര ശക്തമാണ് എന്നതിന് തെളിവല്ലേ.

മൃദുല: ‍ഞാനും ഭർത്താവ് യുവയും സീരിയൽ താരങ്ങളാണ്. ഷൂട്ടിന്റെ സമയത്ത് തിരുവനന്തപുരത്തായിരിക്കും. ഷൂട്ട് കഴിയുമ്പോൾ യുവയുടെ നാടായ പാലക്കാട്ടേക്ക് പോകും. ജീവിതം എപ്പോഴും സീരിയലുമായി ബന്ധപ്പെട്ടു തന്നെയാണ്. മറ്റേത് അംഗീകാരത്തേക്കാളും വലുതാണ് പ്രേക്ഷകരുടെ സ്നേഹം. ആളുകൾ വരികയും സംസാരിക്കുകയും അവരുടെ വീട്ടിലെ പോലെ കാണുകയും ചെയ്യുന്നതാണ് അവാർഡിനേക്കാൾ വലിയ സന്തോഷം.

പഴ്സനലായി പറഞ്ഞാൽ...  

സംഗീത: സോഷ്യൽ മീഡിയയിലൂടെയാണ് എന്റെ എഴുത്തുകൾ സമൂഹത്തിനു മുന്നിൽ തുറന്നു വയ്ക്കാൻ തുടങ്ങിയത്. 2011ലാണ് ആദ്യമായി ഒരു തിരക്കഥ എഴുതുന്നത്. 2015 വരെ ഞാൻ ആ കഥയുമായി കയറി ഇറങ്ങാത്ത ചാനലുകളില്ല. ഒരു ചാനലിന്റെ ഹെഡ് പറഞ്ഞത്, ‘അവർ അഭിനേത്രിയല്ലേ, എന്തിനാണ് എഴുതാൻ നടക്കുന്നത്’ എന്നായിരുന്നു. ആദ്യമായി എഴുതിയ സീരിയൽ മഴവിൽ മനോരമയിലെ ‘ആത്മസഖി’യാണ്.  400 എപ്പിസോഡ് ആ പ്രോജക്ട് പോയിരുന്നു. അതാണ് വിജയവും.

മൃദുല : അഭിനേത്രി ആയത് ചേച്ചിക്ക് കഥ എഴുതുമ്പോൾ സഹായകമായിരുന്നോ ?

ഷർമിള : മൃദുലയ്ക്കും എഴുത്തിൽ ഒരു കൈ നോക്കണമെന്നുണ്ടെന്നു തോന്നുന്നു.

സംഗീത: സീരിയലിൽ അഭിനയിച്ച കാലത്ത് ഞാൻ പഠിച്ചതും നിരീക്ഷിച്ചതുമായ ഒരുപാട് കാര്യങ്ങളാണ് എന്റെ ബാക്ക്അപ്. അതിനൊപ്പം തന്നെ വായനയും. ഒരു കത്തെഴുതാൻ പോലും ഭാഷ കൈകാര്യം ചെയ്യണമെങ്കിൽ നമ്മൾ വായിക്കണം. പക്ഷേ, ടെലിവിഷൻ സ്ക്രിപ്റ്റിന് സ്കൂളിൽ പോയി പഠിക്കുന്ന പോലെ തിരക്കഥയെഴുത്ത് പഠിക്കണം.ആളുകളുടെ പൾസ്, ഓരോ എപ്പിസോഡും നിർത്തേണ്ട ട്വിസ്റ്റ് എന്നിവയെല്ലാം കൃത്യമായി അറിഞ്ഞിരിക്കണം. ഞാനത് പഠിച്ചത് അഭിനയ ജീവിതത്തിൽ നിന്നാണ്.

മൃദുല: അപ്പോൾ പിന്നെ ഭാവിയിൽ ഞാനും ഒരു കൈ നോക്കിയെന്നിരിക്കും.

ഷർമിള: കഥ വേണമെങ്കിൽ നേരത്തെ കൂട്ടി പറയണേ മൃദുലേ... എനിക്കും ഒന്ന് റെഡിയായി ഇരിക്കാമല്ലോ...

വെറുതെ നിന്ദിക്കരുത്

‘‘കഥയും കവിതയും തമ്മിൽ ഉപമിക്കാൻ പറ്റുമോ?’’  സംഗീത ചോദിക്കുന്നു. ‘‘രണ്ടും അക്ഷരങ്ങൾ കൊണ്ട് എഴുതുന്നതാണെങ്കിലും ഓരോന്നിനും അതിന്റേതായ ചിട്ടവട്ടങ്ങളാണ്. അതുപോലെ സിനിമയേയും സീരിയലിനേയും ഒരിക്കലും ഉപമിക്കാൻ കഴിയില്ല.

ഓരോ കലാസൃഷ്ടിയും ഓരോ ക്രാഫ്റ്റാണ്. ടെലിവിഷൻ സീരിയലിനെ അടച്ച് ആക്ഷേപിക്കുന്നവരോട് പറയാനുള്ളത് ഒന്നേയുള്ളു. ഓരോ സീരിയലുകളുടെയും പിന്നിൽ എത്രയോ പേരുടെ അധ്വാനമാണ്.അവരുടെയെല്ലാം കുടുംബങ്ങൾ സീരിയലിനെ ആശ്രയിച്ചാണ് കഴിയുന്നത്. വലിയൊരു തൊഴിൽ മേഖലയെ വെറുതേ കണ്ണടച്ച് തള്ളിക്കളയരുത്.

സീരിയലുകളെ തമ്മിൽ പരസ്പരം താരതമ്യം ചെയ്യാം. അതല്ലാതെ സിനിമയേയും സീരിയലിനേയും പരസ്പരം താരതമ്യം ചെയ്ത്, ‘സീരിയലിന് നിലവാരം ഇല്ല’ എന്നു പറയുന്നതിനോട് ഞാൻ ഒട്ടും യോജിക്കുന്നില്ല ’’