Tuesday 15 June 2021 12:25 PM IST : By Dr. Nirmal IAS

IAS പഠനത്തിന്റെ ഭാഗമാണ് ഒരു വർഷത്തെ ഇന്ത്യാ പര്യടനം : ഡോ. നിർമൽ ഐഎഎസ് വിശദീകരിക്കുന്നു

1 - bharath darsan

ഭാരത് ദർശൻ - IAS ഉദ്യോഗസ്ഥരുടെ ട്രെയിനിംഗ് കാലഘട്ടത്തിലെ ശൈത്യകാല പഠനയാത്രയുടെ പേരാണ് ഭാരത് ദർശൻ. മസൂറിയിലെ ലാൽ ബഹദൂർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷനിൽ ( LBSNAA) ശൈത്യകാലത്ത് താമസിക്കുക നന്നേ ബുദ്ധിമുട്ടാണ്. അതുകൊണ്ട്തന്നെ IAS ഉദ്യോഗസ്ഥരെ ഭാരതപര്യടനത്തിനയക്കുന്നത് ഈ സമയത്താണ്. ദർശനം എന്ന സംസ്കൃതപദത്തിന് 'കാഴ്ച' എന്നതിലപ്പുറം 'തത്വചിന്ത',' കാഴ്ചപ്പാട്' എന്നിങ്ങനെ അർത്ഥങ്ങളുണ്ട്. അതുകൊണ്ടുതന്നെ ഈ യാത്ര കാഴ്ചകളുടേത് മാത്രമല്ല, അവയിലൂടെ നേടുന്ന ഉൾക്കാഴ്ചകളുടേത് കൂടിയാണ്.

മഹാത്മ ഗാന്ധി തന്റെ സൗത്ത് ആഫ്രിക്കൻ ജീവിതത്തിനു ശേഷം ഭാരതത്തിലെത്തുന്നത് 1915 ലാണ്. അടുത്ത ഒരു വർഷക്കാലം അദ്ദേഹം ചിലവഴിച്ചത് രാജ്യത്തിലുടനീളം ചുറ്റിസഞ്ചരിച്ച് രാജ്യത്തെ അടുത്തറിയുവാനാണ്. ഭാരതത്തിന്റെ ആത്മാവിനെ തൊട്ടറിയുവാൻ ഈ യാത്രകളിലൂടെ അദ്ദേഹത്തിനു സാധിച്ചു.

ഡിസംബർ 13, 2019 , മസൂറി മഞ്ഞു പൊഴിച്ച്നിന്ന രാത്രി. അക്കാദമിയിലെ 180 IAS പ്രൊബേഷണേഴ്സ് 20 സംഘങ്ങളായി തിരിഞ്ഞ് യാത്ര ആരംഭിച്ചു. ഓരോ സംഘത്തിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് വന്ന്ചേർന്നവർ ഒത്തുചേർന്നു. ഓരോ സംഘത്തിലും 18 പേർ വീതം. അങ്ങനെ 10 സംഘങ്ങൾ. ഓരോ സംഘവും രാജ്യത്തിലെ 10 സംസ്ഥാനങ്ങൾ എങ്കിലും സന്ദർശിക്കുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ഇതിൽ ദേശീയോദ്യാനങ്ങളും വനാന്തരങ്ങളും ദ്വീപുസമൂഹങ്ങളുമൊക്കെ ഉൾപ്പെടും.

2 - bharath darsan

ഞങ്ങളുടെ സംഘത്തിൽ കൂടുതലും മലയാളികളായിരുന്നു. ഒപ്പം ആന്ധ്ര, തെലങ്കാന, തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, രാജസ്ഥാൻ, ആസം എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. മസൂറിയിൽ നിന്നും ഞങ്ങൾ അക്കാദമി ഒരുക്കിയ ബസ് വഴി ഡെഹ്റാഡൂൺ റെയിൽവേസ്റ്റേഷനിൽ എത്തി. അവിടെനിന്നും ട്രെയിനിൽ ഡൽഹിയിലേക്കും ഡൽഹിയിൽനിന്ന് വിമാനത്തിൽ ആസമിലേക്കും പറന്നു .

ആദ്യ ആഴ്ച്ച പൂർണമായും ഇന്ത്യൻ ആർമിക്കൊപ്പം ആയിരുന്നു. ആസമിൽ നിന്നും ആർമി വാഹനത്തിൽ അരുണാചൽ പ്രദേശിലെ തേങ്കാ എന്ന സ്ഥലത്ത് ഞങ്ങൾ എത്തിച്ചേർന്നു. ഇത് പൗരത്വബില്ലിനെതിരെയുള്ള പ്രതിഷേധത്തിന്റെ നാളുകളായിരുന്നു. സത്വപ്രതിസന്ധി നേരിടുന്ന ആസമീസ് ജനതയുടെ പ്രതിഷേധങ്ങൾ ശക്തവും സമാധാനപരവുമായി വഴിയിലുടനീളം കാണാമായിരുന്നു. തേങ്കയിൽ ഞങ്ങളെ സ്വീകരിച്ചത് മലയാളിയായ ഒരു മേജർ ആണ്. അരുണാചലിന്റെ സൗന്ദര്യവും പട്ടാളക്കാരുടെ ജീവിതത്തിന്റെ ബുദ്ധിമുട്ടുകളും രാജ്യത്തിന്റെ അതിർത്തി സുരക്ഷാ ക്രമീകരണങ്ങളുമൊക്കെ മനസിലാക്കുവാൻ ഈ ദിവസങ്ങളിൽ സാധിച്ചു. 1962 ലെ ഇന്തോ-ചൈന യുദ്ധത്തിന്റെ സ്മരണകൾ പേറിനിൽക്കുന്ന ഇടങ്ങളിലൂടെ ഞങ്ങൾ യാത്ര ചെയ്തു. രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീരജവാന്മാരുടെ ഓർമ്മയ്ക്കായി തീർത്ത സമാധിസ്ഥലങ്ങളിൽ ഞങ്ങൾ പുഷ്പചക്രങ്ങൾ അർപ്പിച്ചു.

