Thursday 20 January 2022 11:42 AM IST : By മനോരമ ആരോഗ്യം റിസർച്ച് ഡസ്ക്

കഫമുള്ള ചുമയും കടുത്ത ശരീരവേദനയും: ഒമിക്രോണിന്റെ ലക്ഷണങ്ങളും ചികിത്സയും അറിയാം

omi3243

ഒമിക്രോണിൽ ശരീരവേദനയും തലവേദനയും കൂടുതലായി കാണുന്നു ∙ ഡോക്ടർ നിർദേശിച്ചാൽ മാത്രം ആന്റിബയോട്ടിക് ചികിത്സ മതി

തലസ്ഥാനത്ത് രണ്ടുപേരെ പരിശോധിക്കുമ്പോൾ ഒരാൾക്ക് കോവിഡ് എന്ന അവസ്ഥയാണെന്നു റിപ്പോർട്ടുകൾ നാം കണ്ടുകഴിഞ്ഞു. ഒമിക്രോൺ തീ പോലെ പടരുകയാണ്. കോവിഡ് കേസുകളിൽ വലിയതോതിൽ വർധനവ് ഉണ്ടാകുന്നത് പരിഭ്രാന്തി സൃഷ്ടിക്കുന്നുണ്ട്. വീടുകളിൽ എല്ലാവരും കോവിഡ് ബാധിതരായി പരിചരിക്കാൻ ആളില്ലാതെ വരുന്ന സാഹചര്യവുമുണ്ട്്. ഈ സാഹചര്യത്തിൽ ചികിത്സയിലും പരിചരണത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളേക്കുറിച്ച് പറയുകയാണ് ആലപ്പുഴ മെഡിക്കൽ കോളജിലെ മെഡിസിൻ വിഭാഗം പ്രഫസർ ഡോ. ബി. പത്മകുമാർ.

ശരീരവേദനയും ക്ഷീണവും കൂടുതൽ

ഇപ്പോൾ 90 ശതമാനവും മൈൽഡ് ആയ കോവിഡ് കേസുകളാണ് വരുന്നത്. അതിന് ലക്ഷണത്തിന് അനുസരിച്ചുള്ള മരുന്നല്ലാതെ കൂടുതൽ ചികിത്സകളുടെയൊന്നും ആവശ്യം വരുന്നില്ല. കൊറോണയുടെ തന്നെ വകഭേദമാണ് ഒമിക്രോൺ. അതുകൊണ്ട് ലക്ഷണങ്ങളിൽ വലിയ വ്യത്യാസങ്ങളൊന്നുമില്ല. ഡെൽറ്റയ്ക്ക് വരണ്ട ചുമയും ഒമിക്രോണിന് കഫമുള്ള ചുമയും എന്നാണ് പറയുന്നത്. ഡെൽറ്റയുമായി താരതമ്യം ചെയ്യുമ്പോൾ ഒമിക്രോണിനാണ് ശരീരവേദന, തലവേദന, ക്ഷീണം പോലുള്ള ലക്ഷണങ്ങൾ കൂടുതലായി കാണുന്നു എന്നാണ് ചെറിയ ചില പഠനങ്ങൾ പറയുന്നത്. ഛർദി പോലുള്ള ലക്ഷണങ്ങളും ചിലരിൽ കാണുന്നു.

ലക്ഷണം അനുസരിച്ച് മരുന്നു കഴിക്കുക

ഒമിക്രോണിന് എന്തെങ്കിലും പ്രത്യേകിച്ച് മരുന്നു കഴിക്കണോ എന്ന സംശയം ചിലർക്കുണ്ട്. ഏതുതരം കോവിഡ് ആയാലും ലക്ഷണം അനുസരിച്ചുള്ള ചികിത്സ മതി. നല്ല ആരോഗ്യമുള്ള, മറ്റ് രോഗങ്ങൾ ഒന്നും ഇല്ലാത്തവരാണെങ്കിൽ പനിയും ശരീരവേദനയും ഉള്ളവപ്പോൾ പാരസിറ്റമോൾ കഴിക്കുക. തൊണ്ടവേദനയ്ക്ക് ഉപ്പുവെള്ളം പിടിക്കാം, സുരക്ഷിതമായ വേദനസംഹാരികൾ കഴിക്കാം. ആവശ്യമെങ്കിൽ ആന്റി ഹിസ്റ്റമിനും കഴിക്കാം. ധാരാളം വെള്ളം കുടിക്കുകയും പോഷകഗുണമുള്ള വീട്ടിലുണ്ടാക്കുന്ന ഭക്ഷണം കഴിക്കുകയും നന്നായി വിശ്രമിക്കുകയും ചെയ്യുക.

