അങ്ങ് മുകളില്‍, ഏഴാകാശങ്ങള്‍ക്കും മീതേ, പടച്ചോന്‍റെ സുബര്‍ക്കത്തിലൊരു സ്വർണമരമുണ്ട്. ഭൂമിയിലെ സര്‍വജീവികളുടെയും പേര് ഒാരോരോ ഇലകളിലായെഴുതിയ ജീവന്‍റെ മഹാവൃക്ഷം. ആ മരത്തില്‍നിന്ന് ഒരാളുടെ പേരുള്ള സ്വർണയില കൊഴിയുേമ്പാഴാണ് അയാള്‍ ഭൂമി വിട്ട് െെദവത്തിലേക്കു മടങ്ങുന്നതെന്നാണ് വിശ്വാസം. പക്ഷേ, പടച്ചോന്‍റെയാ മരത്തില്‍നിന്ന് പാട്ടിന്‍റെ ഇലകളൊന്നും കൊഴിഞ്ഞുപോയിട്ടില്ലെന്നു തോന്നും കോഴിക്കോട് നഗരത്തിലൂടെ നടക്കുമ്പോള്‍. െെസഗാള്‍, റാഫി, ഭാസ്കരന്‍ മാഷ്, ബാബുരാജ്... എല്ലാവരും ദാ, ഈ മിഠായിത്തെരുവില്‍ത്തന്നെയുണ്ട്.
കേള്‍ക്കുന്നില്ലേ? ആള്‍ക്കൂട്ടത്തിലെവിടെയോ ആരാധകര്‍ക്കു നടുവിലിരുന്നു ജീവിതത്തിന്‍റെ ട്യൂണിട്ട് ബാബുരാജ് പാടുന്നു, ‘കണ്ണീരും സ്വപ്നങ്ങളും വില്‍ക്കുവാനായി വന്നവന്‍ ഞാന്‍...’ ഇത്തിരിയകലെ റാഫി സാഹിബിന്‍റെ വിഷാദാര്‍ദ്രസ്വരം, ‘ യേ ദുനിയാ..യേ മെഹ്ഫില്‍...മേരേ കാം കി നഹീ...’
നോമ്പൊരുക്കത്തിരക്കില്‍ ഒഴുകുന്ന മിഠായിത്തെരുവിന്‍റെ നടുവില്‍ പൊടുന്നനെ നിന്നിട്ട് ഷഹബാസ് അമന്‍ ചോദിച്ചു: “നിങ്ങള്‍ക്കറിയുമോ, ഞാന്‍ മുേമ്പ പോയ മഹാഗായകരുടെ സ്വർണമരച്ചുവട്ടിലാണിരിക്കുന്നത്. ഞാനെന്‍റെ പാട്ടുകള്‍ കേള്‍ക്കാറേയില്ല. എപ്പോഴും മാസ്റ്റേഴ്സിനെയാണ് കേള്‍ക്കുന്നത്. അവര്‍ എനിക്കു പാടിത്തന്നുകൊണ്ടേയിരിക്കുകയാണ്. അവര്‍ കേള്‍പ്പിക്കുന്നത് എന്‍റേതായ കുറവുകളോടെ പാടാന്‍ ശ്രമിക്കുന്ന ഒരാള്‍ മാത്രമാണ് ഞാന്‍...”
ഷഹബാസ് അമനോടു സംസാരിക്കുന്നതൊരു ഗസല്‍ കേള്‍ക്കും പോലെയാണ്. ഏകാകിയുടെ തന്നത്താന്‍ പറച്ചിലുകള്‍പ്പോലെയങ്ങനെ വാക്കുകള്‍ ഒരു കാര്യത്തില്‍നിന്ന് മറ്റൊന്നിലേക്ക് തെന്നിത്തെന്നി പോകും. പ്രണയവും സംഗീതവും മാറിമാറി നിറയും. ചില നേരം വാചകങ്ങള്‍ ആത്മീയതയുടെ പുഴയിലേക്കിറങ്ങി നീന്തും. കേള്‍വിക്കാരന്‍ കരയിലങ്ങനെ അന്തിച്ചിരുന്നുപോകും.
റമസാന്‍റെ രണ്ടാമത്തെ പത്തായിരുന്നു അത്. ഇടയത്താഴമുണ്ടുണര്‍ന്ന നഗരം തസ്ബീഹ്മാലയിലെ മുത്തുകൾ പോലെ ശാന്തമായി ചലിച്ചുകൊണ്ടിരുന്നു. വലിയൊരു മേഘം സൂര്യനെ മറച്ച് തെരുവിന്‍റെ നോമ്പുകാലച്ചൂടിന് തണലിട്ടുനിന്നു. ഞരമ്പുകളിലൂടെ പാട്ടും പ്രാര്‍ഥനയുമൊഴുകുന്ന നഗരത്തില്‍ ഷഹബാസിനൊപ്പം നടക്കാനിറങ്ങി. ഒാരോ സ്ഥലത്തിന്‍റെയും ചരിത്രവും ഒാർമകളും സൗഹൃദ ങ്ങളും ഗായകന്‍ പറഞ്ഞുകൊണ്ടിരുന്നു. മാനാഞ്ചിറയുടെ ചങ്ങാത്തപ്പച്ചപ്പ്, കുറ്റിച്ചിറയുടെ രുചിമണം, ഹല്‍വ ബസാറിന്‍റെ സ്നേഹമധുരം, കല്ലായിയുടെ അനന്തചരിത്രം... അങ്ങനെയങ്ങനെ മുറിച്ചുവച്ചൊരു ചട്ടിപ്പത്തിരിപോലെ കോഴിക്കോട് പല പല ഒാർമകളായി വട്ടത്തിൽ നിന്നു.
