Tuesday 22 January 2019 10:16 AM IST

കഥകളി പദങ്ങള്‍ കേട്ടുണർന്ന പ്രഭാതങ്ങൾ; നൃത്തം തപസ്യയാക്കിയ അമ്മയും കൊച്ചുമോളും പറയുന്നു

Shyama

Sub Editor

dance ഫോട്ടോ: സരിൻ രാംദാസ്

വെളുപ്പിനെ പാതിയുറക്കത്തിൽ ഉണരുമ്പോള‍്‍ കേൾക്കുന്നത് കഥകളിപദങ്ങള്‍. കണ്ണുതുറന്ന് എഴുന്നേറ്റു വരുമ്പോള്‍ കാണുന്നത് മോഹിനിയാട്ടത്തിന്റെ ചലനങ്ങള്‍. കുട്ടിക്കാലം മുതല്‍ കാണുന്നതും അറിയുന്നതും ഉള്‍ക്കൊള്ളുന്നതും എല്ലാം കലയുെട വിവിധ രൂപങ്ങളായിരുന്നു...’’ നൃത്തത്തിന്റെ വേരുകൾ തന്നിലേക്കു കടന്നു വന്ന വഴികളോർത്ത് ശ്രീദേവി ടീച്ചർ സംസാരിച്ചു തുടങ്ങി ‘‘അങ്ങനെയങ്ങനെ നൃത്തവും സംഗീതവുമൊക്കെ ജീവിതത്തിന്റെ ഭാഗമായി. ഇപ്പോഴും പാട്ട്, ചെണ്ട, കഥകളി, നൃത്തം എന്നൊക്കെ കേട്ടാല്‍ ഹൃദയം ‘ആഹാ’ എന്നാണ് മിടിക്കുക.’’ കഥകളി ആചാര്യൻ പദ്മശ്രീ കലാമണ്ഡലം കൃഷ്ണൻ നായരുടേയും മോഹിനിയാട്ടത്തിൽ നവോത്ഥാനം നടത്തിയ കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടേയും മകള്‍ ശ്രീദേവി രാജൻ ഇതല്ലാതെ മറ്റെന്തു പറയാൻ...?

അരികിൽ അമ്മയുടെ വഴി പിന്തുടരുന്ന മകൾ സന്ധ്യാ രാജനുമുണ്ട്. മോഹിനിയാട്ടത്തിന്റെ അടുത്ത തലമുറയിലെ കണ്ണി. ‘‘*അമ്മമ്മയെയും മുത്തശ്ശനെയും കുറിച്ച് ഓർക്കുന്നതു തന്നെ അഭിമാനമാണ്. കലയുടെ ഉന്നതിയിൽ ഇരിക്കുന്ന രണ്ടാളുകളുടെ ശിക്ഷണത്തിൽ വളരാൻ പറ്റിയതു തന്നെ ഭാഗ്യം. മലയാളം ആണ് ഞങ്ങളുടെ ഭാഷ എന്നു നമ്മൾ പറയാറില്ലേ... അതുപോലെ ഞങ്ങളുടെ വീട്ടിലെ ഭാഷ നൃത്തമായിരുന്നു.’’ മുത്തശ്ശനും മുത്തശ്ശിയും തുടങ്ങിയ നൃത്തവിദ്യാലയമാണ് തൃപ്പൂണിത്തുറിലെ കേരള കലാലയം. അതിന്റെ മറ്റൊരു ശിഖരമായി ശ്രീദേവി ടീച്ചർ തുടങ്ങിയ നൃത്യക്ഷേത്ര ഡാൻസ് സ്കൂൾ നടത്തുകയാണ് സന്ധ്യ.

‘‘ഞാൻ നാലാം വയസ്സിൽ നൃത്തപഠനം തുടങ്ങി. മഹാരാജാസ് കോളജിലെ ഇംഗ്ലിഷ് ഡിപ്പാർട്മെന്റ്ിന്റെ പഴയ ഓഡിറ്റോറിയത്തിൽ കാളിയമർദ്ദനം കളിച്ചു. അച്ഛനന്ന് സന്തോഷം കൊണ്ട് ചിരിക്കുകയും കരയുകയും ചെയ്തത് ഓർമ വരുന്നു. സന്ധ്യയും അവളുടെ സഹോദരി സ്മിതയും കൂടി എന്റെ അച്ഛന്റെയൊപ്പം രുഗ്മിണി സ്വയംവരം കഥകളി അവതരിപ്പിച്ചിട്ടുണ്ട്.’’ ഒരു സുവർണ കാലം ഓർമിപ്പിച്ച് ശ്രീദേവി ടീച്ചർ.