രാവിലെ അഞ്ച് മണിയോടെതന്നെ സൂര്യൻ ഉദിക്കുകയും, വളരെ നേരത്തെ തന്നെ ഇരുണ്ടു തുടങ്ങുകയും ചെയ്യുന്ന ഭൂപ്രകൃതിയാണ് അരുണാചലിന്. ഇതിനാൽ ഞങ്ങൾക്ക് വെളുപ്പിന് നാല്മണിക്ക് തന്നെ യാത്രകൾ തുടങ്ങേണ്ടിവന്നു. പന്ത്രണ്ടു മണിക്കൂറോളം നീണ്ടുനിൽക്കുന്ന യാത്രകൾ ആയിരുന്നു പലതും. മരംകോച്ചുന്ന തണുപ്പും, ദുർഘടമായ പാതയും യാത്ര ദുഷ്കരമാക്കി. എന്നാൽ ഈ പ്രതിസന്ധികൾക്കിടയിലും കർമ്മനിരതരായ പട്ടാളക്കാർ ഏവർക്കും മാതൃകയാണ്. സുരക്ഷാക്രമീകരണങ്ങൾ പാലിച്ച് നിരനിരയായി നീങ്ങുന്ന സൈനികവാഹനങ്ങൾ സിനിമകളിൽ മാത്രമേ കണ്ടിരുന്നുള്ളു. അവർക്കൊപ്പം യാത്ര ചെയ്യാനായത് മറക്കാനാവാത്ത അനുഭവമാണ്. ഒരു ദിവസം ആർമിക്കൊപ്പം ചൈന അതിർത്തി വരെ പോകുവാനും, അവിടെ നിന്ന് ദൂരദർശിനിയിലൂടെ ചൈനയുടെ ഭാഗത്തുള്ള നിരീക്ഷണ കേന്ദ്രങ്ങൾ കാണുവാനും, ഒപ്പം ടിബറ്റൻ ജനതയുടെ പാലായനകാലത്ത് ദലൈ ലാമ ഇന്ത്യയിലേക്ക് വന്ന വഴിയിലൂടെ നടക്കുവാനും സാധിച്ചു.

അന്തരീക്ഷത്തിലെ ഓക്സിജന്റെ അളവ് 8 ശതമാനത്തോളം താഴ്ന്ന പ്രദേശങ്ങളിൽ എത്തിചേർന്നപ്പോൾ സംഘത്തിലെ ചിലർക്കൊക്കെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ശാരീരികക്ഷമതയ്ക്കൊപ്പം ഏകാന്തമായ ഈ പ്രദേശങ്ങളിൽ ജീവിക്കുവാൻ ശക്തമായ മാനസികാരോഗ്യവും ആവശ്യമാണ്. മഞ്ഞിൽ ഉറഞ്ഞുനിൽക്കുന്ന തടാകങ്ങളും, ഉയർന്നു നിൽക്കുന്ന മലനിരകളും ഇവിടെ കാവൽ നിൽക്കുന്ന സൈനികന്റെ മനക്കരുത്തിനു മുൻപിൽ നിസാരമാണ്. പരിശീലനത്തിനായി ഒരുക്കിയിരിക്കുന്ന ഫയറിംഗ് റേഞ്ചുകളിൽ സൈനികർ ഉപയോഗിക്കുന്ന തോക്കുകൾ ഉപയോഗിച്ച് ഫയർ ചെയ്യുവാനും വിവിധ തരം ആയുധങ്ങൾ പരിചയപ്പെടുവാനും ഞങ്ങൾക്ക് അവസരം ലഭിച്ചു.ഏഴു ദിവസത്തോളം നീണ്ട് നിന്ന അരുണാചൽയാത്ര ഞങ്ങളെ നന്നെ ക്ഷീണിപ്പിച്ചിരുന്നു. പക്ഷെ ഓരോ ഭാരതീയനും ഒരിക്കലെങ്കിലും സൈനികരുടെ ജീവിത സാഹചര്യങ്ങൾ കാണുവാനും മനസിലാക്കുവാനും അവസരം ലഭിക്കണമെന്ന് എനിക്ക് തോന്നി. അപ്പോൾ യുദ്ധത്തിനപ്പുറം സമാധാനത്തെപറ്റി ചിന്തിക്കുവാൻ നമുക്ക് സാധിക്കും. അരുണാചലിൽനിന്ന് ഞങ്ങൾ പോയത് ആസമിലേക്കാണ്. ഭാരത് ദർശന്റെ നല്ലൊരു പങ്കും ഞങ്ങൾ ചിലവഴിച്ചത് ആസമിലായിരുന്നു.