എങ്ങനെയാണ് ഈ നഗരത്തിലെത്തിയത്?
ജീവിതത്തിലെ ഏറ്റവും റൊമാന്റിക്കായ കാര്യമാണ് ഒരു കുഞ്ഞു ജനിക്കുന്നത്. പക്ഷേ, അതിലൊട്ടും റൊമാന്‍റിക് അല്ലാത്ത ചിലതു കൂടിയുണ്ട്. ആശുപത്രി, ചികില്‍സ, മരുന്ന്, വേദന... എനിക്കും അനാമികയ്ക്കും സഹായം വേണമായിരുന്നു. അതു തന്നത് ഈ നഗരമാണ്. അങ്ങനെ ഞാനെന്‍റെ പെണ്ണിന്‍റെ ഈ നാട്ടിലെത്തി. എന്നും ഈ നാടിേനാട് ഉള്ളിലുണ്ടായിരുന്നൊരു ഇഷ്ടംകൊണ്ട് എത്തിപ്പെട്ടതാകാമെന്നും ഞാന്‍ കരുതുന്നു.
പാട്ടിലെ കൊത്തുപണികള്‍
മലയാളി മനഃപാഠമാക്കിവച്ച പാട്ടുകളെത്തന്നെ ഒരൽപം മാറ്റിപ്പാടിക്കൊണ്ടാണ് ഷഹബാസ് അമന്‍ കടന്നുവരുന്നത്. ഒരു സാധാരണ ഗായകനോ സംഗീതജ്ഞനോ ഉരുത്തിരിഞ്ഞുവരുന്ന വഴികളിലൂടെയൊന്നുമായിരുന്നില്ല ആ യാത്ര. മലപ്പുറത്തെ ഏതൊരു ചെറുപ്പക്കാരനെയും പോലെ പന്തു തട്ടിയും നാടകം കളിച്ചും നടന്ന കാലത്തെവിടെയോ പാട്ട് അയാളുടെ ഉള്ളില്‍ കടന്നുകൂടി. ആ പാട്ടിലേക്ക് പില്‍ക്കാലത്ത് ഗസലുകളേയും ക്ലാസിക്കുകളേയും കവിതകളേയും കൂട്ടിവച്ചു. പാട്ടും പറച്ചിലും പല ഭാഷകളും ചേര്‍ന്ന ആ ആലാപനത്തെ മലയാളി അതിവേഗം ഹൃദയം കൊണ്ട് സ്വീകരിച്ചു. ഷഹബാസ് പാടുമ്പോള്‍ കൂടെപ്പാടാന്‍ ആസ്വാദകക്കൂട്ടമുണ്ടായി. നമ്മുടെ ചങ്കിനുളളില്‍ ആരും കാണാതെ കിടന്നിരുന്ന നൊമ്പരങ്ങളെയും സ്വപ്നങ്ങളെയും ഷഹബാസ് ഹാര്‍മോണിയം കൊണ്ട് തൊട്ടുവിളിച്ചു. ചാന്തുപൊട്ട്, സ്പിരിറ്റ്, ഇന്ത്യന്‍ റുപ്പി, അന്നയും റസൂലും തുടങ്ങി കുറേ സിനിമകളിലും നമ്മളാ സ്വരം കേട്ടു.
പന്തുകളിച്ചു, പടം വരച്ചു. ഒടുവില്‍ പാട്ടാണ് ജീവിതമെന്ന് തിരിച്ചറിഞ്ഞ ആ നിമിഷം ഏതായിരുന്നു?
അതൊരു രാത്രിയായിരുന്നു. കുറേ വര്‍ഷങ്ങള്‍ക്കു മുമ്പ് മഹാകവി മൊയിന്‍കുട്ടി െെവദ്യര്‍ സ്മാരകത്തില്‍ ആദ്യത്തെ സംഗീതപരിപാടി നടത്തിയ രാത്രി. രണ്ടു മണിക്കൂര്‍ ആയിരുന്നു നിശ്ചയിച്ചിരുന്നത്. പാടിയും പറഞ്ഞും അതങ്ങനെ നീണ്ടു. മൂന്നര മണിക്കൂറായി. അപ്പോഴും ആളുകള്‍ വരുന്നുണ്ട്, പാട്ടുേകട്ടിരിക്കുന്നുണ്ട്. വേണമെങ്കില്‍ ആളുകള്‍ക്ക് അന്നത് നിര്‍ത്താമായിരുന്നു. പക്ഷേ, അവരത് കേട്ടു. എന്‍റെ പാട്ടിന് കേള്‍വിക്കാരുണ്ടെന്ന് ഞാൻ തന്നെയറിഞ്ഞത് അന്നാണ്.
