Friday 11 June 2021 11:38 AM IST : By Namitha sudhakaran

ലാൻഡ് ഓഫ് ഹൈ പാസ്: മലമടക്കുകളിൽ നമിത കണ്ടത്

1 - leh

തെളിഞ്ഞ നീലാകാശവും അവയെ തൊട്ടുരുമ്മുന്ന മലയിടുക്കുകളും. പറന്നുയർന്ന് ആദ്യത്തെ അരമണിക്കൂർ കഴിയുമ്പോഴേക്കും വിമാനം ലെയിലെ വശ്യമനോഹരമായ പ്രകൃതിയുടെ മുകളിലൂടെ ഒഴുകി. യാത്രക്കാരെല്ലാം ലഡാക്കിലേക്കാണ്. കശ്മീരിന്റെ ഹൃദയ ഭൂമിയിലേക്ക്. ലേയിലെ വിമാനത്താവളം ചെറുതാണ്. നെടുമ്പാശേരി എയർപോർട്ടിന്റെ നാലിലൊന്നു വലുപ്പമേയുള്ളൂ.

എയർപ്പോർടിൽ കോവിഡ് പരിശോധന പൂർത്തിയാക്കി. ലോക്ഡൗണിനു ശേഷം സന്ദർശകരുടെ എണ്ണം ഗണ്യമായി കുറഞ്ഞുവെന്ന് സെക്യൂരിറ്റി ഉദ്യോഗസ്ഥർ പറഞ്ഞു. വിമാനത്താവളത്തിൽ നിന്നു പുറത്തിറങ്ങി. ആദ്യമായി കശ്മീരിൽ ഇറങ്ങുന്നവർക്ക് ശാരീരിക അസ്വസ്ഥതയ്ക്കു സാധ്യതയുണ്ടെന്ന് നേരത്തേ മനസ്സിലാക്കിയിരുന്നു. അന്തരീക്ഷവുമായി പൊരുത്തപ്പെടും വരെ വിശ്രമിച്ച ശേഷം കാഴ്ചകളിലേക്കു നീങ്ങാനാണു പ്ലാൻ.

മഞ്ഞു പെയ്യുന്ന ഒക്ടോബറിൽ കശ്മീർ അണിഞ്ഞൊരുങ്ങി നിന്നു. കോടമഞ്ഞു മൂടി വെള്ളിയുടുപ്പണിഞ്ഞ മാലാഖയെപ്പോലെ. കശ്മീരിലെ അതിമനോഹരമായ താഴ്‌വരയിലൊന്നാണു ലേ. ലഡാക്കിന്റെ തലസ്ഥാനമെന്നു പറയാം. ലേ – ലഡാക്ക് കാണാൻ ലോകത്തിന്റെ വിവിധ ഭാഗത്തു നിന്ന് ആളുകൾ എത്തുന്നു. ‘ലാൻഡ് ഓഫ് ഹൈ പാസ് ’ എന്നാണ് ലഡാക്ക് അറിയപ്പെടുന്നത്. സമുദ്ര നിരപ്പിൽ നിന്നു ഏറ്റവുമധികം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ‘മോട്ടോർ വേ’ ലോക പ്രശസ്തം. കശ്മീരി ഭാഷയിൽ മലയിടുക്കിനെ പറയുന്ന വാക്കാണ് ‘ല’. ഒട്ടേറെ എന്നാണത്രേ ‘ഡാക്ക്’ എന്ന വാക്കിനർഥം. മലനിരയെന്നു ചുരുക്കി പറയാം. ലേയിലെ റൺവേയിലേക്ക് വിമാനം ഇറങ്ങുമ്പോൾ അതിന്റെ ചിറകുകൾ മലയിൽ ഇടിക്കുമെന്നു ഭയം തോന്നി.

