Saturday 10 November 2018 12:24 PM IST : By സ്വന്തം ലേഖകൻ

‘ഞാനും മക്കളും ചേട്ടനെ കൊന്നയിടത്തു പോയിക്കിടക്കും, അവിടെക്കിടന്നു മരിക്കും’; നീതിക്കായി കേണ് സനലിന്റെ ഭാര്യ

sanal-new

‘ചേട്ടന് കൈക്ക് ചെറിയ പൊട്ടൽ മാത്രമേ ഉള്ളൂ എന്നാണ് അവരെന്നോട് പറഞ്ഞത്. എന്നിട്ടും ഒരു രാത്രി മുഴുവൻ ഞാൻ കാത്തിരുന്നു. പക്ഷേ അവരത് പറഞ്ഞ അന്നേരം തന്നെ എന്റെ ചേട്ടൻ ഈ ലോകത്ത് നിന്ന് പോയിരുന്നു. എന്നേയും മക്കളേയും വിട്ട്...ദൂരെയൊരു ലോകത്തേക്ക്’– അത്രയും പറഞ്ഞ് മുഴുമിച്ചില്ല. വിജിയുടെ വാക്കുകളെ കണ്ണീർ മുറിച്ചു.

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഡിവൈഎസ്പി കാറിനു മുന്നിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ സനലിന്റെ വേദനിപ്പിക്കുന്ന ഓർമ്മകൾ തളംകെട്ടി നിൽക്കുകയാണ് ഈ വീട്ടിൽ. മക്കൾക്കുള്ള ദീപാവലി മധുരവും പടക്കവും എല്ലാം സമ്മാനിച്ചു കൊണ്ടായിരുന്നു മരണദിവസം സനൽ ആ വീടിന്റെ പടികയറി വന്നത്. മരിച്ച് അഞ്ചു ദിവസം കഴിയുമ്പോഴും മക്കൾക്കായി വാങ്ങിവച്ച ഒരു കൂട് നിറയെ പടക്കം ആ വീടിന്റെ ഒരു മൂലയിൽ ഇപ്പോഴും ഭദ്രമായിരിപ്പുണ്ട്.

‘സാധാരണ ജോലി കഴിഞ്ഞു വന്നാൽ ചേട്ടൻ വീട്ടിൽ‌ നിന്നും എങ്ങോട്ടും പോകാറില്ല. പക്ഷേ അന്നെന്തോ, ചെറിയ പണി ഉണ്ടെന്ന് പറഞ്ഞാണ് ഇവിടെ നിന്നു പോയത്. പെട്ടെന്ന് വരാമെന്ന് വാക്കും പറഞ്ഞതാണ്. പിറ്റേന്നേക്കുള്ള വീട്ടുസാധനങ്ങളുടെ ലിസ്റ്റുമായാണ് അന്ന് ചേട്ടൻ പോയത്. ഞാനും മക്കളും വഴിക്കണ്ണുമായി കാത്തിരുന്നു.പക്ഷേ ചേട്ടൻ....’– ആ ഇരുണ്ട ദിനത്തിലെ ഓർമ്മകളിൽ നിന്നും സനലിന്റെ ഭാര്യ വിജി ഇനിയും പുറത്തു വന്നിട്ടില്ല.

മരണത്തിലേക്ക് നടന്നു കയറിയതല്ല. അധികാരത്തിന്റെ ഹുങ്ക് തലയ്ക്കു പിടിച്ചൊരാൾ തന്റെ ഭർത്താവിനെ മരണത്തിലേക്ക് തള്ളിയെറിഞ്ഞു കൊടുത്തതാണെന്ന് വിജിക്ക് ഉത്തമബോധ്യമുണ്ട്. തങ്ങൾ പേറുന്ന വേദനയുടെ പങ്കു പറ്റാൻ എത്ര പേരുണ്ടാകുമെന്ന് വിജിക്കറിയില്ല. പക്ഷേ ഒന്നു മാത്രം അധികാരി വർഗത്തോട് ഇവർക്ക് പറയാനുണ്ട്.

