Friday 18 October 2019 10:42 AM IST : By സ്വന്തം ലേഖകൻ

‘ചത്താലും വേണ്ടില്ല, എനിക്ക് നിവർന്നു നിന്ന് നൃത്തം ചെയ്യണം ഏട്ടാ...’; ഞാനെങ്ങനെ മറക്കും ആ ദിവസം! കുറിപ്പ്

vinod5546

ജീവിതമായാൽ പ്രതിസന്ധികൾ ഉണ്ടാകും. അത് തരണം ചെയ്തു മുന്നോട്ട് പോകുന്നതിലാണ് ഓരോരുത്തരുടെയും മിടുക്ക്. സ്കോളിയോസിസ് രോഗത്തെ തോൽപ്പിച്ച് നിവർന്നുനിന്ന് നൃത്തം ചെയ്ത ഭവ്യയുടെ ജീവിതം സ്വപ്‌നങ്ങൾ കീഴടക്കാൻ പ്രയത്നിക്കുന്നവർക്ക് പ്രചോദനമാണ്. ഭവ്യ കടന്നുപോയ പ്രതിസന്ധികളെ കുറിച്ച് വേൾഡ് സ്പൈൻ ദിനത്തിൽ ഭർത്താവ് വിനോദ് ശശിധരൻ എഴുതിയ കുറിപ്പ് ശ്രദ്ധേയമാണ്.  

വിനോദ് ശശിധരൻ പങ്കുവച്ച കുറിപ്പ് വായിക്കാം; 

ഞാനെങ്ങനെ മറക്കും ഈ ദിവസം

October 16, വേൾഡ് സ്പൈൻ ഡേ, എന്നെ സംബന്ധിച്ച് കുറച്ച് വർഷം മുൻപ് വരെ ഈ ദിവസം ജീവിതത്തിൽ എന്തെങ്കിലും പ്രാധാന്യമുള്ളതോ ഓർക്കപ്പെടുന്നതായ ദിവസമായിരുന്നില്ല. പക്ഷെ, ഇന്നങ്ങനെയല്ല. സ്പൈൻ അഥവാ നട്ടെലിനെ സംബന്ധിക്കുന്ന എന്ത് കണ്ടാലും ശ്രദ്ധിക്കും. അതിനു കാരണക്കാരി എന്റെ പത്നി തന്നെ. സ്കോളിയോസിസ് രോഗം ബാധിച്ച് 48 ഡിഗ്രി വളവുമായി കിംസിലെ ഡോക്ടർ രഞ്ജിത് ഉണ്ണികൃഷ്ണൻ സാറിനെ കാണാൻ പോകുമ്പോൾ ഇതിനൊരു ശാശ്വത പരിഹാരമുണ്ടാകുമെന്ന് കരുതിയിരുന്നില്ല. 10 മണിക്കൂർ സർജറി അതിനുള്ള ചിലവ് എന്നൊക്കെ കേട്ടപ്പോൾ സത്യത്തിൽ തലയിൽ ആകെയൊരു കനമായിരുന്നു. പക്ഷേ അവൾ ഭയങ്കര കോൺഫിഡന്റ് ആയിരുന്നു. എനിക്ക് നിവർന്ന് നിന്ന് ഡാൻസ് ചെയ്യണം ഏട്ടാ... ചത്താലും വേണ്ടില്ല. എന്റെ വളവിനെ അറിഞ്ഞും അറിയാതെയും പരിഹസിക്കുന്നവർക്ക് മുന്നിൽ എനിക്ക് നിവർന്ന് നിന്ന് ഡാൻസ് കളിക്കണം. ഞാൻ സമ്മതം മൂളിയില്ല. പക്ഷേ അവൾ എന്തിനും തയ്യാറായിരുന്നു.