ആസമിൽ ഞങ്ങൾ ആദ്യം എത്തിച്ചേർന്നത് ഗുവഹാത്തിയിൽ ആണ് . ഭാരതത്തിന്റെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ഏറ്റവും വലിയ നഗരമാണ് ഗുവഹാത്തി . ആസമിന്റെ കിഴക്കൻ അതിർത്തി ജില്ലയായ ടിൻസൂക്കിയയിലേക്കുള്ള വിമാന യാത്രയ്ക്കായാണ് ഞങ്ങൾ ഗുവഹാത്തിയിലെത്തിയത് . ഒരു ദിവസം ഗുവഹാത്തി കാണുവാനായി ചിലവഴിച്ചു. എല്ലാവരും ചെറു സംഘങ്ങളായി ഇഷ്ടമുള്ള സ്ഥലങ്ങളിലേക്ക് തിരിച്ചു. ഞാൻ ആദ്യം പോയത് പ്രസിദ്ധമായ കാമാഖ്യാ ക്ഷേത്രം കാണുവാനാണ്. ഭാരതത്തിലെ ഏറ്റവും പ്രസിദ്ധമായ താന്ത്രിക ക്ഷേത്രവും ശാക്തേയ തീർത്ഥാടന കേന്ദ്രവുമാണ് ഇവിടം. നീലാചൽ മലനിരകളിൽ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം പ്രാചീനമായ 51 ശക്തിപീഠങ്ങളിൽ ഒന്നാണ്. ദക്ഷയാഗ സമയത്ത് സതീദേവി ജീവത്യാഗം ചെയ്യുകയും മഹാവിഷ്ണുവിന്റെ സുദർശന ചക്ര പ്രയോഗത്താൽ സതീദേവിയുടെ ശരീരം നൂറ്റിയെട്ട് കഷണങ്ങളായി ചിതറിപ്പോവുകയും യോനീ ഭാഗം ഇവിടെ പതിക്കുകയും ചെയ്തു എന്നാണ് വിശ്വാസം. അമ്പുമ്പാച്ചി മേളയുടെ സമയത്ത് കാമാഖ്യാദേവി രജസ്വലയാകുമെന്ന വിശ്വാസത്താൽ ക്ഷേത്രം നാല് ദിവസത്തേക്ക് അടക്കുകയും പിന്നീട് തുറക്കുമ്പോൾ കാമാഖ്യയുടെ ആർത്തവരക്തം പുരണ്ടതെന്ന് കരുതുന്ന ചുവന്ന തുണിയുടെ കഷണങ്ങൾ കാർമികൻ തീർത്ഥാടകർക്ക് നൽകുകയും ചെയ്യുന്നു. വൈരുധ്യങ്ങളുടെ നാടായ ഭാരതത്തിൽ ഒരു ക്ഷേത്രം രജസ്വലയായ ദേവിയെ ആരാധിക്കുമ്പോൾ ആർത്തവത്തിനു അശുദ്ധി കൽപ്പിച്ച് വലിയൊരു സ്ത്രീ സമൂഹം മാറ്റിനിർത്തപ്പെടുന്നു.ഗുവഹാത്തിയിൽ നിന്നും ഞങ്ങൾ ദിബ്രുഗർഹിലേക്കും അവിടെ നിന്ന് ടിൻസൂക്കിയയിലേക്കും യാത്ര ചെയ്തു.

ഏഷ്യയിലെ ഏറ്റവും പഴക്കം ചെന്ന എണ്ണ സംസ്ക്കരണ ശാലയായ ഡിഗ്ബോയ് സന്ദർശിക്കുവാൻ സാധിച്ചു. റെയിൽ പാളങ്ങൾ നിരത്തുവാൻ കുഴികൾ എടുത്തു കൊണ്ടിരുന്ന സായിപ്പന്മാർ യാദ്യശ്ചികമായാണ് ഈ പ്രദേശത്തെ എണ്ണ നിക്ഷേപം കണ്ടെത്തുന്നത്. 1867 ൽ കണ്ടെത്തിയ എണ്ണനിക്ഷേപം ഇന്നും ഘനനം ചെയ്യപ്പെടുന്നു. തദ്ദേശിയരോട് ഇംഗ്ലീഷിൽ 'കുഴിക്കുവാൻ' ആവശ്യപ്പെട്ട സായിപ്പാണ് ഈ നാടിന് പേരു നൽകിയത്. "Dig-boy- Dig" എന്നത് പിന്നീട് Digboi എന്ന സ്ഥലപ്പേരായി മാറി.

