Thursday 27 July 2023 11:42 AM IST

രണ്ടു വയസ്സുള്ള ചിത്ര തൊട്ടിലിൽ കിടന്നു നീട്ടിപ്പാടുന്ന രംഗം ഇപ്പോഴും ഓർമയുണ്ട്, ‘പ്രിയതമാ... പ്രിയതമാ...’: നമ്മുടെ ചിത്ര, അവരുടെ ബേബി

Roopa Thayabji

Sub Editor

chithra-siblings

പാട്ടിലെ ഇത്തിരിപ്പൂവിന്റെ കൈക്കുമ്പിളിൽ വീണ മണിമുത്താണു കെ. എസ്. ചിത്ര. കേട്ടാൽ മതിവരാത്ത ആയിരമായിരം പാട്ടുകളാണ് ഈ അ നുഗ്രഹീത ഗായികയെ നമ്മുടെ ഹൃദയത്തിൽ ഇരുത്തിയത്. പ്രണയത്തിൽ കുളിർമഴയായും വിരഹത്തിൽ എരിവേനലായും ചിരിയിൽ ലാത്തിരിയായും ദുഃഖത്തിൽ ഇളംകാറ്റായും ആ സ്വരം മനസ്സിൽ തൊട്ടു. വികാരങ്ങളെല്ലാം ആ ഈണത്തിലലിഞ്ഞു.

പാട്ടിനു വേണ്ടി മാത്രം ജീവിതം മാറ്റിവച്ച, ലാറ്റിനും ഫ്രഞ്ചും അറബിയുമുൾപ്പെടെ വിദേശഭാഷകളിലും വിവിധ ഇന്ത്യൻ ഭാഷകളിലുമായി 25,000ലേറെ പാട്ടുകൾ പാടിയ ചിത്രയ്ക്ക് ഏതു പാട്ടു പാടിയാണു അറുപതാം പിറന്നാളാശംസകൾ നേരുകയെന്നു ചോദിച്ചപ്പോള്‍, ചേച്ചി കെ. എസ്. ബീന ഈണത്തില്‍ പാടി, ‘പെണ്ണിന്റെ ചെഞ്ചുണ്ടിൽ പുഞ്ചിരി പൂത്തൂ... ഹയ്യാ... കണ്ണാടി പുഴയിലു വിരിയണ കുളിരല േപാലെ...’

പിന്നെ, ഒാര്‍മകളുെട ചക്കരമാവിന്‍ ചുവട്ടില്‍ ഒാടിക്കളിച്ചിട്ടു മടങ്ങി വന്നു പറഞ്ഞു, ‘കുട്ടിക്കാലത്ത് അമ്മ പറയുമായിരുന്നു, പെണ്‍കുട്ടികൾ ഇങ്ങനെ ഉച്ചത്തില്‍ ചിരിക്കാന്‍ പാടില്ല, പൊട്ടിച്ചിരിക്കാന്‍ പാടില്ല എന്നൊക്കെ. പക്ഷേ, ചിത്രയ്ക്കു ചിരി അടക്കാനാകില്ല. ആ ചിരി എന്നുമുണ്ടാകട്ടെ എന്നു മാത്രമാണു പ്രാർഥന...’ പ്രിയപ്പെട്ട അനിയത്തിയെക്കുറിച്ചുള്ള അപൂര്‍വ ഒാര്‍മകളുെട ചെപ്പു തുറക്കുകയാണു ചേച്ചി കെ.എസ്. ബീന.

ചിത്രയെ ഞാൻ ആദ്യം കാണുന്നത് അമ്മയുടെ വലിയ വയറിനുള്ളിലാണ്. തമാശയല്ല കേട്ടോ. അന്നു മഹിളാമന്ദിരം സ്കൂളിൽ ടീച്ചറായി ജോലി ചെയ്യുകയാണ് അമ്മ. എനിക്കു കഷ്ടിച്ചു നാലോ നാലരയോ വയസ്സ്. അപ്പൂപ്പൻ മരിച്ച വിവരമറിഞ്ഞു സ്കൂളിൽ നിന്ന് ഓടിയെത്തിയതാണ് അമ്മ. അമ്മൂമ്മയുടെ മടിയിൽ ഇരുന്ന ഞാൻ തലയുയർത്തി നോക്കുമ്പോൾ അമ്മ വാതിൽക്കൽ നിന്നു വിങ്ങിക്കരയുന്നു. ആ കരച്ചിലിനൊപ്പം അമ്മയുടെ വലിയ വയറും വിങ്ങുന്നുണ്ട്. ഉള്ളിലെ കുഞ്ഞുവാവയും കരയുന്നുണ്ട് എന്നു തോന്നി.’’ തിരുവനന്തപുരം കരമനയിലെ വീട്ടിലിരുന്നു ബീന ഇതു പറയുമ്പോൾ അങ്ങു ചെന്നൈയിലിരുന്നു ചിത്രയുടെ ഹൃദയം തുടിച്ചിട്ടുണ്ടാകും. അത്ര സ്നേഹമാണ് ഈ ചേച്ചിക്ക് അനിയത്തിയോട്.

