ADVERTISEMENT

‘വലിയ സങ്കടമുണ്ട്, നിരാശയും. ഇത്രയൊന്നും വിചാരിച്ചില്ല’ – വാക്കുകളിൽ വേദന പുറത്തുകാട്ടി ചിത്രയുടെ പ്രതികരണം. ഏഷ്യൻ ചാംപ്യൻഷിപ്പിൽ സ്വർണ മെഡൽ നേടി, ലോക മീറ്റിനു വേണ്ടി ഊട്ടിയിൽ പരിശീലനം നടത്തുകയാണിപ്പോൾ ചിത്ര. ഏഷ്യൻ ചാംപ്യൻഷിപ്പിൽ 1500 മീറ്ററിലെ സ്വർണ നേട്ടം ഏറെ സന്തോഷം തന്നു. ദിവസങ്ങൾ കഴിയുംമുൻപേ ഗുണ്ടൂരിൽ നടത്തിയ ദേശീയ സീനിയർ അത്​ലറ്റിക് ചാംപ്യൻഷിപ്പിലും മെഡൽ നേടി. അവിടെനിന്നു നേരെ പരിശീലന ക്യാംപിലെത്തി. പ്രതീക്ഷിച്ചതിലേറെ മുന്നേറാൻ ഇപ്പോൾ കഴിഞ്ഞിട്ടുണ്ടെന്നും ടീം പട്ടികയിൽ ഇല്ലാത്തതിൽ നിരാശയും സങ്കടവുമുണ്ടെന്നും ചിത്ര പറഞ്ഞു.

നീതിക്കു വേണ്ടിയുള്ള ചിത്രയുടെ ഓട്ടത്തിൽ കേരളം കൂടെയോടുന്നു. ലോക ചാംപ്യൻഷിപ്പിന് യോഗ്യത ഉറപ്പിച്ചിട്ടും ട്രാക്കിനു പുറത്ത കള്ളക്കളിയിൽ തഴയപ്പെട്ട ചിത്രയ്ക്ക് പിന്തുണയറിയിച്ചു കായിക കേരളം ഒന്നാകെ ട്രാക്കിൽ. ‘ഐ സപ്പോർട്ട് ചിത്ര’ ഹാഷ് ടാഗ് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആവുകയാണ്. സമൂഹ മാധ്യമങ്ങളിൽ സജീവമായ മലയാളികള്‍ ചിത്രയ്ക്കു വേണ്ടി ഹാഷ് ടാഗ് ക്യാമ്പെയിനിൽ പങ്കെടുക്കുന്നത് ആ കായിക താരത്തിനു നൽകുന്ന ആദരമാകും. പിൻതുണയറിയിച്ച്  മുൻകാല കായികതാരങ്ങളും രാഷ്ട്രീയ പ്രവർത്തകരും രംഗത്തെത്തിയതോടെ സമൂഹമാധ്യമങ്ങളിലും ചിത്രയ്ക്ക് അനുകൂലമായ പ്രചരണങ്ങളുണ്ടായി.

ADVERTISEMENT

ചിത്രയെ ടീമിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി കേരളത്തിൽനിന്നുള്ള എംപിമാർ കേന്ദ്ര കായികമന്ത്രി വിജയ് ഗോയലിനെയും കായിക സെക്രട്ടറിയെയും കണ്ടു. ഇടത് എംപിമാരായ പി. കരുണാകരൻ, പി.കെ. ശ്രീമതി, ഡോ. എ. സമ്പത്ത്, എം.ബി. രാജേഷ്, പി.കെ. ബിജു എന്നിവരാണ് മന്ത്രിയെ സമീപിച്ചത്. ചിത്രയെ തഴഞ്ഞത് അംഗീകരിക്കാനാകില്ലെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും ആവശ്യപ്പെട്ടു. നേരത്തെ കേരള കായികമന്ത്രി എ.സി. മൊയ്തീനും വിഷയത്തിൽ കേന്ദ്രത്തിന് കത്തയച്ചിരുന്നു.

കേരളം ഒറ്റക്കെട്ടായി ചിത്രയ്ക്കൊപ്പം നിലയുറപ്പിച്ചതോടെ സംഭവത്തിൽ കേന്ദ്ര കായിക മന്ത്രാലയം വിശദീകരണം തേടി. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായി) യോടാണു മന്ത്രാലയം റിപ്പോർട്ട് ആവശ്യപ്പെട്ടത്. യോഗ്യത നേടിയിട്ടും എന്തുകൊണ്ട് ടീമിൽനിന്ന് ഒഴിവാക്കിയെന്നു വിശദീകരിക്കണമെന്നാണു നിർദേശം. ചാംപ്യൻഷിപ്പിനുള്ള സംഘത്തെ തിരഞ്ഞെടുക്കുന്നത് ഇന്ത്യൻ അത്‌ലറ്റിക് ഫെ‍ഡറേഷനാണെന്നും  മന്ത്രാലയം ഇക്കാര്യത്തിൽ ഇടപെട്ടിട്ടില്ലെന്നും വിജയ് ഗോയൽ. വ്യക്തമാക്കി.