അടുത്ത ദിവസം ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ ഫാക്ടറി കാണാനായാണ് ഞങ്ങൾ പോയത്. ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ ഫാക്ടറിയിൽ ഞങ്ങളെ അദ്‌ഭുതപ്പെടുത്തിയത് മറ്റൊരു വസ്തുതയാണ്. നമ്മൾ ദിവസേന ഉപയോഗിക്കുന്ന വസ്തുക്കളിൽ ഭൂരിഭാഗവും HUL നിർമ്മിക്കുന്നവയാണ്. ബ്ൂ കോഫി, ലിപ്റ്റൺ ടീ, ഡൊമെക്സ്, സൺലൈറ്റ് സിറ്റർജന്റ്, വിം, ആക്സ് ഡിയോ, ക്ലോസപ്പ്, പെപ്സോഡന്റ്, പിയേഴ്സ്, ലക്സ്, ലൈഫ്ബോയ്, ലിറിൽ, സൺസിൽക്ക്, പൊണ്ട്സ്, ഫെയർ ആന്റ് ലവ്‌ലി എന്നിങ്ങനെ ഒട്ടുമിക്ക പ്രമുഖ ബ്രാൻഡുകളും ഇവരുടേതാണ്.

3 - bharath darsan

തുടർന്ന് ഞങ്ങൾ ജോർഹത്ത് ജില്ലയിലെത്തി. അവിടുത്തെ എയർഫോഴ്സ് ആസ്ഥാനം സന്ദർശിച്ചു. എയർഫോഴ്സിലെ ഉയർന്ന ഉദ്യോഗസ്ഥരുമായി സംവദിക്കുവാനും യുദ്ധവിമാനങ്ങൾ കാണുവാനും അവയുടെ കോക്പിറ്റിലും, നിയന്ത്രണ കേന്ദ്രങ്ങളിലും പ്രവേശിക്കുവാനും, റഡാർ സംവിധാനങ്ങൾ മനസിലാക്കുവാനുമുള്ള മികച്ച അവസരമായിരുന്നു അത്.

അടുത്ത ദിവസം അതിരാവിലെ തന്നെ ഞങ്ങൾ ബ്രഹ്മപുത്രയുടെ തീരത്തെത്തി. ആദ്യം ബോട്ടിലും പിന്നെ ചെറുവള്ളങ്ങളിലുമായി ഞങ്ങൾ ബ്രഹ്മപുത്രയിലൂടെ യാത്ര ചെയ്തു. തണ്ണീർത്തടങ്ങളിലെ ചെറുതോടുകളിലൂടെ മഞ്ഞു തങ്ങി നിന്ന പ്രഭാതത്തിൽ ഞങ്ങളുടെ തോണികൾ നീങ്ങി. പക്ഷികളുടെ വലിയ കൂട്ടങ്ങൾ അങ്ങിങ്ങായി കാണാം. യാത്രയിലെ ഏറ്റവും മനോഹരമായ പ്രഭാതമായിരുന്നു അത്. പ്രഭാത ഭക്ഷണത്തിനായി തിരിച്ചെത്തിയ ഞങ്ങൾ തുടർന്ന് മജൂലി എന്ന ദ്വീപിലേക്ക് പുറപ്പെട്ടു. നദിയുടെ നടുവിൽ സ്ഥിതിചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ ദ്വീപാണ് മജൂലി. നമ്മുടെ നാട്ടിൻപുറങ്ങൾ പോലെ മനോഹരമായ ദ്വീപ്. വൈഷ്ണവ വിശ്വാസത്തിന്റെ ഈറ്റില്ലമാണ് ഇവിടം. അവിടെ ഒരു വൈഷ്ണവ സത്രം സന്ദർശിക്കുവാനും സത്തിരിയ എന്ന നൃത്തരൂപം ആസ്വദിക്കുവാനും സാധിച്ചു. സൗന്ദര്യവും ഭക്തിയും നിറയുന്ന സത്തിരിയ ശങ്കരദേവ ചിട്ടപ്പെടുത്തിയ ശാസ്ത്രീയ നൃത്തരൂപമാണ്.

ഭാരത് ദർശൻ യാത്രയിൽ ഞങ്ങൾ ഏവരും ഏറെ താൽപര്യത്തോടെ കാത്തിരുന്നത് കാസിരംഗ ദേശീയോദ്യാനം സന്ദർശിക്കുവാനാണ്. ഒറ്റക്കൊമ്പൻ കാണ്ടാമൃഗത്തെ കാണുക എന്നത് തന്നെയാണ് ഏറ്റവും വലിയ ആവേശം. രണ്ട് ദിവസങ്ങളിലായി ഞങ്ങൾ ദേശീയോദ്യാനം സന്ദർശിച്ചു. ജീപ്പ് സഫാരിയും, എലിഫന്റ് സഫാരിയും നടത്തി. വനപാതയ്ക്ക് ഇരുവശവുമായിട്ടുള്ള പുൽമേടുകളിൽ കാണ്ടാമൃഗത്തെ കാണാം. ഇടയ്ക്ക് ഞങ്ങളുടെ ജീപ്പിന്റെ മുന്നിലായി കാണ്ടാമൃഗം ഫോട്ടോയ്ക്കായി പോസ് ചെയ്തു. ആനയും, കാട്ടുപോത്തും, അടക്കം അനവധി മൃഗങ്ങളെയും പക്ഷികളെയും ഈ യുനെസ്കോ പൈതൃകസ്ഥാനത്ത് കാണുവാൻ സാധിച്ചു. നിത്യഹരിതവനങ്ങളും, ചതുപ്പുനിലങ്ങളും, പുൽമേടുകളും നിറയുന്ന കാസിരംഗയിലൂടെയുള്ള എലിഫന്റ് സഫാരി അതിമനോഹരമായിരുന്നു.