‘‘പിന്നെ കുറച്ചു ദിവസം കഴിഞ്ഞ് അമ്മ ആശുപത്രിയിലേക്കു പോയി, ‘കുഞ്ഞുവാവ വരാറായി മോളീ’ എന്ന് അമ്മൂമ്മ പറഞ്ഞു. മോളി എന്ന് എന്റെ വിളിപ്പേരാണ്. രണ്ടുദിവസം കഴിഞ്ഞു കുഞ്ഞുമായി വന്ന അമ്മ എന്നോടു പറഞ്ഞു, ‘ഇവൾ മോളിയുടെ ബേബിയാണ്.’ കർക്കടക മാസത്തിലെ ചിത്തിര നാളിൽ ജനിച്ച കുഞ്ഞിന് അമ്മൂമ്മയാണ് ചിത്ര എന്നു പേരിട്ടത്. പക്ഷേ, എനിക്ക് അന്നും ഇന്നും ചിത്ര, ബേബിയാണ്.

അച്ഛന്റെ തറവാട് ഓഹരി ചെയ്തപ്പോൾ എല്ലാവരും അടുത്തടുത്താണു വീടുവച്ചത്. അമ്മായിയുടെ മക്കളായ രോഷ്‌നിയും അജിയുമായിരുന്നു എന്റെ കൂട്ടുകാര്‍. അതിനിടെ ബേബിയെ അത്ര ശ്രദ്ധിച്ചിട്ടില്ല എന്നതാണു സത്യം. ഇരുപത്തെട്ടു കെട്ടൊക്കെ ചെറിയ ഓര്‍മയേയുള്ളൂ.

കണ്ണോടു കണ്ണായ സ്വപ്നങ്ങൾ മോഹങ്ങളില്‍ നീരാടുമ്പോള്‍...

അച്ഛൻ കരമന കൃഷ്ണന്‍ നായരും അമ്മ ശാന്തകുമാരിയും തിരുവനന്തപുരത്തുകാരാണ്. അച്ഛന്റെ വീട്ടില്‍ എല്ലാവരും പാടും. അച്ഛൻ നാടകങ്ങളില്‍ അഭിനയിക്കുകയും പാടുകയും ട്യൂണ്‍ ചെയ്യുകയുമൊക്കെ ചെയ്യും. ഗ്രേഡ് ആര്‍ട്ടിസ്റ്റായ അച്ഛനൊപ്പം ശ്രീകുമാരന്‍ തമ്പി സാറിന്റെ ഭാര്യ രാജിചേച്ചിയും എല്‍. സുഭദ്രയു മൊക്കെ ആകാശവാണിയില്‍ പാടിയിട്ടുണ്ടത്രേ.

ആയിടയ്ക്ക് ഒരു സിനിമയിൽ നായകനായി സെലക്‌ഷൻ കിട്ടി, ‘ത്യാഗസീമ’ എന്നാണു പേര്. ഫോട്ടോഷൂട്ട് കഴിഞ്ഞ ആ സിനിമ മുടങ്ങി. നാലഞ്ചു വര്‍ഷങ്ങൾക്കു ശേഷം സ്‌നേഹസീമ എന്ന പേരില്‍ ആ സിനിമ പുറത്തിറങ്ങിയെങ്കിലും നായകനായി പുതിയ ആളെയാണ് എടുത്തത്. അതാണു സാക്ഷാൽ പ്രേംനസീർ. ഈ കഥകളൊക്കെ കുട്ടിക്കാലത്തു ഞങ്ങൾ കേട്ടിട്ടുള്ളതാണ്.

എന്‍ജിനീയറിങ്ങും ലോയും കഴിഞ്ഞു ബിഎഡ് എടുത്ത അച്ഛൻ വാമനപുരം സ്‌കൂളിൽ അധ്യാപകനായാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. കാരക്കുടി കോളജില്‍ ലക്ചററായിരുന്ന അമ്മ വിവാഹം കഴിഞ്ഞതോടെ ജോലി വിട്ടു. ബിഎഡും എംഎഡും പഠിച്ചു മഹിളാമന്ദിരം സ്‌കൂളില്‍ അധ്യാപികയായി.

