Saturday 12 June 2021 11:34 AM IST : By M.G. Jidhun

തൃശൂർപ്പൂരം പോലെ ആകാശത്ത് നിറങ്ങളുടെ കുടമാറ്റം: ‘സൂര്യനും ഭൂമിയും പിടിവലി’

3 - northern

യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന ഒരാൾ സ്വപ്നസാക്ഷാത്കാരത്തിനു ശേഷം എഴുതിയ അനുഭവക്കുറിപ്പ്. ആത്മാർഥമായി ശ്രമിച്ചാൽ ലക്ഷ്യത്തിൽ എത്തിച്ചേരുമെന്ന് ഇതിനാൽ സാക്ഷ്യപ്പെടുത്തുന്നു. ‘ഐസ് ലൻഡ്’ സന്ദർശിച്ചു. പ്രകൃതിയുടെ പ്രകാശ പ്രതിഭാസമായ ‘അറോറ ബോറിയാലിസ്’ ക്യാമറയിൽ പകർത്തി. മലപോലെ മഞ്ഞു കട്ടകൾ ഉയർന്നു നിൽക്കുന്ന സ്ഥലമാണ് ഐസ് ലാൻഡ‍്. യൂറോപ്പിലെ ആ രാജ്യം സന്ദർശിക്കാൻ ഒന്നര ലക്ഷം രൂപ ചെലവായി. രാപകൽ വ്യത്യാസമില്ലാതെ അധ്വാനിച്ചാണ് അത്രയും രൂപ സ്വരുക്കൂട്ടിയത്. മുടക്കിയെ പണത്തിന്റെ മൂല്യത്തെക്കാൾ പത്തിരട്ടി വലുപ്പമുള്ള ദൃശ്യങ്ങൾക്കു സാക്ഷ്യം വഹിച്ചു. ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം. ‌

ഫൊട്ടോഗ്രഫി തുടങ്ങിയ കാലത്ത് വ്യൂ ഫൈൻഡറിൽ തെളിയുന്ന നിറങ്ങൾ കൗതുകമായിരുന്നു. ഫ്രെയിമിന്റെ അളവിലേക്ക് ദൃശ്യത്തെ ഒതുക്കാനുള്ള പരീക്ഷണങ്ങൾ ഹരമായി. ഗൂഗിളിന്റെ ഇമേജ് വിഭാഗത്തിൽ നിറക്കൂട്ടുകൾ തിരഞ്ഞു. അങ്ങനെയൊരു തിരച്ചിലിനിടയിലാണ് Aurora Borealis കണ്ടത്. അറ്റ്ലാന്റിക് സമുദ്രത്തിലെ ഒരു ദ്വീപിന്റെ ആകാശത്തു വിരിയുന്ന വർണ വിസ്മയം – നോർത്തേൺ ലൈറ്റ്സ്. അന്നു മുതൽ നോർത്തേൺ ലൈറ്റ്സിനെ കുറിച്ച് കൂടുതൽ അറിയാൻ ശ്രമിച്ചു. ഈ സമയത്താണ് ‘സഞ്ചാരി’ ഫേസ്ബുക്ക് കൂട്ടായ്മയിൽ കൈലാസ് മേനോൻ എന്ന യാത്രികൻ ഐസ് ലൻഡ് യാത്രാവിവരണം പോസ്റ്റ് ചെയ്തത്. ഇക്കാര്യം സുഹൃത്തും ഫൊട്ടോഗ്രഫറുമായ നവനീതിനോടു പറഞ്ഞു.

ട്രാവൽ ഏജൻസിയിൽ അന്വേഷിച്ചപ്പോൾ ഐസ് ലൻഡ് യാത്രയ്ക്കു ചെലവ് 1.30 ലക്ഷം രൂപ. അന്നുവരെയുള്ള ബാങ്ക് അക്കൗണ്ട് ബാലൻസിനെക്കാൾ വലിയ തുക. ഫൊട്ടോഗ്രഫിയിൽ കമ്പമുള്ള കുറച്ചു സുഹൃത്തുക്കളോടു യാത്രയെ കുറിച്ചു പറഞ്ഞു. ഐസ് ലൻഡിൽ പ്രകൃതിയൊരുക്കുന്ന വർണവിസ്മയം കാണാൻ ആറു പേർ തയാർ. ഞങ്ങൾ എട്ടു പേർ വെഡ്ഡിങ് ഫൊട്ടോഗ്രഫിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. യാത്രയ്ക്കുള്ള തുക സ്വരൂപിച്ചു.

