പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ തൃത്താല എന്ന ഗ്രാമം ഒരർത്ഥത്തിൽ പെരുന്തച്ചന്റെ കൂടി നാടാണ്. ഏകദേശം 4,000 വർഷം പഴക്കം പറയുന്ന പന്നിയൂർ വരാഹമൂർത്തി ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് പെരുന്തച്ചന്റെ ജീവൻ തുടിക്കുന്നത്. പരശുരാമൻ നിർമ്മിച്ചതായി അവകാശപ്പെടുന്ന പ്രസിദ്ധമായ വരാഹമൂർത്തി ക്ഷേത്രം ഇന്നും അത്ഭുതമാണ്. തൂമഞ്ഞ് തൂവുന്ന പുലർകാലങ്ങളിൽ ക്ഷേത്രവും ചുറ്റുപാടും വല്ലാത്തൊരു അനുഭൂതിയാണ്. അത്ര മനോഹരമായിരുന്നു അവിടെയെത്തിയപ്പോൾ കണ്ട കാഴ്ച്ച. ക്ഷേത്രത്തെക്കുറിച്ച് പറയണമെങ്കിൽ അതിനു മുമ്പ് പെരുന്തച്ചൻ എങ്ങനെ ഇവിടെയെത്തി എന്നറിഞ്ഞിരിക്കണം.
സ്വന്തം പുത്രനെ നഷ്ടപ്പെട്ട ശേഷം വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു തച്ചൻ. അലഞ്ഞു തിരിഞ്ഞു നടക്കുകയായിരുന്ന അദ്ദേഹം എങ്ങനെയോ പന്നിയൂർ വരാഹമൂർത്തി ക്ഷേത്രത്തിൽ എത്തിച്ചേർന്നു എന്ന് ചരിത്രം. ആ സമയത്ത് അവിടുത്തെ ശ്രീകോവിലിന്റെ ചില പണികൾ നടക്കുന്ന സമയമായിരുന്നു. ഏറെ മുഷിഞ്ഞ വേഷത്തിലെത്തിയ പെരുന്തച്ചനെ പക്ഷെ ആർക്കും അവിടെ തിരിച്ചറിയാൻ സാധിച്ചില്ലത്രെ. പണിയെടുത്തു കൊണ്ടിരുന്ന മറ്റ് തച്ചൻമാർക്കും പെരുന്തച്ചനെ മനസ്സിലായില്ല. കുപിതനായ പെരുന്തച്ചൻ അവർ ഭക്ഷണം കഴിക്കാൻ പോയ തക്കത്തിൽ പണിശാലയിലേക്ക് കയറി. തുടർന്ന് അവിടെ അളന്നു വച്ചിരുന്ന കഴുക്കോലിൽ എന്തൊക്കെയോ വരകൾ വരച്ച് അളവ് തെറ്റിച്ച ശേഷം മടങ്ങി. ഇതറിയാതെ കഴുക്കോലെടുത്ത് ചട്ടം കൂട്ടിയ തച്ചൻമാർക്ക് സ്വാഭാവികമായും അളവ് പിഴച്ചു. വിവരമുള്ള ആരോ ചെയ്ത പ്രവൃത്തിയാണെന്ന് മനസ്സിലായതോടെ അവർ അന്വേഷിച്ചിറങ്ങി. പിന്നീട് അത് പെരുന്തച്ചൻ ആണെന്ന് മനസ്സിലാകുകയും അദ്ദേഹത്തോട് മാപ്പ് പറയുകയും ചെയ്തുവത്രെ. എന്നാൽ പിന്നീട് അന്ന് അർധരാത്രിയിൽ ക്ഷേത്രത്തിലെത്തിയ പെരുന്തച്ചൻ വളരെ ചെറിയ മിനുക്കു പണികൾകൊണ്ട് ചട്ടം കൂട്ടിയെന്നും അത്രയും കാലം പന്നിയൂർ ക്ഷേത്രത്തിലെ പണികൾ കൊണ്ട് ജീവിച്ചിരുന്ന തച്ചൻമാർ തങ്ങളുടെ പണി അവസാനിച്ച കാര്യം അദ്ദേഹത്തെ അറിയിച്ചു എന്നുമാണ് കഥ. ഇതറിഞ്ഞ നിമിഷം സ്വന്തം ഉളിയും മുഴക്കോലും അവിടെ ഉപേക്ഷിച്ച പെരുന്തച്ചൻ പന്നിയൂരമ്പലം പണി മുടിയില്ല എന്ന് പറഞ്ഞുവത്രെ. എന്റെ വംശത്തിലെ ഒരാൾക്ക് അവിടെയെന്നും പണിയുണ്ടാകുമെന്നും തച്ചൻ അവരെ അനുഗ്രഹിച്ചു. അങ്ങനെ അദ്ദേഹം അവിടം വിട്ടു.
