Wednesday 15 April 2020 04:22 PM IST

ചലഞ്ച് ഏറ്റെടുക്കാം: ഡെങ്കിപ്പനിയും ചിക്കുൻഗുനിയയും തടയാം

Sruthy Sreekumar

Sub Editor, Manorama Arogyam

sruthy-story

ഈ ലോക് ഡൗൺ കാലം പല തരം ചലഞ്ചുകൾ നമ്മൾ ദിവസേന കാണുന്നുണ്ട്. അതിലേക്ക് രോഗ പ്രതിരോധമെന്ന ചലഞ്ച് കൂടി ഉൾപ്പെടുത്തിയാലോ? പറഞ്ഞു വരുന്നത് കോവിഡിനെ പ്രതിരോധിക്കുന്ന കാര്യമല്ല. മറിച്ച് ഇനി വരാൻ തക്കം പാർത്തിരിക്കുന്ന ഡെങ്കിപനി, ചിക്കുൻഗുനിയ തുടങ്ങിയ രോഗങ്ങളെക്കുറിച്ചാണ്. 

അതേ കേരളത്തിൽ മഴക്കാലം തുടങ്ങാൻ പോകുന്നു. ഇപ്പോൾ തന്നെ പലയിടങ്ങളിലും വേനൽമഴ നന്നായി ലഭിക്കുന്നുമുണ്ട്. ഈ സമയത്ത് ഒരു കൊച്ചു വില്ലൻ നമുക്കിടയിൽ പതുങ്ങിയിരിപ്പുണ്ട്. ഡെങ്കിപനി, ചിക്കുൻഗുനിയ പോലുള്ള രോഗങ്ങൾ പരത്തുന്ന കൊതുക് എന്ന വില്ലൻ. ഈ വില്ലനെ ഒതുക്കാനും രോഗങ്ങളെ പ്രതിരോധിക്കാനും ഉള്ള ചലഞ്ച് ഏറ്റെടുക്കാം.

* രണ്ട് മില്ലി വെള്ളത്തിൽ പോലും വളരാൻ കഴിവുള്ള കൊതുകുകളാണ് ഡെങ്കിപ്പനിയും ചിക്കുൻഗുനിയയും പരത്തുന്ന ഈഡിസ് കൊതുകുകൾ.

* നമ്മുടെ പറമ്പിലേക്ക് ഒന്ന് നോക്കൂ. ജാതിക്കയുടെ തൊണ്ട്, കൊക്കോയുടെ തോട്, റബ്ബർ മരങ്ങൾ ഉണ്ടെങ്കിൽ റബ്ബർപാൽ ശേഖരിക്കുന്ന ചിരട്ടകൾ തുടങ്ങിയ ധാരാളം വസ്തുക്കൾ കാണാം. ഇവയിൽ കെട്ടി നിൽക്കുന്ന വെള്ളത്തിൽ പോലും കൊതുക് വളരാം. 

. ചിരട്ടകളിൽ കെട്ടി നിൽക്കുന്ന വെള്ളം കമഴ്ത്തി കളയണം. ജാതിയ്ക്കയുടെയും മറ്റും തോട് കത്തിച്ചുകളയുകയോ മണ്ണിൽ കുഴിച്ചിടുകയോ ചെയ്യാം.

* വീടിന്റെ പരിസരത്ത് പാത്രങ്ങളിലും മറ്റും നിറഞ്ഞിരിക്കുന്ന വെള്ളം ആഴ്ചയിൽ ഒരു തവണ കമഴ്ത്തി കളയണം.

* ചെറിയ പ്ലാസ്റ്റിക് കുപ്പികൾ, കുപ്പിയുടെ അടപ്പുകൾ എന്നിവ ശേഖരിച്ച് .ഒരു ചാക്കിൽ കെട്ടി വയ്ക്കുക.

* പന്തലായി ഉപയോഗിക്കുന്ന ടാർപോളിൻ ഷീറ്റുകളുടെ മുകളിൽ മഴവെള്ളം കെട്ടി നിൽക്കാം. ഇത് കുത്തി കളയണം.

* ഉപയോഗശൂന്യമായ ടയറുകളിൽ വെള്ളം കെട്ടി നിന്നാൽ അതു കമഴ്ത്തി കളയാൻ പ്രയാസമാണ്. ടയറുകൾ എവിടെയെങ്കിലും തൂക്കിയിടുക. താഴ്ഭാഗത്ത് ഒരു തുള കൂടി ഇട്ടാൽ അതിനുള്ളിലെ വെള്ളം പോകും. അല്ലെങ്കിൽ ടയറിനുള്ളിൽ മണ്ണ് കൊണ്ട് മൂടുക. അതിൽ ചെടി നട്ടുവളർത്താം.

* വീടിനുള്ളിൽ വെള്ളം ശേഖരിച്ചു വയ്ക്കുന്നുണ്ടെങ്കിൽ അവ നന്നായി മൂടിവയ്ക്കുക. മൂടി വയ്ക്കാത്ത പാത്രമാണെങ്കിൽ ആ വെള്ളം കളഞ്ഞ ശേഷം ചകിരി ഉപയോഗിച്ച് പാത്രം നന്നായി ഉരച്ചു കഴുകുക. അല്ലെങ്കിൽ പാത്രത്തിലെ നനവിൽ കൊതുക് മുട്ട പറ്റിച്ചേർന്ന് ഇരിപ്പുണ്ടാകും. തുടർന്ന് ആവശ്യമെങ്കിൽ വെള്ളം ശേഖരിച്ച ശേഷം മൂടിവയ്ക്കാം.

* ഫ്രിഡ്ജിനു താഴ്ഭാഗത്തെ ട്രേയിലെ വെള്ളവും കൃത്യമായി കളയണം. വീടിനുള്ളിലെ ചെടികളിൽ ഒഴിക്കുന്ന വെള്ളം ശേഖരിക്കുന്ന ട്രേയും ഇടയ്ക്കിടെ വൃത്തിയാക്കണം.

* രോഗം പരത്തുന്ന കൊതുകുകൾ അര കിലോമീറ്ററിൽ കൂടുതൽ പറക്കാറില്ല. അതിനാൽ നമ്മുടെ വീടും പരിസരവും മാത്രമല്ല അയൽപക്കവും വൃത്തിയായി ഇരിക്കണം. നിങ്ങളുടെ വീടിന് അര കിലോമീറ്ററിനു ചുറ്റളവിൽ ഒഴിഞ്ഞ പറമ്പുകൾ ഉണ്ടെങ്കിൽ അവിടെ വൃത്തിയാക്കണം. 

പലപ്പോഴും ഇത്തരം പറമ്പുകൾ മാലിന്യങ്ങൾ ഉപേക്ഷിക്കാനുള്ള ഇടങ്ങളായിരിക്കും. ചുറ്റുമുള്ള വീട്ടുകാർ ഒരുമിച്ച് ചേർന്ന് ഇത്തരം ഇടങ്ങൾ വൃത്തിയാക്കാം.

വിവരങ്ങൾക്ക് കടപ്പാട്

ഡോ: അരുൺ എൻ. ഭട്ട്,               

അസിസ്റ്റന്റ് പ്രഫസർ,   

കമ്മ്യൂണിറ്റി മെഡിസിൻ, പുഷ്പഗിരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, തിരുവല്ല

Tags:
  • Manorama Arogyam
  • Health Tips