1 - northern

Aurora Borealis

ബെംഗളൂരുവിൽ നിന്ന് ആംസ്റ്റർഡാം വഴി ഐസ് ലാൻഡ്. പത്തു ദിവസത്തെ യാത്ര – റിങ് റോഡ് 1332 കെഎം റൗണ്ട് ട്രിപ്പ്. ഭക്ഷണം പാകം ചെയ്യാൻ അനുവാദമുള്ള ഹോസ്റ്റൽ മുറി ഓൺലൈനിൽ ബുക്ക് ചെയ്തു. ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് രജിസ്റ്റർ ചെയ്താൽ ഐസ് ലൻഡിൽ ആറു മാസം വണ്ടിയോടിക്കാൻ പെർമിറ്റ് ലഭിക്കും. ഹാഫ് കുക്ഡ് ചപ്പാത്തി, ഡ്രൈ ഫ്രൂട്സ്, ചോക്ലേറ്റ് എന്നിവ ബാഗിൽ നിറച്ച് ഞങ്ങൾ വിമാനം കയറി.

ആംസ്റ്റർഡാമിൽ നിന്നു പറന്നുയർന്ന വിമാനം റെയ്ക്ജെവിക് വിമാനത്തിൽ ലാൻഡ് ചെയ്തു. ഐസ് ലൻഡിന്റെ തലസ്ഥാന നഗരമാണു റെയ്ക്ജെവിക്. അവിടെ നിന്നു ഹോസ്റ്റലിലേക്കു രണ്ടു മണിക്കൂർ ടാക്സി യാത്ര. ആധുനിക നഗരമാണു റെയ്ക്ജെവിക്. സിറ്റിയിലെ ഹോസ്റ്റൽ മുറിയിൽ മികച്ച താമസ സൗകര്യം ലഭിച്ചു.

തെളിഞ്ഞ അന്തരീക്ഷമുള്ള സ്ഥലങ്ങളിൽ മാത്രമേ നോർത്തേൺ ലൈറ്റ്സ് തെളിഞ്ഞു കാണാൻ സാധിക്കൂ. അനുയോജ്യമായ സ്ഥലം തിരഞ്ഞ് ഞങ്ങൾ ഡ്രൈവ് ചെയ്തു. വീതിയുള്ള റോഡിന്റെ ഇരുവശവും മഞ്ഞു പുതച്ചു കിടക്കുകയാണ്. കൗതുകക്കാഴ്ചകൾ ഏറെയുണ്ടെങ്കിലും എല്ലാവരുടേയും നോട്ടം ആകാശത്തേയ്ക്കാണ്. നീലനിറമണിഞ്ഞ ആകാശത്തു വെള്ളിയരഞ്ഞാണം പോലെയൊരു വര കണ്ടു. പതുക്കെപ്പതുക്കെ അതിന്റെ നിറം മാറി. പൊടുന്നനെ ആകാശത്ത് വർണവിസ്മയം വിതറി നോർത്തേൺ ലൈറ്റ്സ് തെളിഞ്ഞു. ഐസ് ലൻഡിൽ വന്നിറങ്ങി ഒരു പകൽ അവസാനിക്കും മുൻപ് അദ്ഭുതക്കാഴ്ചയ്ക്കു സാക്ഷ്യം വഹിച്ചു.

