കഴിഞ്ഞ പതിനൊന്ന് വര്‍ഷങ്ങളായി ഡോക്ടര്‍ ഷാനി ഹഫീസ് മനസില്‍ കൊണ്ടുനടന്നൊരു സ്വപ്നമുണ്ട്. ആ സ്വപ്നത്തിന്റെ സാക്ഷാത്കാരമാണ് 'മറുപ്പിറന്താള്‍' എന്ന സംഗീത വീഡിയോ. ലോകത്തിന്റെ പലഭാഗങ്ങളില്‍നിന്ന് ഒട്ടേറെ പുരസ്‌കാരങ്ങളും ബഹുമതികളും നേടി മറുപ്പിറന്താള്‍ മുന്നേറുമ്പോള്‍ ഡോക്ടര്‍ ഷാനി സംസാരിക്കുന്നതും ആ സ്വപ്നത്തെക്കുറിച്ചാണ്.
'ചെറുപ്പം മുതല്‍ക്കേ സംഗീതവും നൃത്തവും പഠിക്കുന്നുണ്ടായിരുന്നു. സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് കലോത്സവങ്ങളിലും മറ്റും പങ്കെടുത്ത് ധാരാളം സമ്മാനങ്ങളും നേടിയിട്ടുണ്ട്. പിന്നീട് പഠനം പൂര്‍ത്തിയാക്കി ആയുര്‍വേദ ഡോക്ടറായി. ജോലിയുടെയും ബിസിനസിന്റെയുമെല്ലാം തിരക്കുകളില്‍ മുഴുകിയപ്പോള്‍ സംഗീതവുമായുള്ള ബന്ധത്തിന് അല്പം അകള്‍ച്ചയുണ്ടായി.
വിവാഹശേഷം കുറേക്കാലം ദുബായിലാണ് ജീവിച്ചത്. മൂത്ത മകള്‍ ജനിക്കുന്ന സമയത്ത് എന്റെ മനസില്‍ ഒരു ആഗ്രഹം തോന്നി, എന്നെങ്കിലുമൊരിക്കല്‍, ഒരു വേദിയില്‍ അവള്‍ക്കൊപ്പം ഒരു പാട്ട് പാടണം. ഒടുവില്‍, പത്ത് വര്‍ഷങ്ങള്‍ക്കു ശേഷം ആ സ്വപ്നം യാഥാര്‍ഥ്യമായത് മറുപ്പിറന്താള്‍ എന്ന മ്യൂസിക് വിഡിയോയിലൂടെയാണ്.'
പെണ്‍ജീവിതങ്ങള്‍ക്കും മാതൃത്വത്തിനുമുള്ള സമര്‍പ്പണം എന്ന നിലയിലാണ് ഡോക്ടര്‍ ഷാനി ആല്‍ബം ചെയ്യാന്‍ തീരുമാനിച്ചത്. സംവിധായിക, നിര്‍മാതാവ്, സ്‌ക്രിപ്റ്റ് റൈറ്റര്‍, ഗായിക എന്നിങ്ങനെ എല്ലാ മേഖലകളിലും ഷാനിയുടെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. എല്‍ദോ ജോണ്‍ സംഗീതം നിര്‍വഹിച്ച ഗാനത്തിന് തമിഴ് ഭാഷയില്‍ മനോഹരമായ വരികള്‍ എഴുതിയത് റുക്‌സീന മുസ്തഫ. ഡോക്ടര്‍ ഷാനിയും മകള്‍ റെയ ഫാത്തിമയും ചേര്‍ന്നാണ് പാടിയിരിക്കുന്നത്. സംവിധാനം ഷാനിയും ആദര്‍ശ് എന്‍ കൃഷ്ണയും.
