തമ്പാനൂർ സ്‌റ്റാന്റിൽനിന്ന് പുലർച്ചെ 5 മണിക്കു തന്നെ ബോണക്കാട് ടോപ് വണ്ടി പുറപ്പെട്ടു. നിദ്രയുടെ ആലസ്യം വിട്ടുണരുന്ന നഗരവഴികളിലൂടെ നീങ്ങിയ വണ്ടിയിൽ സീറ്റിങ് കപാസിറ്റി യാത്രക്കാർ മാത്രമേ ഉള്ളു. നഗരംവിട്ട് പേരൂർക്കട, കരകുളം വഴി നെടുമങ്ങാട് കഴിഞ്ഞതോടെ പ്രകൃതിക്കും കാഴ്ചകൾക്കുമൊക്കെ പ്രകടമായ വ്യത്യാസം. സഹ്യപർവതനിരയുടെ രൂപരേഖകൾ ചക്രവാളത്തിൽ തെളിഞ്ഞു. അന്തരീക്ഷത്തിൽ പുലർകാല മഞ്ഞിന്റെ തണുപ്പ്... ഒന്നേകാൽ മണിക്കൂർകൊണ്ട് ബസ് വിതുരയിലെത്തി. വിതുരയിൽനിന്ന് ബോണക്കാട്ടേക്ക് പോകുന്നവഴിയാണ് ഉന്നതവിദ്യാഭ്യാസത്തിനും ഗവേഷണത്തിനുമൊക്കെയുള്ള കേന്ദ്രഗവൺമെന്റ് സ്ഥാപനം ഐസർ. തുടർന്ന് മുന്നോട്ട് പോകുമ്പോൾ വിതുര ജഴ്സി ഫാം. സ്വന്തം വാഹനത്തിൽ വരുന്നവർക്ക് റോഡിനോട് ചേർന്നുതന്നെ സ്ഥിതി ചെയ്യുന്ന ജഴ്സി ഫാം കാന്റിനിൽനിന്നു പ്രഭാത ഭക്ഷണം കഴിക്കാം. കാരണം, പിന്നീടങ്ങോട്ട് കാര്യമായിട്ടൊന്നും കിട്ടാനിടയില്ലത്രേ!
കുറച്ചു ദൂരം കൂടി മുന്നോട്ട് സഞ്ചരിച്ചപ്പോൾ ഒരു വൈ ജങ്ഷനിലെത്തി. ഇവിടെ ഒരു പാത യു ടേൺ എടുത്ത് മുകളിലേക്ക് കയറുന്നു, ഒരു ശാഖ നേരെ പോകുന്നു. ഇത് കാണിത്തടം. ഇവിടെ വനംവകുപ്പിന്റെ ഒരു ചെക്ക്പോസ്റ്റ് ഉണ്ട്. ബോണക്കാട് ഭാഗത്തേക്കും വാഴ്‌വാന്തോൾ വെള്ളച്ചാട്ടത്തിലേക്കും വഴി പിരിയുന്നത് ഇവിടെവച്ചാണ്. ഇടതുവശത്തേക്ക് യു വളവ് തിരിഞ്ഞ് കയറുന്നത് തേയില എസ്‌റ്റേറ്റിലേക്കും അവിടെനിന്ന് അഗസ്ത്യാർകൂടത്തിലേക്കും പോകാം. വലത്തേക്ക് സഞ്ചരിച്ചാൽ അത് കാട്ടിനുള്ളിലൂടെ വെള്ളച്ചാട്ടത്തിലെത്തിച്ചേരും.