ഒരു ദിവസം രാവിലെ വിളിച്ച് ഞാൻ നാളെ അഡ്മിറ്റ് ആകും മറ്റന്നാൽ സർജറി, എന്ന് പറഞ്ഞ് ഫോൺ വച്ചു. കേട്ട പാതി കേൾക്കാത്ത പാതി പൈസ സംഘടിപ്പിക്കാൻ ഓട്ടമായി. ഇൻഷൂറൻസ് ഉണ്ട്. ഒരു പരിധി വരെ അതു സഹായിക്കും. എന്നാലും വേണം കാശ്. ഒറ്റ ദിവസം കൊണ്ട് സംഭവം റെഡിയാക്കി. അടുത്ത ദിവസം ഹോസ്പിറ്റലിൽ എത്തുമ്പോൾ എം ആർ ഐ ഉൾപ്പെടെയുള്ള എല്ലാ ചെക്കപ്പും കഴിഞ്ഞ് ക്ഷീണിതയായി കിടക്കുകയായിരുന്നു. എനിക്ക് വയ്യ ഏട്ടാ എന്നു മാത്രം പറഞ്ഞു.

സിസ്റ്റർ ഒരു പേപ്പർ കൊണ്ടുവന്നു. വരുംവരായ്കകൾ പറഞ്ഞുകൊണ്ടുള്ള സമ്മതപത്രമായിരുന്നുവത്. അത് വായിച്ചപ്പോൾ കൂടുതൽ ടെൻഷനായി. നാളെ അവൾ ഉണ്ടെങ്കിൽ ഉണ്ട് ഇല്ലെങ്കിൽ ഇല്ല എന്നുറപ്പിച്ചു. മോനെയും തോളിൽ കിടത്തി അവളുടെ കിടക്കയ്ക്കരികിൽ ഇരുന്നു. ഉറക്കം വന്നില്ല. അങ്ങനെ നേരം വെളുപ്പിച്ചു. കൃത്യം 6 മണിയ്ക്ക് ഡ്രസ് ചെയ്ഞ്ച് ചെയ്യിച്ച് അവളെ കൊണ്ടു പോകുമ്പോൾ ഒന്നു കരയാൻ തോന്നി. പക്ഷേ അപ്പോൾ ഞാൻ കരഞ്ഞാൽ അവൾ തളർന്ന് പോകുമെന്ന് എനിക്ക് ഉറപ്പായിരുന്നു. മണിക്കൂറുകൾ കടന്നു പോയി. ഒരുമിച്ച് പ്രാർത്ഥിക്കാൻ ഒരുപാട് പേർ ഉണ്ടായിരുന്നു.

വൈകുന്നരം നാലര മണി കഴിഞ്ഞപ്പോൾ ഓപ്പറേഷൻ തിയറ്ററിലേക്ക് വിളിച്ചു. സർജറി കഴിഞ്ഞു. കാലൊക്ക അനങ്ങുന്നുണ്ട്. താറ്റ് മീൻസ് ശരീരം തളർന്നിട്ടൊന്നുമില്ല. കാണണമെങ്കിൽ ട്രോമ ഐസിയുവിലേക്ക് വന്നാൽ കാണാം. എന്ന് ഡോക്ടർ പറഞ്ഞു.

നേരെ ഓടി ഐസിയുവിലേക്ക് അകത്ത് കയറി ഡോക്ടർ എന്തോ എഴുതുന്നു. അപ്പോൾ കണ്ട കാഴ്ച സത്യത്തിൽ ഞെട്ടിച്ചു. സർജറി കഴിഞ്ഞ് ബോധം വന്നിട്ടില്ലാത്ത ഭവ്യയെ രണ്ട് പേർ പിടിച്ച് നടത്തിക്കുന്നു. ഇതെന്താ ഡോക്ടർ എന്ന് ചോദിച്ചപ്പോൾ ഒന്നും സ്റ്റിഫായി പോകാതിരിക്കാൻ നടത്തിച്ചതാണ്. ഇനി എല്ലാം ദിവസവും നടത്തിക്കും അല്ലാതെ ഇതിന് റെസ്റ്റ് ഒന്നുമില്ല.