'ബലാല്‍സംഘത്തിനും ആസിഡ് ആക്രമണത്തിനും ഇരയായ ഒരു പെണ്‍കുട്ടിയ്ക്ക്, താന്‍ പ്രസവിച്ച കുഞ്ഞിനെ തെരുവില്‍ ഉപേക്ഷിക്കേണ്ടി വരുന്നു. ആ കുഞ്ഞിനെ ഒരു ട്രാന്‍സ് വുമണ്‍ എടുത്ത് സ്വന്തം മകളായി വളര്‍ത്തുന്നു. ഈ സമൂഹത്തില്‍ അവള്‍ക്ക് നേരിടേണ്ടി വരുന്ന ദുരവസ്ഥകളെക്കുറിച്ച് 'മറുപ്പിറന്താള്‍' സംസാരിക്കുന്നു. രഞ്ജു രഞ്ജിമറും റോസ് ഷെറിന്‍ ആന്‍സാരിയുമാണ് അഭിനയിച്ചിരിക്കുന്നത്. വെറുതെ ഒരു ആല്‍ബം ചെയ്ത് യൂട്യൂബിലിട്ട് ഹിറ്റാക്കുന്ന സ്ഥിരം പരിപാടിയോട് താല്പര്യം ഉണ്ടായിരുന്നില്ല. അങ്ങനെയാണ് അന്താരാഷ്ട ഫിലിം ഫെസ്റ്റിവലുകളിലേക്ക് അയച്ചത്. നിരവധി വേദികളില്‍ പുരസ്‌കാരങ്ങള്‍ നേടാന്‍ സാധിച്ചു.'
ബാങ്കോക്കില്‍ നടന്ന അന്താരാഷ്ട്ര തായ് ഫിലിം ഫെസ്റ്റിവലിലേക്ക് ഇന്ത്യയില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക എന്‍ട്രി ആയിരുന്നു മറുപ്പിറന്താള്‍. റെയാ ഫാത്തിമയുടെ മനോഹര ശബ്ദത്തിന് ജൂറിയുടെ പ്രത്യേക പ്രശംസയും ലഭിച്ചു. പുരസ്‌കാരം സ്വീകരിക്കാന്‍ ഷാനിയ്ക്കും റെയയ്ക്കുമൊപ്പം ഭര്‍ത്താവ് ഹഫീസും ഇളയ മകള്‍ സൈറയും ഉണ്ടായിരുന്നു. യു.എസ്.എ, ഇറ്റലി എന്നിങ്ങനെ നിരവധി വിദേശരാജ്യങ്ങളിലെ ഫിലിം ഫെസ്റ്റിവലുകളില്‍ അവാര്‍ഡുകള്‍ വാങ്ങിക്കൂട്ടിയതിനു ശേഷം ഏറ്റവും ഒടുവില്‍ പത്താമത് ദാദാ സാഹിബ് ഫാല്‍ക്കെ ഫിലിം ഫെസ്റ്റിവലില്‍ മികച്ച സംഗീത വിഡിയോ ആയി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ഡോക്ടര്‍ ഷാനിയുടെ കലാസൃഷ്ടി. പുരസ്‌കാരം നേടിയതിന് പിന്നാലെ മറ്റൊരു സന്തോഷം കൂടി ഇവരെ തേടിയെത്തി.
അമ്മയുടെയും മകളുടെയും ശബ്ദത്തില്‍ വിരിഞ്ഞ സംഗീത വിഡിയോ കണ്ട പ്രശസ്ത സംഗീത സംവിധായകന്‍ യുവന്‍ ശങ്കര്‍ രാജ തന്റെ യൂട്യൂബ് ചാനലിലൂടെ വിഡിയോ റിലീസ് ചെയ്യുകയും ചെയ്തു. അതെ, പതിനൊന്ന് വര്‍ഷങ്ങളായി ഈ അമ്മയുടെ മനസിലുണ്ടായിരുന്ന സ്വപ്നത്തിന്, അമ്മയും മകളും ചേര്‍ന്ന് പാടിയ മനോഹരമായ പാട്ടിന്, മാതൃത്വമെന്ന മഹത്തായ സന്ദേശത്തിന്, ഇന്ന് ലോകം കയ്യടിക്കുന്നു.