Tuesday 17 November 2020 05:02 PM IST

കൊഴുപ്പുരുക്കും മാജിക് സപ്ലിമെന്റോ? ആപ്പിൾ സൈഡർ വിനഗർ ഭാരം കുറയ്ക്കുമോ? മറ്റ് ഔഷധഗുണങ്ങൾ അറിയാം

Asha Thomas

Senior Sub Editor, Manorama Arogyam

applecidar435

ആപ്പിൾ സൈഡർ വിനഗറിന്റെ ഔഷധഗുണങ്ങളെക്കുറിച്ച് ഒരുപാട് അനുഭവസാക്ഷ്യങ്ങൾ കേൾക്കുന്നുണ്ടെങ്കിലും അതിൽ ഈയിടെയായി പ്രചാരം ലഭിക്കുന്നത് ഇതു ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നതാണ്. ഭക്ഷണത്തിനു മുൻപ് ഒന്നോ രണ്ടോ സ്പൂൺ എസിവി കഴിച്ചാൽ വിശപ്പു കുറയുമെന്നും വയർ നിറഞ്ഞതായി തോന്നുമെന്നുമായിരുന്നു കണ്ടത്. ആപ്പിൾ സൈഡർ വിനഗർ വെയ്റ്റ്ലോസ് ഡയറ്റ് അല്ലെങ്കിൽ ആപ്പിൾ സൈഡർ വിനഗർ ഡീടോക്സ് എന്നീ വാക്കുകൾ ഗൂഗിൾ തിരയലിൽ വ്യാപകമായി ഉപയോഗിക്കപ്പെട്ടു. എന്നാൽ, സത്യത്തിൽ ആപ്പിൾ സൈഡർ വിനഗറിന് ഭാരം കുറയ്ക്കാനുള്ള എന്തെങ്കിലും സവിശേഷ കഴിവുണ്ടോ?

അതറിയണമെങ്കിൽ ആപ്പിൾ സൈഡർ വിനഗർ എന്താണെന്ന് അറിയണം.

പുളിപ്പിച്ച ആപ്പിൾ ജ്യൂസിൽ നിന്നാണ് ആപ്പിൾ സൈഡർ വിനഗർ നിർമിക്കുന്നത്. ആദ്യം ആപ്പിൾ ചതച്ചെടുക്കുന്നു. ചതച്ചെടുത്ത നീരിലേക്ക് യീസ്റ്റ് ചേർക്കുന്നു. അതോടെ പഴസത്തിലെ പഞ്ചസാര പുളിപ്പിക്കലിനു വിധേയമായി ആൽക്കഹോളാകുന്നു. ഇതാണ് ആപ്പിൾ സൈഡർ. അടുത്തതായി ഇതിലേക്ക് ആസിഡ് ഫോമിങ് ബാക്ടീരിയ ചേർക്കുന്നു. ഇത് ആൽക്കഹോളിനെ അസറ്റിക് ആസി‍ഡ് ആക്കുന്നു. അങ്ങനെ ആപ്പിൾ സൈഡർ വിനഗർ രൂപപ്പെടുന്നു.

അസറ്റിക് ആസിഡ് ആണ് ആപ്പിൾ സൈഡർ വിനഗറിലെ പ്രധാനഘടകം. ആപ്പിൾ സൈഡർ വിനഗറിന് അതിന്റെ പ്രത്യേകഗന്ധവും ചവർപ്പുരുചിയും നൽകുന്നത് അസറ്റിക് ആസിഡാണ്. ആപ്പിൾ സൈഡർ വിനഗറിന്റെ ആരോഗ്യഗുണങ്ങൾക്കു പിന്നിലെ പ്രധാനഘടകവും ഇതുതന്നെയാണെന്നാണ് ഗവേഷണങ്ങൾ പറയുന്നത്.

ഭാരം കുറയ്ക്കുമോ?

ഭാരം കുറയ്ക്കാൻ ഒരു മാജിക്കും ഇല്ലെന്നും ആപ്പിൾ സൈഡർ വിനഗറിന് കൊഴുപ്പുരുക്കുന്നതിലൊന്നും പ്രത്യേകിച്ച് ഒരു റോളുമില്ലെന്നുമാണ് ചില ഗവേഷകർ പറയുന്നത്. പക്ഷേ, മൃഗങ്ങളിൽ നടത്തിയ ചില പരീക്ഷണഫലങ്ങൾ കാണിക്കുന്നത് എസിവി പലതരത്തിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നാണ്.

∙ അമിതശരീരഭാരമുള്ള എലികളിൽ നടത്തിയ പഠനത്തിൽ അസറ്റിക് ആസിഡ് കൊഴുപ്പ് അടിയുന്നത് തടയുമെന്നും അവയുടെ ഉപാപചയപ്രക്രിയ മെച്ചപ്പെടുത്തുന്നതായും കണ്ടു. മനുഷ്യരിൽ നടത്തിയ പഠനത്തിലും ചില പൊസിറ്റീവ് പ്രതികരണങ്ങൾ ലഭിച്ചിട്ടുണ്ട്. 2009ൽ 175 പേരിൽ നടത്തിയ ട്രയലിൽ വിനഗർ മൂന്നുമാസം കഴിച്ചവരിൽ (ദിവസം ഒന്നോ രണ്ടോ ടേബിൾസ്പൂൺ) കഴിക്കാത്തവരെ അപേക്ഷിച്ച് മിതമായ ഭാരനഷ്ടം ഉണ്ടായതായും ട്രൈഗ്ലിസറൈഡ് നിരക്ക് കുറഞ്ഞതായും കണ്ടു. മറ്റൊരു ചെറിയ പഠനത്തിൽ വിനഗർ കഴിച്ചവരിൽ വേഗം വയർ നിറഞ്ഞതായി തോന്നിപ്പിച്ചുവെന്നും കണ്ടു.