കണക്കു മാഷിന്റെ മക്കൾ കണക്കിൽ ‘മൊട്ട’ വാങ്ങുന്ന കാലമാണത്. ഞങ്ങൾക്കു ട്യൂഷൻ ഏർപ്പെടുത്തണം എ ന്ന് അമ്മ അച്ഛനെ നിർബന്ധിക്കും. പക്ഷേ, അച്ഛൻ ഏർപ്പാടാക്കിയത് മ്യൂസിക് ട്യൂഷനാണ്. തൃശൂര്‍ പി. രാധാകൃഷ്ണന്‍ മാഷ് തലതൊട്ട് അനുഗ്രഹിച്ച എന്നെ ഏഴാം വയസ്സു മുതൽ പാട്ടു പഠിപ്പിച്ചത് ആകാശവാണിയില്‍ തംബുരു ആർട്ടിസ്റ്റായ ഹരിഹരന്‍ സാറാണ്. മാഷ് വരുമ്പോ ൾ ബേബിയെ പായയിൽ കിടത്തിയിട്ടുണ്ടാകും. സ്വരങ്ങൾ പാടുന്നതു കേൾക്കുമ്പോൾ അവൾ കരച്ചിൽ നിർത്തും. പിന്നെ കമഴ്ന്നു വീഴും, മെല്ലെ എഴുന്നേറ്റിരിക്കും.

അന്നേ അമ്മൂമ്മ പറയും, ‘കുഞ്ഞിനു പാട്ടില്‍ നല്ല താൽപര്യമുണ്ട്.’ രണ്ടു വയസ്സുള്ള ചിത്ര തൊട്ടിലിൽ കിടന്നു നീട്ടിപ്പാടുന്ന രംഗം ഇപ്പോഴും ഓർമയുണ്ട്, ‘പ്രിയതമാ... പ്രിയതമാ...’ നാലാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണു ഞാൻ ആദ്യമായി സ്റ്റേജില്‍ പാടിയത്. അശ്വമേധം നാടകത്തിലെ ‘ഏഴേ ഏഴു നിറങ്ങൾ...’ എന്ന പാട്ട്. അതു സിനിമയായപ്പോൾ പാട്ട് ‘ഏഴു സുന്ദരരാത്രികൾ...’ ആയി.

ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാന്‍....

അമ്മയുടെ സ്‌കൂളിലാണു ഞാൻ പഠിച്ചത്. ചിത്ര മന്നം മെമ്മോറിയല്‍ സ്‌കൂളിലും കാര്‍മല്‍ കോണ്‍വെന്റിലും പിന്നെ, കോട്ടണ്‍ ഹില്ലിലും. കാര്‍മല്‍ സ്‌കൂളിലെ മത്സരങ്ങളിലൊന്നും ചിത്രയെ പങ്കെടുപ്പിച്ചിരുന്നില്ല. അതുകണ്ട് അച്ഛനു വിഷമമായി. സ്കൂൾ മാറ്റിയത് വഴിത്തിരിവായിരുന്നു.

പത്താം ക്ലാസ്സ് കഴിഞ്ഞു ഞാന്‍ വിമൻസ് കോളജിൽ പ്രീഡിഗ്രിക്കു ചേര്‍ന്നു, മ്യൂസിക് ആണ് മെയിൻ. ജി. വേണുഗോപാലിന്റെ അമ്മ സരോജിനിയമ്മ ടീച്ചറാണ് അന്നു പ്രഫസർ. എന്റെ പാട്ടുകാലം അതാണ്. നാലു വര്‍ഷം തുടര്‍ച്ചയായി കോളജ് കലോത്സവത്തില്‍ ലളിതഗാനത്തില്‍ ഒന്നാം സ്ഥാനം നേടി. രസമുള്ള ഒരു ഓർമയുണ്ട്. കോളജിൽ ക്ലാസിക്കല്‍ മ്യൂസിക് മത്സരിക്കാനായി രാഗം, കീര്‍ത്തനം, സ്വരം, നിരവല്‍ എന്നിങ്ങനെ പ ത്തു മിനിറ്റു പാടാനുള്ളതെല്ലാം കീര്‍ത്തനമായി സാർ ചിട്ടപ്പെടുത്തി തരും. ഞാൻ പ്രാക്ടീസ് ചെയ്യുന്നതു കേട്ടു ചിത്രയും പഠിക്കും. ശങ്കരാഭരണവും തോടിയുമൊക്കെ ഇങ്ങനെ കേട്ടുപാടി സ്കൂൾ കലോത്സവത്തിനു ചിത്ര ഒന്നാം സമ്മാനം വാങ്ങി.