2 - Leh

ഹെമിസ് മൊണാസ്ട്രി

ലേയിൽ ആദ്യ ആകർഷണം പട്ടാള ക്യാംപുകളാണ്. രാജ്യം കാത്തുസൂക്ഷിക്കാൻ രാപകൽ ഉറക്കമൊഴിഞ്ഞ് സൈനികർ കാവലിരിക്കുന്നു. ‘കാരു’ എന്ന സ്ഥലത്താണു മുറി കിട്ടിയത്. കാരുവിൽ നിന്നു ലേ മാർക്കറ്റിലേക്കുള്ള വഴിയുടെ ഇരുവശത്തും ബുദ്ധ സന്യാസികളുടെ ആശ്രമം. മെറൂൺ നിറമുള്ള വസ്ത്രം ധരിച്ച സന്യാസിമാരുടെ ആശ്രമങ്ങൾ ലഡാക്കിന്റെ രാഷ്ട്രീയ ചരിത്രം വിളിച്ചു പറയുന്നു. കാരു – ലെ മാർക്കറ്റ് റോഡിൽ ഒട്ടേറെ സിനിമകൾ ചിത്രീകരിച്ചിട്ടുണ്ട്. 3 ഇഡിയറ്റ്സ് ഇക്കൂട്ടത്തിൽ പ്രശസ്തം.

ഹെമിസ് മൊണാസ്ട്രി പതിനൊന്നാം നൂറ്റാണ്ടിലാണ് നിർമിച്ചത്. 1762ൽ നവീകരണം നടത്തിയ ആശ്രമത്തിലെത്താൻ ലേയിൽ നിന്നു നാൽപ്പത്തഞ്ചു കി.മീ സഞ്ചരിക്കണം. ഹെമിസ് ആശ്രമം കുന്നിന്റെ ചെരിവിലാണ്. ആ താഴ്‌വര നിറയെ മരങ്ങളുണ്ട്. മഞ്ഞു പെയ്താൽ ഇലപൊഴിയും. ചില്ലകൾ വെള്ള പുതച്ച് ശിൽപരൂപികളാകും. കുന്നിനു മുകളിൽ പ്രകൃതിക്ക് അനുയോജ്യമായി പ്രത്യേകം ഡിസൈൻ ചെയ്തിരിക്കുന്നു. ആശ്രമത്തിന്റെ നിർമാണത്തിൽ വാസ്തുവിദ്യയുടെ മികവു തെളിഞ്ഞു കാണാം. മരങ്ങളിലും കരിങ്കല്ലുകളിലും ശിൽപികളുടെ വൈദഗ്ധ്യം തിരിച്ചറിയാം. ആശ്രമത്തിന്റെ ചുമരുകളിൽ വിവിധ തരം ശിൽപങ്ങൾ കൊത്തിവച്ചിട്ടുണ്ട്. രണ്ടു ക്ഷേത്രങ്ങളാണ് ആശ്രമത്തിലുള്ളത്. ബുദ്ധനാണ് പ്രതിഷ്ഠ. സന്യാസികൾ അവിടെ പ്രാർഥന നടത്തുന്നു. ‌നേരത്തേ ഇവിടെ അന്നദാനം ഉണ്ടായിരുന്നു. ലഡാക്ക് സന്ദർശകർ ആശ്രമത്തിൽ നിന്നാണു ഭക്ഷണം കഴിക്കാറുള്ളത്. കോവിഡ് വ്യാപനത്തിനു ശേഷം ഭക്ഷണവിതരണം നിർത്തി. ക്ഷേത്രത്തിൽ ഏറ്റവും ഉയരത്തിലുള്ള പ്രതലത്തിലാണ് ‘പദ്മസംഭവ ബുദ്ധന്റെ’ വിഗ്രഹം. ദർശനത്തിനു പടി കയറിച്ചെല്ലണം. ഉദിച്ചുയരുന്ന സൂര്യന്റെ കിരണങ്ങൾ ബുദ്ധവിഗ്രഹത്തിനു സ്വർണ നിറം ചാർത്തി. ജൂൺ – ജൂലൈയിലാണ് പദ്മസംഭവ ക്ഷേത്രത്തിൽ ഉത്സവം. ‘ഹെമിസ് ഫെസ്റ്റിവൽ’ ആഘോഷിക്കാൻ വിദേശികളും എത്താറുണ്ട്.

തിക്സെയാണ് ലേയിലെ മറ്റൊരു ആശ്രമം. അവിടെ എത്തിയാൽ ബുദ്ധന്റെ പ്രതിമയും സന്യാസികളുടെ പ്രാർഥനയും കാണാം. ഗോംപെ എന്നറിയപ്പെടുന്ന ആശ്രമത്തിന്റെ പ്രാർഥനാ ഹാൾ അതിമനോഹരം. ടിബറ്റൻ മൊണാസ്ട്രികളുടെ മാതൃകയിലാണ് തിക്സെയുടെ നിർമാണം.