ഭാരതത്തിന്റെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ സൗന്ദര്യവും സംസ്ക്കാരവും പിന്നിട്ട് ഞങ്ങൾ കൊൽക്കത്ത വഴി ജാർഖണ്ഡിൽ എത്തിച്ചേർന്നു. ഭൂഗർഭ കൽക്കരി മൈനുകൾ സന്ദർശിക്കുവാനും അവിടുത്തെ തൊഴിലാളികളുടെ ജീവിതം അടുത്ത്നിന്ന് കാണുവാനും സാധിച്ചു. കൽക്കരി ഖനനം നടക്കുന്ന ഭൂഗർഭ അറകളിൽ കനത്ത ചൂടാണ്. റോപ്പുകളിലൂടെ നീങ്ങുന്ന ചെറിയ കസേരകളിൽ ഇരുന്ന് വേണം സഞ്ചരിക്കുവാൻ. ചൂടും തണുപ്പും മാറി മാറി വരുന്ന അന്തരീക്ഷമാണ് ഇവിടെ.

അവിടെനിന്നും നക്സൽ ബാധിത മേഖലകളിലൂടെ ഞങ്ങൾ യാത്ര ചെയ്തു. ഗിർധി എന്ന ജില്ലയിലെ നക്സൽ ബാധിത പ്രദേശത്തെ സർക്കാർ ആശുപത്രികളും, സ്കൂളുകളും സന്ദർശിച്ചു. മേഖലയുടെ സുരക്ഷാ ചുമതല വഹിക്കുന്ന ഒരു CRPF ഓഫിസർ പ്രദേശത്തെ പ്രശ്നങ്ങളെക്കുറിച്ച് വളരെ ആഴത്തിൽ ഞങ്ങളോട് സംസാരിച്ചു. ആദിവാസി വിഭാഗങ്ങളുടെ പ്രശ്നങ്ങളും, നക്സൽ പ്രസ്ഥാനത്തിന്റെ സ്വാധീനവും, സർക്കാർ സംവിധാനങ്ങളുടെ പ്രവർത്തനവും, ടാറ്റാ സ്റ്റീലിന്റെ ജനസേവന സംരംഭങ്ങളുമൊക്കെ അടുത്തറിയുവാനായി. ഭാരതത്തിന്റെ ഗുരു പാരമ്പര്യങ്ങളിൽ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രമുഖ വ്യക്തിത്വമാണ് ശ്രീ പരമഹംസ യോഗാനന്ദ.'ഒരു യോഗിയുടെ ആത്മകഥ' എന്ന സുപ്രസിദ്ധ കൃതി അദ്ദേഹത്തിന്റേതാണ്. അദ്ദേഹം സ്ഥാപിച്ച യോഗത സത്സംഗിന്റെ ആസ്ഥാനം റാഞ്ചിയിലാണ്. അവിടെ പോകുവാനും അദ്ദേഹത്തിന്റെ ആശ്രമം കാണുവാനും ഞാൻ സമയം കണ്ടെത്തി.

അവിടെനിന്നും തിരിച്ച് ഞങ്ങൾ കൊൽക്കത്തയിലെത്തി. ഒരുപാട് കഥകൾ പറയാനുള്ള ചരിത്രമുറങ്ങുന്ന പ്രൗഢമായ നഗരമാണത്. ആവേശ്വോജ്വലമായ ഒട്ടനവധി ക്രിക്കറ്റ് മത്സരങ്ങൾക്ക് സാക്ഷ്യം വഹിച്ച ഈഡൻ ഗാർഡൻസ് ഞങ്ങൾ സന്ദർശിച്ചു. ഏതൊരു ക്രിക്കറ്റ് ആരാധകനും കാണുവാൻ ആഗ്രഹിക്കുന്ന മൈതാനം. തൊട്ടടുത്തായി ഇന്ത്യൻ ഫുട്ബോളിന്റെ ഹൃദയത്തുടിപ്പായി ോഹൻബഗാന്റെ ഗ്രൗണ്ട്. ക്രിക്കറ്റിനെയും ഫുട്ബോളിനെയും ഒരുപോലെ സ്നേഹിക്കുന്ന നഗരമുത്തശ്ശിയുടെ കളിയാവേശം. പിറ്റെദിവസം ഞാൻ ഒരു സുഹൃത്തുമൊത്ത് മിഷണറീസ് ഓഫ് ചാരിറ്റി സന്ദർശിച്ചു. ലോകം മുഴുവൻ ബഹുമാനിച്ച മദർ തെരേസയുടെ ഖബറിടം ഏറ്റവും എളിമയോടെ നിലകൊള്ളുന്നു. നിസ്വാർത്ഥ സേവനവും നിതാന്തമായ കർമ്മവും ജീവിതമുദ്രയാക്കിയ മദർ പൊതുജനസേവകർക്ക് ഉദാത്തമായ മാതൃകയാണ്. നഗരത്തിലെ ഒട്ടും ശ്രദ്ധിക്കപ്പെടാത്ത ഒരു ഇടവഴിയിൽ 54A എന്ന വിലാസത്തിൽ മദർ തെരേസ ഇന്നും ജീവിക്കുന്നു.

