Saturday 10 November 2018 11:09 AM IST : By സ്വന്തം ലേഖകൻ

‘‘ഞാൻ നിശബ്ദയായി അതു ചെയ്തിട്ടുണ്ട്, ഇത്തരം അനുഭവം കാരണം ഒരു ചിത്രത്തോട് നോ പറഞ്ഞിട്ടുമുണ്ട്’’; ‘മീടൂ’ ചർച്ചയിൽ നിലപാട് വ്യക്തമാക്കി നിത്യ

nithya-new

സിനിമയ്ക്കകത്തും പുറത്തും സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾക്ക് എതിരാണെന്നും എന്നാൽ അതിനെ പ്രതിരോധിക്കാൻ തനിക്ക് വേറിട്ട വഴികളാണുള്ളതെന്നും നിത്യ മേനോൻ. സംഘടിതമായ പോരാട്ടങ്ങളുടെ ഭാഗമായല്ല, തനിച്ച്, നിശബ്ദയായി പോരാടാനാണ് തനിക്കിഷ്ടമെന്നും അവർ വ്യക്തമാക്കുന്നു.

ഒരു അഭിമുഖത്തിൽ, മലയാള സിനിമയിൽ നിന്നും ഒരു നടി ആക്രമിക്കപ്പെടുകയും സഹപ്രവർത്തകരായ കൂട്ടുകാരികൾ ഒരു കൂട്ടായ്മ രൂപീകരിക്കുകയും ചെയ്തപ്പോൾ അതിന്റെ ഭാഗമാവണമെന്ന് നിത്യയ്ക്ക് ഒരിക്കലും തോന്നിയിട്ടില്ലേ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അവർ.

“ആളുകൾ അഭിമുഖീകരിക്കുന്ന പ്രശ്നം പൂർണ്ണമായും മനസ്സിലാക്കുന്നു. അതിനെ എന്നാലാവും വിധം പ്രതിരോധിക്കാറുണ്ട്. പ്രത്യക്ഷത്തിൽ ഇടുപെടുന്നില്ല എന്നതിന് അതിനെ പ്രതിരോധിക്കുന്നില്ലെന്നോ അല്ലെങ്കിൽ അത്തരം പ്രതിരോധങ്ങൾക്ക് എതിരാണെന്നോ അർത്ഥമില്ല. ഞാനും ചെയ്യാറുണ്ട്, പക്ഷേ രീതി വേറെയാണ്. എന്റെ ജോലി തന്നെയാണ് പ്രതിരോധത്തിനുള്ള മാർഗ്ഗമെന്നു വിശ്വസിക്കുന്നു. ജോലി ചെയ്യുന്ന രീതി, ചെയ്യുന്ന കാര്യങ്ങൾ, ആളുകളെ സമീപിക്കുന്ന രീതി അതിലൂടെയൊക്കെ കൂടെ ജോലി ചെയ്യുന്നവർക്കും സിനിമകൾ കാണുന്നവർക്കും ഒരു ശക്തമായ സന്ദേശം നൽകാൻ സാധിക്കും. മറ്റെല്ലാവരെയും പോലെ എനിക്കും എന്റേതായ കാഴ്ചപ്പാടുകളുണ്ട്. പക്ഷേ അത് എന്റേതായ രീതിയിൽ ചെയ്യാനാണ് ഞാനാഗ്രഹിക്കുന്നത്. മറ്റുള്ളവർ തെറ്റു ചെയ്യുന്നു എന്നോ എനിക്കതിന്റെ ഭാഗമാകേണ്ട എന്നോ ഞാൻ കരുതുന്നില്ല, ഞാനതിന്റെ ഭാഗം തന്നെയാണ്. ഇത്തരം കാര്യങ്ങളെ നേരിടാൻ എനിക്ക് എന്റേതായൊരു രീതിയുണ്ടെന്നു മാത്രം”.– നിത്യ പറയുന്നു.

ആരെങ്കിലും മോശമായി പെരുമാറിയാലോ ലൈംഗിക ചുവയോടെ സംസാരിച്ചാലോ സെറ്റിൽ നിന്നും ഇറങ്ങിപ്പോവുമോ എന്ന ചോദ്യത്തിന് തീർച്ചയായും, ഞാൻ പോയിട്ടുണ്ടെന്നായിരുന്നു മറുപടി. ‘‘ഞാൻ നിശബ്ദയായി അതു ചെയ്തിട്ടുണ്ട്. ഇത്തരം അനുഭവം കാരണം ഒരു ചിത്രത്തോട് നോ പറഞ്ഞിട്ടുമുണ്ട്’’. – നിത്യ.

മലയാളത്തിൽ കോളാമ്പി, ഹിന്ദിയിൽ അക്ഷയ്കുമാർ ചിത്രം, തെലുങ്കിൽ എൻ.ടി.ആറിന്റെ ജീവിത കഥ, തമിഴിൽ ജയലളിതയുടെ ജീവിത കഥ തുടങ്ങി വൻ സിനിമകളുടെ ഭാഗമാണ് നിത്യ ഇപ്പോൾ.

“വളരെ ഹെവിയായ കഥാപാത്രമാണ് ജയലളിതയുടെ ബയോപിക്കിൽ. സംവിധായിക പ്രിയദർശിനി കഥാപാത്രത്തെ കുറിച്ചു പറഞ്ഞപ്പോൾ തന്നെ ഞാൻ എക്സൈറ്റഡായി. നല്ല ഫോക്കസ്ഡ് ആയ സംവിധായികയാണ് പ്രിയദർശിനി. നമ്മളൊരു ബയോപിക് ചെയ്യുമ്പോൾ ആ കഥാപാത്രത്തോട് പൂർണമായും നീതി പുലർത്തുമെന്ന് ഉറപ്പാക്കാൻ സാധിക്കണമെന്ന് ഞാൻ പ്രിയദർശിനിയോട് പറഞ്ഞു. അവർ ആത്മവിശ്വാസത്തിലാണ്. ആ ചിത്രം ഞാനും പ്രതീക്ഷയോടെ ഉറ്റുനോക്കുന്നു. എന്നിലെ അഭിനേത്രിയെ എക്സ്പ്ലോർ ചെയ്യുന്ന കഥാപാത്രമാകും അത്’’.– നിത്യയുടെ വാക്കുകളിൽ പ്രതീക്ഷ തിളങ്ങുന്നു.