"ഒരു ഉറുമ്പിനെ പോലും വേദനിപ്പാക്കാത്ത ആളാണ് എന്റെ ചേട്ടൻ. അങ്ങനെയുള്ളൊരാളുടെ മരണത്തിന് ആ ദുഷ്ടൻ (ഡിവൈഎസ്പി ഹരികുമാർ) ഉത്തരവാദിയായിട്ടുണ്ടെങ്കിൽ അയാളെ കൽത്തുറുങ്കിലടയ്ക്കണം. ഇപ്പോൾ അന്വേഷണം ഏൽപിച്ച ഉദ്യോഗസ്ഥരിൽ എനിക്ക് വിശ്വാസമില്ല, ഡയറക്റ്റ് ഐപിഎസ് കിട്ടിയയാൾ തന്നെ ഇതന്വേഷിക്കണം. നീതി കിട്ടിയില്ലെങ്കിൽ ഞാനുമെന്റെ രണ്ട് കുഞ്ഞുമക്കളും ചേട്ടനെ കൊന്നയിടത്തു പോയിക്കിടക്കും, അവിടെ കിടന്നു ഞങ്ങൾ മരിച്ചാലും കുഴപ്പമില്ല"– വിജി പറയുന്നു.

സനലിന്റെ അമ്മ രമണിക്കും പറയാനുള്ളത് ഇതേ വാക്കുകൾ. "അവനെ (ഡിവൈഎസ്പി ഹരികുമാർ) പിടിച്ചേ പറ്റൂ, അ​ഞ്ചുദിവസമായില്ലേ, അവൻ പൊലീസ് സംരക്ഷണയിലാണെന്നുറപ്പാണ്. ഇനിയും നടപടിയില്ലെങ്കിൽ ഞാനും പിള്ളേരും സംഭവമുണ്ടായ സ്ഥലത്തു പോയിക്കിടക്കും, വേണ്ടി വന്നാൽ സെക്രട്ടേറിയറ്റ് നടയിൽ പോയിരിക്കും. അവിടെ കിടന്നു മരിക്കും"

അതേസമയം സനൽ മരിച്ച സംഭവത്തില്‍ ഡി.വൈ.എസ്.പി ബി.ഹരികുമാറിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഹരികുമാറിനെ സര്‍വ്വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവത്തിനുശേഷം ഡി.വൈ.എസ്.പി ഒളിവില്‍പോയിരിക്കുകയാണ്. 

നവംബർ 5 രാത്രിയാണ് റോഡിലെ തര്‍ക്കത്തെത്തുടര്‍ന്ന് ഡി.വൈ.എസ്.പി പിടിച്ചുതള്ളിയ സനൽ കാറിടിച്ച് മരിച്ചത്. കമുകിന്‍കോടിലെ ഒരു വീട്ടിലെത്തിയ ഹരികുമാര്‍ തിരിച്ചുപോകാനൊരുങ്ങിയപ്പോള്‍ തന്റെ വാഹനത്തിന് കടന്നുപോകാനാകാത്ത നിലയില്‍ മറ്റൊരു കാര്‍ പാര്‍ക്ക് ചെയ്തിരുന്നു. തുടര്‍ന്ന് കാര്‍ പാര്‍ക്ക് ചെയ്ത സനലും ഡി.വൈ.എസ്.പിയും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ഹരികുമാര്‍ സനലിനെ റോഡിലേക്ക് തള്ളിയിടുകയുമായിരുന്നു. റോഡില്‍ വീണ സനലിന് ഇതുവഴി വന്ന കാറിടിച്ച് ഗുരുതരമായി പരിക്കേൽക്കുകയും മരണപ്പെടുകയും ചെയ്തു.

EDITOR’S PICK

‘ഞാനും മക്കളും ചേട്ടനെ കൊന്നയിടത്തു പോയിക്കിടക്കും, അവിടെക്കിടന്നു മരിക്കും’; നീതിക്കായി കേണ് സനലിന്റെ ഭാര്യ

ഷാജോണിനൊപ്പം സെൽഫിയെടുക്കാൻ അക്ഷയ് കുമാർ കാത്തിരുന്നത് ഒരു മണിക്കൂർ; വൈറലായി താരത്തിന്റെ വാക്കുകൾ

‘‘ഞാൻ നിശബ്ദയായി അതു ചെയ്തിട്ടുണ്ട്, ഇത്തരം അനുഭവം കാരണം ഒരു ചിത്രത്തോട് നോ പറഞ്ഞിട്ടുമുണ്ട്’’; ‘മീടൂ’ ചർച്ചയിൽ നിലപാട് വ്യക്തമാക്കി നിത്യ

കാലുകൾ കൊണ്ട് രോഗിയായ അമ്മയ്ക്ക് മുടി കെട്ടിക്കൊടുക്കുന്നു, മരുന്നും ഭക്ഷണവും കഴിപ്പിക്കുന്നു

അച്ഛന്റെ വരവും കാത്ത് ആ കുരുന്നുകൾ; നോവോർമ്മയായി സനൽ മക്കൾക്കായി കരുതി വച്ച ആ സമ്മാനപ്പൊതി