Tuesday 11 January 2022 12:59 PM IST

‘സെക്സിൽ എനിക്കു വേണ്ടത് ഇതാണ്’; പുതുമ തേടുന്ന പെൺരതി ആണുങ്ങളോട് പറയുന്നത്

Santhosh Sisupal

Senior Sub Editor

sex മോഡലുകൾ: സുധീറും ഭാര്യ പ്രിയാസുധീറും

നിശ്ശബ്ദമായ ഒരു സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ പാതയിലാണ് കേരളത്തിലെ സ്ത്രീകൾ. സ്വന്തം ലൈംഗികതാൽപര്യങ്ങൾ പങ്കാളിയോടുപോലും പ്രകടിപ്പിക്കുന്നതു തെറ്റാണ്. അതിനധികാരി പുരുഷനാണ് എന്നുള്ള ധാരണകളിൽ നിന്നും കേരളം വഴിമാറി നടക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. ‘‘സെക്സിൽ എനിക്കു വേണ്ടത് ഇതാണ്, ഇതാണെനിക്ക് ആനന്ദം. ഇങ്ങനെ പാടില്ല...’’ എന്നൊക്കെ തുറന്നു പറയാൻ മടിക്കാത്ത ഒരു പുതിയ തലമുറ കടന്നു വന്നിരിക്കുന്നു.

പണ്ടും ഒറ്റപ്പെട്ട ശബ്ദങ്ങൾ ഉണ്ടായിരുന്നില്ല എന്നല്ല. പക്ഷേ, പുരുഷനെ സന്തോഷിപ്പിക്കുന്നതിനെക്കുറിച്ചുള്ള ആധികൾ ഉപേക്ഷിക്കുകയും ‌ആനന്ദം ഒരുമിച്ചു പങ്കിടാനുള്ളതാണെന്നു തിരിച്ചറിയുകയും അതു പരസ്യമായി പ്രകടിപ്പിക്കാൻ തയാറാവുകയും ചെയ്യുന്നവരുടെ എണ്ണം മുൻപെങ്ങുമില്ലാത്തവിധം വർധിച്ചിരിക്കുന്നു.

വിവാഹം കഴിഞ്ഞതുകൊണ്ട് ഇണചേരൽ കടമയായോ ബാധ്യതയായോ കൊണ്ടു നടക്കുന്ന സ്ത്രീകളായിരുന്നു ഇവിെട കൂടുതലും. ലൈംഗികത മടുത്തവർ, ഭാരമായി കാണുന്നവർ. അങ്ങനെ ലൈംഗികതയിൽ സന്തോഷവും സംതൃപ്തിയും എന്തെന്നറിയാത്തവർ ഇന്നും ധാരാളമുണ്ട്. ഭാര്യമാരുടെ അനുഭവം ഇങ്ങനെയാണെങ്കിൽ അവരുടെ പുരുഷൻമാരുടെ അനുഭവം എത്ര ദയനീയമായിരിക്കും. സ്ത്രീലൈംഗികത എന്തെന്നറിയാതെ, ലൈംഗികാനന്ദത്തിെന്റ പൂർണതയറിയാതെ എകപക്ഷീയമായ ഭാഗിക ലൈംഗികാനുഭവങ്ങളുമായി ജീവിച്ചു തീർക്കുന്നവരാണ് പുരുഷൻമാരിൽ നല്ല പങ്കും– പ്രശസ്ത സാഹിത്യകാരിയും ഫെമിനിസ്റ്റ് ഗവേഷകയുമായ ഡോ. സി.എസ്. ചന്ദ്രിക പറയുന്നു.

‘പ്രണയ കാമശാസ്ത്രം’ എന്ന പുതിയ പുസ്തകത്തിനു വേണ്ടിയുള്ള ഗവേഷണത്തിനും ഒട്ടേറെ സ്ത്രീകളുമായി ലൈംഗികാനുഭവങ്ങളെക്കുറിച്ചു സംവദിച്ചതിനും ശേഷമാണ് സി.എസ്. ചന്ദ്രിക പെൺരതിയെക്കുറിച്ചു വിലയിരുത്തുന്നത്.