വാഴ്‌വാന്തോൾ പാക്കേജ്
വനംവന്യജിവി വകുപ്പും ചാത്തൻകോട് ഇക്കോ ഡവലപ്മെന്റ് കമ്മിറ്റിയും ഒത്തു ചേർന്നാണ് വാഴ്‌വാന്തോൾ വെള്ളച്ചാട്ടത്തിലേക്ക് ട്രെക്കിങ് പാക്കേജ് ഒരുക്കിയിരിക്കുന്നത്. പത്തുപേർവരെ അടങ്ങുന്ന ഒരു ഗ്രൂപ്പിന് 1000 രൂപ പ്രവേശന ഫീസ്, ഒരു ഗൈഡിന്റെ സേവനവും ഈ ഗ്രൂപ്പിന് കിട്ടും. ഈ പാക്കേജിലൂടെ മാത്രമെ വെള്ളച്ചാട്ടത്തിലേക്ക് പോകാൻ സാധിക്കൂ. ഫീസടച്ച് അൽപസമയം കാത്തിരുന്നപ്പോഴേക്ക് ഗൈഡ് മല്ലൻ കങ്കാണി എത്തി. 9 മണിക്കു ശേഷമേ ട്രെക്കിങ് ആരംഭിക്കൂ.
ബോണക്കാട് മലയുടെ താഴ്‌വരയിലാണ് വാഴ്‌വാന്തോൾ വെള്ളച്ചാട്ടം. ബോണക്കാട് പാലത്തിനടിയിലൂടെ ഒഴുകിയെത്തുന്ന വാഴുവാന്തോട് പോലെ ഒട്ടേറെ നീരുറവകൾ ഒരുമിച്ച് ചേർന്ന് മനോഹരമായ ജലപാതങ്ങൾ തീർക്കുകയാണ്. ചെക്ക്പോസ്‍റ്റിൽനിന്ന് കാട്ടിലൂടെ നാലു കി മീ നടന്നു പോകണം ജലപാതത്തിനരികിലേക്ക്. ആനയുടെയും മറ്റു മൃഗങ്ങളുടെയും വിഹാരകേന്ദ്രം കൂടിയാണ് ഈ കാടുകൾ. വേനൽക്കാലത്ത് വെള്ളച്ചാട്ടത്തിന്റെ ശക്തി അൽപം കുറവാണെങ്കിലും സന്ദർശനത്തിന് ഏറ്റവും അനുയോജ്യമായ സമയം അതു തന്നെയാണ്. കാരണം, മഴക്കാലത്ത് കാടിന്റെ എല്ലാഭാഗത്തുനിന്നും നീരൊഴുക്കു വന്ന് അതി ശക്തമായ വെള്ളച്ചാട്ടമാകും. അതിനോടു ചേർന്നു കിടക്കുന്ന പലഭാഗങ്ങളും ചുഴികളും ഗർത്തങ്ങളും രൂപപ്പെടുന്നതിനാൽ അപകട സാധ്യതയും ഇരട്ടിയാകുന്നു. മാത്രമല്ല കരിമ്പാറക്കെട്ടുകൾ നിറഞ്ഞ വഴി മുഴുവൻ പായലു പിടിച്ച് വഴുക്കലുള്ളതാകും. കണ്ണട്ടയുടെ ശല്യവും രൂക്ഷമാണ് മഴക്കാലത്ത്. വലിയ മഴക്കാലത്ത് സന്ദർശകർക്ക് പ്രവേശനം അനുവദിക്കാറുമില്ല എന്ന് മല്ലൻ കങ്കാണി പറഞ്ഞു.
ചെക്ക് പോസ്‌റ്റ് കഴിഞ്ഞ് ഒരു കി മീ കൂടി വാഹനം സഞ്ചരിക്കും. ചാത്തൻകോട്, ചെമ്പൻകാല, വലിയകാല എന്നിങ്ങനെ മൂന്ന് ആദിവാസി സെറ്റിൽമെന്റാണ് ഈ ഭാഗത്തുള്ളത്. അതിൽ ചാത്തൻകോട് ഊരിന്റെ സമീപംവരെ ഗതാഗതയോഗ്യമായ പാതയുണ്ട്.