ദ്വീപിന്റെ കഥ

അറ്റ്ലാന്റിക് സമുദ്രത്തിൽ ഗ്രീൻ ലാൻഡിനും നോർവേയ്ക്കും ഇടയിലാണ് ഐസ് ലാൻഡ്. ജനസംഖ്യ മൂന്നേമുക്കാൽ ലക്ഷം. ഔദ്യോഗിക ഭാഷ ഐസ് ലാൻഡിക്. ഭൂഗർഭ സ്ഫോടനങ്ങൾക്കു വിധേയമായി രൂപീകൃതമായ ലാവയുടെ കുന്നുകളും മഞ്ഞുപാളികളുമാണു ഐസ് ലൻഡിന്റെ പ്രകൃതി. ദ്വീപിലെ ഓരോ പ്രദേശങ്ങളിലും കാലാവസ്ഥ വ്യത്യസ്തം. ഐസ് ലൻഡുകാർ സ്കാൻഡിനേവിയൻ സംസ്കാരം പിൻതുടരുന്നു. ഐസ് ലൻഡിൽ ജനിച്ചു വളർന്നവർ മറ്റു യൂറോപ്യൻ രാഷ്ട്രങ്ങളിൽ താമസിക്കുന്നവരേക്കാൾ ആരോഗ്യമുള്ളരാണെന്ന് ഗവേഷകർ കണ്ടെത്തി. വടക്കൻ ജർമനിക്കാരുടെ ഭാഷയാണ് അവിടത്തുകാർ ആദ്യകാലത്ത് സംസാരിച്ചിരുന്നത്. ഐസ് ലൻഡിൽ നിന്നു രണ്ടായിരത്തി എണ്ണൂറു കി.മീ. അകലെയാണ് ഭൂമിയുടെ അറ്റമെന്ന് അറിയപ്പെടുന്ന നോർത്ത് പോൾ.

2 - northern

നോർത്തേൺ ലൈറ്റ്സാണ് ഐസ് ലൻഡിന്റെ പ്രശസ്തി. ഭൂമിയുടെ കാന്തികശക്തിയും സൂര്യകിരണങ്ങളും തമ്മിലുള്ള ‘കൂട്ടിമുട്ടൽ’ ആണത്രേ ആകാശത്തു വർണവിസ്മയം തീർക്കുന്ന നോർത്തേൺ ലൈറ്റ്സ്. സെപ്റ്റംബർ മുതൽ മാർച്ച് വരെ വൈകിട്ട് ആറിനു ശേഷം ഐസ് ലൻഡിന്റെ ആകാശത്തു വർണ വിസ്മയം ദൃശ്യമാകും.

ബ്ലാക്ക് സാൻഡ് ബീച്ച്

തണുത്ത രാജ്യത്തു കാണാനുള്ള സ്ഥലങ്ങളുടെ പട്ടിക ഞങ്ങൾ തയാറാക്കി. സ്കോഗ വെള്ളച്ചാട്ടമാണ് ലിസ്റ്റിൽ രണ്ടാമത്തേത്. അറുപതു മീറ്റർ ഉയരത്തിൽ നിന്നു പതിക്കുന്ന വെള്ളച്ചാട്ടം അതിമനോഹരം. മഞ്ഞിന്റെ സുഷിരങ്ങളിലൂടെ ഭൂമിയിൽ പതിക്കുന്ന സൂര്യപ്രകാശം വെള്ളച്ചാട്ടത്തിനരികെ മഴവില്ലു വിടർത്തി. തുറന്നു പിടിച്ച ക്യാമറയ്ക്ക് അതു മനോഹരമായ ഫ്രെയിമുകൾ സമ്മാനിച്ചു.

ഷാരുഖ് ഖാൻ അഭിനയിച്ച ദിൽവാലെയിലെ ഒരു ഗാനരംഗം ചിത്രീകരിച്ചത് ഐസ് ലൻഡിലെ ബ്ലാക്ക് സാൻഡ് ബീച്ചിലാണ്. വിമാനം തകർന്നു വീണ സ്ഥലം എന്ന പേരിലാണ് ബ്ലാക്ക് സാൻഡ് ബീച്ച് അറിയപ്പെടുന്നത്. കൃഷ്ണശിലകളാണ് (ബസാൾട്ട്) തീരത്തിന്റെ ആകർഷണം. കറുപ്പു ശിലകൾ നിറഞ്ഞ ബീച്ചിന്റെ പശ്ചാത്തലം സയൻസ് ഫിക്‌ഷൻ സിനിമാ രംഗങ്ങൾ പോലെയാണ്.