ആനന്ദത്തിെന്റ മുഖങ്ങൾ

‘‘പുരുഷന് വേഗം രതിമൂർച്ഛ ഉണ്ടാകാം. അതിനാൽ പുരുഷൻമാരുടെ സമയത്തിനും താൽപര്യത്തിനും അനുസരിച്ചുമാത്രം ലൈംഗികസമയം നിർണയിക്കപ്പെടുന്നു. പുരുഷൻമാരാൽ നിർവചിക്കപ്പെട്ട പെൺരതിമൂർച്ഛ ഈ അൽപസമയത്തിനുള്ളിൽ പ്രകടമാക്കാനുള്ള വലിയ മാനസിക സമ്മർദമാണ് സ്ത്രീ അനുഭവിക്കുന്നത്. തിടുക്കത്തിൽ ലഭിക്കുന്ന രതിസുഖത്തിൽ താൻ സംതൃപ്തയാണെന്ന് അഭിനയിച്ച് ബോധ്യപ്പെടുത്തേണ്ടതിന്റെ സമ്മര്‍ദത്തിൽ അവളുെട മനസ്സ് ആശയക്കുഴപ്പം നിറഞ്ഞതായി തീരുന്നു. രതിരസങ്ങൾ അനുഭവിക്കാനോ അനുഭവിപ്പിക്കാനോ കഴിയാത്തവരായി അവർ മാറുന്നു. ലൈംഗികതയിൽ തുറന്നു പറയുന്നവരുടെ എണ്ണം കൂടിയിട്ടുണ്ടെങ്കിലും സുഖാനുഭവത്തിന്റെ സാമാന്യലോകം ഇപ്പോഴും ഇതുപോലെ തന്നെയാണ്’’– സി.എസ്. ചന്ദ്രിക വിലയിരുത്തുന്നു.

അധികം പുരുഷൻമാരും പെൺ രതിമൂർച്ഛകളുടെ ആഴം അറിയാതെ പോകുന്നു. അതു കൃത്യമായി മനസ്സിലാക്കാൻ പുരുഷനു പ്രയാസവുമാണ്. പുരുഷരതിമൂർച്ഛയ്ക്ക് ഏകമുഖമേയുള്ളൂ. സ്ത്രീ അനുഭവിക്കുന്നതാകട്ടെ ബഹുമുഖമുള്ള ആനന്ദഘട്ടമാണ്. ഒരു ലൈംഗികബന്ധത്തിൽ പലതവണ അനുഭവപ്പെടുന്നു എന്നതിനേക്കാൾ പല തരത്തിലുള്ള രതിമൂർച്ഛ അവൾക്ക് അനുഭവിക്കാൻ കഴിയുമെന്നതാണ് സത്യം. പ്രണയരതിയിൽ നിലയുറപ്പിച്ചിരിക്കുന്ന ലൈംഗികതയിലൂെട മാത്രമേ ആനന്ദത്തിന്റെ ആ ബഹുസ്വരത സ്ത്രീക്കു അനുഭവവേദ്യമാകൂവെന്ന് പുരുഷൻമാരും മനസ്സിലാക്കണം. രാത്രിയിൽ ഇരുട്ടിൽ മാത്രം സംഭവിക്കേണ്ടതല്ല ലൈംഗികത. പരസ്പരം കാണുമ്പോഴാണ് സംതൃപ്തിയുടെ ഇഴുകിച്ചരലിന്റെ പുതിയ ഇതളുകൾ വിരിയുന്നത്.

sex-1

ആയിരം ഉമ്മകൾ

‘‘പ്രണയാർദ്രമായ ചുംബനംകൊണ്ടുപോലും സ്ത്രീയെ സംതൃപ്തയാക്കാൻ പുരുഷനു കഴിയും. ആയിരം തരം ചുംബനങ്ങളെങ്കിലുമുണ്ട്. ചുംബനങ്ങളുടെ തിരുഹൃദയമാണ് നെറ്റി. അതിനു പുറമേ ശരീരത്തിലെ ഓരോ ഭാഗവും ആവശ്യപ്പെടുന്നത് ഓരോ തരം ചുംബനങ്ങളാണ്. അതു തിരിച്ചറിയാൻ അവളുടെ പുരുഷനും മനസ്സിലാക്കിക്കൊടുക്കാൻ അവൾക്കും കഴിയണം.

തീവ്രമായ പ്രണയത്തിൽ നിന്നുടലെടുക്കുന്ന ലൈംഗികതയിലേ സമ്പൂർണ ഭാവങ്ങളും രസങ്ങളും അനുഭവിക്കാനാകൂ. അതിന് മികച്ച ഒരു ലൈംഗിക ഭാഷ പങ്കാളികൾക്കിടയിൽ രൂപപ്പെടണം. വിശ്വാസ്യതയും സ്വാതന്ത്ര്യവും ആയിരിക്കും ആഭാഷയുെട ആണിക്കല്ലുകൾ’’– ഡോ.സി.എസ്. ചന്ദ്രിക പറയുന്നു.