പതിനേഴു വര്‍ഷമായ ഷഹബാസിന്‍റെ പാട്ടിന് വിമർശകരുമുണ്ട്. ശ്രദ്ധിച്ചിട്ടുണ്ടോ?
തീർച്ചയായും. നല്ലതല്ലേ അത്. എനിക്കു തോന്നിയതുപോലെ പാടാമെങ്കിൽ, ‘അങ്ങനെ തോന്നിയതു പോലെ പറ്റില്ല ’ എന്നത് സംഗീതത്തിന്‍റെ അക്കാദമിക് വശമാണ്. ഒാരോ പാട്ടും ചിട്ടപ്പെടുത്തിയതിനും ഇങ്ങനെ ആയതിനുമൊരു ചരിത്രമുണ്ട്. ആ ചരിത്രത്തിൽ നിന്നുകൊണ്ടാണ് ചിലര്‍ വിമര്‍ശിക്കുന്നത്. തീർച്ചയായും അതു പറയാനുള്ള എല്ലാ അവകാശവും അവര്‍ക്കുണ്ട്. അതൊക്കെ മറിച്ചിടാനുള്ള അവകാശം എനിക്കുമുണ്ട്. രണ്ടും ആ തരത്തിൽ തന്നെ പോകട്ടെ. വിമർശകരോടും സ്നേഹം മാത്രം.

മിഠായിത്തെരുവിലെ മ്യൂസിക്ക്ഷോപ്പില്‍നിന്ന് ഒരു കൂട്ടം ചെറുപ്പക്കാര്‍ ഇറങ്ങിവന്നു. പെട്ടെന്ന് ഷഹബാസ് ആള്‍ക്കൂട്ടത്തില്‍ തിരിച്ചറിയപ്പെട്ടയാളായി. അടുത്ത പരിപാടി എവിടെയാണെന്നും അടുത്ത സിനിമയേതാണെന്നും ആള്‍ക്കൂട്ടത്തിന്‍റെ അന്വേഷണങ്ങള്‍. എല്ലാത്തിനും മറുപടി പറഞ്ഞ് അവര്‍ക്കൊപ്പം ചിത്രമെടുക്കാന്‍ നിന്നുകൊടുത്ത് നടക്കവെ ഷഹബാസ് പറഞ്ഞത് ജന്മനാടിനെക്കുറിച്ചാണ്: “ഞാന്‍ ജനിച്ചു വളര്‍ന്ന മലപ്പുറം പട്ടണത്തില്‍ കടലും റെയില്‍പ്പാതയുമില്ല. കുന്നും കുഴിയുമാണ്. കടൽത്തീരം വഴിയോ റെയിൽപ്പാത വഴിയോ കോഴിക്കോടിനു കിട്ടിയതൊന്നും മലപ്പുറത്തിനു കിട്ടിയിട്ടില്ല. കോഴിക്കോടിന്‍റെ പൂഴിമണ്ണിലൂടെ നടക്കുന്ന അനുഭവമല്ല മലപ്പുറത്തിന്‍റെ ചരലിലൂടെ നടക്കുമ്പോൾ. ഉണ്ടാകുന്ന മുറിവുകൾ പോലും വ്യത്യസ്തമാണ്.”
ഗായകനെന്ന നിലയില്‍ സ്വന്തം സ്ഥാനം എവിടെ അടയാളപ്പെടുത്തുന്നു?
ഇല്ല. ഞാനായി ഒന്നും അടയാളപ്പെടുത്തുന്നില്ല. എനിക്കുള്ളത് പാടാനുള്ള ഇഷ്ടം മാത്രമാണ്. ബോധപൂർവം ഞാന്‍ പാട്ടുകളെ മറിച്ചിടുന്നു എന്നൊന്നും ധരിക്കേണ്ട. 1940–ൽ െെസഗാൾ പാടിയ ‘സോജാ രാജകുമാരീ...’ എനിക്ക് മറിച്ചിടാനാകില്ല. അതിനുള്ള കഴിവ് എനിക്കില്ല. െെസഗാള്‍ ‘സോജാ രാജകുമാരീ...’ എനിക്കു പാടിത്തരുന്നത് പല തരത്തിലാണ്. ലോകം അതിനെ ഉറക്കുപാട്ടെന്നു പറയുമ്പോള്‍ എനിക്കു ചിലപ്പോഴത് ഉണര്‍ത്തുപാട്ടായി തോന്നും. ഞാൻ തന്നെയത് നൂറു വട്ടം കേള്‍ക്കുന്നത് നൂറു തരത്തിലാണ്. ഞാൻ കേട്ട ഏതോ രീതിയിൽ ഞാനത് പാടിക്കൊടുക്കുകയാണ്. പാടുന്ന നിമിഷത്തിൽ ഞാനതിൽ ആയിപ്പോകുകയാണ്, അത്രമാത്രം.