ആദ്യഘട്ടത്തിൽ ആന്റിബയോട്ടിക് വേണ്ട

കോവിഡ് ചികിത്സയുടെ ഭാഗമായി അനാവശ്യമായും അമിതമായുമുള്ള (Misuse & Overuse) ആന്റിബയോട്ടിക് ഉപയോഗം വ്യാപകമാണ്. കോവിഡ് ഉള്ളവരുമായി ഇടപഴകൽ ഉണ്ടായിക്കഴിഞ്ഞ് ചിലർ പ്രതിരോധമരുന്ന് എന്ന നിലയിൽ ആന്റിബയോട്ടിക് കഴിക്കുന്ന അവസ്ഥ പോലുമുണ്ട്. തൊണ്ടവേദന ഉണ്ടെങ്കിൽ നേരേ അസിത്രോമൈസിൻ കഴിക്കുന്നവരുമുണ്ട്. പലരും രണ്ടു ദിവസം കഴിച്ചിട്ട് നിർത്തുകയും ചെയ്യും. അസിത്രോമൈസിൻ ഇങ്ങനെ ഉപയോഗിക്കുന്നത് വലിയ അപകടമാണ്. ഇത്തരത്തിലുള്ള ഉപയോഗം മൂലം, വളരെ ഫലപ്രദമായ ഈ ആന്റിബയോട്ടിക് ഭാവിയിൽ തീരെ ഗുണംചെയ്യാത്ത സാഹചര്യം വരും.

ഈ കഴിഞ്ഞ കോവിഡ് കാലത്ത് ആന്റിബയോട്ടിക് ഉപയോഗം ആഗോളമായി വൻതോതിൽ വർധിച്ചതായി ചില പഠനങ്ങൾ സൂചന നൽകുന്നുണ്ട്. 20–30 ശതമാനം വർധനവുള്ളതായാണ് കാണുന്നത്. കോവിഡ് വന്നുപോയെന്നു വരാം, അപ്പോഴേക്കും ആന്റിബയോട്ടിക് പ്രതിരോധം പുതിയൊരു വിപത്തായി നമ്മുടെ മുൻപിൽ ഉരുത്തിരിഞ്ഞുകഴിഞ്ഞു. അതുകൊണ്ട് പനിയുടെ തുടക്കത്തിലേ ആന്റിബയോട്ടിക് കഴിക്കേണ്ടതില്ല. ഡോക്ടർ നിർദേശിച്ചെങ്കിൽ മാത്രം ഉപയോഗിച്ചാൽ മതി. ഉപയോഗിച്ചുതുടങ്ങിയാലും ലക്ഷണം മാറിയാലുടൻ നിർത്തരുത്, ആ ഡോസ് കംപ്ലീറ്റ് ചെയ്യണം. അതുപോലെ സ്റ്റിറോയ്‌ഡ് ഉപയോഗവും ജാഗ്രതയോടെ മതി. അമിതമായും അനാവശ്യവുമായുള്ള സ്റ്റിറോയ്ഡ് ഉപയോഗം ബ്ലാക്ക് ഫംഗസ് പോലുള്ള മറ്റ് പ്രശ്നങ്ങൾക്ക് ഇടയാക്കും.

എപ്പോൾ ഡോക്ടറെ കാണണം?

മൂന്നു ദിവസമായിട്ടും പനി കുറയുന്നില്ലെങ്കിലോ ചുമ, ശ്വാസംമുട്ടൽ, ഒാക്സിജൻ സാച്ചുറേഷൻ കുറയുക, ശ്വസനനിരക്ക് വർധിക്കുക പോലുള്ള സാധാരണല്ലാത്ത ലക്ഷണങ്ങൾ അനുഭവപ്പെട്ടാലോ ഒരു ഡോക്ടറുടെ നിർദേശം തേടുക.