മാറ്റങ്ങൾ പ്രകടമാണ്

‘‘വിവാഹജീവിതത്തിനു മുൻപു തന്നെ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന പെൺകുട്ടികളുെട എണ്ണം കൂടിവരുന്നതായി സെക്സ് സർവേകൾ സൂചിപ്പിക്കുന്നുണ്ട്. പണ്ടും വിവാഹപൂർവ ലൈംഗികബന്ധമൊക്കെ ഉണ്ടായിരുന്നു. ജീവിക്കാൻ പോകുന്നത് ഈ പുരുഷനൊപ്പമാണ് എന്നു തീരുമാനിച്ചശേഷമാണ് പെൺകുട്ടി അയാളുമായി സെക്സിൽ ഏർപ്പെടാൻ തയാറായിരുന്നത്. ആക്ടിവിസ്റ്റുകളായി അറിയപ്പെട്ടിരുന്ന സ്ത്രീകൾ പോലും ഇങ്ങനെ ഒരു മാനദണ്ഡം കൈക്കൊണ്ടിരുന്നു. ഇന്ന് അതിനു മാറ്റം വന്നിരിക്കുന്നു.സെക്സിൽ ഏർപ്പെട്ടയാൾ പങ്കാളിയായില്ലെങ്കിലും കുഴപ്പമില്ല എന്നു പറയുന്ന പെൺകുട്ടികളുെട എണ്ണം കൂടിയിട്ടുണ്ട് ’’– പ്രശസ്തമോഡലും നടിയുമായ കനി കുസൃതി പറയുന്നു.

സെക്‌ഷ്വലി ആക്ടീവ് ആണെന്നു പറയുന്നവർ പണ്ടും ഉണ്ടായിരുന്നു എന്നാൽ പൊതു ഇടങ്ങളിൽ അങ്ങനെ സംസാരിക്കുന്നതിൽ തെറ്റില്ല എന്നു വിശ്വസിക്കുന്നവർ ഇന്ന് ഏറെയാണ്. ഈ മാറ്റങ്ങളൊക്കെ ഉണ്ടെങ്കിലും ലൈംഗികതയിൽ പല അബദ്ധങ്ങളും കാണിക്കുന്നവരുണ്ട്. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിൽ ഏർപ്പെട്ട് പിന്നീട് സാരമില്ല, ‘ഐപിൽ’ കഴിക്കാം എന്ന ലാഘവ ബുദ്ധിയോടെ കാണുന്ന പെൺകുട്ടികൾ കുറവല്ല. സ്വന്തം ശരീരത്തെ ഇത്തരം മരുന്നുകൾ എങ്ങനെ ബാധിക്കുന്നു എന്ന് അവർ ചിന്തിക്കുന്നില്ല. ഒരു കോണ്ടം ഉപയോഗിച്ചാൽ നിസാരമായി പരിഹരിക്കാവുന്ന പ്രശ്നമാണത്. ലൈംഗിക പകർച്ചവ്യാധികളെയും നല്ലൊരു പങ്കു തടയാം. സെക്‌ഷ്വലി ആക്ടീവായവർ ബാഗിലോ പഴ്സിലോ കോണ്ടം സൂക്ഷിക്കുന്നത് ഉചിതമായിരിക്കും –കനി പറയുന്നു.

പുരുഷന്റെ വീഴ്ച

നാട്ടിലേയും വിദേശത്തെയും ലൈംഗികാനുഭവങ്ങൾ താരതമ്യം ചെയ്യുമ്പോൾ നമ്മുെട നാട്ടിലെ പുരുഷൻമാർക്ക് വലിയൊരു വീഴ്ച സംഭവിക്കുന്നുണ്ട്. പുറത്തുള്ളവർ പങ്കാളിയുെട സംതൃപ്തിക്കു നൽകുന്ന പ്രാധാന്യം ഇവിടത്തെ പുരുഷന്മാരിൽ നല്ല പങ്കും നൽകാറില്ല. സ്വയം തൃപ്തനായിക്കഴിഞ്ഞാൽ പങ്കാളിസംതൃപ്തയായി എന്നുള്ള തെറ്റിദ്ധാരണയാകാം ഇതിനു പിന്നിൽ. അല്ലെങ്കിൽ അവളുെട ലൈംഗികാനന്ദം അ വനു പ്രാധാന്യമുള്ള കാര്യമാകില്ല.