സർക്കാരിന്റെ ഏതു പരിപാടിക്കും ഈശ്വര പ്രാര്‍ഥന ചൊല്ലാന്‍ കോട്ടൺഹിൽ സ്കൂളിനെ പ്രതിനിധീകരിച്ചു പോയിരുന്നത് ചിത്രയാണ്. ആയിടയ്ക്കു ചിത്രയ്ക്ക് ഒരു സ്‌കോളര്‍ഷിപ് കിട്ടി, നാഷനല്‍ സ്‌കോളര്‍ഷിപ് ഫോർ കര്‍ണാടിക് മ്യൂസിക്. അതിനു ഗുരുവായി ഡോ.കെ. ഓമനക്കുട്ടി ടീച്ചറിന്റെ പേരാണു വച്ചത്. അങ്ങനെ ഒൻപതാം ക്ലാസ്സു മുതൽ ചിത്ര ശരിക്കും പാട്ടു പഠിച്ചു തുടങ്ങി.

ഗുരുകുല സമ്പ്രദായത്തിലാണു പാട്ടു പഠിച്ചതെന്നു ചിത്ര തമാശയായി പറയും. സ്‌കൂൾ വിട്ടാൽ േനരേ ഓമനച്ചേച്ചിയുടെ തൈക്കാട്ടെ വീട്ടിലേക്കു പോകും. അവരൊന്നിച്ചു പച്ചക്കറിക്കടയിലും അമ്പലത്തിലുമൊക്കെ കറങ്ങും, ഒപ്പം പാട്ടും പഠിക്കും. മോൾ ലക്ഷ്മിയെ പോലെയാണ് ചിത്രയെയും ടീച്ചർ കണ്ടത്.

അന്നു തിരുവനന്തപുരത്തു ബ്ലൂ ബേഡ്സ് എന്നൊരു ഗാനമേള ട്രൂപ്പുണ്ട്, എന്‍ജിനീയറിങ് കോളജിലെ കുട്ടികളാണു പിന്നണിയില്‍. ശ്രീനിവാസും വേണുഗോപാലും ശ്രീറാമും ടി.കെ. രാജീവ് കുമാറുമൊക്കെയാണ് (സംവിധായകന്‍) ഗായകർ. ഞാനും അരുന്ധതിയും ടി. ആര്‍. രമയും ചിത്രയുമൊക്കെ ഗായികമാരും. ആ നിമിഷത്തിന്റെ നിർവൃതിയിൽ..., മൗനമേ നിറയും മൗനമേ... ഒക്കെയാണു പാട്ടുകള്‍. അച്ഛനും ഞാനും ചിത്രയും കൂടി ‘മനസ്സിലുണരൂ ഉഷസന്ധ്യയായ്...’ എന്ന പാട്ടും ഗാനമേളകളിൽ പാടിയിട്ടുണ്ട്.

ks-chithra-singer-4

മിന്നെടി മിന്നെടി മിന്നാമിനുങ്ങേ, മിന്നും നക്ഷത്രപ്പെണ്ണേ....

ആയിടയ്ക്കു ബാലു കിരിയത്ത് സംവിധാനം ചെയ്ത ‘തകിലുകൊട്ടാമ്പുറം’ എന്ന സിനിമയില്‍ സംഗീതസംവിധാനം ചെയ്തതു കോളജിലെ സുശീലാദേവി ടീച്ചറിന്റെ സഹോദരനാണ്. അതിൽ പാടാൻ എനിക്ക് അവസരം വന്നു.

ചെന്നൈയിലാണു റിക്കോര്‍ഡിങ്. തലേദിവസം അവിടെയെത്തി. വെളുപ്പിനു തന്നെ സ്റ്റുഡിയോയിലേക്ക്. നാട്ടില്‍ ഗാനമേളകളില്‍ മാത്രം പാടിയ എനിക്കു നൂറോളം ആളുകൾ സംഗീതോപകരണങ്ങൾ വായിച്ചു ലൈവായി റിക്കോര്‍ഡിങ് ചെയ്യുന്ന സ്റ്റുഡിയോ കണ്ടപ്പോൾ തന്നെ തല കറങ്ങി. കൂടെ പാടുന്നത് ആരാ, സാക്ഷാല്‍ യേശുദാസ്. കാത്തിരിപ്പിനൊടുവില്‍ ദാസേട്ടന്‍ വന്നു. എങ്ങനെയെങ്കിലും തീര്‍ന്നാല്‍ മതിയെന്നു പ്രാര്‍ഥിച്ചാണു പാടിയത്. പാട്ടിനിടയില്‍ ചിരിക്കുന്ന ഒരു ഭാഗമുണ്ട്, എനിക്കു ചിരിയേ വന്നില്ല. അന്ന് എനിക്കു വേണ്ടി ചിരിച്ചതു ടീച്ചറാണ്.