ADVERTISEMENT

പി.യു. ചിത്ര ഉൾപ്പെടെയുള്ള താരങ്ങളെ ഒഴിവാക്കിയതിനു പിന്നിലെ കാരണം വ്യക്തമല്ലെന്നും റിപ്പോർട്ട് ലഭിച്ചശേഷം ഉചിതമായ തീരുമാനമെടുക്കുമെന്നും വിജയ് ഗോയൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു. ഏഷ്യൻ അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ 1500 മീറ്ററിൽ സ്വർണം നേടിയ പി.യു.ചിത്രയെ ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിനുള്ള ടീമിൽനിന്ന് ഒഴിവാക്കിയ നടപടി  കീ‌ഴ്‌വഴക്കത്തിന്റെ ലംഘനമാണെന്ന് ഇന്ത്യൻ അത്‌ലറ്റിക് ഫെഡറേഷൻ ജോയിന്റ് സെക്രട്ടറിയും ടെക്നിക്കൽ കമ്മിറ്റി ചെയർമാനുമായ ഡോ.ടോണി ഡാനിയേൽ. ലോക ചാംപ്യൻഷിപ്പിനുള്ള 24 അംഗ ഇന്ത്യൻ ടീമിന്റെ മാനേജർ കൂടിയാണ് എറണാകുളം സ്വദേശിയായ അദ്ദേഹം.‘ഏഷ്യൻ ചാംപ്യൻഷിപ്പിലെ സ്വർണ മെഡൽ ജേതാക്കളെ  ലോക ചാംപ്യൻഷിപ്പിനുള്ള ദേശീയ ടീമിൽ ഉൾപ്പെടുത്തുന്ന രീതിയായിരുന്നു മുൻവർഷങ്ങളിലൊക്കെയുണ്ടായിരുന്നത്. അതേ രീതി തന്നെ പിന്തുടരുമെന്നും അതിനാൽ ചിത്രയ്ക്കും ടീമിൽ ഇടം ലഭിക്കുമെന്നുമായിരുന്നു കരുതിയിരുന്നത്.

എന്നാൽ സിലക്‌ഷൻ കമ്മിറ്റി ലോക ചാംപ്യൻഷിപ്പിലെ യോഗ്യതാ മാർക്ക് അടിസ്ഥാനമാക്കിയാണു ടീമിനെ തിരഞ്ഞെടുത്തത് എന്നാണ് മനസ്സിലാക്കുന്നത്. യോഗ്യതാ മാർക്ക് നേടിയ ആരുമില്ലെങ്കിലും ഒരു രാജ്യത്തിന് അവിടത്തെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന അത്‌ലീറ്റിനെ ടീമിൽ ഉൾപ്പെടുത്താനുള്ള പ്രത്യേക അനുമതിയുണ്ടായിരുന്നു. മുൻ വർഷങ്ങളിൽ പല ഇന്ത്യൻ അത്‌ലീറ്റുകളും ആ രീതിയിൽ ലോക ചാംപ്യൻഷിപ്പിൽ പങ്കെടുത്തിട്ടുമുണ്ട്.

ADVERTISEMENT

മലയാളി കായികതാരം പി.യു. ചിത്രയെ ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താൻ കേന്ദ്ര മന്ത്രാലയത്തിൽ സമ്മർദം ചെലുത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. യോഗ്യത നേടിയ താരത്തെ ഉൾപ്പെടുത്താത്ത നടപടി ശരിയായില്ല. ഒഫിഷ്യലുകൾക്കു പോകാൻ വേണ്ടിയാണു കായികതാരങ്ങളെ ഒഴിവാക്കിയതെങ്കിൽ അത് അംഗീകരിക്കാൻ പറ്റില്ലെന്നും മുഖ്യമന്ത്രി ഡൽഹിയിൽ മാധ്യമപ്രവർത്തകരോടു പ്രതികരിച്ചു.

അതേസമയം പി.യു. ചിത്ര ഇന്ത്യൻ അത്‌ലറ്റിക് ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടത് സംബന്ധിച്ച് പി.ടി. ഉഷയോട് വിശദീകരണം തേടുമെന്ന് മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു. കോടികൾ മറിയുന്ന വ്യവസായമായി കായികരംഗം മാറിയതോടെ സ്വകാര്യ ലാഭം മാത്രം ലക്ഷ്യമാക്കി ചിലർ പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ചിത്രയെ പോലുള്ള കായികതാരങ്ങളെ ഒഴിവാക്കിയത് പോലുള്ള പ്രവണതകൾ തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ADVERTISEMENT