ഏതു സമയവും ലൈംഗികതയിൽ ഏർപ്പെടാൻ സ്ത്രീ സന്നദ്ധയാണെന്ന തെറ്റിധാരണയും ചിലർക്കുണ്ട്. സ്ത്രീക്കു താൽപര്യമില്ലാത്ത സമയത്ത് അവളെ സമീപിക്കുന്നത് ഉചിതമല്ല. പങ്കാളികൾ രണ്ടുപേരുടെയും താൽപര്യത്തോടെ നടന്നാലേ സെക്സ് രണ്ടുകൂട്ടർക്കും ആസ്വാദ്യകരമാവൂ– കനി വിലയിരുത്തുന്നു.

സെക്സ് എജ്യൂക്കേഷൻ

‘‘ ഏഴു വയസ്സുള്ളപ്പോൾ തന്നെ അച്ഛനും അമ്മയും എനിക്കു മനസ്സിലാകുന്ന ഭാഷയിൽ ലൈംഗികകാര്യങ്ങൾ പറഞ്ഞു തന്നിരുന്നു. പ്ലസ്ടു വിനു പഠിക്കുമ്പോൾ പോലും എന്റെ കുട്ടുകാരികളിൽ പലർക്കും കുട്ടികളുണ്ടാകുന്നതെങ്ങനെയെന്ന് അറിയില്ലായിരുന്നു. എന്നിൽ നിന്നും കാര്യങ്ങൾ മനസ്സിലാക്കി കഴിഞ്ഞപ്പോഴാണ് അവരിൽ ചിലരെങ്കിലും ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന കാര്യം തിരിച്ചറിഞ്ഞത്.

സ്വയം സംതൃപ്തിപ്പെടുന്ന കാര്യം പോലും പാപബോധത്തോടെയോ കുറ്റബോധത്തോടെ കാണാനാണു പഠിപ്പിക്കപ്പെടുന്നത്. ലൈംഗിക ദുരുപയോഗം, ലൈംഗികശുചിത്വം, ലൈംഗികാനന്ദം തുടങ്ങി വിവിധ വിഷയങ്ങൾ കുട്ടികളെ പഠിപ്പിക്കേണ്ടതുണ്ട്’’– കനി പറയുന്നു.

sex3 ഫോട്ടോ; സരിൻ രാംദാസ്

മാറ്റത്തിനു പിന്നിൽ

കഴിഞ്ഞ ഒരു പതിറ്റാണ്ടുകൊണ്ടു ലൈംഗികതയിൽ സ്ത്രീ ആർജിച്ച അവബോധവും അതു പ്രകടിപ്പിക്കാനുള്ള മടിയില്ലായ്മയിലും വന്ന മാറ്റം അദ്ഭുതകരമാണെന്ന് ബിഹേവിയറൽ സൈക്കോളജിസ്റ്റും സൈബർ സൈക്കോളജി വിദഗ്ധനുമായ ഡോ. റോബിൻ മാത്യു പറയുന്നു. ഇന്നു ദാമ്പത്യത്തിലെ ലൈംഗിക പ്രശ്നങ്ങളിൽ പരിഹാരം തേടാൻ മുൻകയ്യെടുക്കുന്നതിൽ സ്ത്രീ ഒട്ടും പിന്നിലല്ല. ഇത്തരത്തിലൊരു വളർച്ച സ്ത്രീക്കു സംഭവിച്ചതിനു പിന്നിൽ സൈബർ–ഡിജിറ്റൽ യുഗത്തിനോടു നമ്മൾ കടപ്പെട്ടിരിക്കുന്നു. കാരണം ലൈംഗികതയിൽ താൻ എവിടെ നിൽക്കുന്നു,എത്രത്തോളം മാറേണ്ടതുണ്ട് എന്നു മനസ്സിലാക്കാൻ സൈബർ ലോകവും സമൂഹമാധ്യമങ്ങളും അവളെ ഏറെ സഹായിച്ചിട്ടുണ്ട്.