തുടർന്ന് ഞങ്ങൾ സ്വാമി വിവേകാനന്ദൻ സ്ഥാപിച്ച രാമകൃഷ്ണമിഷന്റെ ആസ്ഥാനമായ ബേലൂർ മഠം സന്ദർശിച്ചു. പ്രാർത്ഥനാസമയം ആയതിനാൽ അകത്ത് പ്രവേശിക്കുവാൻ സാധിച്ചില്ലെങ്കിലും ശിൽപചാരുതയാർന്ന മഠപരിസരം സന്ദർശിച്ച് ഞങ്ങൾ മടങ്ങി.

കൊൽക്കത്ത നഗരത്തിന്റെ രാത്രികാഴ്ച ഹൃദ്യമാണ്. നിയോൺ വെളിച്ചത്തിൽ തിരക്കുള്ള നഗരത്തിലൂടെ നീങ്ങുന്ന മഞ്ഞനിറമുള്ള പഴയ അമ്പാസടർ കാറുകളും, റോഡിനിരുവശവുമായി ഉയർന്നുനിൽക്കുന്ന പഴക്കം ചെന്ന കെട്ടിടങ്ങളും നഗരക്കാഴ്ചകൾക്ക് മാറ്റ് കൂട്ടുന്നു. ബംഗാളികൾക്ക് സ്വാദിഷ്ടമായ മീൻകറിയുണ്ടാക്കാൻ അറിയാം എന്ന് കേട്ടിട്ടുണ്ട്. അത്കൊണ്ട്തന്നെ അത്താഴത്തിന് മീൻവിഭവങ്ങൾ പറഞ്ഞു. ഇത്രയും സ്വാദുള്ള മീൻ വിഭവങ്ങൾ കേരളത്തിനു പുറത്ത് ഞാൻ കഴിച്ചിട്ടില്ല.

കൊൽക്കത്തയിൽ നിന്നും ഞങ്ങൾ ആൻഡമാനിലേക്ക് പറന്നു. പോർട്ട് ബ്ലയർ എയർപോർട്ടിൽ നിന്നും അടുത്തുള്ള ഒരു ഹോട്ടലിലേക്കും തുടർന്ന് ചെറിയ ഷോപ്പിംഗിനുമൊക്കെയായി പോയി. നമ്മുടെ നാട്ടിലെ വളരെ ചെറിയ ഒരു പട്ടണത്തിനു സമാനമാണ് പോർട്ട് ബ്ലയർ. അത്യാവശ്യ സാധനങ്ങൾ ഒക്കെ അവിടെ ലഭിക്കും. പോർട്ട് ബ്ലയറിലെ ജിംഖാന ഗ്രൗണ്ട് ചരിത്രപ്രസിദ്ധമാണ്. 1943 ൽ സുഭാഷ് ചന്ദ്ര ബോസിന്റെ നേതൃത്വത്തിൽ ഇന്ത്യൻ മണ്ണിൽ ആദ്യമായി ത്രിവർണപതാക ഉയർന്നത് ഇവിടെയാണ്. ആ മഹനീയ നിമിഷത്തിന്റെ സ്മാരകം അവിടെ കാണാം. സെല്ലുലാർ ജയിലും സ്വാതന്ത സമര സേനാനികളുടെ പാർക്കും പ്രോജ്ജ്വലസ്മരണകൾ പേറി നിൽക്കുന്നു.

