ADVERTISEMENT

പാശ്ചാത്യ പൾപ്പ് ഫിക്ഷൻ നോവലുകൾ മാതൃകയാക്കി, ഉദ്വേഗജനകമായ സംഭവവികാസങ്ങളിലൂന്നി വികസിക്കുന്ന പരുവത്തിലാണ് ഒരു ഘട്ടം വരെ മലയാളത്തിലെ ഡിറ്റക്ടീവ് – ക്രൈം നോവലുകൾ വേരിറക്കി നിന്നത്. പക്ഷേ, ആ ആവർത്തന വിരസതയിൽ നിന്നു അത്തരം പ്രമേയങ്ങളെ മോചിപ്പിച്ച്, കേരളീയമായ ഒരു ജൈവികതയിലേക്ക് കൂട്ടിക്കൊണ്ടു പോയ നോവലിസ്റ്റാണ് ജി.ആർ. ഇന്ദുഗോപൻ. അദ്ദേഹത്തിന്റെ ‘ഡിറ്റക്ടീവ് പ്രഭാകരൻ’ പരമ്പരയിലെ നോവലുകളും തുടർന്നു വന്ന ക്രൈം രചനകളും വായനക്കാരിൽ പുതുമയുടെ മണം പ്രസരിപ്പിച്ചുവെന്നത് കടന്ന വിശേഷണമല്ല. മലയാളത്തിലെ പോപ്പുലർ ഫിക്ഷൻ മേഖലയിൽ ജി.ആർ.ഇന്ദുഗോപന്റെ പ്രസക്തി എന്തെന്ന ചോദ്യത്തിനുള്ള ഉത്തരവും ഈ വിശകലനത്തിലുണ്ട്. പ്രമേയം ആവശ്യപ്പെടുന്ന അവതരണം എന്നതാണ് അദ്ദേഹത്തിന്റെ മറ്റൊരു പ്രത്യേകത. ‘ആനോ’ എന്ന നോവൽ പോലെയല്ല ‘ഐസ്’. അതു പോലെയല്ല ‘സ്കാവഞ്ചർ’. ഇതൊന്നുമല്ല ‘കാളിഗണ്ഡകി’. ഓരോന്നും ഓരോ ത

ADVERTISEMENT

ജി.ആർ. ഇന്ദുഗോപന്റെ പുതിയ നോവലാണ് ‘അമ്പിളിമോൾ തിരോധാനം’. ഒരു കുറ്റാന്വേഷണമാണ് പ്രമേയം. വീടിന്റെ മുറ്റത്തു നിന്നു കളിച്ച മൂന്നു വയസ്സുള്ള ഇരട്ടപ്പെൺകുട്ടികളിലൊരാൾ പൊടുന്നനേ അപ്രത്യക്ഷയാകുന്നു. അവശേഷിച്ച പെൺകുട്ടി 20 വർഷത്തിനു ശേഷം പഠിച്ചു വക്കീലായി, തന്റെ സഹോദരിയെ പ്രൊഡ്യൂസ് ചെയ്യണമെന്ന് സ്റ്റേറ്റിനോടാവശ്യപ്പെട്ട് ഹേബിയസ് കോർപ്പസ് ഫയൽ ചെയ്യുന്നു. ഈ കേസിൽ ഒരാൾ പ്രതി ചേർക്കപ്പെടുന്നു. ഇയാളുടെ പങ്കിനെക്കുറിച്ച് സംശയമുള്ള പൊലീസ് ഇയാൾക്ക് ചില ആനുകൂല്യങ്ങൾ നൽകുന്നു: ‘നീ പ്രതി മാത്രമല്ല, അന്വേഷകൻകൂടിയാണ്. തെളിയിച്ച് ഇതിൽ നിന്ന് ഊരാം’ എന്നതാണത്. അങ്ങനെ നിവൃത്തികേടിൽ ഒരേസമയം അന്വേഷകനും പ്രതിയുമായി പൊലീസ് സംഘത്തിനൊപ്പം യാത്രയാകുന്ന പ്രഭ എന്ന സാധാരണക്കാരന്റെ ജീവിതവും അയാൾ തരണം ചെയ്യുന്ന പ്രതിസന്ധികളും സങ്കീർണതകളുമാണ് ‘അമ്പിളിമോൾ തിരോധാനം’.

