യാത്ര ചെയ്യാൻ ഇഷ്ടമുള്ള ആളാണ് ഞാൻ. പക്ഷേ, പല തിരക്കുകൾ കൊണ്ടും അതിനായുള്ള അവസരം വരാറില്ല. അതായത് യാത്ര പോകാൻ വേണ്ടി യാത്ര പോകാറില്ല. കേരളത്തിലെ പ്രധാനപ്പെട്ട ടൂറിസം ഡെസ്റ്റിനേഷനായ വയനാടാണ് എന്റെ നാട്. കുട്ടിക്കാലത്തെ യാത്രകള്‍ ഓർത്തെടുക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്ന ചിത്രം ചെന്നൈയിലെ ഒരു ബീച്ചിൽ അച്ഛന്റെ കൈപിടിച്ച് നടക്കുന്ന ഒരു നാലുവയസ്സുകാരി പെൺകുട്ടിയെയാണ്. കേരളത്തിനകത്തും പുറത്തുമായി ധാരാളം യാത്രകൾ നടത്തിയിട്ടുണ്ട്. പക്ഷേ അതൊന്നും ഒരു ടൂർ എന്ന രീതിയിൽ നടത്തിയതല്ല. നാട് തന്നെയാണ് എനിക്കേറെ പ്രിയപ്പെട്ട ഇടം. മുത്തങ്ങ എന്റെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനാണ്. മുത്തങ്ങ– മൈസൂരു റോഡിലൂടെ കുറച്ചുനേരം യാത്ര ചെയ്യുന്ന സന്തോഷം മറ്റെവിടെ പോയാലും കിട്ടില്ല. മുത്തങ്ങ കാട് തരുന്ന പൊസറ്റീവ് എനർജി പറഞ്ഞറിയിക്കാൻ പറ്റില്ല.
ഗുണ്ടൽപേട്ടിനടുത്ത് ഒരു ചെറിയ കാർഷികഗ്രാമമുണ്ട്്. വയനാട്ടിൽ എത്തുമ്പോഴെല്ലാം ആ ഗ്രാമത്തിൽ ഞാൻ പോകാറുണ്ട്. കന്നട കുറച്ചൊക്കെ സംസാരിക്കും. ഇടയ്ക്കിടെ പോയി ഇപ്പോൾ ആ നാട്ടിൽ കുറേ പരിചയക്കാരുണ്ട്. ഗുണ്ടൽപേട്ട പോയി പൂക്കള്‍ നിറഞ്ഞ് നിൽക്കുന്ന പാടങ്ങൾ കണ്ട് അതിനിടയിൽ നിന്ന് ഫോട്ടോ എടുത്ത് ആസ്വദിക്കുന്ന ദിനങ്ങൾ ജീവിതത്തിലെ വലിയ സമ്പാദ്യമാണ്. സിനിമാ ലൊക്കേഷനുകളിൽ എനിക്കേറെ പ്രിയപ്പെട്ടത് രാമന്റെ ഏദൻതോട്ടം എന്ന സിനിമയിലെ ഏദൻതോട്ടം തന്നെ. കോട്ടയം ജില്ലയിലെ വാഗമൺ ആയിരുന്നു ആ ലൊക്കേഷൻ.
ദുബായ് പ്രിയപ്പെട്ട ഡെസ്റ്റിനേഷനാണ്. എവിടെ പോയാലും ആദ്യ പരിഗണന കേരളീയ ഭക്ഷണം കിട്ടുന്ന ഇടങ്ങൾക്കാണ്. ഇന്ത്യയ്ക്ക് പുറത്തേക്ക് ദുബായ് മാത്രമേ യാത്ര പോയിട്ടുള്ളൂ. പല യാത്രകളും പ്ലാൻ ചെയ്യുമെങ്കിലും ഷൂട്ടിങ് തിരക്കുകൾക്കിടയിൽ നടപ്പിലാക്കാൻ കഴിയാറില്ല. യാത്ര നടത്തുമ്പോൾ കാഴ്ചകളും ഭക്ഷണവും കൂടാതെ ഓരോ നാടിനെയും അടയാളപ്പെടുത്തുന്ന സംസ്കാരങ്ങളെ അടുത്തറിയാൻ ശ്രമിക്കാറുണ്ട്.
കുടുംബത്തിലെ എല്ലാ അംഗങ്ങളും കൂടി ഒരിക്കൽ മൈസൂരു പോയിട്ടുണ്ട്. വയനാട്ടിൽ നിന്ന് വലിയ ദൂരമില്ല മൈസൂർക്ക്. ഒരു വൺഡേ ട്രിപ്പ് ആയി ബസ് വിളിച്ച് വീട്ടിൽ നിന്ന് ഭക്ഷണമൊക്കെ ഉണ്ടാക്കി കൊണ്ടുപോയ രസകരമായ മറക്കാനാവാത്ത യാത്രയായിരുന്നു അത്. ഞാൻ ഒരു സ്വപ്ന സഞ്ചാരിയൊന്നുമല്ല. അതിനാൽ തന്നെ ഒരു ഡ്രീം ഡെസ്റ്റിനേഷൻ പറയാനില്ല. നമുക്കൊരിക്കൽ പോകണം എന്നു പറഞ്ഞ് ഞാനും ഭർത്താവും പ്ലാനിട്ടിരിക്കുന്ന ഒരു സ്ഥലമുണ്ട്, അത് മണാലിയാണ്.