5 - bharath darsan

വൈകുന്നേരത്തോടെ ഞങ്ങൾ ഹാവലോക്ക് ദ്വീപിലേക്ക് തിരിച്ചു. ഇന്ന് ആ ദ്വീപിന്റെ പേര് സ്വരാജ് ദ്വീപ് എന്നാണ്. 1943 ൽ സുഭാഷ് ചന്ദ്രബോസാണ് ദ്വീപിന് ഈ പേര് നിർദ്ദേശിച്ചത്. അവിടെ മനോഹരമായ ഒരു റിസോർട്ടിലായിരുന്നു ഞങ്ങളുടെ താമസം. ജീവിത ചിലവ് നന്നേ കൂടുതലാണ് ഇവിടെ. ഭക്ഷണത്തിനും താമസത്തിനും ചിലവ് കൂടും. എന്നാലും അതിസുന്ദരമായ കാഴ്ചകളും കടലിലെ അഡ്വഞ്ചർ സ്പോർട്ട്സും അവിസ്മരണീയങ്ങളാണ്. ഹാവലോക്കിലും നീൽ ഐലന്റിലുമായി ഞങ്ങൾ ദിവസങ്ങൾ ചിലവഴിച്ചു. സ്നോർക്കലിംഗും വാട്ടർബൈക്കും ഗ്ലാസ്ബോട്ടിലുള്ള യാത്രയുമൊക്കെയായി ഏറെ ആസ്വാദ്യകരമായ അനുഭവമായിരുന്നു. ഏറ്റവും ആവേശകരമായത് സ്കൂബാ ഡൈവിംഗാണ്. ഒരു മണിക്കൂറോളം പരിശീലനം തന്നതിനുശേഷം പ്രത്യേക ട്രെയിനറുടെ സഹായത്തോടെ സുരക്ഷാ ജാക്കറ്റുകൾ ധരിച്ച് നമുക്ക് കടലിനടിയിലേക്ക് പോവാം. പവിഴപ്പുറ്റുകളും വർണമത്സ്യങ്ങളും നിറയുന്ന വിസ്മയപ്രപഞ്ചം. വിവിധ വർണത്തിലും വലിപ്പത്തിലുമുള്ള അനേകം മത്സ്യങ്ങൾ കൂട്ടംകൂട്ടമായി നമുക്ക് മുന്നിലൂടെ കടന്ന്പോകുന്നത് അദ്ഭുതകരമായ അനുഭൂതിയാണ്. വെള്ളിനടിയിലെ മർദ്ദവ്യത്യാസങ്ങൾ ശാരീരികാസ്വാസ്ഥ്യങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ടായിരുന്നതിനാൽ ആവശ്യഘട്ടത്തിൽ സന്ദേശം കൊടുക്കുവാൻ കൈ കൊണ്ടുള്ള സിഗ്നലുകൾ ഞങ്ങളെ പഠിപ്പിച്ചിരുന്നു. മുക്കാൽ മണിക്കൂറോളം കടലിനടിയിലൂടെ നീന്തിനടന്നു. തിരിച്ചു പോരേണ്ട എന്ന് തോന്നുന്നവിധം മനോഹരമായ കാഴ്ചകൾ. കാലിനടിയിലെ പവിഴപ്പുറ്റുകൾക്കിടയിലൂടെ നീന്തുമ്പോൾ ശ്രദ്ധിക്കേണ്ടത് അവയുടെ ആവാസവ്യവസ്ഥയെ അസ്വസ്ഥമാക്കാതിരിക്കാനാണ്. ദ്വീപിലുടനീളം ബൈക്കോടിച്ചുനടന്നും കടൽക്കാറ്റ് കൊണ്ടും ഞങ്ങൾ ഈ ദിവസങ്ങൾ അവിസ്മരണീയമാക്കി.

ആൻഡമാനിൽ നിന്നും ഞങ്ങൾ ചെന്നൈയിലെത്തി. ചെന്നൈയിൽ ഞങ്ങൾക്ക് പോവാനുള്ളത് IIT മദ്രാസിലേക്കാണ്. ന്യൂതന സാങ്കേതികവിദ്യയുടെ സഹായം രാഷ്ട്രനിർമ്മിതിക്ക് എങ്ങനെ ഉപയുക്തമാക്കാം എന്ന് മനസിലാക്കുക എന്നതാണ് ലക്ഷ്യം. നവസാങ്കേതിക മേഖലയുടെ വളർച്ചയും ജനോപകാരപരമായി അവയുടെ ലളിതവത്കരണവും അവിടെ കാണുവാൻ സാധിച്ചു.ചെന്നൈയിൽ മാനസികാസ്വാസ്ഥ്യം ഉള്ളവർക്കും നിരാലംബരായിട്ടുള്ളവർക്കുമായി പ്രവർത്തിക്കുന്ന ബാൻയൻ എന്ന സംഘടന സന്ദർശക്കാനും ഇടയായി.ചെന്നൈ എനിക്ക് പരിചിതമായ നഗരമാണ്. പണ്ട് സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുവാൻ കുറച്ച് നാളുകൾ ഞാൻ ഇവിടെ ചിലവഴിച്ചിട്ടുണ്ട്. അന്ന് സമയം ചിലവഴിച്ചിരുന്ന വഴികളിലൂടെ നടക്കുവാനും പഴയ ഓർമ്മകൾ പുതുക്കുവാനുമുള്ള അവസരമായിരുന്നു എനിക്കത്.

ചെന്നൈയിൽനിന്നും നേരെ ബംഗ്ലൂരുവിലേക്ക് തിരിച്ചു. ഇൻവെന്റോ റോബോട്ടിക്ക്സ് സന്ദർശിച്ചു സ്റ്റാർട്ടപ്പുകളുടെ രീതികൾ മനസിലാക്കുകയും തുടർന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമൻ സെറ്റിൽമെന്റിൽ ഒരു ദിവസം ചിലവഴിക്കുകയും ചെയ്തു. നഗരവത്ക്കരണത്തിന്റെ ഈ കാലഘട്ടത്തിൽ ശാസ്ത്രീയമായ പഠനങ്ങളുടെ അടിസ്ഥാനത്തിൽ മനുഷ്യന്റെ ആവാസവ്യവസ്ഥകൾ ക്രമീകരിക്കേണ്ടത് ആവശ്യമാണെന്ന് മനസിലാകുവാൻ സാധിച്ചു. ബംഗ്ലൂരുവിലെ ചർച്ച് സ്ട്രീറ്റിലൂടെ നടക്കുവാനും കുറച്ച് പുസ്തകൾ വാങ്ങിക്കുവാനും ഈ ദിവസങ്ങളിൽ ഞാൻ സമയം കണ്ടെത്തി. തിരക്കുള്ള ട്രാഫിക്ക് ബംഗ്ലൂരുവിലെ ജനജീവിതം ബുദ്ധിമുട്ടേറിയതാക്കിയിരിക്കുന്നു.