രണ്ടു പാട്ടും പാടി പുറത്തിറങ്ങിയപ്പോൾ ദാസേട്ടന്‍ ഒ രു ബൊക്കെ തന്നു. ആ നിമിഷം മറക്കാനാകില്ല. താറാവ് എന്ന അടുത്ത സിനിമയിലേക്കു പാടാൻ വിളിച്ചതു ദാസേട്ടൻ തന്നെയാണ്. അന്നു ചെന്നൈയിലെ തരംഗിണി സ്റ്റുഡിയോയിൽ വച്ചൊരു പെണ്‍കുട്ടിയെ കണ്ടു, ബേബി സുജാത. ആ സിനിമയിലെ മറ്റൊരു പാട്ടു പാടാന്‍ വന്നതാണ്. അന്നു ചിത്ര പാടിത്തുടങ്ങിയിട്ടു പോലുമില്ല.

ഒൻപതാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണു ചിത്ര ആദ്യമായി സിനിമയ്ക്കു വേണ്ടി സോളോ പാടിയത്. ഒവിആര്‍ സര്‍ സംഗീതസംവിധാനം ചെയ്ത ജ്യോതിസ്സേ... എന്ന പാട്ട്. ആ സിനിമ റിലീസായില്ല. പിന്നെ, കുമ്മാട്ടിയിൽ എം. ജി. രാധാകൃഷ്ണൻ ചേട്ടന്റെ പാട്ടും പാടി. ആയിടയ്ക്കു തന്നെ ആകാശവാണിയുടെ കുട്ടികളുടെ കോറൽ ഗ്രൂപ്പിനൊപ്പം ഡല്‍ഹിയിലും ഒരു പരിപാടിക്കു പാടാൻ പോയി.

എംഎ മ്യൂസിക് പഠിക്കുമ്പോഴാണ് എന്റെ വിവാഹം. വേണുഗോപാലിനൊപ്പം വിവാഹശേഷം ദോഹയിലേക്കു പോയതോടെ ഞാൻ പാട്ടുവിട്ടു. അന്നു ചിത്ര പ്രീഡിഗ്രി പഠിക്കുകയാണ്. ഇടയ്ക്ക് ഒരിക്കൽ കൂടി ചിത്ര നിര്‍ബന്ധിച്ച് എന്നെ പാടിച്ചു. സ്‌നേഹപൂര്‍വം മീരയിലെ ആ പാട്ട് ചിത്രയ്ക്കൊപ്പമാണു പാടിയത്.

ചെമ്പകപ്പൂ മൊട്ടിന്നുള്ളില്‍ വസന്തം വന്നൂ.....

ചിത്രയുടെ ആദ്യ ഹിറ്റ് പാട്ടിനു പിന്നിൽ ദൈവത്തിന്റെ കയ്യൊപ്പുണ്ട്. ഞാൻ ഏകനാണ് എന്ന സിനിമയുടെ റിക്കോര്‍ഡിങ് നടക്കുന്നു. എം. ജി. രാധാകൃഷ്ണൻ ചേട്ടനാണു സംഗീതം. അതിലെ രണ്ടു പാട്ടുകൾക്കു ട്രാക്കു പാടാനാണ് ചിത്ര പോയത്. റിക്കോര്‍ഡിങ് വൈകിയപ്പോൾ ചിത്രയെ കൂട്ടാനായി അച്ഛൻ സ്റ്റുഡിയോയിലേക്കു ചെന്നു. അവിടെവച്ച് അച്ഛനെ നടൻ മധു കണ്ടു, ആ സിനിമയുടെ പ്രൊഡ്യൂസർ അദ്ദേഹമാണ്. അവിടെ വീണ്ടുമൊരു ഫ്ലാഷ്ബാക് ഉണ്ട്. യൂണിവേഴ്‌സിറ്റി കോളജില്‍ അച്ഛന്റെ ജൂനിയറായിരുന്നു മധു. അച്ഛന്റെ പാട്ടിന്റെ ആരാധകനാണ് അദ്ദേഹവും.

കണ്ട പാടേ മധു സാര്‍ വിവരം തിരക്കി, മോളെ വിളിക്കാന്‍ വന്നെന്നു പറഞ്ഞപ്പോൾ ‘എവിടെ’ എന്നു ചോദ്യം. അകത്തു ‘രജനീ പറയൂ...’ ട്രാക്ക് പാടുന്ന ചിത്രയെ കൺസോളിലൂടെ മധുസാർ കണ്ടു, പാട്ടു കേട്ടു. പിറ്റേന്ന് ആ സന്തോഷ വാര്‍ത്തയെത്തി. സിനിമയില്‍ ആ പാട്ടു പാടുന്നതു ചിത്ര തന്നെയാണ്. ദാസേട്ടനൊപ്പം ‘പ്രണയവസന്തം തളിരണിയുമ്പോൾ...’ എന്ന ഡ്യുയറ്റുമുണ്ട്.