അങ്ങനെ പാടുമ്പോള്‍ സംഗീതം ശാസ്ത്രീയമായി പഠിച്ചില്ല എന്നതൊരു പോരായ്മയായി വരുന്നുണ്ടോ?
അക്കാദമിക് സദസിൽ അതു പോരായ്മയായിരിക്കും. പക്ഷേ, ഇതു വേറെ സദസും മനുഷ്യരുമാണ്. ഇതു പാട്ടിനെ മറ്റൊരു രീതിയിൽ കാണുന്നവരാണ്. ‘സംഗതി പോരാ.’ എന്നു പറയാനിരിക്കുന്നവരല്ല. ജീവിതമാണ് അവരുടെ സംഗതി. ഞാൻ സംഘാടകരോട് പറയാറുണ്ട്, ‘ ഗസൽ സന്ധ്യ’ എന്നൊന്നും പോസ്റ്ററില്‍ വയ്ക്കരുത്. ‘ഷഹബാസ് പാടുന്നു’ എന്നു മതി. ശാസ്ത്രീയമായ ഗസലിന് ചിട്ടയും കണക്കുമുണ്ട്. രാഗങ്ങളും ചരിത്രവുമുണ്ട്. ഇതൊന്നും പഠിച്ചുവന്ന ആളല്ല ഞാൻ. എത്രയോ കാലമായി ഉസ്താദ് മെഹ്ദിഹസൻ എനിക്ക് ‘രൻജിഷ് ഹി സഹി...’ പാടിത്തന്നുകൊണ്ടേയിരിക്കുന്നു. ‘രൻജ്...’ എന്നു പാടുമ്പോളൊരു സംഗതിയുണ്ട്. അത് കേട്ടപോലെ പാടാനാവുന്നുണ്ടോ എന്നു ഞാൻ നോക്കുകയാണ്. ഇല്ല, ഇതുവരെ ഞാൻ േകട്ട പോലെ ആയിട്ടില്ല. ഒാരോ തവണയുമെന്‍റെ തൊണ്ടയില്‍നിന്നത് വഴുതിപ്പോകുന്നു. പക്ഷേ, അപ്പോഴും ഞാന്‍ പാടിക്കൊടുക്കുന്നതിലൊരു സത്യമുണ്ട്. ആ ആത്മാർഥത കേൾവിക്കാരന് മനസ്സിലാകും. നിങ്ങൾ എന്റെ ‘രൻജിഷ് ഹി സഹി..’ കേൾക്കുമ്പോൾ പോരാ യ്മകൾ അറിയാത്തത് ഈ സത്യസന്ധതകൊണ്ടാണ്. ഒരു ജ ഡ്ജിയെ ഉള്ളിൽവച്ചു പാടാനും ജീവിക്കാനുമാകില്ല.
കുറ്റിച്ചിറയുടെ ഒാർമപ്പടവുകള്‍
നടത്തം കുറ്റിച്ചിറയിലെത്തിയിരുന്നു. ഏഴു നൂറ്റാണ്ടിന്‍റെ ചരിത്രവുമായി മിശ്കാല്‍ പള്ളി തട്ടുതട്ടായി ഉയര്‍ന്നുനിന്നു. ഫൊട്ടോഗ്രഫര്‍ ക്യാമറ തിരിച്ചപ്പോള്‍ ഷഹബാസ് പറഞ്ഞു: “പള്ളി ചെറുതായും ഞാന്‍ വലുതായും പടത്തില്‍ വരരുത്. ഇത്ര വലിയ ചരിത്രങ്ങള്‍ക്കു മുന്നില്‍ വ്യക്തികള്‍ക്ക് അങ്ങനെ ഞെളിഞ്ഞു നില്‍ക്കാനാകില്ല.”
അറേബ്യന്‍ വ്യാപാരിയായ നഖൂദ മിശ്കാല്‍ എഴുന്നൂറു വര്‍ഷം മുമ്പ് പണിതതാണ് ഈ പള്ളി. പോര്‍ച്ചുഗീസുകാരുടെ ആക്രമണത്തെ ചെറുത്തുനിന്ന വിശ്വാസത്തിന്‍റെ കാതലുറപ്പ്. 24 തൂണുകളും 47 വാതിലുകളുമുള്ള അത്യപൂര്‍വ നിര്‍മിതി. ഉരുപ്പടികളില്‍ ചരിത്രത്തിന്‍റെ മായാത്ത ഉളിക്കൊത്തുകള്‍. പുണ്യ റമസാന്‍റെ ശാന്തതയില്‍ കുറ്റിച്ചിറ ഇളംവെയിലേറ്റ് മയങ്ങിക്കിടന്നു. പള്ളിക്കുമുന്നിലായി വിശാലമായ കുളം. നോമ്പുതുറയും മഗ്‍രിബ് നമസ്കാരവും കഴിഞ്ഞാല്‍ കുറ്റിച്ചിറക്കാര്‍ ഈ കുളത്തിന്‍റെ കരയില്‍ ഒന്നിക്കും. ചങ്ങാത്തക്കൂട്ടങ്ങള്‍ റമസാൻ പോരിശകള്‍ പറഞ്ഞ് രാവേറെ െെവകുംവരെ ഇവിടെയിരിക്കും.