തണുപ്പിനെ പുതപ്പാക്കിയുള്ള യാത്രയിൽ ക്ഷീണം മാറ്റാനായി ‘ഹോട്ട് സ്പ്രിംഗ് ബാത്ത്’ നടത്തുന്ന സ്ഥലത്തു പോയി. ധാതുസമ്പന്നമായ വെള്ളത്തിൽ മുങ്ങിക്കുളി. മെയ്‌വ്റ്റാൻ പട്ടണത്തിലേക്കു പോകും വഴിയാണ് ഹോട്ട് സ്പ്രിംഗ് ബാത്ത് നടത്തിയത്. മെയ്‌വ്റ്റാൻ തടാകം ലോകപ്രശസ്തം.

മഞ്ഞുമലകളാൽ പ്രശസ്തമായ ജൊക്കുൽസരോൻ കാണാൻ പോയി. ‘നീലഹിമാനി’കൾ അദ്ഭുതകരം. ഉഗ്രസ്ഫോടനം പോലെ മഞ്ഞുപാളികൾ അടർന്നു വീഴുന്ന ശബ്ദം അകലെ നിന്നു കേട്ടു. പൊട്ടിച്ചിതറിയ ഐസു കട്ടകൾ ചിതറിത്തെറിച്ച് വെയിലിൽ തിളങ്ങുന്നതു കണ്ടു.

മഞ്ഞിൽ മുങ്ങിയ രാഷ്ട്രത്തിൽ അതിജീവനത്തിന്റെ മാതൃകയാണ് ഐസ് ലൻഡിലെ പരമ്പരാഗത വിഭവങ്ങൾ. കട്ടിത്തൈര് ഉപയോഗിച്ചു തയാറാക്കുന്ന സ്കിർ, കുതിര ഇറച്ചിയിൽ ഉരുളക്കിഴങ്ങ്, നിലക്കടല എന്നിവ ചേർത്തു പാകം ചെയ്യുന്ന ഹാങിക്ജോട് എന്നിവയാണ് പരമ്പരാഗത വിഭവങ്ങൾ. ക്ലെയ്നുർ എന്നറിയപ്പെടുന്ന ഫ്രൈഡ് പേസ്ട്രി ലോകപ്രശസ്തം. ഇറച്ചിയും മീനും പാലുൽപന്നങ്ങളുമാണ് ഐസ് ലൻഡിലെ ഒട്ടുമിക്ക വിഭവങ്ങളുടേയും ചേരുവ.

4 - northern

അമ്പിന്റെ അടയാളമുളള പർവതം ഐസ് ലൻഡിന്റെ ലാൻഡ് മാർക്കാണ്. പർവതത്തിന്റെ താഴ്‌വരയിൽ വെള്ളച്ചാട്ടമുണ്ട്. ആകാശച്ചെരിവിൽ നോർത്തേൺ ലൈറ്റ്സ് തെളിഞ്ഞതിന്റെ പശ്ചാത്തലത്തിൽ വെള്ളച്ചാട്ടത്തിന്റെ ചിത്രം ലെൻസിൽ പകർത്താൻ അവസരം ലഭിച്ചു. പിന്നീട് ബുഡിർ ബ്ലാക്ക് പള്ളി സന്ദർശിച്ച സമയത്തും പ്രകാശകൗതുകം മാനത്തു തെളിഞ്ഞു. ഒരിക്കലെങ്കിലും കാണണമെന്ന് ആഗ്രഹിച്ച പ്രകൃതിയുടെ വെളിച്ചം ഒരുപാടു തവണ കാണാൻ സാധിച്ചതിന്റെ നിർവൃതിയിലാണ് അന്ന് ഐസ് ലൻഡിനോടു യാത്ര പറഞ്ഞത്. കണ്ടു കൊതി തീർന്നില്ലെന്നു അപ്പോഴും മനസ്സു മന്ത്രിച്ചു. അതിനാലായിരിക്കാം, 2019 മാർച്ചിൽ നോർത്തേൺ ലൈറ്റ്സ് കാണാൻ ഒരിക്കൽക്കൂടി ഐസ് ലൻഡ് സന്ദർശിച്ചു.