ആ സമയത്തു പി. ജയചന്ദ്രനൊപ്പം ഗാനമേളകളിൽ ചിത്ര പാടി. കോളജിൽ ബിഎ അവസാന വര്‍ഷം ആയതേ ഉള്ളൂ. ഒരു ദിവസം ദാസേട്ടന്റെ സഹോദരന്‍ ആന്റണി വീട്ടില്‍ വന്നു, ദാസേട്ടന്റെ ബഹ്റൈൻ ഷോയ്ക്കു വേണ്ടി ചിത്രയെ വിളിക്കാനാണു വരവ്. അങ്ങനെയാണു ചിത്രയ്ക്കു പാസ്‌പോർട്ട് എടുത്തത്. അന്നുമിന്നും ചിത്ര ടെന്‍ഷനടിച്ചു കണ്ടിട്ടുള്ളതു പ്രോഗ്രാമിനു മുൻപാണ്. രണ്ടു പാട്ടു കഴിയുമ്പോഴേക്കും അതു മാറും.

രാധാകൃഷ്ണന്‍ ചേട്ടന്റെ റിക്കോര്‍ഡിങ് കണ്ടക്ട് ചെയ്തിരുന്നതു ജെറി അമല്‍ ദേവ് മാഷാണ്. ആ പരിചയം വച്ചു ചിത്രയെ ‘എന്റെ മാമാട്ടിക്കുട്ടിയമ്മ’യിലേക്കു വിളിച്ചു. പിന്നെ രവീന്ദ്രന്‍ മാഷിന്റെ പാട്ട്. അതു പാടാന്‍ ചെന്നൈയിലേക്കു പോയ ചിത്രയെയും അച്ഛനെയും മാഷ് നേരിട്ടു വന്നു വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോയി. ആ പാട്ടാണു കണ്ണോടു കണ്ണായ സ്വപ്‌നങ്ങള്‍...

fazil-chithra-1

പൂമാനമേ ഒരു രാഗമേഘം താ...

നോക്കെത്താ ദൂരത്തു കണ്ണുംനട്ട് എന്ന സിനിമ പൂവേ പൂ ചൂടവാ എന്ന പേരില്‍ തമിഴിലേക്കു റീമേക്ക് ചെയ്യുന്നു, ഇളയരാജയാണു സംഗീതസംവിധാനം. സംവിധായകന്‍ ഫാസില്‍ നോക്കെത്താ ദൂരത്തിന്റെ കസറ്റ് രാജാസാറിനു കൊടുത്തു. അതു കേട്ട പിറകേ ചിത്രയെ നേരിട്ടു കാണണമെന്നു രാജാസാര്‍ പറഞ്ഞു. ചിത്രയെ സാറിന്റെ വീട്ടി ൽ കൊണ്ടുപോയതു ദാസേട്ടന്റെ മാനേജരായ കുഞ്ഞുണ്ണിയാണ്. കണ്ട പാടേ ഒരു കീര്‍ത്തനം പാടിപ്പിച്ചു. തെലുങ്കിലുള്ള അതിലെ ചില വാക്കുകൾ പിരിച്ചു പാടിയതിന്റെ തിരുത്തുകളൊക്കെ സാര്‍ പറഞ്ഞുകൊടുത്തു. പിറകേ ഒരു ചോദ്യം, ‘നാളെ റിക്കോർഡിങ്ങിനു വരാമോ...’

അപ്പോഴേക്കും അച്ഛൻ അസുഖബാധിതനായി, ഓ റൽ കാൻസറായിരുന്നു. അന്നൊക്കെ രാവിലെ റിക്കോര്‍ഡിങ് കഴിഞ്ഞു വൈകിട്ടു ചിത്ര നാട്ടിലേക്കു വിമാനം കയറും. അടുത്ത റിക്കോര്‍ഡിങ്ങിനു വീണ്ടും ചെന്നൈയിലേക്ക്. യാത്രകൾ വലച്ചതോടെ അവിടെ വീടു നോക്കി. ഈ തിരക്കുകൾക്കിടയിലും ചിത്ര മ്യൂസിക്കില്‍ എംഎ പാസ്സായി.