പ്രായമുള്ളവരും പ്രമേഹം, ബിപി, അർബുദം എന്നിങ്ങനെയുള്ള ഏതെങ്കിലും രോഗങ്ങൾ ഉള്ളവരും അവയവ മാറ്റത്താലോ മറ്റെന്തെങ്കിലും കാരണത്താലോ രോഗപ്രതിരോധശേഷി കുറവുള്ളവരും തുടക്കത്തിലേ തന്നെ ഡോക്ടറുടെ അഭിപ്രായം ചോദിച്ച് അവർ നിർദേശിക്കുന്ന മരുന്നുകൾ കഴിക്കുക.

ജലദോഷവും കോവിഡും

രാവിലെ മഞ്ഞും പകൽ വെയിലുമായുള്ള ഈ പ്രത്യേക സീസണിൽ സാധാരണ ജലദോഷവും ഫ്ളൂവും ഒക്കെ കേരളത്തിൽ വ്യാപിക്കുന്നുണ്ട്. ഇതും കോവിഡുമായി വേർതിരിച്ചറിയാൻ പ്രയാസമാണ്. പനി വന്നാലും ജലദോഷം വന്നാലും ലക്ഷണം അനുസരിച്ചുള്ള മരുന്ന് കഴിച്ച് സ്വയം മറ്റുള്ളവരിൽ നിന്ന് അകലംപാലിച്ച് കഴിയുക എന്നതാണ് പ്രായോഗികമായിട്ടുള്ളത്.

ടെസ്റ്റുകൾ കുറയ്ക്കുക

ഒരു ജലദോഷം വരുമ്പോഴേ ഒാടിപ്പോയി കോവിഡ് സെൽഫ് ടെസ്റ്റ് കിറ്റ് വാങ്ങി പരിശോധിക്കുന്ന രീതി ഒഴിവാക്കുക. ആരോഗ്യമുള്ള, മറ്റു രോഗങ്ങളില്ലാത്തവർ ജലദോഷം പോലുള്ള പ്രശ്നങ്ങൾ കണ്ടാൽ സ്വയം മറ്റുള്ളവരിൽ നിന്ന് ഐസൊലേറ്റ് ചെയ്യുക. ടെസ്റ്റ് ചെയ്യേണ്ടതില്ല. പ്രായമുള്ളവർ, മറ്റു രോഗങ്ങളുള്ളവർ, വീടുകളിൽ പ്രായമുള്ളവരുള്ളവരോ രോഗികളോ ഉള്ളവർ, കോവിഡ് രോഗിയുമായി അടുത്ത് ഇടപഴകിയവർ, ആരോഗ്യപ്രവർത്തകർ എന്നിവർ മാത്രം ടെസ്റ്റ് ചെയ്താൽ മതി.

ഐസിഎംആർ തന്നെ ടെസ്റ്റിങ് കുറച്ചു കൊണ്ടുവരികയാണ്. ഏഴു ദിവസം വീട്ടിൽ സ്വയം ഐസൊലേഷനിൽ കഴിയുന്നവർ ഏഴാം ദിവസം വീണ്ടും ടെസ്റ്റ് ചെയ്യേണ്ടതില്ല എന്നു പുതിയ നിർദേശമുണ്ട്.

∙ ഫെബ്രുവരിയോടെ കേസുകൾ കുറഞ്ഞേക്കാം.

സൗത്ത് ആഫ്രിക്കയിലും മറ്റും ഒമിക്രോണിന്റെ വലിയ വേലിയേറ്റത്തിനു ശേഷം ഇപ്പോൾ കേസുകൾ കുറഞ്ഞുവരുന്നതായാണ് കാണുന്നത്. കേരളത്തിലും മൂന്ന് നാല് ആഴ്ച കഴിയുന്നതോടെ കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞുവരാനാണ് സാധ്യത. അതുവരേക്കും കൃത്യമായി മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ഇടയ്ക്കിടെ കൈകൾ വൃത്തിയാക്കുകയും ചെയ്യുക.

Tags:
  • Manorama Arogyam