കാട്ടുവഴികൾ താണ്ടി
തുടക്കത്തിൽ ട്രക്കിങ് അനായാസമാണ്. സാമൂഹിക വനവത്കരണത്തിന്റെ ഭാഗമായി വച്ചുപിടിപ്പിച്ച യൂക്കാലിയും മാഞ്ചിയവും വളർന്നു നിൽക്കുന്നു ഒരു വശത്ത്. മറുവശത്ത് ഈറ്റയും ചെറിയ മരങ്ങളും. അതിനപ്പുറത്ത് പാറക്കല്ലുകൾക്കിടയിലൂടെ ഒഴുകുന്ന വാഴ്‌വാന്തോട്. വഴിക്ക് ചില സ്ഥലങ്ങളിൽ ആനപ്പിണ്ടവും ഞെരിച്ചമർത്തിയ ചെടിത്തലപ്പുകളും കണ്ടു. കഴിഞ്ഞ ദിവസങ്ങളിലൊക്കെ വെള്ളം കുടിക്കാൻ ആനക്കൂട്ടം ഇവിടെ ഇറങ്ങിയിരുന്നു എന്ന് മല്ലന്‍ കങ്കാണി സൂചിപ്പിച്ചു. രണ്ടു കി മീ നടന്നപ്പോഴേക്കും നടപ്പാതയുടെ വീതി തീരെ കുറഞ്ഞു, കഷ്ടി ഒരു ഒറ്റയടിപ്പാത. പിന്നെ വഴിയിലേക്ക് വീണുകിടക്കുന്ന പാറക്കെട്ടുകളും മണ്ണും ഒക്കെച്ചേർന്ന് ഈ ഒറ്റയടിപ്പാതയും നാമമാത്രമായി. പലപ്പോഴും വലിയ പാറകൾക്കിടയിലൂടെ കടന്നും പാറക്കെട്ടുകൾ പിടിച്ചുകയറിയുമൊക്കെയാണ് മുൻപോട്ടു പോയത്. ഇടയ്ക്ക് പാതയോരത്ത് ഒന്നു രണ്ടു ഗുഹകൾ കണ്ടു. ഒരെണ്ണത്തിനുള്ളിലെ രണ്ട് വലിയ ദ്വാരങ്ങൾ ആന കൊമ്പിട്ടു കുത്തിയതാണത്രേ! പാതയുടെ വലതുവശത്ത് വാഴ്‌വാന്തോട് കൂടുതൽ അടുത്തെത്തിയിരുന്നു, വീതിയും കൂടിയിട്ടുണ്ട്. വെളളച്ചാട്ടത്തിന്റെ ശബ്ദവും നന്നായി കേൾക്കാനായി.
മുക്കാൽ മണിക്കൂർ നടന്നശേഷം പാതയിൽനിന്ന് അൽപം വലത്തേക്ക് തോട്ടിലേക്ക് ഇറങ്ങി. അതാ തൊട്ടുമുന്നിൽ മൂന്നു തട്ടുകളിലൂടെ ഒഴുകിപതിക്കുന്ന വാഴ്‌വാന്തോട്. എന്നാൽ വെള്ളച്ചാട്ടത്തിന്റെ ശബ്ദം കേൾക്കുന്നത് ഇവിടെയല്ല. അത് മുകളിലെ വലിയ വെള്ളച്ചാട്ടത്തിലേതാണ്, മല്ലൻ കാണി പറഞ്ഞു.
ഇവിടെ വാഴ്‌വാന്തോടിന്റെ അതിരുപോലെ നിൽക്കുന്ന പത്ത് പന്ത്രണ്ടടി ഉയരമുള്ള പാറക്കെട്ടിൽനിന്നു വീഴുന്ന വെള്ളം കുറച്ചൊന്ന് പരന്ന് ഒഴുകിയശേഷം മറ്റൊരു പാറക്കെട്ടിലേക്ക് ഒഴുകിച്ചാടുന്നു, പച്ചിലക്കൂട്ടങ്ങൾ നിറഞ്ഞ മരങ്ങളും വള്ളിച്ചെടികളും നിറഞ്ഞ അന്തരീക്ഷം അനുഭവിച്ചുതന്നെ അറിയണം. അതുവരെ നടന്നു വന്ന ക്ഷീണം മുഴുവൻ ഇവിടെ അരമണിക്കൂർ ഇരുന്നാൽ മാറിക്കൊള്ളും. ജലനിരപ്പ് അധികമില്ലെങ്കിൽ വെള്ളച്ചാട്ടത്തിനടുത്തുപോയി കുളിക്കാം.