വെള്ളത്തിന്‍റെ തണുപ്പിലേക്ക് പാദം നീട്ടി നനച്ച് ഷഹബാസ് മൂളി, “കണ്ട് രണ്ട് കണ്ണ്...കതകിന്‍ മറവില്‍ നിന്ന്...”
പാട്ടുകളെല്ലാം ഹിറ്റായിട്ടും സിനിമയില്‍ സജീവമാകാന്‍ ശ്രമിക്കാത്തതുപോലെ. എന്താണങ്ങനെ?
പതിനേഴ് വർഷം കൊണ്ടു ഞാനുണ്ടാക്കിയെടുത്ത ഒരു െചറിയ ലോകമുണ്ട്. അതിനു പുറത്തുള്ള മറ്റൊരു ലോകമാണ് സിനിമ. എന്‍റെ പാട്ടു ചേരുന്നതെന്നു തോന്നി സിനിമാലോകം വിളിക്കുമ്പോഴാണ് നമ്മൾ പോവുക. ശരിയായ ക്ഷണമാണെന്ന് നമുക്കും തോന്നണം. അങ്ങനെ തോന്നിയപ്പോഴൊക്കെ സിനിമയിൽ വർക്ക് ചെയ്തിട്ടുണ്ട്. പക്ഷേ, അവിടുന്നുള്ള എല്ലാ ക്ഷണങ്ങളും സ്വീകരിച്ചിട്ടില്ല.

സൂഫി സംഗീതത്തെ മലയാളത്തിനു പരിചയപ്പെടുത്തുന്നത് ഷഹബാസാണ്. സൂഫിസത്തിന്‍റ വഴിയിലാണോ?
സൂഫിസത്തെ മനസിലാക്കിയ ആരും എന്നെ സൂഫിയെന്നു പറയില്ല. ഞാനതല്ല, എനിക്കതറിയില്ല. പക്ഷേ, എന്റെ യാത്രയെ ഞാൻ തന്നെ മാറിനിന്ന് നോക്കിയിട്ടുണ്ട്. പലപ്പോഴും ചിട്ടവട്ടങ്ങൾ പൊളിച്ച് ഉള്ളിലേക്കുള്ള പോക്കായിരുന്നു. അതു ബോധപൂർവമായിരുന്നില്ല. ഒരു ഗുഹ, ഗുഹ കടക്കുമ്പോൾ കാട്, കാട് കഴിഞ്ഞൊരു കടൽ. അങ്ങനെ പോവുകയായിരുന്നു. ഒരു പാവം പോക്കായിരുന്നു, അപകടമൊന്നുമില്ല. ആ യാത്രയില്‍ പലതും കിട്ടുന്നു. റൂമി വരുന്നു, കവിത വരുന്നു. ഇതൊക്കെ ആ റൂട്ടിലൂടെ ആരു പോയാലും കിട്ടുന്നതാണ്.
കുറേ ദൂരമങ്ങനെ പോയപ്പോള്‍ ആളുകളിൽ നിന്ന് അകന്നു. ആരോടും മിണ്ടാതായി. ആ പോക്ക് അധികം നീണ്ടാല്‍ ഒരു പക്ഷേ, അപകടമാകുമായിരുന്നു. എനിക്ക് ആ യാത്ര അത്രയേ ഉദ്ദേശിച്ചിട്ടുണ്ടാകൂ. യാത്രയിൽ കിട്ടിയ മുത്തുകളുമായി ഞാനെന്‍റെ പാട്ടിലേക്കു തിരിച്ചുവന്നു. അതൊക്കെ പാട്ടില്‍ ചേര്‍ത്തുവച്ചു.
ഖബറിലെ പൂങ്കാവനങ്ങള്‍
നടത്തമെത്തിയത് കണ്ണമ്പറമ്പ് പള്ളിയുടെ നടവഴിയിലാണ്. കടല്‍ക്കരയില്‍ അനന്തമായ ഖബറുകള്‍. വിട്ടുപോയയാളെ ഖബറിലേക്ക് ഇറക്കിവച്ചു മണ്ണിട്ട് പ്രിയപ്പെട്ടവര്‍ ഏഴുചുവട് അകലുമ്പോള്‍ മാലാഖമാര്‍ എത്തുമെന്ന് വിശ്വാസം. നന്മചെയ്തവരുടെ ഖബറുകള്‍ അപ്പോള്‍ പൂന്തോപ്പുകളാകും. അവര്‍ െെദവത്തിന്‍റെ മാലാഖമാരുടെ ചോദ്യങ്ങള്‍ക്ക് പേടിക്കാതെ ഉത്തരം നല്‍കുമത്രേ.