ജാനകിയമ്മയെ ചിത്ര ദൈവത്തെ പോലെയാണു കണ്ടത്. തളിരിട്ട കിനാക്കൾ തൻ... ഗാനമേളകളില്‍ അവളുടെ പതിവു പാട്ടായിരുന്നു. ദോഹയിലേക്കു പോയതോടെ ഞാൻ ചിത്രയുടെ പാട്ടുകൾ കേൾക്കുന്നതു കസറ്റില്‍ മാത്രമായി ചുരുങ്ങി. അങ്ങനെയിരിക്കെ ചിത്ര ഒരു പ്രോഗ്രാമിനു വന്നു. അ‍ഞ്ചോ ആറോ വർഷങ്ങൾക്കു ശേഷമാണ് ബേബി പാടുന്നതു കാണാൻ അവസരം കിട്ടുന്നത്. ഞാൻ ശ്വാസമടക്കി കാത്തിരുന്നു. മൈക്കിലൂടെ ആ ശബ്ദം കേട്ടു, ‘സത്യം ശിവം സുന്ദരം...’ സന്തോഷം കൊണ്ടു കരഞ്ഞു പോയി, പെര്‍ഫെക്ഷന്‍ ടു ദ കോര്‍ എന്നു പറയില്ലേ. അത്ര മനോഹരമായി അവൾ പാടി.

സൂര്യനായ് തഴുകിയുറക്കമുണര്‍ത്തുമെന്‍ അച്ഛനെയാണെനിക്കിഷ്ടം...

‘മലര്‍കളേ മലര്‍കളേ...’ റെക്കോർഡ് ചെയ്തതു രാത്രി പത്തു മണിക്കു ശേഷമാണ്. ചെല്ലുമ്പോള്‍ അവിടെ എ.ആർ. റഹ്മാനുണ്ട്. ഞാനും പാട്ടുകാരിയാണെന്നു ചിത്ര പരിചയപ്പെടുത്തിയപ്പോൾ ‘ഒരു സിഡി കൊടുങ്കോ’ എന്നു റഹ്മാന്‍. പിന്നെ ആ വഴിക്കു പോയിട്ടില്ല.

1985ലാണു ചിത്രയ്ക്ക് ആദ്യത്തെ സംസ്ഥാന അവാർഡ് കിട്ടിയത്, ആ വർഷം തന്നെ സിന്ധുഭൈരവിയിലെ പാട്ടുകൾക്കു ദേശീയ അവാർഡ് കിട്ടി. ബേബിക്കൊപ്പം ഡ ല്‍ഹിയില്‍ പോകാന്‍ അച്ഛന് ആരോഗ്യമില്ലായിരുന്നു. ഞാനും ഭര്‍ത്താവുമാണ് അന്ന് ഒപ്പം പോയത്. പുരസ്കാര ചടങ്ങ് ആശുപത്രിക്കിടക്കയിലിരുന്ന് അച്ഛന്‍ ടിവിയില്‍ കണ്ടു.

എപ്പോഴും ആരെങ്കിലും കൂടെ ഉള്ളതാണു ചിത്രയുടെ ധൈര്യം. അച്ഛനാണ് എല്ലായിടത്തും കൂട്ടുപോയത്. കിടപ്പിലായതോടെ അച്ഛനു ചിത്രയുടെ വിവാഹം കാണമെന്നു മോഹം. പാട്ടിനു പ്രോത്സാഹനം നൽകുന്നൊരാളെ തന്നെ വേണമെന്ന് അച്ഛൻ ശഠിച്ചു. ചിത്രയുടെ കൂട്ടുകാരികൾ കൂടിയായ നർത്തകിമാർ രാജിയുടെയും ജാനകിയുടെയും ചേട്ടന്‍ വിജയന്റെ വിവാഹാലോചന വന്നു. വിശാഖപട്ടണത്ത് എന്‍ജിനീയറായി ജോലി ചെയ്യുകയാണ് അന്നു വിജയന്‍. എല്ലാവർക്കും സമ്മതം. തിടുക്കപ്പെട്ടാണു വിവാഹ നിശ്ചയം നടത്തിയത്. അതു കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിൽ അച്ഛൻ മരിച്ചു.

അമ്മയുടെ മരണവും വേദനിപ്പിക്കുന്ന ഓർമയാണ്. അച്ഛന്റെ മരണശേഷം അമ്മ നാട്ടില്‍ തന്നെയായിരുന്നു. ഡയബറ്റിസിനും കൊളസ്ട്രോളിനും ഹൃദയസംബന്ധമായ ചെറിയ തകരാറിനുമൊക്കെ മരുന്നു കഴിച്ചുകൊണ്ടിരുന്ന അമ്മ കുറച്ചു വർഷങ്ങൾ കഴിഞ്ഞു ചിത്രയുടെ അടുത്തേക്കു പോയി. ആയിടയ്ക്ക് അനിയന്റെ വിവാഹം ഉറപ്പിച്ചു. ദോഹയില്‍ നിന്നു കുടുംബസമേതം ചിത്രയുടെ അടുത്തുവന്ന ഞാൻ വിവാഹത്തിനുള്ള ഷോപ്പിങ്ങൊക്കെ കഴിഞ്ഞു തിരുവനന്തപുരത്ത് എത്തിയതിന്റെ പിറ്റേന്നു ചെന്നൈയിൽ നിന്നു കോൾ, ‘മമ്മിയുടെ മാറിടത്തിൽ ഒരു മുഴ കണ്ടു, ആർസിസിയിൽ പോകണം.’

