കാഴ്ചകളിലേക്ക് പറക്കാൻ ഇഷ്ടപ്പെടുന്നവരുടെ പാതയാണ് ജബൽ ഹഫീത്. യുഎഇയിൽ നിന്നു ഒമാൻ അതിർത്തിയിലേക്ക് യാത്ര ചെയ്തിട്ടുള്ളവർ അനുഭവിച്ചറിയുന്നു മരുഭൂമിയിലെ നീളമേറിയ പാത പകരുന്ന ഹരം. 3900 അടി ഉയരത്തിൽ, മലയുടെ മുകളിലൂടെയാണ് പതിനൊന്നര കിലോമീറ്റർ ഹൈവേ നിർമിച്ചിട്ടുള്ളത്. ലോകത്ത് ഏറ്റവുമധികം ആളുകൾ ഫോട്ടോ എടുക്കുന്ന റോഡുകളുടെ പട്ടികയിൽ മൂന്നാം സ്ഥാനം ജബൽ ഹഫീത്തിനാണ്. കിഴക്കൻ അറേബ്യയിലെ അൽ ഹജാർ മലനിരയിൽ തവാം പ്രവിശ്യയിലാണ് ജബൽ ഹഫീത് റോഡ്. എൻജിനിയറിങ് വൈദഗ്ധ്യത്തിന്റെ അദ്ഭുതമാണു ജബൽ ഹഫീത്. ജർമനി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കമ്പനിയാണ് റോഡിന്റെ മാസ്റ്റർ പ്ലാൻ തയാറാക്കിയതെന്നു പറയപ്പെടുന്നു.
മൂന്നു വരിപ്പാതയിൽ രണ്ടെണ്ണം മുകളിലേക്കു കയറാനും ഒരു റോഡ് താഴേയ്ക്കുള്ളതുമാണ്. മരുഭൂമി താണ്ടി മലയിലേയ്ക്കു ചുണ്ണാമ്പു പാറകളിലൂടെയാണു റോഡ് നിർമിച്ചിട്ടുള്ളത്. മഴ പെയ്യുമ്പോൾ ഇടിഞ്ഞിറങ്ങി ‘വാദി’ (തോട്) രൂപപ്പെടുന്നവയാണ് ഗൾഫിലെ മലമ്പ്രദേശങ്ങൾ. അപകട സാധ്യത ഒഴിവാക്കിയുള്ള നിർമാണം ജബൽ ഹഫീത്തിനെ ലോക പ്രശസ്തമാക്കി. വാഹനങ്ങൾ കുതിച്ചു പായുന്ന പാതയിൽ നിന്നാൽ യുഎഇയുടെ മനോഹര ദൃശ്യം ക്യാമറയിൽ പകർത്താം. മഞ്ഞും പൊടിക്കാറ്റുമില്ലാത്ത ദിവസങ്ങളിൽ അയൽരാജ്യമായ ഒമാൻ കാണാം.
അമേരിക്കയിലെ പെന്റഗൺ ആസ്ഥാനമായുള്ള പെന്റഗൺ മോട്ടർ ഗ്രൂപ്പ് നടത്തിയ സർവെയിൽ ജബൽ ഹഫീത്ത് റോഡിന് എഴുപതു ലക്ഷം ‘ഹാഷ് ടാഗ് ’ കണ്ടെത്തി. ഓരോ കിലോമീറ്ററിലും 4840 ഫോട്ടോ എടുക്കപ്പെട്ടുവെന്നാണു കണക്ക്. ലോകത്ത് ഏറ്റവുമധികം ആളുകൾ ഫോട്ടോ എടുക്കുന്ന റോഡുകളുടെ പട്ടികയിൽ ജബൽ ഹഫീത്തിന് മൂന്നാം സ്ഥാനം ലഭിച്ചു. റോഡ് ട്രിപ്പിനു ‘നമ്പർ വൺ’ പാത ഓസ്ട്രേലിയയിലെ ഗ്രേറ്റ് ഓഷ്യൻ റോഡാണ്. കലിഫോർണിയയിലെ ബിഗ് സൂറിനാണു രണ്ടാം സ്ഥാനം.
അൽ മുബസ്സറ അൽ കദ്രയാണ് ഹഫീത് റോഡ് യാത്രയിൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്നത്. ഗ്രീൻ മുബസ്സറ എന്നറിയപ്പെടുന്ന മലമ്പ്രദേശമാണ് അൽ കദ്ര. ഇവിടെ മനോഹരമായ പാർക്ക്, ഹോട്ട് സ്പ്രിങ് വാട്ടർ, കുട്ടികളുടെ കളിസ്ഥലം, തടാകം, സ്വിമ്മിങ് പൂൾ എന്നിവയുണ്ട്. ഹഫീത് റോഡ് യാത്രയ്ക്ക് കൂടുതൽ പേർ എത്തിയതോടെ സമീപത്ത് അണക്കെട്ട്, പാർക്ക് എന്നിവ നിർമിച്ചു. മലയുടെ മുകളിൽ മിലിറ്ററി ക്യാംപ് ഉണ്ട്. അവിടെ പഴയ കൊട്ടാരം നിലനിൽക്കന്നതായി ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.