പ്രശാന്തമായ ഈ റമസാന്‍ പകലില്‍ സൂക്ഷിച്ചുനോക്കിയാല്‍ കാണാം, മണ്ണിനടിയില്‍ മരിച്ചവരുടെ പൂങ്കാവനങ്ങള്‍. ചില ചെടികള്‍ ഖബറുകള്‍ക്കടിയില്‍നിന്ന് വളര്‍ന്ന് മണ്ണിനു പുറത്തേക്ക് തലനീട്ടി നിറയെ പൂവിട്ടു നില്‍ക്കുന്നു. ‘വിശ്വാസികളേ, രക്ഷിതാവ് നിശ്ചയിക്കുന്ന നേരത്ത് ഞങ്ങളും നിങ്ങള്‍ക്കൊപ്പം വന്നുചേരുമെന്ന്’ അറബിയില്‍ എഴുതിവച്ചിരിക്കുന്നു. ഖബർ നിരകള്‍ക്കു മുന്നില്‍ ഗായകന്‍ നിന്നു. ഷഹബാസ് മലയാളത്തിലെത്തിച്ച ആ സൂഫി കവിതയോര്‍ത്തു. ‘നരകത്തില്‍ തീയില്ല, സ്വർഗത്തില്‍ തോട്ടവുമില്ല, എല്ലാം നിന്‍റെയുള്ളില്‍...നിന്‍റെയുള്ളില്‍...’
എന്താണ് പ്രാര്‍ഥിക്കാറുള്ളത്?
പടച്ചോനോട് എപ്പോഴും സംസാരിക്കാറുണ്ട്. പണ്ടൊക്കെ ‘ഇന്നത്തെ കളിയിൽ നാലു ഗോളടിക്കണേ..’ എന്നൊക്കെയായിരുന്നു പ്രാർഥന. പക്ഷേ, യാത്രയിലെവിടെയോ എന്റെ പ്രാർഥനകളെ മാറ്റിമറിച്ച ഒരാളെ ഞാനും കണ്ടു. അതോടെ ഞാൻ എനിക്കുവേണ്ടി പ്രാർഥിക്കാതായി. ‘എല്ലാവർക്കും നല്ലതുവരട്ടെ..’ എന്നായി പ്രാർഥന. അതോടെയാണ് എനിക്കു പോലും നല്ലത് സംഭവിച്ചു തുടങ്ങിയത്.
ഇപ്പോള്‍ എനിക്കു മനസ്സിലാകുന്നുണ്ട്, ഒന്നിച്ച് നമസ്കരിക്കുമ്പോഴും എന്‍റെ നമസ്കാരം വേറെതന്നെയായിരുന്നു. എനിക്കും ഒപ്പം നമസ്കരിച്ചവര്‍ക്കും പൊതുവായുള്ളത് അന്ന് വെള്ളിയാഴ്ചയായിരുന്നു എന്നതു മാത്രമായിരുന്നു. രാത്രിയില്‍ ഒന്നിച്ച് നിലാവു കണ്ടു കിടക്കുമ്പോഴും ഞാൻ കണ്ട നിലാവ് വേറൊന്നായിരുന്നു.
ഷഹബാസിലെ പാട്ടുകാരന്‍ ഉണ്ടായിവന്ന വഴിയേതാണ്?
മലപ്പുറത്തെ ചരൽക്കല്ലിന്റെയും കോഴിക്കോട്ടെ പൂഴിമണ്ണിന്റെയും മിക്സ് എന്റെ പാട്ടിലുണ്ട്. അതില്‍ത്തന്നെ മലപ്പുറം അൽപം കൂടുതല്‍ വരും. യേശുദാസിന്റെ ആലാപനത്തിെലാരു മട്ടാഞ്ചേരിക്കാരനെ കൃത്യമായി കേൾക്കുന്ന ആളാണ് ഞാന്‍. മട്ടാഞ്ചേരിക്കാരനുമുണ്ട്, ആദ്യകാലത്തൊക്കെ ഉണ്ടായിരിക്കാൻ സാധ്യതയുള്ള ക്വയർ ജീവിതമുണ്ടല്ലോ, അതുമുണ്ട്. മൊത്തം മലയാളഭാവമൊക്കെ പിന്നീട് ആളുകള്‍ പറഞ്ഞുണ്ടാക്കിയതാണ്. ഇതു ജയചന്ദ്രന്റെ കാര്യത്തിലും ശരിയാണ്. ഞാൻ എങ്ങനെ പാടിയാലും അതിൽ മലപ്പുറമുണ്ട്.