തീർച്ചയായും തച്ചന്റെ വാക്കുകൾ അക്ഷരാർത്ഥത്തിൽ ശരിയായി. ഇന്നും എന്തെങ്കിലും തരത്തിലുള്ള മിനുക്ക്പണികൾ പന്നിയൂർ ക്ഷേത്രത്തിൽ മിക്കപ്പോഴും കാണുവാൻ കഴിയും. പട്ടാമ്പിയിൽ നിന്ന് തൃത്താല, വെള്ളിയാങ്കല്ല് റെഗുലേറ്റർ വഴി കുറ്റിപ്പുറത്തേക്ക് അതായത് എം.ഇ.എസ്. എൻജിനിയറിംഗ് കോളേജിനു മുൻപിലൂടെ കടന്നു പോകുന്ന റോഡിലൂടെയാണ് ഇവിടേയ്ക്ക് എത്തേണ്ടത്. കുമ്പിടി ഗ്രാമത്തിലെ കവലയിൽ നിന്ന് ഏകദേശം അഞ്ഞൂറ് മീറ്റർ അകത്തേക്ക് മാറി പന്നിയൂർ എന്ന പ്രദേശത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പട്ടാമ്പിയിൽ നിന്നും ഇവിടേക്ക് ഏകദേശം പതിനേഴ് കിലോമീറ്ററാണ് ദൂരം. പ്രധാന പ്രതിഷ്ഠ ഭൂമിദേവീസമേതനായ ശ്രീ വരാഹമൂർത്തിയാണ്. കിഴക്കോട്ടാണ് ദർശനം. കൂടാതെ ശിവൻ, അയ്യപ്പൻ, ഗണപതി, ഭഗവതി, സുബ്രഹ്മണ്യൻ, ലക്ഷ്മിനാരായണൻ എന്നീ ഉപദേവതകളും ഇവിടെയുണ്ട്. കോഴിക്കോട് സാമൂതിരിയുടെ കീഴിലാണ് ക്ഷേത്രം. തകർന്നു പോയ വലിയ കൂത്തമ്പലത്തിന്റെ അവശിഷ്ടങ്ങൾ ഇന്നും ക്ഷേത്രത്തിന് മുൻവശത്ത് കാണാം.
ഭൂമി സംബന്ധമായ ദോഷങ്ങൾ തീരുവാനും നഷ്ടപ്പെട്ടതും കേസിൽപ്പെട്ടതുമായ സ്ഥലങ്ങൾ തിരിച്ചു പിടിക്കുവാനും പന്നിയൂരപ്പനോട് പ്രാർത്ഥിച്ചാൽ ശരിയാകുമെന്നാണ് വിശ്വാസം. ബുധൻ, വ്യാഴം ദിവസങ്ങളിൽ ദർശനത്തിന് കൂടുതൽ പ്രാധാന്യം കൽപ്പിക്കപ്പെടുന്നു. വരാഹ അവതാരം ബുധനാഴ്ച്ച ആയത്കൊണ്ട് അന്നത്തെ ദർശനം കൂടുതൽ പ്രധാനമാണ്. ഇവിടത്തെ പ്രശസ്തമായ വഴിപാടാണ് അഭിഷ്ടസിദ്ധി പൂജ. അതിമനോഹരമായ ക്ഷേത്രവും ചുറ്റുപാടും ഏതൊരു ചരിത്രാന്വേഷിക്കും അമ്പലയാത്രകൾ നടത്തുന്നവർക്കും വിസ്മയം തന്നെയാണ്. പെരുന്തച്ചൻ തുടങ്ങിവെച്ച അത്ഭുതം ഇന്നും ചരിത്ര അത്ഭുതമായി നിലകൊള്ളുന്നു.