നോവലിന്റെ പകുതിയോടെ ആരാണ് കുറ്റവാളിയെന്ന് വെളിപ്പെടുന്നുണ്ടെങ്കിലും വായനക്കാരന്റെ ആകാംക്ഷ നഷ്ടപ്പെടില്ല. അല്ലെങ്കിൽ അങ്ങനെയൊരു മടുപ്പിലേക്ക് വായിക്കുന്നവരെ എത്തിക്കാത്ത തരത്തിലാണ് അവതരണം. തിരക്കഥയോടടുത്തു നിൽക്കുന്ന, വേഗത്തിൽ ചലിക്കുന്ന ആഖ്യാനം. ഒരു സിനിമ കാണും പോലെ ആസ്വദിക്കാം. എവിടെയും തട്ടിത്തടഞ്ഞു നിൽക്കില്ല. കേന്ദ്രപ്രമേയത്തിൽ നിന്നു ഫോക്കസ് മാറ്റാതെ, അനാവശ്യമായ വിശേഷണങ്ങളോ തൊങ്ങലുകളോ ഇല്ലാതെയാണ് നോവലിസ്റ്റ് എഴുത്തിനെ മുന്നോട്ടു നീക്കുന്നത്. വേണമെങ്കിൽ പൊലിപ്പിക്കാവുന്ന ചില സാഹചര്യങ്ങളുണ്ടെങ്കിലും നോവലിസ്റ്റ് അത്തരം പരത്തിപ്പറയലുകൾക്ക് തയാറാകുന്നില്ല. അൽപ്പം ഉപദേശമോ, വിശദീകരിക്കലോ വേണമെങ്കിൽ തിരുകാവുന്നിടങ്ങളിലും അദ്ദേഹം സംയമനം പാലിക്കുന്നു. നല്ലത്!

ADVERTISEMENT

നോവലിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായ പ്രഭ ഡിറ്റക്ടീവ് പ്രഭാകരൻ ആണെന്നു മനസ്സിലാക്കാം. ആ സൂചന കൃത്യമാക്കുന്നുമുണ്ട്. പ്രഭാകരന്റെ ജീവിതത്തിലെ ഒരു സംഭവം എന്നു വ്യക്തം. എന്നാൽ എവിടെയും പ്രഭ എന്നതിനപ്പുറത്തേക്ക് ഡിറ്റക്ടീവ് പ്രഭാകരൻ എന്നു നോവലിസ്റ്റ് പരാമർശിക്കുന്നില്ല.

ഡിറ്റക്ടീവ് പ്രഭാകരൻ മലയാളികൾ കണ്ടോ വായിച്ചോ പരിചയിച്ച ഒരു ക്ലീഷേ കുറ്റാന്വേഷകനല്ല. തൊപ്പിയും കോട്ടും സിഗരറ്റും തോക്കുമൊക്കെയായി ഇംഗ്ലീഷ് ചവച്ചു തുപ്പി വേണ്ടിടത്തും വേണ്ടാത്തിടത്തുമൊക്കെ ഇടപെട്ട് ഷോ കാണിക്കുന്ന ഒരു ഹീറോ അല്ല അയാൾ. സാധാരണക്കാരനായ, അധികാരത്തിന്റെ ബലമോ ശരീരബലത്തിന്റെ കരുത്തോ ഇല്ലാത്ത മനുഷ്യൻ. ബുദ്ധി മാത്രം ആയുധമായുള്ളവൻ. ഇവിടെയും അതാണ് സ്ഥിതി. അയാൾ തന്ത്രങ്ങൾ മെനയുന്നു, സത്യം തെളിയിക്കുന്നു.

ADVERTISEMENT

ചുരുക്കട്ടേ, കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നു പുലർച്ചെ എറണാകുളത്തേക്കു പോകുന്ന പാസഞ്ചർ തീവണ്ടിയിൽ കയറിയ ഉടൻ തുടങ്ങിയ വായന, കൃത്യം ഒരു മണിക്കൂർ 48 മിനിറ്റ് കഴിഞ്ഞ് തീവണ്ടി എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലേക്ക് പ്രവേശിച്ചപ്പോഴേക്കും തീർന്നു. ഒരു നിമിഷത്തിലും ശ്രദ്ധ പാളിയില്ല, നോട്ടം തെറ്റിയില്ല. തീർച്ചയായും പറയട്ടേ, ഒരു ഡീസൻറ് റീഡ്!

ADVERTISEMENT