ചങ്ങാത്തത്തിന്‍റെ കടല്‍ക്കരകള്‍
ആള്‍ക്കൂട്ടത്തിനിടയില്‍നിന്ന് അബ്ബാസ് ഒാടിവന്നു. കോല്‍ക്കളി ആശാനാണ്. വലിയങ്ങാടിയിലെ പോര്‍ട്ടറുമാണ്. ഷഹബാസിനൊപ്പം നിന്ന് സെല്‍ഫിയെടുത്തു. അബ്ബാസ് പോയപ്പോള്‍ ഷഹബാസ് പറഞ്ഞു: “ഞാന്‍ എപ്പോഴുമിറങ്ങി നടക്കുന്ന നഗരമാണ്. വളരെ കുറച്ചു പേരേ തിരിച്ചറിയൂ. എന്നാല്‍, ആരുമറിയില്ല എന്നു കരുതിയിരിക്കുന്ന നിമിഷം പൊടുന്നനെയൊരാൾ തോളില്‍ തട്ടിവിളിക്കും. ”
സന്ധ്യയാകാറായി. വലിയ ഭരണികളില്‍ ഉപ്പിലിട്ട രുചികള്‍ ഉന്തുവണ്ടികളില്‍ കയറി കടപ്പുറത്തേക്കുരുളുന്നു. ഷഹബാസ് വീണ്ടും ഒാർമകളിലേക്ക് പോയി. “മലപ്പുറം മാര്‍കേസിന്‍റെ മക്കോണ്ടോപോലൊരു പട്ടണമായിരുന്നു. വര്‍ണാഭമായ നേര്‍ച്ചകളുടെയും പാനീസു വിളക്കേന്തിയ കല്യാണരാത്രികളുടെയും നാടായിരുന്നു. അന്നൊക്കെ ഞങ്ങളുടെ വിചാരം ലോകം മുഴുവന്‍ ഇങ്ങനെ അലങ്കരിച്ചിരിക്കുന്നുവെന്നാണ്. നേര്‍ച്ചമധുരം, പന്തംമിന്നല്‍, ചക്കരമിഠായി.... അങ്ങനെ ഒാർമക്കൂട്ടില്‍ മധുരിക്കുന്നതെന്തെല്ലാം. പില്‍ക്കാലത്ത് പല കാരണങ്ങളാല്‍ പലതും ഇല്ലാതായി.

എന്താണ് ജീവിതത്തില്‍ ഇഷ്ടമുള്ള രുചികള്‍?
പലസ്തീന്‍ കവി മഹമ്മൂദ് ദര്‍വേശൊരു കവിതയില്‍, വീടിന്‍റെ ഉമ്മറത്തിരുന്ന് പതിവായി കുടിക്കുന്ന കാലിച്ചായ ഇല്ലാതായതിനെപ്പറ്റി സങ്കടപ്പെടുന്നുണ്ട്. പതിവു കാലിച്ചായ യുദ്ധംകൊണ്ടോ പലായനംകൊണ്ടോ ഇല്ലാതായതിന്‍റെ സങ്കടം പലസ്തീനില്‍ ഇരുന്ന് ഒരാള്‍ പറയുമ്പോള്‍ മലപ്പുറത്തുകാരനത് വേഗം മനസ്സിലാകും. അടിമത്തം കൊണ്ട് എന്തൊക്കെ ഇല്ലാതാകുമെന്നും അതിനെയെങ്ങനെ ചെറുക്കണമെന്നും ചരിത്രത്തില്‍ വരഞ്ഞിട്ട ജനതയാണ് മലപ്പുറത്തുള്ളത്. അതുകൊണ്ട് ഈ നാടിന്‍റെ എല്ലാരുചികളും എനിക്ക് ഇഷ്ടമാണ്. ഒരു കാലിച്ചായയിലും വലിയ ആത്മീയതയുണ്ട്. ചായക്കൂട്ടില്‍ അ ശ്രദ്ധയുണ്ടായാല്‍ ചായയുടെ ആത്മീയത പൊയ്പ്പോകും.
സ്ഥലം വലിയങ്ങാടിയാണ്. അന്നയും റസൂലിലെയും ആ പാട്ട് അടുത്തുള്ള കടയില്‍നിന്ന് തെരുവിലേക്ക് ഒഴുകിവന്നു. ‘സമ്മിലൂനീ...സമ്മിലൂനീ...ഖിസകളില്‍ ഇഷ്കിന്‍റെ അജബുകളോതിയ ഒൗലിയ പറഞ്ഞില്ല മൗത്താണ് മുഹബ്ബത്തെന്ന്... ’ ‘സമ്മിലൂനി’യെന്നാല്‍ ‘എെന്ന ആലിംഗനം ചെയ്യുക’ എന്നാണര്‍ഥം. ഹിറാഗുഹയിലെ ധ്യാനത്തിനിടെ വിശുദ്ധവചനങ്ങളുമായെത്തിയ മാലാഖയെ നേരില്‍ കണ്ട് അമ്പരന്ന അന്ത്യപ്രവാചകന്‍ വീട്ടിലേക്കോടി പ്രിയപത്നിയോടു പറഞ്ഞതാണത്.