വീണ്ടുമൊരു മലകയറ്റം
ആറ്റിലേക്കിറങ്ങി നിൽക്കുന്ന മരങ്ങളുടെ വശത്തുകൂടെ ഒരു ചെരിഞ്ഞ മൺതിട്ടയുണ്ട്. അതുവഴിയാണ് കയറേണ്ടതത്രേ. കൃത്യമായി വഴി വെട്ടിയിട്ടൊന്നുമില്ല, എന്നാൽ മരങ്ങളുടെ വേരുകൾ വീതി കുറഞ്ഞ പടിക്കെട്ടുപോലെ താങ്ങാകും. പിന്നെ കുറച്ചു ദൂരം ഇത്തരത്തിൽ ഓഫ് റോഡ് നടത്തമായിരുന്നു. ഒരു കി മീ നടന്നു കാണും ഒരു പാറക്കെട്ടിനു വലതുവശത്ത് മരങ്ങൾ ഇടതൂർന്ന ഒരു ഭാഗത്തേക്ക് കടന്നു. അതിനപ്പുറത്ത് മുപ്പതടിയെങ്കിലും ഉയരമുള്ള കരിമ്പാറയിൽനിന്ന് താഴേക്ക് പ്രവഹിക്കുന്ന ജലധാര. കാറ്റിൽ പാറിയെത്തുന്ന വെള്ളത്തുള്ളികൾക്കുപോലും നമ്മുടെ ക്ഷീണമകറ്റാനുള്ള കരുത്തുണ്ട്.
കാലങ്ങളായി അതിശക്തമായി ജലം വന്നു പതിക്കുന്നതിനാൽ ഇവിടെ വലിയൊരു കയംതന്നെ രൂപപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് വെള്ളം വീഴുന്നതിനടുത്തേക്ക് അടുക്കാനാകില്ല. മുൻപ് ചില അപകടങ്ങൾ സംഭവിച്ചിട്ടുള്ള ഭാഗംകൂടിയാണ് ഇത്. വേനൽക്കാലത്തു മാത്രമേ ഇവിടത്തെ ജലപാതം മനോഹരമായി കാണാനാകൂ. മഴക്കാലത്ത് രൗദ്രരൂപം പൂണ്ട് ആരെയും അടുപ്പിക്കാതെ നിൽക്കും ഇവൾ.
ബോണക്കാട് മലയുടെ അടിവാരത്തെ നീരുറവകളെല്ലാം ഒരുമിച്ച് ചേർന്നുണ്ടാകുന്നതാണ് ഈ ജലപാതം. ഇവിടെനിന്ന് വാഴ്‌വാന്തോട് ആറായി ഒഴുകി പേപ്പാറ ഡാമിൽ എത്തിച്ചേരുന്നു. കാലവർഷത്തിനും തുലാവർഷത്തിനും ഇടയിലുള്ള സമയമാണ് വാഴ്‌വന്തോൾ വെള്ളച്ചാട്ടത്തെ മനോഹരിയായി കാണാനുള്ള സമയം. കാടിന്റെ തനതായ അനുഭൂതി നൽകുന്ന ട്രക്കിങ്ങും പല തട്ടുകളായുള്ള വെള്ളച്ചാട്ടവും അനുഭവിക്കാം എന്നതിനാൽ വാഴ്‌വാന്തോൾ വേറിട്ട അനുഭവമാകുന്നു.