Saturday 10 November 2018 11:51 AM IST : By സ്വന്തം ലേഖകൻ

ഷാജോണിനൊപ്പം സെൽഫിയെടുക്കാൻ അക്ഷയ് കുമാർ കാത്തിരുന്നത് ഒരു മണിക്കൂർ; വൈറലായി താരത്തിന്റെ വാക്കുകൾ

shajon-new

മിമിക്രിയിൽ സാന്നിധ്യമറിയിച്ച്, സിനിമയിലെത്തി, ചെറു വേഷങ്ങളിൽ തുടങ്ങി ഹാസ്യ വേഷങ്ങളിലും സ്വഭാവ വേഷങ്ങളിലും വില്ലൻ വേഷങ്ങളിലും തിളങ്ങി, ഇപ്പോൾ സംവിധായകന്റെ കുപ്പായമണിയാനുള്ള തയാറെടുപ്പിലാണ് കലാഭവൻ ഷാജോൺ. പൃഥ്വിരാജ് നായകനാകുന്ന ‘ബ്രദേഴ്സ് ഡേ’യാണ് ഷാജോണിന്റെ ആദ്യ സംവിധാന സംരംഭം.

രജനീകാന്തും അക്ഷയ്കുമാറും പ്രധാന വേഷങ്ങളിലെത്തുന്ന, ശങ്കർ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് തമിഴ് ചിത്രം ‘2.0’ യിലും ഷാജോണിന് ഒരു മികച്ച വേഷമുണ്ട്.

ചിത്രത്തിന്റെ സെറ്റിൽ, തനിക്കൊപ്പം സെൽഫിയെടുക്കാൻ അക്ഷയ്കുമാര്‍ കാത്തിരുന്ന ഒരു രസകരമായ സംഭവം ഷാജോണ്‍ വെളിപ്പെടുത്തിയിരിക്കുകയാണിപ്പോൾ.

‘‘ചെറുപ്പം മുതല്‍ അക്ഷയ് കുമാറിന്റെ കടുത്ത ആരാധകനാണ് ഞാന്‍. ഷൂട്ടിങ്ങിന്റെ അവസാന ദിവസം അദ്ദേഹത്തിനൊപ്പം ഒരു സെല്‍ഫി എടുക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അസോസിയേറ്റ്സില്‍ ഒരാളോട് ഞാനെന്റെ ആഗ്രഹം പറയുകയും ചെയ്തു. എന്നാല്‍ അവസാന ദിവസം, അദ്ദേഹത്തിന്റെ ഷൂട്ട് എനിക്ക് മുന്‍പേ കഴിഞ്ഞു. എന്റെ ക്ലോസപ്പ് ഷോട്ടുകള്‍ ആണെങ്കില്‍ അപ്പോഴും ബാക്കിയുണ്ട്. ഷൂട്ടിനിടയില്‍ പോയി സെല്‍ഫി എടുക്കുന്നത് ശരിയല്ലാത്തതു കൊണ്ട് ആ മോഹം ഞാന്‍ ഉപേക്ഷിച്ചു. അദ്ദേഹത്തിന്റെ മേക്കപ്പ് ഹെവി ആയതുകൊണ്ട് പൂര്‍ണമായും നീക്കം ചെയ്യാന്‍ രണ്ടു മണിക്കൂറോളം എടുക്കുമായിരുന്നു. മൂന്ന് മണിക്കൂർ കഴിഞ്ഞപ്പോള്‍ അസോസിയേറ്റ് വന്ന് അക്ഷയ് കുമാര്‍ കാരവനില്‍ താങ്കള്‍ക്കായി സെല്‍ഫി എടുക്കാന്‍ വെയിറ്റ് ചെയ്യുന്നു എന്ന് പറഞ്ഞു. ഞാനത് കേട്ട് ഞെട്ടിപ്പോയി. അദ്ദേഹത്തെപ്പോലെ ഒരു താരം ഒരു മണിക്കൂറോളം എന്റെ ആഗ്രഹം സാധിച്ചു തരാനായി നില്‍ക്കുക. എനിക്കു വിശ്വസിക്കാന്‍ പോലും പറ്റുമായിരുന്നില്ല. ഞാന്‍ അദ്ദേഹത്തിന്റെ കാരവാനില്‍ ഇരുന്ന് സെല്‍ഫി എടുത്തു. കുറേനേരം സംസാരിച്ചു’’.– ഷാജോണ്‍ പറഞ്ഞു.