വരികള്‍ക്ക് ഒരുവേള കാതോര്‍ത്തിട്ട് ഷഹബാസ് പറഞ്ഞു: “പറഞ്ഞും എഴുതിയും പതിഞ്ഞതുപോലെ ഹിന്ദുസ്ഥാനിയുടെ മാത്രം നാടല്ല കോഴിക്കോട്. ഏറ്റവും പുതിയ ഇംഗ്ലിഷ് സിനിമകള്‍ കാണിക്കുന്ന ക്രൗണ്‍ തിയറ്റര്‍ എത്രയോ കാലം മുമ്പ് ഇവിെടയുണ്ട്. ഹിന്ദുസ്ഥാനിപോലെ പാശ്ചാത്യ സംഗീതത്തെയും കോഴിക്കോട്ടുകാര്‍ നെഞ്ചേറ്റിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പേ വെസ്റ്റേണ്‍ ബാൻഡുകള്‍ ഉണ്ടാകുകയും അവര്‍ ഒന്നാന്തരം പരിപാടികള്‍ നടത്തുകയും ചെയ്ത നാടാണിത് .”
എന്താണ് പുതിയ പാട്ട് അന്വേഷണങ്ങള്‍?
പുതുതായൊന്നുമില്ല. ശ്രദ്ധിച്ചാല്‍ അറിയാം, പതിനേഴ് വര്‍ഷമായി ഒരേ പാട്ടുകളാണ് ഞാന്‍ പാടുന്നത്. പാടുന്നത് ശരിയാകാനാണ് അത്. ഇത്ര കാലവും പാടിയ പാട്ടിലും ഈയടുത്ത കാലത്താണ് പുതിയ ചിലത് കണ്ടെത്തുന്നത്.
ഷഹബാസ് നിശബ്ദനായി തെരുവിലേക്കു നോക്കി. കേരളത്തെ ആദ്യം നോമ്പാരംഭം അറിയിക്കുന്ന നാടാണ് കോഴി ക്കോട്. മിക്ക വര്‍ഷവും കാപ്പാട് ബീച്ചിലാണ് റമസാന്‍ പിറ ആദ്യം തെളിയുക. അതുകൊണ്ടുതന്നെ പെരുന്നാളിന് ആദ്യമൊരുങ്ങുന്നതും കോഴിക്കോടുതന്നെ. െെമലാഞ്ചിയും അത്തറും കരിമഷിയും പുത്തനുടുപ്പുകളും കടത്തട്ടുകളില്‍ നിറഞ്ഞുകഴിഞ്ഞു. അനാമികയ്ക്കും മകന്‍ അലന്‍ റൂമിക്കുമുള്ള ഈന്തപ്പഴവും ഹല്‍വയും ഷഹബാസ് വാങ്ങി.
പിന്നെ, കോഴിക്കോടിന്‍റെയും മലപ്പുറത്തിന്‍റെയും കഥകള്‍ മാറിമാറി പറഞ്ഞുകൊണ്ട് നടന്നു. കോഴിക്കോട് ഇന്നും അധികമൊന്നും മാറിയിട്ടില്ലത്രെ. കുറെ മാളുകള്‍ വന്നു. അതൊഴിച്ചാല്‍ ബാക്കിയെല്ലാം അങ്ങനെത്തന്നെ. മലബാറിന്‍റെ നോമ്പില്‍ നമ്മള്‍ കേള്‍ക്കുന്നത് ഭക്ഷണപ്പെരുമ മാത്രമാകാം. പക്ഷേ, അതിനപ്പുറത്ത് ഒഴുകുന്ന കരുണയുടെ വലിയ കരങ്ങളുണ്ട്. പുണ്യമാസത്തില്‍ ഇടംെെകയറിയാതെ വലംെെകയൊഴുക്കുന്ന സഹായങ്ങള്‍. അനാഥരെയും പാവങ്ങളയും തേടി അതെത്തുന്നു, പലയിടങ്ങളില്‍നിന്ന്.
മഗ്‍രിബ് ബാങ്ക് മുഴങ്ങി. നഗരം നിശ്ചലമായി നിന്ന് കാരയ്ക്ക മധുരവും വെള്ളവും കൊണ്ട് ഉള്ളു നനച്ചു. രക്ഷിതാവിന്‍റെ കൽപനയനുസരിച്ച് പകല്‍ മുഴുവന്‍ വിശപ്പറിഞ്ഞു നിന്ന ശരീരങ്ങളിലേക്ക് കരുണയുടെ നനവിറങ്ങി. ബാങ്കുവിളിനാദത്തിന് കാതോര്‍ത്ത് ഷഹബാസ് നിശ്ശബ്ദനായി നിന്നു. ബാങ്കുവിളിക്കൊരു താളമുണ്ട്. സര്‍വശക്തന്‍റെ സവിധത്തിലേക്കുള്ള വിളിയാണത്. െെദവത്തിനും മനുഷ്യര്‍ക്കുമിടയിലെ ഇത്തരം താളങ്ങളിൽ നിന്നാണല്ലോ ഈ പാട്ടുകാരന്‍ എന്നും വരികളും ഈണവും കണ്ടെത്തിയിട്ടുള്ളത്. ഷഹബാസ് പാടിയ ആ സൂഫിഗാനമോര്‍ത്തു, ‘ലാല്‍ ഷഹബാസ്... ജിയാ ലത്തീഫ്.. ദമാ ദം മസ്ത്!’