സിലോപ്സ് ഹിൽ

ഈ യാത്രയിലെ പ്രധാന കാഴ്ചയാണ് ഷെയ് പാലസ് കുന്നിനോടു ചേർന്നു നിൽക്കുന്നു ഈ മന്ദിരം. അനുബന്ധമായി ഗുരുദ്വാരകളുണ്ട്. ആശ്രമത്തിന്റെ ചുമരിനു സമീപത്തു സിലണ്ടറിന്റെ രൂപമുള്ള പ്രാർഥനാ ചക്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. പ്രാർഥനാ ചക്രങ്ങളിൽ ബുദ്ധ സൂക്തങ്ങൾ ആലേഖനം ചെയ്തിരിക്കുന്നു. കുത്തനെ ഘടിപ്പിച്ചിട്ടുള്ള ചക്രങ്ങൾ കറക്കുന്നതാണ് പ്രാർഥനാ രീതി. നിരയായി സ്ഥാപിച്ചിട്ടുള്ള ചക്രങ്ങൾക്കു മുന്നിൽ നിന്നു ഫോട്ടോയെടുക്കാൻ മത്സരിക്കുന്നവരെ കണ്ടു. കുന്നിന്റെ നെറുകയിലാണ് ഷെ പാലസ്. ‘ശാക്യ ബുദ്ധ’യുടെ ശിൽപമാണ് പ്രധാന ആകർഷണം. ശിൽപത്തിനു മുപ്പത്തൊൻപത് അടി ഉയരമുണ്ട്. ശാക്യ ബുദ്ധയെ കണ്ടതിനു ശേഷം ലികിർ മൊണാസ്ട്രിയിലേക്കു പോയി. വൈകിട്ട് ആറിനു ശേഷം ആശ്രമത്തിൽ സ്ത്രീകൾക്കു പ്രവേശനമില്ല.

പിറ്റേന്നു നിമുവിലേക്കു നീങ്ങി. കശ്മീരിന്റെ ഗ്രാമത്തനിമയുടെ നേർചിത്രമാണു നിമു. ചൈനയിൽ ഉദ്ഭവിക്കുന്ന ഇൻഡസ് നദിയും സൻസ്കാർ നദിയും സംഗമിക്കുന്നതു നിമുവിലാണ്. ലെയിൽ നിന്ന് ഉദ്ദേശം 35 കി.മി തെക്കു – കിഴക്ക് ലെ – കാർഗിൽ മെയിൻ റോഡിലൂടെയാണു യാത്ര. ഈ പാതയോരത്ത് വിനോദസഞ്ചാരികൾക്കു വാഹനം വാടകയ്ക്കു നൽകുന്ന കടകളുണ്ട്. കോവി‍ഡ് വ്യാപനത്തെ തുടർന്ന് ഇവിടുത്തെ കച്ചവടക്കാരുടെ ജീവിതമാർഗം സ്തംഭിച്ചു.

ലേ – നിമു യാത്രികരുടെ രണ്ടു സന്ദർശന കേന്ദ്രങ്ങളാണു പത്തർ ഗുരുദ്വാര, മാഗ്‌നെറ്റിക് ഹിൽ എന്നിവ. പത്തറിൽ എത്തിയപ്പോൾ ഉച്ചയായി. ഗുരുനാനാക്ക് സ്മാരകമാണു പത്തർ.. സൈനികർക്കാണു ഗുരുദ്വാരയുടെ മേൽനോട്ട ചുമതല. ലെയിൽ നിന്നു നിമുവിലേക്കു റോഡ് നിർമാണ സമയത്തു കണ്ടെത്തിയ വലിയ പാറയാണ് ഇവിടെ പ്രധാന ആകർഷണം. കുന്നിനു മുകളിലാണ് കല്ല്. ഈ കല്ലിൽ പ്രാർഥനാ വാക്യം ആലേഖനം ചെയ്തിട്ടുണ്ട്.