ഒന്നു കണ്ടിറങ്ങി. പിന്നെ ഒരാഴ്ച ആശുപത്രിയിൽ അവൾക്ക് നല്ല വേദനയുണ്ടായിരുന്നു. മൂന്ന് നേരം ഫിസിയോതെറാപിസ്റ്റ് വന്ന് ആശുപത്രിയിൽ നടത്തിക്കും. അവളുടെ കൈയ്യിൽ Drainന്റെ കുപ്പി, മൂത്രത്തിന്റെ സഞ്ചി എല്ലാം ഉണ്ടാകും. ഒപ്പം നടക്കാൻ ഞാനും മോനും. ഡിസ്ചാർജ് ചെയ്യുമ്പോൾ ഇവിടുന്ന് നടന്ന് വേണം ഇറങ്ങി പോകാൻ എന്ന ഡോക്ടറിന്റെ നിർദേശം അക്ഷരം പ്രതി അനുസരിച്ച് അവൾ ഹോസ്പിറ്റൽ വിട്ടു. പിന്നെ അമ്മയും ദിവ്യ ചേച്ചിയും വീട്ടിൽ പൊന്നുപോലെ ശുശ്രൂഷിച്ചു. ഒന്നരമാസം കഴിഞ്ഞപ്പോൾ വീട്ടിലെ ഡാൻസ് ക്ലാസുകൾ പതുക്കെ തുടങ്ങി. ഇരുന്ന് പഠിപ്പിക്കൽ ആയിരുന്നു പതിവ്. 3 മാസം കഴിഞ്ഞപ്പോൾ ഡോക്ടറിന്റെ നിർദേശപ്രകാരം ഡാൻസ് പ്രാക്ടീസ് തുടങ്ങി. ആറാം മാസത്തിൽ ഞാൻ ഗുരുവായൂരിൽ ഡാൻസ് ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. അതു നടപ്പിലാക്കി. യാദൃശ്ചികമായി സർജറി ചെയ്ത ഡോക്ടറും കുടുംബവും ഗുരുവായൂരിൽ എത്തിയ ദിവസം കൂടിയായത്.

അസുഖം ഭേദമാക്കി വീണ്ടും അരങ്ങിലെത്തിച്ച ദൈവങ്ങൾക്ക് നന്ദി പറഞ്ഞ് 100 ക്ഷേത്രങ്ങളിൽ നേർച്ചയായി ഡാൻസ് ചെയ്തോളാമെന്ന് തീരുമാനമെടുത്ത് അതിനുള്ള പ്രയത്നം ആരംഭിച്ചു. സാംസ്കാരിക വകുപ്പിന്റെ ഫെല്ലോഷിപ്പ് ലഭിച്ചു. ഇതിനിടെ രണ്ടാമത്തെ കുഞ്ഞൻ വയറ്റിൽ കുരുത്തു. പിന്നെ അവനുള്ള പ്രതീക്ഷയായി. അവൻ വന്ന് കഴിഞ്ഞ് തന്റെ നേർച്ച നടപ്പിലാക്കുന്നതിന്റെ ഭാഗമായി നീങ്ങുമ്പോഴാണ് കിംസിലെ കുറച്ച് രോഗികളെ കണ്ട് സംസാരിക്കാനും ക്യാമ്പ് ഉദ്ഘാടനം ചെയ്യാനും ക്ഷണം വന്നത്. അത് മനോരമ മെട്രോയിൽ വാർത്തയായി വന്നു. പിന്നെ ഒരുവിധമുള്ള എല്ലാ പത്രങ്ങളിലും വാർത്തയെത്തി. വനിതയിൽ കൂടി വന്നപ്പോൾ ഭവ്യ സ്റ്റാർ ആയി.

ഇപ്പോൾ നാട്ടിലെ താരമാണ്. നാട്ടിലെ ക്ലബുകളിൽ ആദരവുകൾ ഏറ്റ് വാങ്ങുന്നു. നാടിന്റെ വനിത പുരസ്കാരം ലഭിക്കുന്നു. ഇന്ന് അതായത് ഈ സ്പൈൻ ഡേ ദിവസം തിരുവനന്തപുരത്തെ പ്രമുഖ സ്കൂളായ ക്രൈസ്റ്റ് നഗർ സ്കൂളിലെ വിശിഷ്ടാതിഥിയായി, ഉദ്ഘാടകയായി പോകുകയാണ്.

ഒരുപാട് പേർക്ക് പ്രചോദനമായി അവളുടെ സർജറി കഥ. കേരളത്തിന് അകത്തും പുറത്തുമുള്ള ഒരുപാട് പേർ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കുന്നു. അവർക്കൊക്ക ആത്മവിശ്വാസം കൊടുക്കുന്നത് കാണുമ്പോൾ വീണ്ടും അഭിമാനം. അവൾ നിവർന്ന് നിക്കട്ടെ അഭിമാനത്തോടെ!!!!

Tags:
  • Spotlight
  • Social Media Viral