ADVERTISEMENT

ഓഫറുകളും സൗജന്യ പരിധിയും അടക്കം ഒറ്റനോട്ടത്തിൽ നേട്ടം മാത്രമാണ് ക്രെ‍ഡിറ്റ് കാർഡുകൾക്ക്. അതുകൊണ്ട് തന്നെ സമീപ കാലത്ത് രാജ്യത്ത് ക്രെഡിറ്റ് കാർഡ് ഉപയോഗം വളരെ കൂടുതലുമാണ്. എന്നാൽ ബിൽ തുക കൃത്യമായി തിരിച്ചടയ്ക്കുന്നതിൽ വലിയ വീഴ്ചയാണെന്നാണ് കണക്കുകൾ. 2019 മാർച്ചിൽ  87,686 കോടി രൂപയായിരുന്നു ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾ വരുത്തിവച്ച കുടിശ്ശികയെങ്കിൽ 2024 ജൂണിൽ ഇത് 2.7 ലക്ഷം കോടി രൂപയായി വളർന്നു.

വലിയ പർച്ചേസ് നടത്തി തവണകളായി തിരിച്ചടയ്ക്കാൻ ആരംഭിക്കുന്നത് മുതലാണ് കുടിശ്ശിക ആരംഭിക്കുന്നത്. ക്രെഡിറ്റ് കാർഡ് ബില്ലിലെ മിനിമം ഡ്യൂ തുക സംവിധാനം ഉപയോ​ഗിച്ച് ബില്ലടയ്ക്കുന്നതും പിന്നീട് സാമ്പത്തിക ഭാരമാകുന്നു. ക്രെഡിറ്റ് കാർഡ് ബിൽ തിരിച്ചടവ് മുടങ്ങിയാൽ എന്ത് സംഭവിക്കുമെന്ന് നോക്കാം. 

ADVERTISEMENT

ക്രെഡിറ്റ് കാർഡ് ബില്ലിലെ മിനിമം തുക മാസങ്ങളായി അടയ്ക്കാതിരിക്കുമ്പോഴാണ് ക്രെഡിറ്റ് കാർഡ് ബിൽ പേയ്മെന്റ് ഡിഫോൾട്ടാകുന്നത്. ക്രെഡിറ്റ് കാർഡ് ബിൽ തുക ആറു മാസത്തേക്ക് അടയ്ക്കാതിരുന്നാൽ കുടിശ്ശികകാരുടെ പട്ടികയിൽ ഉൾപ്പെടുത്തും. ഇതോടെ ക്രെഡിറ്റ് കാർഡ് ഡിആക്ടീവ് ചെയ്യും. 

ഈ ഘട്ടത്തിൽ ബാങ്ക് ബിൽ തിരിച്ചടയ്ക്കാനുള്ള നോട്ടീസുകൾ അയക്കും. തിരിച്ചടയ്ക്കാത്ത പക്ഷം അക്കൗണ്ട് അവസാനിപ്പിച്ച് ക്രെഡിറ്റ് ബ്യൂറോകൾക്ക് നോൺ പെയ്മെന്റ് റിപ്പോർട്ട്  നൽകും. ഇത് ക്രെഡിറ്റ് സ്കോറിനെ നെ​ഗറ്റീവായി ബാധിക്കുകയും ഭാവിയിൽ വായ്പയോ ക്രെഡിറ്റ് കാർഡോ ലഭിക്കുന്നതിന് തടസമാവുകയും ചെയ്യും. 

ADVERTISEMENT

മിനിമം ഡ്യൂ തുക അടയ്ക്കാനുള്ള തീയതിക്ക് മുൻപ് ക്രെഡിറ്റ് കാർഡ് ബില്ലടച്ചില്ലെങ്കിൽ ബാങ്ക് ലേറ്റ് പേയ്മെന്റ് ഫീസ് ഈടാക്കും. ഔട്ട്സ്റ്റാൻഡിങ് ബാലൻസിന് മുകളിൽ ബാങ്കിന് പലിശയും നൽകണം. ഇത് മാസത്തിൽ 2.50 ശതമാനം മുതൽ 3.50 ശതമാനം വരെയാണ്. 

തിരിച്ചടവ് മുടങ്ങുന്നത് ക്രെഡിറ്റ് സ്കോറിനെ ബാധിക്കും. ക്രെഡിറ്റ് കാർഡ് അടക്കമുള്ള വായ്പ തിരിച്ചടവുകൾ അനുസരിച്ചാണ് ക്രെഡിറ്റ് സ്കോർ നിശ്ചയിക്കുന്നത്. ഭാവിയിൽ ക്രെഡിറ്റ് കാർഡോ വായ്പയോ ലഭിക്കുന്നതിന് ഭീഷണിയാണ്. തിരച്ചടയ്ക്കാനുള്ള തുക ലഭിക്കുന്നത് ബാങ്ക് സിവിൽ കേസ് ഫയൽ ചെയ്യാം. അസാധാരണ ഘട്ടങ്ങളിൽ ബാങ്ക് ക്രിമിനൽ കേസുകളിലേക്കും കടക്കാറുണ്ട്. 

ADVERTISEMENT
ADVERTISEMENT