കാന്തിക ശക്തിയുണ്ടെന്നു കരുതപ്പെടുന്ന മാഗ്‌നെറ്റിക് ഹില്ലിലേക്ക് ഗുരുദ്വാരയിൽ നിന്നു കുറച്ചു ദൂരമേയുള്ളൂ. ‘സിലോപ്സ് ഹിൽ’ എന്നാണ് ഇവിടം അറിയപ്പെടുന്നത്. കറുപ്പു നിറമുള്ള കാന്തിക മല ഒറ്റനോട്ടത്തിൽ തിരിച്ചറിയാം. മലയുടെ കാന്തിക ശക്തി അവിടെ നിന്നാൽ അനുഭവിക്കാം. ‘‘റോഡിൽ അടയാളപ്പെടുത്തിയ വരയിൽ വാഹനം നിർത്തുക. കാന്തികശക്തി അനുഭവിച്ചറിയുക’’ വഴിയോരത്ത് സ്ഥാപിച്ച ബോർഡിൽ എഴുതി വച്ചിട്ടുണ്ട്. വരയുടെ സമീപത്തേക്കു വാഹനം നീങ്ങിയപ്പോൾ കാറ്റിൽ അകപ്പെട്ട പോലെ ഒരു വശത്തേക്ക് പിടിച്ചു വലിക്കുന്നതായി അനുഭവപ്പെട്ടു. പ്രകൃതിയുടെ അദ്ഭുതം അനുഭവിച്ചറിഞ്ഞു.

പിന്നീട് സംഗമയിലേക്കാണു പോയത്. ഇൻഡസ് നദിയും സൻസ്കാർ നദിയും സംഗമിക്കുന്നതു നിമുവിലാണ്. നദികൾ ലയിക്കുന്ന സ്ഥലംമാണു‘സംഗമ’. നദികളുടെ സംഗമം ആസ്വദിക്കാൻ പുഴയോരത്ത് ഇരിപ്പിടങ്ങൾ ഒരുക്കിയിട്ടുണ്ട്. നദിയിൽ ഇറങ്ങുന്നവരുടെ സുരക്ഷയ്ക്കായി കൈവരി കെട്ടിയിട്ടുണ്ട്.

ചൈനയിൽ ഉൽഭവിച്ച് ഇന്ത്യയിലേക്ക് ഒഴുകുന്ന ഇൻഡസ്. ഹിമാലയത്തിൽ ഉദ്ഭവിച്ച് താഴ്‌വരയിലേക്കു പ്രവഹിക്കുന്ന സൻസ്കർ. ഈ നദികൾ നിമുവിൽ ഒന്നായിത്തീർന്നതിനു ശേഷം പാക്കിസ്ഥാനിലേക്ക് ഒഴുകുന്നു. ഇൻഡസിലെ വെള്ളത്തിനു പച്ച നിറമാണ്. സൻസ്കറിലെ ജലം ഇളം പച്ച. സംഗമസ്ഥാനത്ത് ഇതു രണ്ടും വെവ്വേറെ തിരിച്ചറിയാം. മൂന്നു രാജ്യങ്ങളുടെ സംസ്കാരവും ചരിത്രവും ഓളങ്ങളിൽ വഹിച്ചു കുതിച്ചു പായുന്ന നദിയുടെ ദൃശ്യചാരുത മനം കവർന്നു.

പാങ്ങോങ്ങിലെ പക്ഷികൾ

പിറ്റേന്നു രാവിലെ പാങ്ങോങ് തടാകം കാണാനായി പുറപ്പെട്ടു. ഇന്ത്യ – ചൈന അതിർത്തിയിലുള്ള തടാകം സന്ദർശിക്കാൻ എത്തുന്നവർ സൈന്യത്തിന്റെ അനുമതി വാങ്ങണം. അഞ്ചു മണിക്കൂർ യാത്രയ്ക്കൊടുവിൽ ഉച്ചയ്ക്ക് തടാകത്തിന്റെ തീരത്ത് എത്തി. വൈറസ് വ്യാപനത്തെ തുടർന്നു നിയന്ത്രണം കർശനമാക്കിയതിനാൽ സന്ദർശകർ കുറവായിരുന്നു. ഉദ്ദേശം 134 കി.മീ വിസ്താരമുള്ള തടാകം. ‘പാങ്ങോങ് ടി എസ് ഒ’ എന്നറിയപ്പെടുന്ന തടാകം അഞ്ച് ചെറിയ തടാകങ്ങളായി പരന്നു കിടക്കുന്നു. കുറച്ചു ഭാഗം ഇന്ത്യയിൽ. ബാക്കി ചൈന, ടിബറ്റ് അതിർത്തിക്കുള്ളിൽ. മോഹമുണ്ടാക്കുന്നത് എന്നാണത്രേ പാങ്ങോങ്ങിന്റെ അർഥം. ആ വാക്ക് അക്ഷരം പ്രതി ശരിയെന്ന് അവിടെ എത്തിയപ്പോൾ മനസ്സിലായി.