ഗുരുകുലസമ്പ്രദായത്തിലാണ് പഠനം തുടങ്ങിയത്. പിന്നീട് തൃപ്പൂണിത്തുറ ആർ.എൽ.വിയിൽ ചേർന്ന് നൃത്തത്തിൽ ബിരുദാനന്തരബിരുദമെടുത്തു. അവിടെ തന്നെ ഗസ്റ്റ് ലക്ചററായി ജോലി കിട്ടി. ജോലിയും നൃത്തവിദ്യാലയവും ഒരുമിച്ച് കൊണ്ടുപോകാൻ ബുദ്ധിമുട്ടായപ്പോള്‍ ജോലി വിട്ടു.’’

തലമുറകൾ െകാണ്ടു വന്ന മാറ്റങ്ങള്‍

‘‘മലയാളം വിദ്വാൻ പഠിക്കാനാണ് അമ്മ കലാമണ്ഡലത്തില്‍ എത്തിയത്. പക്ഷേ, വള്ളത്തോൾ നാരായണ മേനോന്‍ അമ്മയെ മോഹിനിയാട്ടം പഠിക്കാന്‍ ചേര്‍ത്തു.’’ ശ്രീദേവിടീച്ചറിന്‍റെ ഒാര്‍മകളില്‍ ലാസ്യപദം നിറഞ്ഞു. ‘‘ശൃംഗാരം മാത്രമായിരുന്ന മോഹിനിയാട്ടത്തിൽ ഭക്തി കലർത്തിയത് അമ്മയാണ്. പല മാറ്റങ്ങളും അക്കാലത്തുണ്ടായി. അമ്മ എഴുതി ചിട്ടപ്പെടുത്തിയ ‘വരിക വരിക സഖി’ എന്ന പദത്തിൽ നവരസങ്ങൾ കടന്നു വരുന്നുണ്ട്.

മോഹിനിയാട്ടത്തെ സാഹിത്യത്തോടിണക്കി അത് കുറച്ചു കൂടി വിപുലീകരിക്കാനാണ് ഞാന്‍ ശ്രമിച്ചത്. എഴുത്തച്ഛന്റെ രാമായണം, മഹാഭാരതം, പൂന്താനത്തിന്റെ ജ്ഞാനപ്പാന, ഉണ്ണായി വാരിയരുടെ നളചരിതം ആട്ടക്കഥ, വള്ളത്തോളിന്‍റെ മഗ്ദലന മറിയം, കുമാരനാശാന്റെ കരുണ, ഉള്ളൂരിന്റെ കർണഭൂഷണം, ജി. ശങ്കരക്കുറുപ്പിന്റെ സൂര്യകാന്തി, ഒഎൻവി കുറുപ്പിന്റെ കവിതകൾ... ഒക്കെ മോഹിനിയാട്ടത്തിലേക്കു കൊണ്ടുവന്നു.’’

_ARI0653 ഫോട്ടോ: സരിൻ രാംദാസ്

‘‘എന്‍റെ കാലമായപ്പോള്‍ വീണ്ടും മാറ്റങ്ങളുണ്ടായി.’’ സ ന്ധ്യ പറയുന്നു. ‘‘നൃത്തത്തിന്റെ സയന്റിഫിക്ക് വശങ്ങളിലൂന്നിയ പഠനമാണ് ഞാന്‍ നൽകുന്നത്. അമ്മമ്മയും അമ്മയും ഒക്കെ ഇത് ഇങ്ങനെ ചെയ്യൂ എന്നു പറഞ്ഞു തരും. ശിഷ്യര്‍ അ തു പോലെ ചെയ്യും. ഇന്നിപ്പോ എന്തുകൊണ്ട് ഇന്നത് ചെയ്യുന്നു, എന്തു കൊണ്ട് ഒരു മുദ്ര ഉപയോഗിക്കുന്നു, എന്തുകൊണ്ട് ഇന്ന ഭാവം വരണം എന്നൊക്കെ വിശദീകരിച്ചാണു പറഞ്ഞു െകാടുക്കുന്നത്. ഭരതനാട്യവും മോഹിനിയാട്ടവും കോറിയോഗ്രഫിയും ചെയ്യുന്നുണ്ട്. നൃത്തം അവതരിപ്പിക്കുന്നതിലുമിഷ്ടം പഠിപ്പിക്കാനാണ്.’’