കാൻസറാണെന്നു തിരിച്ചറിഞ്ഞ പാടേ എത്രയും വേഗം സര്‍ജറി ചെയ്യണമെന്ന് അമ്മയ്ക്കു വാശി. അനിയന്റെ വിവാഹം കഴിയും വരെ കാത്തിരിക്കാമെന്നു ബന്ധുക്കളൊക്കെ പറഞ്ഞെങ്കിലും നിർബന്ധം കാരണം പെട്ടെന്നു തന്നെ ഓപറേഷൻ നടത്തി. എല്ലാ പരിശോധനകളും പൂര്‍ത്തിയാക്കി എങ്കിലും അന്നു രാത്രി അമ്മയ്ക്ക് ഹൃദയാഘാതം വന്നു, മരിച്ചു. അനിയന്റെ വിവാഹം കാണാൻ അമ്മയ്ക്കു ഭാഗ്യം ഉണ്ടായില്ല.

കണ്ണാന്തുമ്പീ പോരാമോ... എന്നോടിഷ്ടം കൂടാമോ...

എല്ലാവരുടെയും ജന്മനാളും വിശേഷങ്ങളുമൊക്കെ ഓർത്തുവച്ച് ആശംസകൾ നേരുന്നതു ചിത്രയുടെ ശീലമാണ്. പുതിയ കലണ്ടര്‍ കിട്ടിയാല്‍ അപ്പോൾ തന്നെ ഓരോ വിശേഷദിവസവും അവൾ മാര്‍ക് ചെയ്തുവയ്ക്കും. ഏതു രാജ്യത്തായിരുന്നാലും അന്നു രാവിലെ ചിത്രയുടെ വിളിയെത്തും, പിറകേ ഫോണിലേക്കു സന്തോഷ ചിത്രങ്ങളടങ്ങിയ ആൽബവും. ജോലിക്കാരെയും വിളിച്ചു വിഷ് ചെയ്യാൻ ഒരു മടിയുമില്ല.

ഇങ്ങനെ കുറേ ചിട്ടകളുണ്ട് ബേബിക്ക്. എല്ലാ മാസവും ഏകാദശി നോക്കും.വിദേശത്തേക്കു പോകേണ്ടി വന്നാൽ ലഗേജിനൊപ്പം കൃഷ്ണവിഗ്രഹവും കൊണ്ടുപോകും, ഏ കാദശി പൂജ മുടക്കില്ല. നമുക്കു ദേഷ്യം വരുന്ന മറ്റൊരു ശീലം കൂടിയുണ്ട്. യാത്ര കഴിഞ്ഞു വരുന്നത് എത്ര രാത്രിയിലായാലും ലഗേജ് തുറന്ന് അലക്കാനുള്ള തുണികൾ വാഷിങ് മെഷീനിലും പുതിയവ അലമാരയിലും തരംതിരിച്ചു വയ്ക്കാതെ ഉറങ്ങില്ല. പാട്ടിനു വേണ്ടിയുമുണ്ടു ചിട്ടകൾ. തണുത്ത ഭക്ഷണവും അധികം എരിവുമൊന്നും കഴിക്കില്ല. ഞങ്ങൾ രണ്ടുപേരും ഡയബറ്റിക് ആണ്, പക്ഷേ, മധുരം കണ്ടാല്‍ വിടില്ല. റവ ലഡു, ഇലയട, ചക്കയപ്പം, മൈസൂര്‍ പാക്, കേസരി... ചിത്രയ്ക്കു ചോക്‌ലറ്റും വലിയ ഇഷ്ടമാണ്.

നോട്ട്ബുക്കിലാണു പാടാനുള്ള പാട്ടുകൾ ചിത്ര എഴുതുന്നത്. പ്രൊഡക്‌ഷന്‍, ഗാനരചന, സംഗീതം, അഭിനേതാക്കൾ തുടങ്ങിയ വിവരങ്ങളൊക്കെ ഒപ്പമെഴുതും. പാടിത്തുടങ്ങിയ കാലം തൊട്ടുള്ള ഈ പാട്ടുപുസ്തകങ്ങള്‍ വച്ചിരിക്കുന്ന പെട്ടി യാത്രകളിൽ ചിത്ര കയ്യിൽ നിന്നു താഴെ വയ്ക്കില്ല, എങ്ങാനും കളഞ്ഞു പോയാലോ എന്നാണു പേടി. പാട്ടാണു ചിത്രയുടെ ജീവൻ. അതെന്നും അങ്ങനെ തന്നെയാകട്ടെ.

രൂപാ ദയാബ്ജി

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