മഞ്ഞു പെയ്തു തുടങ്ങിയാൽ പാങ്ങോങ്ങിലെ വെള്ളം ഐസായി മാറും. ലോകത്ത് ഏറ്റവും വലിയ ഉപ്പുവെള്ളതടാകമെന്നാണു പാങ്ങോങ്ങിന്റെ പ്രശസ്തി. കശ്മീരിലെ മലയുടെ നെറുകയിൽ ഉപ്പുവെള്ളം നിറയുന്നത് പ്രകൃതിയിലെ മറ്റൊരു കൗതുകം. പാങ്ങോങ്ങിന്റെ തീരത്ത് ലോകത്തിന്റെ വിവിധ ഭാഗത്തു നിന്നുള്ള ദേശാടനപ്പക്ഷികളുണ്ട്. ഒറ്റയ്ക്കും കൂട്ടമായും അവ പറന്നുയരുന്നതു കണ്ടു. പാങ്ങോങ് സന്ദർശകർ സമീപത്തുള്ള താങ്സെ എന്ന സ്ഥലത്ത് ക്യാംപ് ചെയ്യാറുണ്ട്.

3 - leh

ഒട്ടകസവാരി

ലെ മാർക്കറ്റും നൂബ്രവാലിയുമാണ് ഇനി കാണാനുള്ളത്. ആദ്യം മാർക്കറ്റിലേക്കു തിരിച്ചു. വിനോദസഞ്ചാരികൾ തിക്കിത്തിരക്കിയിരുന്ന തെരുവ് വിജനം. കടകൾ പകുതി തുറന്നതു പോലെയാണു പ്രവർത്തിക്കുന്നത്. ടൂറിസ്റ്റുകൾ കുറഞ്ഞതിനാൽ സാധനങ്ങൾ മുറിക്കുള്ളിൽ പൂട്ടി വച്ചിരിക്കുകയാണെന്നു കടയുടമ പറഞ്ഞു. ലഡാക്കിലുള്ളവർ നെയ്ത കമ്പിളി ഭംഗിയുള്ളതാണ്. തൊപ്പി, സോക്സ്, കമ്പിളി എന്നിവ വിൽപനയ്ക്കു വച്ചിട്ടുണ്ട്.

ലെ – നുബ്രാവാലി റോഡിലാണ് കർദുങ്‌ലാ പാസ്. ലോകത്ത് ഏറ്റവും ഉയരമേറിയ പാതയെന്നാണു കർദുങ്‌ലാ അറിയപ്പെടുന്നത്. സമുദ്ര നിരപ്പിൽ നിന്നു 18379 അടി ഉയരത്തിലാണ് ഈ റോ‍ഡ്. ഈ പാത അവസാനിക്കുന്ന സ്ഥലമാണു നുബ്രവാലി. താഴ്‌വരയിൽ ആപ്രിക്കോട് മരങ്ങളുണ്ട്. നുബ്രയിൽ എത്തുന്നവരുടെ സന്ദർശന കേന്ദ്രമാണു ഹണ്ടർ. തണുത്ത മരുഭൂമിയെന്നാണു ഹണ്ടർ അറിയപ്പെടുന്നത്. മണൽക്കുന്നിനു സമീപത്തുള്ള നദിയാണു ഷിയോക്ക്. മരുഭൂമിയും മലയും പുഴയും ഒത്തുചേർന്ന് പ്രദേശമാണു ഹണ്ടർ. നുബ്ര താഴ്‌വരയിലെത്തുന്നവർക്കു സവാരി നടത്താൻ ഒട്ടകങ്ങളുണ്ട്. ഒട്ടകപ്പുറത്തു കയറി മണൽക്കൂനയിലൂടെ സവാരി നടത്തുന്നത് രസകരമായ അനുഭവമാണ്.

എത്ര ദിവസം കണ്ടാലും മതിവരാത്ത കാഴ്ചകളാണ് ലഡാക്കിലേത്. മലയും പുഴയും താഴ്‌വരയും മനസ്സു കീഴടക്കി. വൈറസിന്റെ ശക്തി കുറഞ്ഞ് സഞ്ചാരികൾ എത്തുന്നതു കാത്തിരിക്കുകയാണ് മഞ്ഞു പെയ്യുന്ന താഴ്‌വര.