‘‘അമ്മയുടെ കീഴില്‍ നൃത്തം അഭ്യസിക്കാന്‍ പാക്കിസ്ഥാനിൽ നിന്നു വരെ കുട്ടികൾ എത്തിയിരുന്നു. ഫ്രാൻസ്, ജപ്പാൻ, റഷ്യ... അങ്ങനെ പല പല നാട്ടില്‍ നിന്നും വന്നു. അവരുടെ സംസ്ക്കാരം മാറ്റി വച്ച് നമ്മുടേത് പഠിച്ചിട്ടാണ് നൃത്തം അഭ്യസിച്ചു തുടങ്ങുക. മൃണാളിനി സാരാഭായി, ദീപ്തി ഓംചേരി ഭല്ല തുടങ്ങിയ പ്രമുഖരും ശിഷ്യരുടെ കൂട്ടത്തിലുണ്ട്.

കളങ്കപ്പെടുന്നത് കല

ഇപ്പോള്‍ ഒരു വീട്ടിൽ ഒരാളെങ്കിലും നൃത്തം പഠിക്കുന്നിടം വരെ എത്തി നിൽക്കുന്നു കാര്യങ്ങൾ. പക്ഷേ, ഇന്നത്തെ പ്രശ്നം വരുന്നവർ കലയെ ഗൗരവമായിട്ടെടുക്കുന്നില്ല എന്നതാണ്. അന്‍പതു പേരിൽ രണ്ടോ മൂന്നോ ആയിരിക്കും ശരിക്കും നൃത്തത്തോടു പാഷനുമായി വരുന്നത്. മത്സരങ്ങളും കലോത്സവങ്ങളും മുന്നില്‍ക്കണ്ടും വെറുതെ സമയംപോക്കിനും പഠിക്കുന്നവരാണ് കൂടുതലും. എല്ലാം ഇന്‍സ്റ്റന്‍റ് ആണിപ്പോള്‍. കലയേയും അങ്ങനെ കരുതുന്നു പലരും. അടിസ്ഥാനം പോലും മനസ്സിലാക്കാതെ കുട്ടികളെ നൃത്തം പഠിപ്പിക്കുന്നവർ, വിദേശികൾക്കും മറ്റുമായി തട്ടിക്കൂട്ട് പരിപാടികൾ നടത്തുന്നവർ... ഇവരൊക്കെ അറിഞ്ഞോ അറിയാതെയോ കലയെ കളങ്കപ്പെടുത്തുകയാണ്.’’

_ARI0694 ഫോട്ടോ: സരിൻ രാംദാസ്

പ്രതിഭകളെ കണ്ടെത്താനും അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കാനും ‘കല്യാണകൃഷ്ണ ഫൗണ്ടേഷൻ’ എന്നൊരു സംഘടനയും നടത്തുന്നുണ്ട് ശ്രീദേവി ടീച്ചറും സന്ധ്യയും. ലോകത്തെമ്പാടുമുള്ള കലാകാരന്മാരെ ആദരിക്കുക, അവര്‍ക്കായി വേദികൾ ഒരുക്കുക, കലാകാരന്മാർക്ക് സ്കോളർഷിപ്പ് നൽകുക തുടങ്ങിയവ ഫൗണ്ടേഷൻ ചെയ്യുന്നു.

അമ്മയും മകളും ക്ലാസ്സിലേക്ക് മടങ്ങുകയാണ്. സ്വാതിതിരുനാളിന്‍റെ ‘അലര്‍ശര പരിതാപ’ത്തിനൊത്ത് ഉണര്‍ന്നുയരുന്ന നൂപുരധ്വനികള്‍. ഓരോ പദചലനത്തിനും എന്തൊരു മ നോഹാരിത. രണ്ടിലകൾ കാറ്റിലിളകും പോലെ...