പക്ഷേ, ഈ പഠനങ്ങളൊന്നും ആപ്പിൾ സൈഡർ വിനഗറിനെക്കുറിച്ചു പ്രത്യേകമായി നടത്തിയവയല്ല.

∙ മറ്റൊരു പഠനത്തിൽ കാലറി നിയന്ത്രിച്ച ഡയറ്റിങ്ങിലായിരുന്നവർക്ക് ആപ്പിൾ സൈഡർ വിനഗർ കൂടി നൽകി. 12 ആഴ്ചകൾക്കു ശേഷം പരിശോധിച്ചപ്പോൾ ആപ്പിൾ സൈഡർ വിനഗർ കൂടി കഴിച്ചവരിൽ അതെടുക്കാത്തവരെ അപേക്ഷിച്ച് കൂടുതൽ ഭാരനഷ്ടം ഉണ്ടായതായി കണ്ടു.

ചുരുക്കിപ്പറഞ്ഞാൽ ഭാരം കുറയ്ക്കുന്നതിന് ആപ്പിൾ സൈഡർ വിനഗറിന് എന്തെങ്കിലും പ്രത്യേക സിദ്ധിയുണ്ടെന്നു ഉറപ്പിച്ചുപറയാൻ ശാസ്ത്രീയമായ തെളിവുകൾ കുറവാണ്. പക്ഷേ, മിതമായ ഉപയോഗം കൊണ്ട് ഗുണമുണ്ടായെന്നു വരാം.

മറ്റു ഗുണങ്ങൾ

ആപ്പിൾ സൈഡർ വിനഗറിനു മറ്റു പല ആരോഗ്യഗുണങ്ങളും ഉണ്ടെന്ന് പഠനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.

∙ ആപ്പിൾ സൈഡർ വിനഗർ രക്തത്തിലെ പഞ്ചസാരയുടെ നിരക്ക് കുറയ്ക്കുന്നു. എലികളിൽ നടത്തിയ ഒരു പഠനത്തിൽ, ആപ്പിൾ സൈഡർ വിനഗർ കരളിന്റെയും പേശികളുടെയും ഗ്ലൂക്കോസ് ആഗിരണം മെച്ചപ്പെടുത്തുന്നതായി കണ്ടിരുന്നു. ഇതിലെ അസറ്റിക് ആസിഡ് കാർബോഹൈഡ്രേറ്റിന്റെ ദഹനത്തെയും ശരീരത്തിലേക്കുള്ള ഗ്ലൂക്കോസ് ആഗിരണത്തെയും നിയന്ത്രിക്കാൻ സഹായിക്കുന്നു.

∙ ഹൃദ്രോഗം തടയുന്നു. ചീത്ത കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ്, വിഎൽഡിഎൽ എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു.

ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക

ആപ്പിൾ സൈഡർ വിനഗർ വല്ലപ്പോഴുമൊക്കെ ഉപയോഗിക്കുന്നതുകൊണ്ട് ദോഷമൊന്നുമില്ല.

∙ പതിവായോ വർധിച്ച അളവിലോ ഉപയോഗിക്കുന്നത് ഒഴിവാക്കുക. അമ്ലസ്വഭാവമുള്ളതായതിനാൽ തൊണ്ടയിലും മറ്റും പ്രശ്നങ്ങൾ വരുത്താം.

നേർപ്പിച്ചു കഴിക്കുന്നതാണ് ഉത്തമം. ഇല്ലെങ്കിൽ പല്ലിന്റെ ഇനാമലിനു നാശം വരാം. ഒന്നോ രണ്ടോ ടേബിൾ സ്പൂൺ എസിവി എടുത്ത് ഒരു ഗ്ലാസ്സ് വെള്ളത്തിൽ നേർപ്പിച്ചു കഴിക്കുന്നതാണ് ഉത്തമം.

∙ എസിവി ശരീരത്തിലെ പൊട്ടാസ്യം നിരക്കു കുറയ്ക്കുമെന്നു പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. അതുകൊണ്ട് ബിപി മരുന്നു കഴിക്കുന്നവർ ശ്രദ്ധിച്ച് ഉപയോഗിക്കുക.

∙ ഇൻസുലിൻ നിരക്കിനെയും വിനഗർ സ്വാധീനിക്കുന്നുണ്ട്. അതുകൊണ്ട് പ്രമേഹത്തിനു മരുന്നു കഴിക്കുന്നവരും വളരെ ശ്രദ്ധിച്ചുമാത്രം ഉപയോഗിക്കുക

∙ വൃക്കരോഗമുള്ളവരുടെ വൃക്കയ്ക്ക് ഈ ആസിഡിനെ സംസ്കരിക്കാൻ കഴിയണമെന്നില്ല. സൂക്ഷിച്ച് ഉപയോഗിക്കുക.

ആപ്പിൾ സൈഡർ വിനഗർ ഭാരം കുറയ്ക്കാനുള്ള മാജിക് സപ്ലിമെന്റല്ല. കൊഴുപ്പും കാലറിയും കുറഞ്ഞ ഡയറ്റിനോ വ്യായാമത്തിനോ പകരമല്ല എസിവി. അവയ്ക്കൊപ്പം ഉപയോഗിക്കുമ്പോൾ കുറച്ചു പ്രയോജനം ലഭിച്ചേക്കാമെന്നു മാത്രം.

വിവരങ്ങൾക്ക് കടപ്പാട്: മനോരമ ആരോഗ്യം ആർകൈവ്

Tags:
  • Manorama Arogyam
  • Diet Tips