ബംഗ്ലൂരുവിൽനിന്നും കൊച്ചിയിലേക്ക് ഞങ്ങൾ എത്തി. കൊച്ചിയുടെ ആകാശത്ത് വിമാനം എത്തുമ്പോളേക്കും പച്ചപ്പും ഹരിതാഭയും ഊഷ്മളതയുമായിരുന്നു മനസിൽ നിറയെ. കൊച്ചിയിലെ സർക്കാർ ഗസ്റ്റ് ഹൗസിലായിരുന്നു താമസം. പിറ്റേന്ന് ഞങ്ങൾ ദക്ഷിണനാവികസേന ആസ്ഥാനത്തത്തി. INS മാഗറും INS ദ്രോണാചാര്യയും സന്ദർശിച്ചു. നാവികസേനയുടെ കപ്പലിനുള്ളിൽ നിൽക്കുമ്പോൾ മനസിൽ അഭിമാനം നിറഞ്ഞു. സേനയുടെ ഭരണപരവും തന്ത്രപ്രധാനവുമായ കാര്യങ്ങളെക്കുറിച്ച് നാവികസേനാ ഉദ്യോഗസ്ഥർ ഞങ്ങളോട് സംസാരിക്കുകയും സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.

4 - bharath darsan

വൈകുന്നേരങ്ങളിൽ സുഹൃത്തുക്കളുമായി ഫോർട്ട് കൊച്ചിയിലെത്തി. ജൂതതെരുവും സിനഗോഗും വാസ്കോ ഡാ ഗാമയുടെ ഖബറിടവും ഡച്ച് സെമിത്തേരിയും ഒക്കെ കണ്ടു. കൊച്ചിയുടെ ജൂതപാരമ്പര്യം ഉത്തരേന്ത്യക്കാരായ സുഹൃത്തുക്കൾക്ക് പുതുമയായിരുന്നു.

കൊച്ചിയിൽ നിന്നും ഭാരത് ദർശൻ യാത്രയുടെ അവസാനഭാഗമായ ഡൽഹിയിലേക്ക് ഞങ്ങൾ തിരിച്ചു. യാത്ര അവസാനിക്കുന്നതിന്റെ സങ്കടം എല്ലാവരും പങ്കുവെച്ചു. ഡൽഹിയിൽ 10 സംഘങ്ങളും ഒത്തുചേർന്നു. ഹോട്ടൽ അശോകയിലായിരുന്നു താമസം. അമ്പത് ദിവസങ്ങൾക്ക് ശേഷം എല്ലാ സുഹൃത്തുക്കളെയും വീണ്ടും കണ്ടു.

ഓരോ യാത്രകളും പുതിയ തിരിച്ചറിവുകളാണ്. എഴുതിയിടാനാവുന്നതിനും അപ്പുറത്തേക്കുള്ള അനുഭവങ്ങൾ. സൗഹൃദങ്ങൾക്ക് ജീവൻ വെച്ചതും ഈ യാത്രയിലാണ്. രാജ്യത്തിന്റെ വിവിധകോണുകളിൽ ജനസേവനം ചെയ്യേണ്ട ഞങ്ങൾ ഒരുമിച്ചൊരു യാത്രപോയി. ഭാരതത്തിന്റെ ആത്മാവ് വസിക്കുന്നത് ഗ്രാമങ്ങളിലാണെന്ന് മഹാത്മജി പറഞ്ഞിട്ടുണ്ട്. ആ ഗ്രാമാന്തരീക്ഷങ്ങളിലൂടെ, നഗരവീഥികളിലൂടെ, തന്ത്രപ്രധാനമായ സിരാകേന്ദ്രങ്ങളിലൂടെ ഞങ്ങൾ യാത്രചെയ്തു. എത്ര കണ്ടാലും തീരാത്ത അനന്തമായ ഭൂമികയാണ് ഭാരതം. കാണുംതോറും കണ്ണുതുറക്കുന്ന അപൂർവ്വകാഴ്ചകൾ. ഓരോ യാത്രയും നമ്മെ പുതുക്കിയെടുക്കുന്നുണ്ട്, തുറന്ന് വിടുന്നുണ്ട്, വാക്കുകളിലൊതുങ്ങാത്ത കഥകൾ പറയുവാൻ നമ്മളോട് പറയുന്നുണ്ട്. ഈ ദിവസങ്ങളിലെ അനുഭവങ്ങൾ ങ്ങങ്ങൾക്കോരോരുത്തർക്കും പുതിയ പാതയിലെ വഴിവിളക്കാവും എന്ന് പ്രതീക്ഷിക്കുന്നു.