മറുപുറത്തെ അപകടം

ഇതിനൊരു മറു പുറം പോലെ അനാവശ്യമായ അസംതൃപ്തികളും വഴിവിട്ടസഞ്ചാരങ്ങളും പടർന്നു പന്തലിക്കാനും ഈ സൈബർ ബന്ധങ്ങൾ ഇടയാക്കുന്നുണ്ട്. മുഖാമുഖമുള്ള ബന്ധങ്ങൾ വളരുന്നതിലും പതിന്മടങ്ങുവേഗത്തിലാണ് ഓൺലൈൻ ബന്ധങ്ങൾ വളരുന്നത്. നേരിട്ട് ഇടപെടുന്ന വ്യക്തികൾ, സഹപ്രവർത്തകർ, സുഹൃത്തുക്കൾ, ബന്ധുക്കൾ ഇവരോടൊക്കെ പറയുന്നതിലും വളരെ കൂടുതൽ രഹസ്യങ്ങൾ അപരിചിതരുമായി പങ്കുവയ്ക്കുന്നു. ട്രെയിനിലെ അപരിചിതൻ സിൻഡ്രോം (Stranger in the train syndrome) എന്നൊരു മനഃശാസ്ത്ര പ്രതിഭാസമാണിത്. ഇതിന്റെ ഫലമായി ഗാഢമായ സൗഹൃദ ബന്ധങ്ങളിലും പ്രണയങ്ങളിലും ലൈംഗികതയിലുമൊക്കെ ഏർപ്പെടാനുള്ള സാധ്യത യഥാർഥ ജീവിതത്തേക്കാളും പതിന്മടങ്ങാണ്. ഡിജിറ്റൽ ബന്ധങ്ങൾ സ്ഥാപിക്കാൻ ഇറങ്ങിത്തിരിക്കുന്ന ചിലരാകട്ടെ തങ്ങളുടെ ഇരകൾക്ക് സ്നേഹവും, ആദരവും ,സുരക്ഷിതത്വവും, വാരിക്കോരി നൽകുന്നതോടെ ചിത്രം പൂർത്തിയാകും. അനാവശ്യമായ ഒരു പുറംലൈംഗിക ജീവിതത്തിലേക്ക് അതു വഴുതിമാറി അതിന്റെ തിക്തഫലങ്ങൾ അനുഭവിക്കേണ്ടിവരും.–ഡോ. റോബിൻ മാത്യു പറയുന്നു.

സ്ത്രീയെ സംബന്ധിച്ച് എന്താണ് തന്റെ ശരീരവും മനസ്സും ആവശ്യപ്പെടുന്നതെന്നുള്ള തിരിച്ചറിവാണ് ഏറ്റവും പ്രധാനം. കുറ്റബോധമോ പാപബോധമോ ഇല്ലാതെ ഇതാണ് എനിക്കുവേണ്ടത് എന്നു തിരിച്ചറിയുന്നതാണ് വിപ്ലവം. അതു പുരുഷനുമായി സംവേദനം ചെയ്ത് അതിലൂെട ആഹ്ലാദകരവും ആരോഗ്യകരവുമായ ഒരു ലൈംഗികജീവിതം കെട്ടിപ്പടുക്കുന്നതാണ് ആരോഗ്യകരം.

EDITOR’S PICK

’അന്ന് മുടിയെല്ലാം കൊഴിഞ്ഞ് എല്ലും തോലുമായ അവളുടെ രൂപം കണ്ട് ഞാൻ പൊട്ടിക്കരഞ്ഞു’; മകളെ കുറിച്ച് കസ്തൂരി പറയുന്നു

‘ഞാനും മക്കളും ചേട്ടനെ കൊന്നയിടത്തു പോയിക്കിടക്കും, അവിടെക്കിടന്നു മരിക്കും’; നീതിക്കായി കേണ് സനലിന്റെ ഭാര്യ

ഷാജോണിനൊപ്പം സെൽഫിയെടുക്കാൻ അക്ഷയ് കുമാർ കാത്തിരുന്നത് ഒരു മണിക്കൂർ; വൈറലായി താരത്തിന്റെ വാക്കുകൾ

‘‘ഞാൻ നിശബ്ദയായി അതു ചെയ്തിട്ടുണ്ട്, ഇത്തരം അനുഭവം കാരണം ഒരു ചിത്രത്തോട് നോ പറഞ്ഞിട്ടുമുണ്ട്’’; ‘മീടൂ’ ചർച്ചയിൽ നിലപാട് വ്യക്തമാക്കി നിത്യ

കാലുകൾ കൊണ്ട് രോഗിയായ അമ്മയ്ക്ക് മുടി കെട്ടിക്കൊടുക്കുന്നു, മരുന്നും ഭക്ഷണവും കഴിപ്പിക്കുന്നു

അച്ഛന്റെ വരവും കാത്ത് ആ കുരുന്നുകൾ; നോവോർമ്മയായി സനൽ മക്കൾക്കായി കരുതി വച്ച ആ സമ്മാനപ്പൊതി